എഴുത്ത്: ബിന്ദു എന്‍ പി
നിനച്ചിരിക്കാതെയാണ് ഞാറാഴ്ച ചേട്ടന്റെ ഫ്രണ്ട്‌സിന്റെ ഭാര്യമാർ വന്നത് . അന്നുച്ചയ്ക്ക് ശേഷം അവരുടെ കൂടെ പുറത്തുപോയി ബീച്ചിലും റെസ്റ്റോറന്റിലും മാളിലും ഒക്കെ നല്ല ലാവിഷായി അടിച്ച് പൊളിച്ചു . അവരെ യാത്രയാകുമ്പോഴേക്കും അക്കൗണ്ട് കാലിയായിരുന്നു .
സാരമില്ല പോകുന്ന വഴിയിൽ എ ടി എം ൽ കയറി പൈസയെടുത്ത ശേഷം ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് പോകാമെന്നു കരുതി മുന്നോട്ടു നടക്കുമ്പോഴാണ് വീടിനടുത്തു കൂടി പോകുന്ന ബസ്സ് വരുന്നത് കണ്ടത് .
പെട്ടെന്ന് മറ്റൊന്നും ഓർക്കാതെ ഞാൻ ഓടി ബസ്സിൽ കയറി . അടുത്തു കണ്ട സീറ്റിൽ ഇരുന്നു .. ബാഗിൽ പൈസയ്ക്ക് തപ്പിയപ്പോഴാണ് ശരിക്കും ഞാൻ ഞെട്ടിപ്പോയത് . ബാഗിൽ ഒറ്റപ്പൈസ പോലുമില്ല .. എല്ലാറ്റിനും ഗൂഗിൾ പേ ഉപയോഗിക്കുന്നതുകൊണ്ട് പൈസ കയ്യിൽ കൊണ്ടു നടക്കാറില്ല . എങ്കിലും ചില്ലറ എത്രയോ ബാഗിൽ ഉണ്ടെന്നാണ് ഓർമ്മ . എത്ര തപ്പിനോക്കിയിട്ടും ബാഗ് കാലിയായിരുന്നു ..
എന്ത് ചെയ്യും . പതിനഞ്ചു രൂപയാണ് ബസ്സ് ചാർജ് . ഒടുവിൽ മടിച്ചു മടിച്ച് അടുത്തിരിക്കുന്ന ചേച്ചിയോട് ചോദിച്ചു “ചേച്ചീ .. എനിക്കൊരബദ്ധം പറ്റി .. ഞാൻ പൈസയെടുക്കാൻ മറന്നു .. എന്റെ ബസ്സിന്റെ പൈസ ച്ചേച്ചി കൊടുക്കുമോ .? പതിനഞ്ചു രൂപയാണ് . അത് ഞാൻ വീട്ടിൽ എത്തിയിട്ട് ഗൂഗിൾ പേ ചെയ്തു തരാം ..”
അത് കേട്ടതും ആ ച്ചേച്ചി എന്നെ അടിമുടിയൊന്നു നോക്കി .. കാണാൻ നന്നായി അണിഞ്ഞൊരുങ്ങിയിട്ടൊക്കെയുണ്ടല്ലോ .. എന്നിട്ടിതാണ് കയ്യിലിരിപ്പല്ലേ .. എന്ന മട്ടിൽ .
ഇനി വല്ല തട്ടിപ്പുകാരിയുമാണിതെന്ന് എന്നെ കണ്ടപ്പോ ചേച്ചിക്ക് തോന്നിയോ ആവോ ..
ആദ്യം അവർ ഒന്നും പറഞ്ഞില്ല .. ഞാൻ വീണ്ടും വീണ്ടും പറഞ്ഞപ്പോൾ അവർ എന്നെ നോക്കി ഒന്നിരുത്തി മൂളിക്കൊണ്ട് പറഞ്ഞു .. “ഗൂഗിൾ പേ ഒന്നും ചെയ്യണ്ട .. പൈസ ഞാൻ കൊടുത്തോളാം .. എന്നിട്ടെന്നെന്നെ അടിമുടിയൊന്നു നോക്കി .
ആളെ മെനക്കെടുത്താനായിട്ട് ഓരോന്നിറങ്ങിക്കോളും .. ഇനിയിത് ഗൂഗിൾ പേ വഴിയുള്ള വല്ല തട്ടിപ്പുമാണെന്നാർക്കറിയാം എന്ന് ആ ച്ചേച്ചി പറയാതെ പറയുന്നതുപോലെ എനിക്ക് തോന്നി .
ശരിയാണ് അവരെയും കുറ്റം പറയാൻ പറ്റില്ല .. എന്തൊക്കെ തട്ടിപ്പുകൾ നടക്കുന്ന കാലമാണ് . പതിനഞ്ചു രൂപ ഗൂഗിൾ പേ ചെയ്യാമെന്ന് പറയുമ്പോ ആരായാലും ഒന്ന് സംശയിച്ചു പോകും .
ഏതായാലും എന്റെ സ്റ്റോപ്പെത്തിയപ്പോൾ ആ ചേച്ചിയോടൊരു നന്ദിയും പറഞ്ഞ് ഞാൻ ഇറങ്ങി . വീട്ടിലെത്തിയപ്പോഴാണ് അടുത്ത ട്വിസ്റ്റ് .. ബാഗിൽ എന്റെ മറ്റൊരു ഫോൺ ഉണ്ടായിരുന്നു . കോൾ ചെയ്യാൻ സാധാരണ ഞാൻ ആ ഫോണാണ് ഉപയോഗിക്കാറ് . ആ ഫോൺ കയ്യിലെടുക്കുമ്പോൾ അതാ കിടക്കുന്നു അതിന്റെ സ്‌ക്രീനിൽ ഒട്ടിപ്പിടിച്ചൊരു ഇരുപത് രൂപ ..ഈ പൈസയും ബാഗിൽ വെച്ചിട്ടാണല്ലോ ഞാൻ ആ ചേച്ചിയുടെ മുന്നിൽ ഇത്രയും നാണം കേട്ടതെന്നോർത്തപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ നിന്നുപോയി..