അമ്മ എഴുതുന്ന പല എഴുത്തുകളിലും മോനെ കാണാനുള്ള ആഗ്രഹം പറഞ്ഞുകൊണ്ടേയിരുന്നു .. ഞാനാവട്ടെ പലവിധ ഒഴിവുകളും പറഞ്ഞൊഴിഞ്ഞു കൊണ്ടേയിരുന്നു…..

കർമ്മ ബന്ധങ്ങൾ

എഴുത്ത്:- ബിന്ദു എന്‍ പി

“വേണുവിന്റെ അമ്മ അത്യാസന്ന നിലയിലാണ് .. ബോധം വരുമ്പോഴൊക്കെ വേണു .. വേണു എന്ന് പുലമ്പുന്നുണ്ട് . ആ കണ്ണടയുന്നതിനു മുമ്പ് സാറ് പറ്റിയാൽ ഒന്ന് വന്നു കാണണം “

വൈകുന്നേരമാണ് വേണുവിന്റെ അളിയൻ വിളിച്ചു വിവരം പറഞ്ഞത് .. വേണു എന്റെ കൂട്ടുകാരൻ ആയിരുന്നു . എന്റെ പേരും അവന്റെ പേരും ഒന്ന് തന്നെയായിരുന്നു . ചെന്നൈയിൽ ഒരേ കമ്പനിയിലെ ജോലിക്കാരായിരുന്നു ഞങ്ങൾ… ഞങ്ങൾ രണ്ടുപേരും ഒരേ റൂമിൽ ആയിരുന്നു താമസം . ഞങ്ങൾ പെട്ടെന്ന് തന്നെ അടുത്തു ..

അവന് വീട്ടിൽ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ .. ഒരു സഹോദരി ഉള്ളത് കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ ആണ് .. അമ്മയ്ക്ക് വളരെ വൈകി ഉണ്ടായ മകനായിരുന്നു വേണു . വേണു കുട്ടിയായിരിക്കുമ്പോഴേ അച്ഛൻ മരിച്ചുപോയിരുന്നു ..പിന്നീട് അമ്മയായിരുന്നു അവന്റെ ലോകം ..

ജോലി കിട്ടി ഇവിടെ ആയിരുന്നപ്പോൾ അവൻ ആഴ്ചയ്ക്ക് അമ്മയ്ക്ക് എഴുത്തുകൾ എഴുതുമായിരുന്നു . അമ്മ തിരിച്ചും .. അമ്മ എഴുതിയ വിശേഷങ്ങൾ എല്ലാം അവൻ എന്നോട് പറയും . അങ്ങനെ ഇരിക്കെയാണ് വേണുവിന് ശരീരികമായ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങിയത് .

അടുത്തുള്ള ഹോസ്പിറ്റലിൽ പോയി ചെക്കപ്പൊക്കെ കഴിഞ്ഞു . അവന് കാൻസർ ആയിരുന്നു .. ഫോർത്ത് സ്റ്റേജ് . പണ്ടുമുതലേ അവന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു . പക്ഷേ അതൊന്നും അത്ര കാര്യമാക്കിയില്ല .. ഒടുവിൽ അറിയുമ്പോഴേക്കും വൈകിപ്പോയിരുന്നു ..

അമ്മ ഇതൊന്നും അറിയരുതെന്ന് അവന് നിർബന്ധം ഉണ്ടായിരുന്നു .വിവരം അറിഞ്ഞ് നാട്ടിൽ നിന്നും പെങ്ങളും ഭർത്താവും ചെന്നൈയിൽ എത്തിയിരുന്നു ..അവിടെ വെച്ചു രോഗം മൂർച്ഛിക്കുകയും വേണു മരണപ്പെടുകയും ചെയ്തു .. ചെന്നൈയിൽ വെച്ചു തന്നെ ശവസംസ്‌കാരവും നടത്തി ..
അതുകൊണ്ട് തന്നെ അമ്മ വിവരം ഒന്നും അറിഞ്ഞില്ല ..

അവസാന നാളുകളിൽ അമ്മയ്ക്കുള്ള എഴുത്തുകൾ വേണു എന്നെ കൊണ്ടാണ് എഴുതിച്ചിരുന്നത് . അതുകൊണ്ട് തന്നെ വേണുവിന്റെ മരണശേഷം വന്ന അമ്മയുടെ എഴുത്തിന് എനിക്ക് മറുപടി എഴുതാതിരിക്കാനായില്ല .. അന്നുമുതൽ അമ്മയുടെ മരിച്ചുപോയ വേണുവിന് പകരം വേണുവായ ഞാനാണ് അമ്മയ്ക്ക് എഴുത്തുകൾ എഴുതിയിരുന്നത് .. വേണുവിന്റെ അളിയനും സഹോദരിക്കും അതറിയാമായിരുന്നു ..

അമ്മ എഴുതുന്ന പല എഴുത്തുകളിലും മോനെ കാണാനുള്ള ആഗ്രഹം പറഞ്ഞുകൊണ്ടേയിരുന്നു .. ഞാനാവട്ടെ പലവിധ ഒഴിവുകളും പറഞ്ഞൊഴിഞ്ഞു കൊണ്ടേയിരുന്നു . എല്ലാ മാസവും ഞാൻ അമ്മയ്ക്ക് ഒരു തുക അയച്ചു കൊടുക്കാമായിരുന്നു . അതുകൊണ്ട് തന്നെ വേണു മരിച്ച വിവരം അമ്മ അറിഞ്ഞതേയില്ല ..

അമ്മയ്ക്ക് പ്രായാധിക്യം കാരണം കണ്ണിന്റെ കാഴ്ച കുറഞ്ഞു . എഴുത്തെഴുതാൻ വയ്യാതായപ്പോഴും അമ്മ എഴുത്തു മുടക്കിയില്ല . അടുത്ത വീട്ടിലെ കുട്ടിയെ കൊണ്ട് എഴുത്ത് എഴുതിക്കുമായിരുന്നു .

ആ അമ്മയാണിന്ന് അത്യാസന്ന നിലയിൽ കിടക്കുന്നത് . എന്നെങ്കിലും ഒരിക്കൽ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു .ഇനി ഒരു പക്ഷേ കാണാൻ പറ്റാതെ പോയാലോ .

ഉടനെ തന്നെ നാട്ടിലേക്ക് യാത്ര തിരിച്ചു . പിറ്റേന്ന് ഉച്ചയായി നാട്ടിൽ എത്താൻ . വേണുവിന്റെ അളിയൻ പറഞ്ഞ വഴിയിലൂടെ വീട്ടിൽ എത്തി . അവിടെ വേണുവിന്റെ സഹോദരിയും മക്കളും ഉണ്ടായിരുന്നു .
അളിയന്റെ കൂടെ അകത്തേക്ക് കടന്നപ്പോൾ കട്ടിലിൽ തീർത്തും അവശയായി മരണം കാത്തു കിടക്കുന്ന അമ്മയെ കണ്ടു .. വേണുവിന്റെ അമ്മ .. അല്ല എന്റെ അമ്മ ..
ഞാൻ ആ കയ്യിൽ പതിയെ തലോടിക്കൊണ്ട് അമ്മേ എന്ന് വിളിച്ചു .. അമ്മ മെല്ലെ കണ്ണുതുറന്നു.. അമ്മ എന്നെ കണ്ടുവോ ..?
ഞാൻ മെല്ലെ പറഞ്ഞു “അമ്മേ ഞാനാണ് .. വേണു …”
അമ്മ ഒന്ന് ഞരങ്ങിയതുപോലെ തോന്നി ..
അമ്മ ശ്വാസം ആഞ്ഞു വലിച്ചു .. എന്തോ ഒരു വയ്യായ്ക പോലെ ..
ആരോ ഒരു ഗ്ലാസിൽ വെള്ളം കൊണ്ടുവന്നു .. ഞാൻ സ്പൂണ് കൊണ്ട് അൽപ്പം വെള്ളമെടുത്ത് അമ്മയുടെ വായിലേക്ക് തൊട്ടു കൊടുത്തു .. ഒന്ന് രണ്ടുവട്ടം ഇറക്കിയെന്ന് തോന്നി ..
പിന്നെ കൊടുത്ത വെള്ളം കവിളിലൂടെ ഒലിച്ചിറങ്ങി .. ആരോ പറഞ്ഞു അമ്മ പോയി .. ഞാൻ അമ്മയുടെ കണ്ണുകൾ ചേർത്തടച്ചു .. നെറ്റിയിൽ ഒരുമ്മ കൊടുത്തുകൊണ്ട് പുറത്തേക്കിറങ്ങി .. ആ അമ്മയ്ക്ക് വേണ്ടി മരണനന്തര കർമ്മങ്ങൾ ചെയ്യുമ്പോൾ ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് ഞാൻ അമ്മയുടെ മകനാവുകയായിരുന്നു .

ചടങ്ങുകളെല്ലാം കഴിഞ്ഞു തിരിച്ചു യാത്രയാവാൻ കാറിലേക്ക് കയറവേ ഒരിക്കൽ കൂടി ഞാൻ തിരിഞ്ഞു നോക്കി .. വേണുവും ഒപ്പം അമ്മയും മുറ്റത്തു നിന്നും എന്നോട് പുഞ്ചിരിക്കുന്നുവോ …

Related Posts

Leave a Reply

Your email address will not be published. Required fields are marked *