അമ്മയുടെയും നാത്തൂന്റെയും കളിയാക്കലുകളുടെ കൂടെ ചേർന്നു ചിരിക്കുന്ന മനുവേട്ടന്റെ മുഖം മനസ്സിൽ വീണ്ടും തെളിഞ്ഞു വന്നു.

🍃മധുരപ്രതികാരം🍃

Story written by Athulya Sajin

അമ്മയുടെയും നാത്തൂന്റെയും കളിയാക്കലുകളുടെ കൂടെ ചേർന്നു ചിരിക്കുന്ന മനുവേട്ടന്റെ മുഖം മനസ്സിൽ വീണ്ടും തെളിഞ്ഞു വന്നു.. കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു…

ഇന്ന് ഏറ്റവും സന്തോഷം ആഗ്രഹിച്ച ദിവസം ആയിരുന്നു… ഇത്തിരിയെങ്കിലും എന്നിൽ അഭിമാനം തോന്നിയ നിമിഷം..ഒരു പ്രശoസക്കു വേണ്ടി മാത്രം കൊതിച്ച ദിവസം…

ആ കണ്ണുകളിൽ ഒരു നിമിഷo ഇത്തിരി അത്ഭുതം മിന്നുന്നത് ഒരുപാട് തവണ മനസ്സിൽ ചിന്തിച്ചു നോക്കിയിട്ടുണ്ട്….എന്നാൽ….

എല്ലാം ഒരു വാക്ക് കൊണ്ട് ഇല്ലാതെയായി…

വീണ്ടും ആ നിമിഷങ്ങൾ മനസ്സിൽ തെളിഞ്ഞു…

കണ്ണുകൾക്ക് വേദന തോന്നി അതിലേറെ മനസിനും….

💔💔💔💔💔💔💔💔💔💔💔

പിജി ലാസ്റ്റ് വർഷം പഠിക്കുമ്പോളാണ് മനു ഏട്ടന്റെ വിവാഹ ആലോചന വന്നത്.. അച്ഛന് ഒരുപാട് ബാധ്യതകൾ ഉണ്ടായിരുന്നു… അതുകൊണ്ട് എന്നെ നേരത്തെ കല്യാണം കഴിപ്പിച്ചു അയക്കണം എന്നായിരുന്നു തീരുമാനം…

രണ്ടു വയസ്സ് മാത്രം പ്രായവ്യത്യാസം ഉള്ള അനിയത്തി…അമ്മയുടെ രോഗം…. ദിനം തോറും ഷയിച്ചു വരുന്ന അച്ഛന്റെ ആരോഗ്യം…

സ്വന്തം കാലിൽ നിന്നിട്ടേ ഒരു കല്യാണത്തിനെ കുറിച്ചു ചിന്തിക്കുക കൂടി ചെയ്യുള്ളു എന്ന തീരുമാനo അച്ഛന്റെ നിർബന്ധത്തിനു മുൻപിൽ മാറ്റേണ്ടി വന്നു…

മനസ്സു കൊണ്ട് ഒരിക്കൽ പോലും തയ്യാറാവാതെയാണ് ഞാൻ കല്യാണത്തിനു സമ്മതം മൂളിയതു…

നിറകണുകളോട് കൂടി എന്റെ നിറുകയിൽ കൈ വെച്ച് അച്ഛൻ അനുഗ്രഹിക്കുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു…

അത് എന്റെ ആഗ്രഹം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയം കൊണ്ട് ആയിരുന്നു…

പരിഭ്രമത്തോടെ മനുഏട്ടന് മുന്നിൽ നിന്ന് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ…

എന്റെ പഠനം തീരുന്നത് വരെ ഒന്നിനും നിർബന്ധിക്കരുത് എന്ന്…

തോളോട് ചേർത്ത് നിർത്തി എന്റെ കണ്ണിൽ നോക്കി പറഞ്ഞു…നിന്റെ ആഗ്രഹങ്ങൾ ഒരിക്കലും എനിക്ക് വേണ്ടി മാറ്റി വെക്കേണ്ടതില്ല… എന്റെ ആഗ്രഹം ഞാൻ നിന്നിൽ അടിചേൽപ്പിക്കുകയുമില്ല….

