story written by Sowmya Sahadevan
കെട്ടിയവന്റെ കെട്ടും പൊട്ടിച്ചു ഒക്കെത്തൊരു കുട്ടിയുമായി ഞാനൊരു സന്ധ്യക്കു വീട്ടിൽ വന്നു കയറിവന്നപ്പോൾ, പണി വിട്ടു ഉമ്മറത്തിരുന്നിരുന്ന അമ്മ നെഞ്ചത്ത് കൈ വച്ചപ്പോൾ, അച്ഛന്റെ കൈകൾ തോളോട് ചേർത്തു പിടിച്ചു, കൈയിലെ ബാഗു വാങ്ങിപിടിച്ചു . വല്യച്ഛൻ ഒരു കഷ്ണം അട പൊട്ടിച്ചു വായിൽ വച്ചു തന്നിട്ട് അകത്തേക്ക് വിളിച്ചു.പറഞ്ഞിട്ട് കാര്യമില്ലെന്നു!! പിറുപിറുത്തു കൊണ്ട് അമ്മ കുഞ്ഞിനേയും എടുത്തുകൊണ്ടു പോയി.
ഒരുപാട് നാളുകൾക്കു ശേഷം എന്നെ സ്വന്തമായി കിട്ടിയ സന്തോഷമായിരുന്നു എനിക്കും അവർക്കും, ആ ചിരികൾക്കിടയിലെല്ലാം ഇടക്ക് ഇടക്ക് അമ്മ മാത്രം നെടുവീർപ്പിടുകയും മൂക്ക് പിഴിഞ്ഞുകൊണ്ട് കണ്ണുകൾ തുടക്കുകയും ചെയ്തു.
5 മണിയുടെ അലാറം ഞാൻ മറന്നു കൊണ്ടു സ്വസ്ഥമായി ഉറങ്ങി. കുഞ്ഞിനെ വല്യമ്മ കുളിപ്പിച്ചു ഡ്രസ്സ്മാറ്റി കൊടുത്തപ്പോൾ അവനു മതിയാവുവോളം ഞാനന്ന് പാലുകൊടുത്തുകൊണ്ട് കൂടെ തന്നെ കിടന്നു. അലസമായി കിടന്നിരുന്ന മുടിയിഴകൾ അമ്മായി പിന്നിയിട്ടു തന്നു.
ജനാലക്കരുകിൽ നിന്നു ദൂരേക്ക് നോക്കി നിന്നപ്പോളാണ് വല്യച്ഛൻ എന്നെ പുറത്തേക്കു വിളിച്ചത്. സൈക്കിൾ ചൂണ്ടി കാണിച്ചുകൊണ്ട് കടയിൽ പോകാൻ പറഞ്ഞു.മടിച്ചപ്പോൾ പറഞ്ഞു,എന്റെ കുഞ്ഞോളല്ലേ പോയിട്ട് വാ എന്നു, അതൊരു പതിവായി തുടർന്നു തനിച്ചാവുന്ന നേരങ്ങളിലെല്ലാം ഒരു സൈക്കിൾ സവാരി.അച്ഛൻ വന്നാൽ ഞങ്ങളൊന്നിച്ചു കാരോംസ് കളിക്കും എത്ര വട്ടം ഇല്ലെന്നു പറഞ്ഞാലും അച്ഛൻ സമ്മതിക്കില്ല.
പതിയെ പതിയെ എന്റെ ഉറക്കത്തിന്റെ നീളം കുറഞ്ഞു വന്നു. ഞാനും നേരത്തെ എണിറ്റു തുടങ്ങി, അമ്മ പറയാതെ തന്നെ ഞാൻ മുറ്റമടിക്കാനും, പാത്രം കഴുകാനും തുടങ്ങി. വല്ലപ്പോഴും ഞാൻ ഉണ്ടാകുന്ന കറികളിലെ ഉപ്പും മുളകും കുറവുകളൊന്നും കേൾക്കാതെ തന്നെ ഭംഗിയായി പത്രങ്ങളിൽ നിരന്നു. എന്നിട്ടും എനിക്ക് എന്തോ ഒന്ന് നഷ്ടപ്പെട്ടതുപോലെ തോന്നി തുടങ്ങിയിരുന്നു.
അന്നു വൈകുന്നേരം അച്ഛന്റെ കൂടെ ഉണ്ണിയേട്ടനും വന്നിരിക്കുന്നു, കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞുവെങ്കിലും അടുത്തുചെന്ന് മിണ്ടിയില്ല ആരും മിണ്ടാനും പറഞ്ഞില്ല.പൊന്നു അവന്റെ അച്ഛനിലേക്ക് അലിഞ്ഞില്ലാതാവുന്നത് കണ്ടപ്പോളും, എന്തോ മനസ്സങ്ങു തുളുമ്പി കണ്ണുകളും.
