അത് കേട്ട് കണ്ണുകൾ നിറച്ച് ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു, ഇനി ഇച്ഛനായിട്ട് ഒന്ന് പറഞ്ഞേ പ്രണയത്തിന്റെ നിറമെന്താണെന്നു…എനിക്ക് അതാ കേൾക്കണ്ടത്…

പ്രണയത്തിന്റെ നിറമെന്താണ്❤❤❤?

Story written by BINDHYA BALAN

“ഇച്ഛാ… ഈ പ്രണയത്തിന് നിറമുണ്ടോ.. ഉണ്ടെങ്കിൽ എന്ത് നിറമാണ്…? “

ഉത്തരമില്ലാത്തൊരു ചോദ്യം ചോദിച്ച് ഉത്തരം മുട്ടിക്കാൻ വേണ്ടി വെറുതെ ഒരു ചോദ്യം ഞാൻ ചോദിച്ചു… ചോദ്യം കേട്ട് എന്നെ കനപ്പിച്ചു നോക്കിയ ഇച്ഛനെ ഇടംകണ്ണെറിഞ്ഞു നോക്കി ഞാൻ പറഞ്ഞു

“അല്ല ഇച്ഛൻ നല്ല എഴുത്തുകാരനും, ചിന്തകനുമൊക്കെയല്ലേ… അത് കൊണ്ട് ചോദിച്ചതാ “

“ചോദിച്ച ചോദ്യത്തിന് രഘുനാഥ്‌ ആയിട്ട് ഉത്തരം പറയണോ .. അതോ ഇച്ഛനായിട്ട് പറഞ്ഞാ മതിയോ? “

വായിച്ചു കൊണ്ടിരുന്ന പുസ്തകം അടയാളം വച്ച് മടക്കി മേശപ്പുറത്തേക്ക് വച്ച് കൊണ്ട് ഇച്ചായൻ ചോദിച്ചു

“ആദ്യം രഘുനാഥ്‌ പറയ് “

ഇച്ഛനെ നോക്കി താടിക്ക് കൈ കൊടുത്തു ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

കുറച്ചു നേരം എന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നിട്ട് ഇച്ചായൻ പറയാൻ തുടങ്ങി

“ആദ്യ പ്രണയം പണ്ടാരമടങ്ങിയ ആദ്യത്തെ ദിവസം പ്രണയത്തിന്റെ നിറം ചുവപ്പായിരുന്നു..ആ പ്രണയം ഇടത് കൈത്തണ്ടയിലെ രണ്ടായി മുറിഞ്ഞ ഞരമ്പിൽ നിന്നാണ് ഒഴുകിപ്പോയത്…

പിന്നെ കുറച്ചു കാലത്തോളം പ്രണയത്തിനു വലിച്ച് കൂട്ടുന്ന സിഗരറ്റുകൾ തുപ്പുന്ന പുകയുടെ നീലക്കറ നിറമായിരുന്നു….പിന്നെ എപ്പോഴോ ആ നീല നിറം മങ്ങി മങ്ങി എങ്ങോ പോയി…..അപ്പോഴും വലം കയ്യിലെ ചൂണ്ട് വിരലിനും നാടുവിരലിനുമിടയിൽ സിഗരറ്റ് പൊള്ളി വീണ് പ്രണയമങ്ങനെ കറുത്ത് കിടന്നു…

പ്രണയവിരോധിയായ് വിരഹം കുത്തിനിറച്ച് അക്ഷരങ്ങളെ വച്ച് വാ ണിഭം നടത്തിയ കാലത്ത് പ്രണയത്തിന് കണ്ണീർ വീണ് മഷി പടർന്ന വെളുത്ത പേപ്പറിന്റെ നിറമായിരുന്നു….അക്ഷരങ്ങൾ കൊണ്ട് കത്തിക്കയറിയ ആ നാളുകളിൽ, പ്രണയം പറഞ്ഞു വന്ന പെൺകുട്ടികളുടെ കണ്ണിലെ മഷി നിറമായിരുന്നു പ്രണയത്തിന്..ആ മഷി നിറങ്ങളിലെ പ്രണയങ്ങളെ ‘സാധ്യമല്ല ‘എന്നൊരൊറ്റ വാക്കിൽ തട്ടിത്തെറിപ്പിച്ചു നടന്നു നീങ്ങുമ്പോൾ പ്രണയത്തിന്റെ നിറം, വഞ്ചിക്കപ്പെട്ടവന്റെ കണ്ണുനീരിന്റെ നിറം പോലെ……

അങ്ങനെയിരിക്കുമ്പോഴാണ്, ഒരുത്തി ഓടി വന്നു എഴുതി വച്ച അക്ഷരങ്ങളിൽത്തട്ടിത്തടഞ്ഞു വീണ് വെളുക്കെ ഒരു ചിരി ചിരിച്ചത്…..
പ്രണയത്തിന് അപ്പൊ നിറം, നിറമില്ലാത്ത ഏതോ ഒരു നിറമായിരുന്നു…