എന്നു നമ്മൾ ഒരുമിച്ചു ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുവോ അന്ന് മാത്രം മതി….ഒരിക്കലും നമ്മുടെ കുഞ്ഞു ഒരാളുടെ സ്വപ്‌നങ്ങൾ തടഞ്ഞു കൊണ്ട് ഈ ഭൂമിയിൽ പിറക്കില്ല എന്ന്…

അന്നു മുതൽ എന്നും എന്റെ സ്വപ്‌നങ്ങൾക്കു കൂട്ടായി ഒരു കാവലാളായി മനുവെട്ടനും ഉണ്ടായിരുന്നു…

ദിവസങ്ങൾ കഴിയും തോറും ചുറ്റും നിറയുന്ന മുറുമുറുപ്പുകളെ അവഗണിച്ചു മുന്നേറാൻ ശക്തി തന്നതും ഏട്ടൻ തന്നെ ആയിരുന്നു……

മോന്റെ ഒരു കുഞ്ഞു എന്ന ആഗ്രഹം പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും അമ്മ പറയാൻ തുടങ്ങി…

അപ്പോൾ ഒരു കുഞ്ഞാവാം എന്ന് ഞാൻ ഏട്ടനോട് പറഞ്ഞു…

മറ്റുള്ളവരെ സന്ദോഷിപ്പിക്കാൻ നീ നിന്റെ സന്തോഷം ത്യജിക്കണ്ട എന്ന് എന്റെ ഹൃദയത്തിൽ വന്നു പറഞ്ഞു…

ഇത്രയും എന്നെ പിന്തുണക്കുന്ന ഏട്ടന് ആദ്യത്തെ വിവാഹവാർഷികദിനത്തിൽ എന്റെ വക ഒരു സമ്മാനം കൊടുക്കാൻ ഞാൻ ആഗ്രഹിച്ചു..

പക്ഷെ എങ്ങനെ പണം കണ്ടെത്തും…

അങ്ങനെ ഞാൻ തീരുമാനം എടുത്തു.. എന്റെ ചിലവ് ചുരുക്കി മിച്ചം വെക്കാൻ തുടങ്ങി… ഏട്ടൻ ബസ്സ് ചാർജ് നും മറ്റും തരുന്ന പോക്കറ്റ് മണി അത്യാവശ്യത്തിന് മാത്രം ചിലവാക്കി….ബസ്സിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ അവഗണിച്ചു കൊണ്ട് കൺസ്ട്രക്ഷൻ ടിക്കറ്റ് എടുത്തു കമ്പിയിൽ തൂങ്ങി നിന്ന് ഒരു മണിക്കൂർ നീണ്ട യാത്ര ചെയ്യാൻ തുടങ്ങി..ഒഴിവ് സമയങ്ങളിൽ കാന്റീനിലെക്ക് ക്ഷണിക്കുന്ന കൂട്ടുകാരിൽ നിന്നും ഒഴിഞ്ഞു മാറി… .ക്ലാസ്സിൽ എല്ലാവരും ഒരുമിച്ചു പോയി ബിരിയാണി കഴിച്ചു വരുമ്പോൾ… അവർ കടയിലെ ബാലേട്ടന്റെ കൈപ്പുണ്യതെ പുകഴ്ത്തുമ്പോൾ ഞാൻ എന്റെ ഏട്ടന്റെ പുഞ്ചിരി സ്വപ്നം കാണുമായിരുന്നു….

