March 24, 2023

അയല്പക്കത്ത് താമസിക്കുന്നോരെ സംശയിക്കാൻ തുടങ്ങിയാൽ പിന്നേ അതിനല്ലെ നേരം കാണുള്ളൂ.അമ്മായിക്കും അയല്പക്കത്തുള്ളോരേ ഭയങ്കര സംശയവാരുന്നു…….

Story written by Adam John

അയല്പക്കത്ത് താമസിക്കുന്നോരെ സംശയിക്കാൻ തുടങ്ങിയാൽ പിന്നേ അതിനല്ലെ നേരം കാണുള്ളൂ.

അമ്മായിക്കും അയല്പക്കത്തുള്ളോരേ ഭയങ്കര സംശയവാരുന്നു. അവര് ഇങ്ങോട്ടേക്കാണോ നോക്കുന്നെ ഞങ്ങളെ നോക്കിയാണോ ചിരിക്കൂന്നേ കുശു കുശുക്കുന്നെ എന്ന് വേണ്ട ഒട്ടുമിക്ക കാര്യത്തിനും ചുമ്മാ ചെന്ന് വഴക്കുണ്ടാക്കും.

ചുരുക്കിപ്പറഞ്ഞാൽ ആ ഒരൊറ്റ കാരണം കൊണ്ട് ചുറ്റ് വട്ടത്ത് താമസിച്ചോണ്ടിരുന്ന രണ്ട് വീട്ടുകാരും വീട് മാറിപ്പോയി. ഫാമിലിയൊന്നും ഇനി അങ്ങോട്ടേക്ക് വരികെലെന്ന് തോന്നിയതോണ്ടാവും വീട്ടുടമസ്ഥൻ മറ്റു വഴികൾ ആലോചിച്ചത്. ഇത്തവണ താമസിക്കാൻ വന്നത് ബാച്ചിലേഴ്‌സാരുന്നു. പതിവ് പോലെ അവരെ ഓടിക്കാനുള്ള ലൊട്ടു ലൊടുക്ക് വിദ്യകളൊന്നും ഫലിക്കുകേലെന്ന് മനസ്സിലായതോടെ അമ്മായി തെല്ലൊന്നടങ്ങി.

അതോടെ വിഷമത്തിലായത് അമ്മാവനാരുന്നു. കാരണം അമ്മായിടെ വഴക്കുകളൊക്കെ അയല്പക്കത്തോട്ട് തീർക്കുകയും നീ ചെയ്തത് നന്നായെ ഒള്ളൂ എന്നും പറഞ്ഞോണ്ട് അമ്മാവൻ കട്ടക്ക് കൂടേ നിക്കുകയും ചെയ്യുന്നത് കൊണ്ട് ജീവിതത്തിൽ അല്പ സ്വല്പം മനസ്സമാധാനം കൈ വന്ന് കൊണ്ടിരുന്ന സമയത്തല്ലേ ഇങ്ങനൊന്ന് സംഭവിക്കുന്നെ. അമ്മായിടെ വഴക്കൊക്കെ അമ്മാവന്റെ തലേലോട്ടായിയെന്ന് ചുരുക്കം.

അമ്മായിടെ അടുക്കളയീന്ന് നോക്കിയാൽ അയല്പക്കത്തെ വീട് വ്യക്തമായി കാണാം. അടുക്കളയീന്ന് അമ്മായി എന്തേലുമൊക്കെ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോ അവിടുന്നാരുടേലും തല വെട്ടം കണ്ടാൽ അമ്മായി നീട്ടിയൊരു തുപ്പാണ്. എന്തിനാണെന്ന് ചോദിച്ചാൽ ഒരു സുഖം ഒരു സന്തോഷം. അത്രന്നെ.

അമ്മായിടെ തുപ്പൽ നേരെ ചെന്ന് ലാൻഡ് ചെയ്യുന്നത് തൊടിയിലെ കറിവേപ്പിലയുടെ മോളിലേക്കാരുന്നു. കറിവേപ്പില ഒരു കുല വേപ്പില ആയതോണ്ടാവും എത്ര തന്നെ ആട്ടിയാലും തുപ്പിയാലും സഹിച്ചും ക്ഷമിച്ചും നിക്കത്തെയുള്ളൂ. അല്ലേലും കുടുംബത്തി പിറന്നോര് ആരോടും പ്രതികരിക്കാൻ പാടില്ലെന്നാരിക്കും കറിവേപ്പിലയേം ‘അമ്മ വേപ്പില പഠിപ്പിച്ചു വിട്ടേക്കുന്നെ.

തുപ്പലിന് ശക്തി പോരാഞ്ഞിട്ടാവും അമ്മായി ഇടക്കിടെ വെള്ളപ്പം ഉണ്ടാക്കുന്ന അരിമാവ് വായിലേക്കൊഴിച്ചു ഒന്നുടെ നീട്ടിത്തുപ്പും. ഒപ്പം ഒരാട്ടും വെച്ചോടുക്കും. ആ ആട്ടിനൊപ്പം അഞ്ചാറു കൊപ്ര ഇട്ടാരുന്നേൽ പാചകത്തിനുള്ള വെളിച്ചെണ്ണയും സ്വല്പം പിണ്ണാക്കും കിട്ടിയേനെ എന്നാണമ്മാവൻ അമ്മായി കേൾക്കാതെ പറയാ.

എന്നും അരിമാവ് വീണതോണ്ടാവും കറിവേപ്പില ചില സോപ്പിന്റെ പരസ്യത്തിൽ കാണുന്ന സുന്ദരികളെ പോലെ വെളുത്ത് തിളക്കം കൂടിയതും. വല്യമ്മച്ചി ഒരിക്കൽ അമ്മായിയെ കാണാൻ വന്നപ്പോ തൊടിയിലെ വെളുത്ത കറിവേപ്പില കണ്ട് ഇതിന്റൊരു തൈ എനിക്കും തന്നേക്കണേടി എന്നും പറഞോണ്ടാ പോയത്. എവിടുന്നെടുത്ത് കൊടുക്കുവോ എന്തോ.

ഫുഡ് നേരത്തെ കഴിഞ്ഞാലും പാത്രം കഴുകി തീരുമ്പോഴേക്ക് ഏതാണ്ട് ഒരു നേരാവും. ഒരു ദിവസം ഫുഡ് കഴിഞ്ഞു നാളെ രാവിലെ എന്താവും അമ്മായി ഉണ്ടാക്കാ എന്നോർത്ത് ഇറയത്തിരിക്കുവാണ് അമ്മാവൻ. അല്ലേലും അമ്മാവൻ ജീവിതത്തിൽ ടെൻഷൻ അടിക്കുവാണേൽ അതീ ഒരൊറ്റ കാര്യത്തിനാരിക്കും.

പതിവ് പോലെ പാട്ട് മൂളിക്കൊണ്ട് അമ്മായി പാത്രം കഴുകിക്കൊണ്ടിരിക്കുവാരുന്നു. അമ്മാവനെ കൊണ്ട് കഴുവിക്കാൻ അറിയാഞ്ഞിട്ടൊന്നുമല്ല. ഒരു ദിവസം പാത്രം കഴുകാൻ ഇറങ്ങിയ അമ്മാവൻ അമ്മായി കാശ് മിച്ചം പിടിച്ചോണ്ട് വാങ്ങിയ നോൺ സ്റ്റിക്ക് പാൻ തേച്ചുരച്ചു വൃത്തിയാക്കിയപ്പോ തൊട്ട് കിച്ചനിലോട്ട് അടുപ്പിക്കാഞ്ഞതാണ്.

വൃത്തിയാക്കി കഴിഞ് അടുക്കള വാതിലടച്ചോണ്ട് അമ്മാവനെ വിളിക്കാൻ ചെന്നപ്പഴുണ്ട് അങ്ങേര് മുറ്റത്തൊട്ട് ഇറങ്ങി ചെല്ലാൻ നോക്കുന്നു. അവിടാരെയോ കണ്ടൂത്രെ. അത് കാര്യവാക്കണ്ട. നിങ്ങള് വന്ന് കിടക്കെന്ന് അമ്മായി പറഞ്ഞതാ. വേറൊന്നും കൊണ്ടല്ല. ഇറങ്ങി ചെന്നൊണ്ട് ആരുടേലും ഇടിയും വാങ്ങിച്ചോണ്ട് വന്നാലും നിന്ന് തിരുമ്മിക്കൊടുക്കേണ്ട ജോലി തനിക്കല്ലെ എന്നോർത്താണ്.

പക്ഷെ അമ്മാവനുണ്ടോ അനുസരിക്കുന്നു. ഇച്ചിരി നേരം കഴിഞ്ഞപ്പഴുണ്ട് നനഞ്ഞ കോഴിയെപ്പോലെ അമ്മാവൻ ഇരുട്ടത്തൂന്ന് നടന്ന് വരുന്നു. കേറിച്ചെന്ന് വാങ്ങിച്ചപ്പോ സമാധാനായില്ലേ മനുഷ്യാ ന്ന് പറഞ്ഞപ്പോ അമ്മാവൻ പറയാണ്. അതല്ലെടി ഞാനിത്രേം കാലം അനുഭവിച്ചതിന്റെ കഷ്ടപ്പാട് കുറച്ചെങ്കിലും വന്നവൻ അറിയട്ടെന്ന് കരുതി കൂട്ടിക്കൊണ്ട് വരാമെന്ന് കരുതി പോയതാണെന്ന്. പറഞ്ഞു തീർന്നതും പിന്നീടൊരു നിലവിളി ശബ്ദം മാത്രവേ കേട്ടുള്ളൂ. അതമ്മാവന്റെയാരുന്നു.

Leave a Reply

Your email address will not be published. Required fields are marked *