അവളോട്‌ മിണ്ടിത്തുടങ്ങിയ നാളുകളിൽ കടുംകാപ്പി നിറമായിരുന്നു പിന്നെ പ്രണയത്തിന്…എഴുതിവച്ച വരികളുടെ അപ്പുറവും ഇപ്പുറവുമിരുന്നു സാഹിത്യം പറയുമ്പോൾ പ്രണയത്തിന് നിറം ഒരിക്കൽ അവളിൽ നിന്ന് കേട്ട നീർമാതളപ്പൂവിന്റെതായിരുന്നു……

നാളുകൾ കഴിയുന്നതോറും നിറങ്ങൾ മാറികൊണ്ടിരുന്നു…ചില നേരങ്ങളിൽ അവൾക്കേറെയിഷ്ടപ്പെട്ട ചോക്കലേറ്റിന്റെ നിറമായിരുന്നു പ്രണയത്തിന്…ചില ദിവസങ്ങളിൽ പ്രണയത്തിന് തേൻമിഠായി നിറം……ഇടയ്ക്ക് അതിന് പോപ്പിൻസ് മിട്ടായിയുടെ നിറങ്ങൾ ആയിരുന്നു….

അവളെ ആദ്യമായി കണ്ട അന്ന് പ്രണയത്തിന് അവളിട്ടിരുന്ന ചുരിദാറിന്റെ പിങ്ക് നിറമായിരുന്നു….അവൾ വച്ച് നീട്ടിയ ഓറഞ്ച് നീരിന്റെ നിറമായിരുന്നു….

പോകെപ്പോകെ പ്രണയത്തിന് അവളുടെ നിറമായി….ഉയിരിലിറ്റ് വീണ് ഉറച്ചു പോയ അവളുടെ നിറമാണ് എനിക്ക് മനസിലാക്കി തന്നത്, പ്രണയത്തിന്റെ യഥാർത്ഥ നിറം കൈത്തണ്ടയിലൊഴുകിയ ചോരചുവപ്പല്ലായിരുന്നു…ഇടത് കയ്യിലെ കരിഞ്ഞുണങ്ങിയ മുറിപ്പാടിൽ തൊട്ട് തലോടിയ അവളുടെ വിരൽത്തുമ്പിലെ ഇളംപിങ്ക് നിറമാണ് ശരിക്കും പ്രണയത്തിന്….

പ്രണയത്തിന്റെ നിറം തേടി പിന്നെയെങ്ങും ഞാൻ അലഞ്ഞില്ല….മൂന്ന് കൊല്ലം ഭ്രാന്തമായി സ്നേഹിച്ച് അവളെ സ്വന്തമാക്കിയ നാൾ തൊട്ട് ഇപ്പൊ പ്രണയത്തിന് അവളുടെ നെറുകിലെ ദേ ഈ കുങ്കുമചോപ്പ് നിറമാണ് ആ ചുവപ്പിലെല്ലാം നിറയെ ഞാനാണ്… ഞാൻ മാത്രമാണ്…….പ്രണയത്തിന്റെ നിറമെന്തെന്നു ആരെങ്കിലും ചോദിച്ചാൽ ഒറ്റവാക്കിൽ ഞാൻ പറയും അവളുടെ നിറമെന്നു…… “

ഒറ്റശ്വാസത്തിൽ ഇച്ചായൻ പറഞ്ഞു നിർത്തുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. എന്റെയടുത്തേക്ക് ചേർന്നിരുന്ന് കണ്ണുകൾ കൈത്തലം കൊണ്ട് തുടച്ച് ഇച്ചായൻ പറഞ്ഞു

“രഘുനാഥിന് പ്രണയത്തിന്റെ നിറം ദേ ഈ കൊച്ചിക്കാരിയുടേതാണ്… “

അത് കേട്ട് കണ്ണുകൾ നിറച്ച് ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു “ഇനി ഇച്ഛനായിട്ട് ഒന്ന് പറഞ്ഞേ പ്രണയത്തിന്റെ നിറമെന്താണെന്നു…എനിക്ക് അതാ കേൾക്കണ്ടത് “

എന്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച്‌ എന്നെ ചേർത്ത് പിടിച്ച് താന്തോന്നി പറയുവാ

“അതോ…. ഇച്ഛന്റെ പ്രണയത്തിന് ഇന്നിപ്പോ കൊച്ച് ഉണ്ടാക്കിയ ചോക്ലേറ്റ് കേക്കിന്റെ നിറമാണ്…നാളത്തെ നിറം നാളെ പറയാട്ടോ “

Related Posts

Leave a Reply

Your email address will not be published. Required fields are marked *