ചില ദിവസങ്ങളിൽ ഏട്ടനെ സഹായിക്കുമ്പോൾ.. ദേ പിടിച്ചോ ഇഷ്ട്ടമുള്ളതു വാങ്ങിക്കോ.. എന്നും പറഞ്ഞു എന്റെ കയ്യിൽ വെച്ച് തരുന്ന നോട്ടുകൾ കാത്തു വെച്ചു…

ദിവസം അടുക്കും തോറും പണം തികയുമോ എന്ന പേടി ആയിരുന്നു പിന്നീട്.. ഒരു വാച്ച് പോയി നോക്കി… ഇനിയും കുറച്ചു കൂടെ വേണം അത് വാങ്ങാൻ…

ഒരിക്കൽ വീട്ടിൽ പോയപ്പോൾ അച്ഛൻ കുറച്ചു പൈസ തന്നു….

അങ്ങനെ എന്റെ ഏട്ടന് ഞാൻ കൊതിച്ച ആ ആനിവേഴ്സറി ഗിഫ്റ്റ് വാങ്ങി…

ആരോടും പറഞ്ഞില്ല.. ഏട്ടനോട് പോലും…

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നു…

കേക്ക് ഒക്കെ മുറിക്കാൻ ഞങ്ങൾ തീരുമാനിച്ചു എന്നാൽ അമ്മയുടെ നിർബന്ധത്തിൽ ലഡ്ഡുവിൽ ഒതുക്കി…

ആരെയും അങ്ങനെ വിളിച്ചിരുന്നില്ല.. നാത്തൂനും കുട്ടികളും വന്നു.. പിന്നെ വീട്ടിൽ നിന്ന് അനിയത്തിയും…

പിന്നെ അയൽവക്കത്തെ ബെസ്റ്റ് ഫ്രണ്ടും എന്റെ മോട്ടിവേഷൻ സ്പീക്കറുമായ വേണി ചേച്ചിയും വന്നിരുന്നു…എല്ലാവരും പുറത്തു ഇരിക്കുകയായിരുന്നു..അടുക്കളയിൽ ആയിരുന്ന എന്നെ പെട്ടന്ന് ഏട്ടൻ അങ്ങോട്ട്‌ വിളിച്ചു…

ഞാൻ ചെന്നപ്പോൾ ഏട്ടൻ ഒരു മോതിരം എന്റെ വിരലിൽ അണിയിച്ചു തന്നു…

എല്ലാവരും ഞെട്ടി.. എന്റെ കണ്ണിൽ നീർ ഉരുണ്ടു കൂടി…

മോനെ പെട്ടന്ന് എവിടുന്നാ ഇത്രയും പണം..എന്റെ ഉള്ളിലും ഉണ്ടായിരുന്നു ആ സംശയം…

അത് അമ്മേ പെട്ടന്ന് എടുക്കാൻ ഉണ്ടായില്ല.. അതുകൊണ്ട് കല്യാണത്തിന് കിട്ടിയ മോതിരത്തിൽ ഒന്നെടുത്തു കുറച്ചു പണം കൂടി ചേർത്ത് മാറ്റി വാങ്ങി…

അത് എടുത്തോ… ഞാൻ അത് ഒക്കെ ചേർത്ത് നിന്റെ മാല വലുതാക്കണം എന്ന് കരുതിയിരുന്നു…

അത് പോട്ടെ അമ്മേ ഇനിയും വാങ്ങാലോ…

ഒരു മിനിറ്റ്… ഞാൻ ഇപ്പൊ വരാം… ഞാൻ പോയി എന്റെ ഗിഫ്റ്റ് എടുത്തു കൊണ്ട് വന്നു…ഏട്ടന് കൊടുത്തു…ഏട്ടൻ അത് തുറന്നു നോക്കി…

ആ മുഖത്തെ പുഞ്ചിരി ആവോളം നുകർന്നു കൊണ്ടിരുന്നു ഞാൻ…

അപ്പൊ നിങ്ങൾ പ്ലാൻ ചെയ്തത് ആയിരുന്നു ലെ ഇതൊക്കെ.. നാത്തൂൻ ചോദിച്ചു…

എവിടുന്നാ മായേ പൈസ…? വേണി ചേച്ചിയും ചോദിച്ചു….