അത്താഴത്തിനു വല്യമ്മ ഉണ്ടാക്കിയ മീൻ കറിക്കു ഉപ്പു കുറഞ്ഞെന്നു പറഞ്ഞു വല്യച്ഛൻ ദേഷ്യപ്പെട്ടപോൾ ഒരിത്തിത്തിരി ഉപ്പു കൂടെ ആ കറിയിലിട്ടിളക്കി ചിരിച്ചും കൊണ്ട് അവർ ആ സീൻ തമാശയാക്കുന്നത് കണ്ടപ്പോൾ എന്റെയുള്ളൊന്നു നീറി, കണ്ണുകൾ എന്തോ പരസ്പരം ഉടക്കി.അളിയനെവിടെ എന്നു ചോദിച്ചപ്പോൾ ദൂരെ ഒരു കല്യാണത്തിന് പോയെന്നു ഏട്ടത്തി പറഞ്ഞു,ഏട്ടന്റെ കൂടെ കല്യാണത്തിന് ഏട്ടത്തിയെന്താ പോവാത്തെ യെന്നു ചോദിച്ചപ്പോൾ ഏട്ടത്തി പറഞ്ഞു, ഞാനും കൂടെ പോവണെങ്കിൽ വണ്ടി എടുക്കണം, പെട്രോൾ അടിക്കണം പിള്ളേരെന്തെങ്കിലും ചോദിച്ചാലും വാങ്ങണം മാസാവസാനം അല്ലെ അവര് കൂട്ടുകാരുടെ കൂടെ ആവുമ്പോൾ ഇതൊന്നും വേണ്ട.ഉണ്ണിയേട്ടന്റെ കണ്ണുകൾ എന്നിലേക്ക് നീളുന്നുവെന്ന് എനിക്ക് അറിഞ്ഞിട്ടും ഞാൻ നോക്കിയില്ല.
ശനിയാഴ്ചകളിൽ വീട്ടിലെ കാരോംസ് കളി ഉഷാറാണ് അപ്പുവും ഏട്ടനും എല്ലാരും കൂടെ ബഹളം ആവും. തോൽകാറില്ല ഞാൻ, വേറെ ആരെയും ജയിക്കാനും സമ്മതിക്കില്ല. കളിയങ്ങനെ ബഹളത്തിൽ മുഴങ്ങുമ്പോൾ അമ്മ അച്ഛനെ വഴക്കു പറയും എന്റെ സൗണ്ട് കൂടുന്നതിനു. അച്ഛനും വല്യച്ഛനും ഒരുപോലെ ചിരിക്കും.
ഇന്നത്തെ കളിയിൽ ടീം വേണ്ട തനിച്ചു കളിക്കാകാമെന്ന് അച്ഛൻ പറഞ്ഞു. ഏട്ടനില്ലാത്തതുകൊണ്ട് ഉണ്ണിയേട്ടനെ അപ്പു പിടിച്ചു ഇരുത്തി, രണ്ടു വട്ടവും ഞാൻ തോറ്റു, എനിക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ലായിരുന്നു. അപ്പു എന്നെ കളിയാക്കി കൊണ്ടേയിരുന്നു. ഞാൻ പോണു, എണീക്കാൻ തുടങ്ങിയപ്പോൾ ഉണ്ണിയേട്ടൻ ആദ്യം എഴുന്നേറ്റു, അച്ഛൻ തടഞ്ഞു, ടീം ഇടാം, അച്ഛനും ഞാനും കൂടെ അവരെ രണ്ടു വട്ടം തോൽപിച്ചു, മൂന്നാമത്തെ റൗണ്ടിൽ റെഡ് കോയിൻ ഇട്ടുകൊണ്ട് ബ്ലാക്കിലേക്ക് ഉന്നംപിടിച്ചുകൊണ്ട് ഞാൻ അറിയാതെ ഉണ്ണിയേട്ടനെ നോക്കി, തോറ്റു നിൽക്കുന്ന ആ കണ്ണുകൾ എന്റെ ബ്ലാക്ക് കോയിനിൽ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു.അമ്മ അപ്പോളും പറഞ്ഞു കൊണ്ടിരുന്നു മതി കളിച്ചത്, അച്ഛന്റെയും മോളുടെയും ഒരു കളി, അച്ഛന്റെ നോട്ടം അമ്മയിലേക്ക് നീണ്ടപ്പോൾ ശബ്ദം നിലച്ചു,സ്ട്രൈക്കർ വെള്ള കോയിൻ വലയിൽ വീഴ്ത്തികൊണ്ട് അവർ ജയിച്ചു അപ്പു ഉറക്കെ ആരവത്തോടെ എന്റെ ചെവിക്കു ചുറ്റും കൂവി. എനിക്ക് എന്തോ ദേഷ്യം വന്നില്ല ഒന്നും സംഭവിക്കാത്തപോലെ ഞാൻ ആ ബോർഡ് എടുത്തു വച്ചു.
മോനെ അമ്മയുടെ മടിയിൽ നിന്നും ഉണ്ണിയേട്ടൻ എടുത്തിരുന്നു. അവനെ തൊട്ടിലിൽ കിടത്താനായി തൊട്ടിൽ പിടിച്ചുകൊടുത്തുകൊണ്ട് ഞാൻ നിവർന്നപ്പോൾ എന്റെ വലതു കൈ പിടിച്ചുകൊണ്ടു ഉണ്ണിയേട്ടൻ പറഞ്ഞു സോറി, കണ്ണു നിറച്ചുകൊണ്ട് ഞാനും പറഞ്ഞു സോറി. ഞങ്ങളിൽ അറിയാതെ ഒരു ചിരി വിടർന്നു……