March 25, 2023

അടുക്കളയിൽ തീർക്കാൻ വയ്യാത്ത ജോലിയാന്നേലും വല്യപ്പച്ചന്റെ കലാപരിപാടികളൊക്കെ ഇടക്ക് നിരീക്ഷിക്കുവാരുന്നു വല്യമ്മച്ചി……

Story written by Adam John

വല്യപ്പച്ചനൊരു സ്വഭാവുണ്ട്. എന്നും രാവിലെ ഉണർന്നാലുടൻ തൊടിയിലോട്ടിറങ്ങും. എന്നിട്ട് കണ്ണിൽ കാണുന്ന പ്ലാവിനോടും തെങ്ങിനോടുവൊക്കെ മിണ്ടുകേം പറയുകെവൊക്കെ ചെയ്തോണ്ട് ചുമ്മാ നടക്കും.

അങ്ങനെ സ്നേഹിച്ചാലെ അവയൊക്കെ കായ്‌ക്കേം പൂക്കുവേം ചെയ്യുള്ളൂന്നാ വല്യപ്പച്ചന്റെ ഭാഷ്യം. അതിൽ സത്യവുണ്ട് താനും.

വർഷങ്ങളായി കായ്ക്കാത്ത പ്ലാവ് വല്യപ്പച്ചൻ ഇടവിട്ട് അടുത്തൊട്ട് ചെന്നൊണ്ട് എന്തൊക്കെയോ മിണ്ടിയും പറഞ്ഞോണ്ടുവിരുന്നപ്പോ കായ്ച്ചൂന്നെ.

അടുക്കളയിൽ തീർക്കാൻ വയ്യാത്ത ജോലിയാന്നേലും വല്യപ്പച്ചന്റെ കലാപരിപാടികളൊക്കെ ഇടക്ക് നിരീക്ഷിക്കുവാരുന്നു വല്യമ്മച്ചി. വല്യമ്മച്ചിക്ക് മാത്രവല്ല ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യമാർക്കൊക്കെ അവരുടെ പിറകിൽ ഒരു കണ്ണുണ്ടാവുമെന്നുള്ളത് പകൽ പോലെ സത്യവാ. അനുഭവോണ്ട്.

ഒരിക്കൽ സീരിയല് കണ്ടോണ്ടിരുന്നപ്പോ നായികയെ അമ്മായി ‘അമ്മ ഇട്ട് കഷ്ടപ്പെടുത്തുന്ന കണ്ടതും അറിയാതെന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയാരുന്നു. ആർക്കായാലും സങ്കടം തോന്നത്തില്ലായോ.

നല്ല പൂവൻ പഴം പോലത്തെ കൊച്ചിനെ കണ്ണീ ചോ രയില്ലാതെ ഇങ്ങനെ ദ്രോഹിക്കാവോ. കരച്ചിലിന്റെ ശക്തി കൂടിയപ്പോ മൂക്കീന്നൊക്കെ വെള്ളം വന്നെന്നെ.

അത് തുടക്കാൻ വേണ്ടി ടവലൊന്നും കാണാത്തോണ്ട് ഫ്‌ളവർ വേസിനടിയിൽ വെച്ചാരുന്ന തുണി എടുത്താരുന്നു.

ഫ്‌ളവർ വേസ് വീഴുന്ന ശബ്ദം കേട്ടോണ്ടാവും അവളോടി വന്ന് നോക്കുമ്പോ ഞാൻ ഇരുന്നങ്ങ് കരയുവാ.

കാര്യമറിഞ്ഞപ്പോ കൂടേ കരഞ്ഞില്ലെന്നതോ പോട്ടെ താഴെ വീണ ഫ്ലവർ വേസെടുത്ത് തലക്ക് നേരെ ഒരൊറ്റ ഏറായിരുന്നു.

ഒഴിഞ്ഞ് മാറിയതോണ്ട് തലക്ക് കൊള്ളേണ്ടത് മുതുകത്ത് കൊണ്ട്. കാര്യാവാ യൊന്നും പറ്റീല. രണ്ട് സ്റ്റിച്ചുണ്ടാരുന്നെന്ന് മാത്രം. മുജ്ജന്മ സുകൃതം.

അവളെ പറഞ്ഞിട്ടും കാര്യവില്ല. ഒരിക്കലും വിട്ടുമാറാത്ത തല വേദന ആയിട്ട് പോലും റെസ്റ്റെടുക്കാതെ ഓടി നടന്ന് പണിയെടുക്കുവല്ലായോ. അത് കണ്ടിട്ട് പോലും ഒരു തുള്ളി കണ്ണീര് വീഴുന്നത് പോട്ടെ ഒന്ന് സഹായിക്കാൻ തോന്നിയില്ലാലൊ മനുഷ്യാന്നും പറഞ്ഞോണ്ടാരുന്നു എറിഞ്ഞേ.

വല്യപ്പച്ചന്റെ ഈ പരിപാടികളൊക്കെ കാണുമ്പോ വല്യമ്മച്ചിക്കും ഭയങ്കര വിഷമവാരുന്നു. ഒന്നടുത്തോണ്ട് വന്ന് നിനക്ക് സുഖവാണോടി ന്ന് ചോദിക്കാത്ത മനുഷ്യൻ കണ്ണിൽ കണ്ട തെങ്ങിനോടും പ്ലാവിനോടും ഇൻബോക്സിൽ ചെല്ലുന്ന കോഴികളുടെ കൂട്ട് കിന്നാരം പറയുമ്പോ ആർക്കായാലും വിഷമം തോന്നത്തില്ലായോ. പ്ലാവ് കായ്ച്ചപ്പോ തൊട്ട് എന്തിനെന്നറിയത്തില്ല വല്യമ്മച്ചിയുടെ ദേഷ്യം ഒന്നൂടെ കൂടുവേം ചെയ്തു.

അങ്ങനിരിക്കെ ഒരു ദിവസം ഊഞ്ഞാല് കെട്ടാൻ വേണ്ടി പ്ലാവേൽ കേറിയ അമ്മാവനാണ് ആ കാഴ്ച ആദ്യം കാണുന്നെ. പ്ലാവേൽ ഉണ്ടായ ചക്കകളിൽ ഒരെണ്ണത്തിന് വല്യപ്പച്ചന്റെ ഛായയുണ്ടെന്ന്. അതോടെ പ്രശ്നം വഷളായിന്ന് പറയേണ്ട കാര്യവില്ലാലോ. അ വിഹിതവല്ലായോ. ഒരു സ്ത്രീയും വെച്ചു പൊറുപ്പിക്കത്തില്ല.

പണിക്ക് പോവാത്തതിന് വഴക്ക് പറഞ്ഞതിന്റെ ചൊരുക്ക് തീർക്കുവാ ചെറുക്കനെന്നും പ്ലാവ് മുറിക്കണ്ടായെന്നുവൊക്കെ വല്യപ്പച്ചൻ ആവർത്തിച്ചു പറഞ്ഞപ്പോ വല്യമ്മച്ചി പറയുവാ എങ്കി പിന്നേ ആ എരണം കെട്ടവളെ പട്ട് സാരിയുവുടുപ്പിച്ചോണ്ട് വീട്ടിലോട്ട് കേറ്റാവെന്ന്. അതൂടെ കേട്ടതോടെ വല്യപ്പച്ചനൊന്നും മിണ്ടീല. മിണ്ടീട്ടും കാര്യവില്ലെന്ന് തോന്നീട്ടാവും.

പിറ്റേന്ന് തന്നെ പണിക്കാരെ കൊണ്ടന്ന് പ്ലാവ് വെട്ടി മുറിച്ചപ്പോ ദൂരേക്ക് തെറിച്ചു വീണ ചക്ക ഒന്ന് പിടച്ചു പിന്നെ നിശ്ചലവായി. പാവം. തന്റേതല്ലാത്ത തെറ്റിന് അനാഥത്വത്തിലേക്ക് തെറിച്ചു വീണ പിഞ്ചു ബാല്യം. ആരോട് പറയാനാണ്.

കുടുംബ കലഹം ഒഴിവാക്കാൻ വേണ്ടിയാന്നൊ എന്തോ പിന്നീടൊരിക്കലും മൂത്രവൊഴിക്കാൻ പോലും വല്യപ്പച്ചൻ തൊടിയിലെ മരങ്ങൾക്കരികിലോട്ട് പോയീല.

Leave a Reply

Your email address will not be published. Required fields are marked *