ഞാൻ സന്തോഷത്തോടെ പറയാൻ തുടങ്ങിയപ്പോളെക്കും അമ്മ പറഞ്ഞു…

അവന്റെ പണം തന്നെ… അല്ലാതെ എവിടുന്നാ…എല്ലാരും ചിരിക്കാൻ തുടങ്ങി….

ഞാൻ കൂട്ടി വെച്ചതാ…

അങ്ങനെയൊക്കെതന്നെയാ മായേ നമ്മൾ വാങ്ങാ.. അല്ലാതെ ഒരു ജോലി ഇല്ലാതെ നമ്മൾ ഒക്കെ എവിടുന്നാ പൈസ ഇണ്ടാക്ക….??

വേണി ചേച്ചി സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു…

എന്റെ അച്ഛൻ തന്ന പൈസ കൂടി ഇണ്ട് ഏട്ടന്റെ മാത്രം ഒന്നും അല്ല….

ഞാൻ കണ്ണീരിനെ ഒരു നേർത്ത പുഞ്ചിരിയിൽ മറച്ചു വെച്ച് തിരിഞ്ഞു നടന്നു…അപ്പോഴും അവിടെ ചിരികൾ മുഴങ്ങി കേട്ടു…..

പിന്നീട് ഒരിക്കൽ ഏട്ടന്റെ മോതിരങ്ങളിൽ നിന്ന് രണ്ടെണ്ണം അപ്രത്യക്ഷമായി…ഞാൻ ചോദിച്ചപ്പോൾ അത് ചേച്ചിയുടെ കുട്ടിക്ക് മാല വാങ്ങാൻ കൊടുത്തു എന്ന് പറഞ്ഞു….

അത് എല്ലാരും പെട്ടന്ന് മറന്നു…. ഞാൻ ഒഴിച്ച്….

പിന്നീട് ഉള്ള വിവാഹ വാർഷികങ്ങൾ ഒരു വാട്സ്ആപ് സ്റ്റാറ്റസിൽ ഒതുക്കി….

വർഷങ്ങൾക്കു ശേഷം ഒരു വിവാഹവാർഷിക നാളിൽ ഞാൻ ഏട്ടന് ഒരു സമ്മാനം കൊടുത്തു… ഒരു സ്വർണ ചെയ്ൻ…

അന്ന് ആരും ഒന്നും പറഞ്ഞില്ല…ഞാൻ പഠിച്ചു നേടിയ ജോലിയിൽ നിന്ന് കിട്ടിയ എന്റെ ആദ്യ ശമ്പളം ആയിരുന്നു അത്…

ഏട്ടനു കൊടുക്കാൻ അന്ന് വിലമതിക്കാൻ ആവാത്ത മറ്റൊരു സമ്മാനം കൂടി എന്റെ ഉദരത്തിൽ നാമ്പിട്ടിരുന്നു….

അന്ന് എന്നെ കളിയാക്കിയവരോട് ഉള്ള എന്റെ പ്രതികാരം ആയിരുന്നു അത്… സ്നേഹത്തിൽ ചാലിച്ച ഒരു മധുരപ്രതികാരം…..

ശുഭം….

💞💞💞💞💞💞💞💞💞💞💞💞

സ്വന്തം കാലിൽ നിൽക്കുന്നതു വരെ നമ്മെ പിന്തിരിപ്പിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും… എന്നാൽ മറ്റൊരാളുടെ കീഴിൽ കഴിയുന്നിടതോളം കാലം നമുക്ക് നമ്മുടെ വ്യക്തിത്വം ഒരു പണയ വസ്തു ആയിരിക്കും എന്ന തിരിച്ചറിവ് മാത്രം മതി ലക്ഷ്യത്തെ എത്തിപ്പിടിക്കാൻ……

സ്നേഹത്തോടെ, അതുല്യ സജിൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *