അയ്യോടാ മാഡം കൊള്ളാമല്ലോ. പോലീസുവന്നാൽ എന്നെ എന്താ തൂiക്കി കൊiല്ലുമോടി? ഞാൻ ആരാണെന്നു നിനക്ക് അറിയില്ല. ഞാൻ പെണ്ണുങ്ങളെ സാധാരണ ഉപദ്രവിക്കാറില്ല. എന്നെകൊണ്ട് അത് ചെയ്യിക്കരുത്…..

ചെറിയ ലോകം, വലിയ മനുഷ്യരും

എഴുത്ത്:-ജെയ്നി റ്റിജു

ഓപ്പറേഷനുള്ള പൈസയുമായി ഞാൻ ആശുപത്രിയിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. അമ്മ നോക്കിയിരിക്കുന്നുണ്ട്. ഇടയ്ക്കിടെ വിളിച്ചു കൊണ്ടേ ഇരിക്കാരുന്നു. അമ്മയ്ക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. ആദ്യമായിട്ടാണ് ഇത്രയും എമൗണ്ട് രൂപയായി കയ്യിൽ. എന്തായാലും എന്നെ കണ്ടപ്പോൾ അമ്മയുടെ മുഖത്തെ ആശ്വാസം കണ്ടു.

അനിയത്തി ആതിരയാണ് ആശുപത്രിയിൽ. ഹൃദയം മാറ്റിവെക്കാനുള്ള ഓപ്പറേഷന് അവസരം കാത്തിരിക്കുകയാണ് അവൾ. കഴിഞ്ഞ ആഴ്ച അവളുടെ അവസ്ഥ കുറച്ചു മോശമായി. ഇപ്പോൾ ഇവിടുത്തെ ഐസിയു വിലാണ് ഉള്ളത്. എന്തെങ്കിലും ഇപ്പോൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ഒരു അവസരം കിട്ടില്ലെന്ന്‌ ഡോക്ടർ പറഞ്ഞപ്പോൾ ഉള്ള വീടും പുരയിടവും വിറ്റാണ് ഇപ്പൊൾ പത്തുലക്ഷം രൂപ ഒപ്പിച്ചത്.. വാങ്ങിയത് ഞാൻ പണിക്ക് പോകുന്ന സൂപ്പർമാർക്കറ്റിന്റെ മുതലാളി തന്നെയാണ്. അദ്ദേഹത്തിന് എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നത് കൊണ്ടു തന്നെ രെജിസ്ട്രേഷൻ ഒന്നും കഴിയാതെ തന്നെ മുഴുവൻ പൈസയും ക്യാഷ് ആയിത്തന്നെ തരാമെന്നു പറഞ്ഞത്.. അദ്ദേഹത്തിന് എന്തോ ടാക്സിന്റെ പ്രശ്നം ഉള്ളത് കൊണ്ടു മുഴുവൻ തുകയും ക്യാഷ് ആയിത്തന്നെയേ തരൂ എന്ന് പറഞ്ഞിരുന്നു.. എനിക്ക് എങ്ങനെ ആയാലും പണം കിട്ടിയാൽ മതിയല്ലോ.

” മോനെ, നീ വൈകുംതോറും അമ്മയുടെ നെഞ്ചിൽ തീയാരുന്നു. വഴിയിൽ കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ? “

അമ്മ ഉദ്ദേശിച്ചത് എനിക്കറിയാം. എന്റെ ചേട്ടൻ. വർഷങ്ങൾക്ക് മുന്പേ വീടുവിട്ടിറങ്ങിയതാണ്. അച്ഛനുണ്ടായിരുന്നപ്പോഴേ. അന്നേ പുള്ളിക്ക് മോശം കൂട്ടുകെട്ടും കiള്ളുകുടിയും ഒക്കെയുണ്ടായിരുന്നു. അച്ഛനുമായി എന്നും വഴക്കായിരുന്നു. എനിക്കും അനിയത്തിക്കും ഒരു പേടി സ്വപ്നം ആയിരുന്നു ചേട്ടൻ. അച്ഛൻ മരിച്ചപ്പോൾ പോലും വന്നില്ല. പിന്നീട് ഇടയ്ക്കിടെ വന്നു വീതം വേണമെന്ന് ആവശ്യപ്പെട്ട് അമ്മയോട് വഴക്കിടും. ഇപ്പോൾ ഏതോ ക്വട്ടേഷൻ സംഘത്തിൽ ആണെന്നോ രാഷ്ട്രീയക്കാർക്ക് വേണ്ടി തല്ലാനും കൊbല്ലാനും നടക്കുകയാണെന്നോ ഒക്കെ അറിയാറുണ്ട്. അവനോട് ആലോചിക്കാതെയാണ് അമ്മ വീട് വിറ്റത്.. ആലോചിച്ചാൽ അവൻ സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു. പെറ്റമ്മയുടെ കoഴുത്തിൽ കുiത്തിപ്പിടിച്ചു പണം ആവശ്യപ്പെടുന്നവനെന്ത് പെങ്ങളുടെ ചികിത്സ?. ഇപ്പോൾ വീട് വിറ്റു എന്നറിഞ്ഞു പ്രാന്തെടുത്തു നടക്കുക യാണെന്നും എന്റെ മുതലാളിയുടെ അടുത്ത് ചെന്നു വഴക്കുണ്ടാക്കി എന്നും അറിഞ്ഞു. ഏതു നിമിഷവും അവൻ ഇവിടെ വന്നേക്കാം. അതിന് മുൻപ് പണം കൗണ്ടറിൽ അടക്കണം.

മോൻ വൈകിക്കണ്ട. പൈസ വേഗം കൊണ്ടു അടച്ചിട്ട് പോരെ. സിസ്റ്റർ പറഞ്ഞു ഓപ്പറേഷന്റെ തൊട്ട് മുന്പാണ് സാധാരണ പണം അടക്കാറുള്ളത്. ഇത്രയും തുക അഡ്വാൻസ് ആയിട്ട് അവർ വാങ്ങാറില്ലെന്ന്‌. പിന്നെ ഞാൻ പോയി മാനേജരോട് സംസാരിച്ചിട്ടാണ് അവർ സമ്മതിച്ചത്. “

” ശരിയമ്മേ, പൈസയടച്ചിട്ട് ഞാൻ ലോഡ്ജിൽ പോയി ഒന്ന് കുളിച്ച് അമ്മക്കുള്ള ഭക്ഷണവും വാങ്ങി വേഗം വരാം. “

അമ്മയോട് പറഞ്ഞു ഞാൻ താഴത്തെ കൗണ്ടറിലേക്ക് നടന്നു. രാത്രിയായാൽ മെയിൻ റിസപ്ഷനിലുള്ള ക്യാഷ് കൌണ്ടർ മാത്രമേ ഉണ്ടാവുകയുള്ളൂ.

റിസപ്ഷന്റെ അവിടെക്ക് സ്റ്റെപ് ഇറങ്ങിചെല്ലുമ്പോഴാണ് കണ്ടത്, റിസെപ്ഷനിൽ അവൻ, എന്റെ ചേട്ടൻ. കൂടെ ആരൊക്കെയോ ഉണ്ട്. ആതിര എവിടെ ആണ് കിടക്കുന്നത് എന്നാവണം അന്വേഷിക്കുന്നത്. എന്റെ വയറ്റിലൂടെ ഒരു തീപന്തം ആളി. ഞാൻ പൈസയടങ്ങിയ ബാഗ് ഇറുക്കെ പിടിച്ചു. അവനിത് കണ്ടാൽ, പിന്നെ മൊത്തം അവൻ കൊണ്ടുപോകും. പിന്നെ എന്റെ ജീവിതകാലത്ത് ഇത്രയും പൈസയുണ്ടാക്കാൻ എനിക്ക് കഴിയില്ല.. ഞാൻ ശബ്ദമുണ്ടാക്കാതെ സൈഡിലുള്ള ഡോറിലൂടെ പുറത്തേക്ക് ഇറങ്ങി. ലോഡ്ജ് മുറിയിലേക്ക് എത്തുകയായിരുന്നു ഉദ്ദേശം. അതിനിടയിൽ സ്റ്റെപ് കയറി മൂന്നാം നിലയിലെത്തിയ ഏട്ടൻ എന്നെ കണ്ടു. കൈചൂണ്ടി കൂടെ ഉള്ളവരോട് എന്തോ പറയുന്നതും എല്ലാവരും കൂടെ ഓടി വരുന്നതും ഞാൻ കണ്ടു. ഞാൻ സർവ്വ ശക്‌തിയുമെടുത്ത് ഓടി. എന്റെ മുറി മൂന്നാം നിലയിലാണ്. അങ്ങോട്ടെത്താൻ സമയമില്ലെന്ന് തോന്നിയപ്പോഴാണ് രണ്ടാം നിലയിൽ ആദ്യം കണ്ട റൂമിന്റെ വാതിലിൽ ആഞ്ഞാഞ്ഞു തട്ടിയത്. വാതിൽ തുറന്ന ആളെക്കണ്ട ഞാൻ വല്ലാതെയായി.

മുപ്പത്തിയഞ്ചിനോടടുത്ത പ്രായമുള്ള ഒരു സ്ത്രീ. ഇവരെ ഞാൻ പല സ്ഥലത്തുവെച്ചും കണ്ടിട്ടുണ്ട്. ചിരിക്കാൻ അറിയാത്ത മുഖം. ശരീരത്തിനുള്ള സൗന്ദര്യം പോലും മുഖഭാവം കൊണ്ടു ഇല്ലാതാക്കുന്ന ഒരു വഴക്കാളി സ്ത്രീ. അങ്ങനെ പറയാൻ കാരണം ഞാൻ കാണുമ്പോഴെല്ലാം അവർ ആരോടെങ്കിലും വഴക്കിടുകയാവും. ഹോസ്പിറ്റലിൽ നേഴ്സ്മാരോട്, സെക്യൂരിറ്റി ചേട്ടനോട്, കാന്റീനിലെ ചേച്ചിയോട്, പിന്നീട് ഒരു ദിവസം വീട്ടുകാരെന്ന് തോന്നിക്കുന്ന കുറച്ചു ആളുകളോട്. നമ്മുടെ പ്രശ്നം അതിലും വലുതായത് കൊണ്ട് ഞാൻ അതിലൊന്നും ഇടപെടാൻ തോന്നിയിട്ടില്ല. ഇതിപ്പോ ഇങ്ങനെ ഒരു സാഹചര്യത്തിൽ സഹായം തേടി ഞാൻ എത്തിയത് ഇവരുടെ മുമ്പിൽ തന്നെ ആയിപ്പോയല്ലോ ഈശ്വരാ..

” ഹമ്, എന്താ? “?അവരുടെ ഗൗരവമാർന്ന ശബ്ദം ആണ് എന്നെ ഞെട്ടിച്ചു.

” ചേച്ചി, ഞാൻ ഒന്ന് അകത്തു കേറിക്കോട്ടെ. അവർ എന്റെ പുറകെ ഉണ്ട്. കയ്യിൽ കിട്ടിയാൽ അവരെന്നെ കൊiല്ലും..അവർ പോയാൽ ഞാൻ പൊക്കോളാം. പ്ലീസ് ചേച്ചി. “

ഞാൻ കരയാറായി.

” അതൊന്നും പറ്റില്ല. നീ പോ. ഞാനാരുടേം രക്ഷകയൊന്നുമല്ല. നീ വേറെവിടേലും പോ. “

ഭാവവ്യത്യാസമില്ലാതെ പറഞ്ഞിട്ട് അവർ വാതിൽ അടയ്ക്കാൻ ഒരുങ്ങി.

ഞാൻ വാതിലിൽ കയറിപ്പിടിച്ചു. ” ചേച്ചി, ഈശ്വരനെയോർത്ത് പ്ലീസ് ഒരു അഞ്ചു മിനിറ്റ്. അവർ പോയാൽ അപ്പോൾ ഞാൻ ഇറങ്ങിപൊക്കോളാം. “

ഞാൻ വീണ്ടും യാചിച്ചു.

” ഈശ്വരനെയൊന്നും ഞാനീയിടെ ഓർക്കാറില്ല.. അത് വിട്. നീയിറങ്ങി പോ. ചുമ്മാ ആളെ മിനക്കെടുത്താതെ. “

വീണ്ടും മനസാക്ഷിയില്ലാത്ത സ്വരം. ഞാനിനി എങ്ങോട്ട് പോകുമെന്ന് ചിന്തിച്ചപ്പോഴാണ് ആരോ സ്റ്റെപ് ഓടിക്കയറുന്ന ശബ്ദം കേട്ടത്. വേറൊരു മുറി തട്ടിത്തുറക്കാൻ സമയമില്ല എന്ന് തോന്നിയതും ആ ചേച്ചിയെ തള്ളിമാറ്റി ഞാൻ അകത്തു കയറി വാതിലടച്ചതും അടുത്ത നിമിഷം എന്റെ കവിളിൽ അiടി വീണു. ഒന്ന് ഞെട്ടിയെങ്കിലും ഞാൻ സംയമനം വീണ്ടെടുത്തു.

” ചേച്ചി, ചേച്ചിയെന്നെ എത്ര തiല്ലിയാലും കുഴപ്പമില്ല. കുറച്ചു സമയം എന്നെ അവർക്ക് കാണിച്ചു കൊടുക്കല്ലേ പ്ലീസ്. ” ഞാൻ കരഞ്ഞു.

” ആരാ അവർ? എന്തിനാ അവർ നിന്നെ തിരയുന്നത്? നീ അവരുടെ വല്ലതും മോഷ്ടിച്ചിട്ടാണോ ഓടി വന്നേക്കുന്നത്? “

എന്റെ കയ്യിലെ ബാഗിലേക്ക് സംശയത്തോടെ നോക്കിക്കൊണ്ടാണ് ചോദ്യം.

” ചേച്ചി, അത് എന്റെ ചേട്ടനാ. ഇതെന്റെ അനിയത്തിക്ക് ഓപ്പറേഷനു കെട്ടിവെക്കാനുള്ള പൈസയാണ്. ഇതിന് വേണ്ടിയാ അയാളെന്റെ പുറകെ വരുന്നത്. ഈ പൈസ അയാൾ കൊണ്ടുപോയാൽ എന്റെ അനിയത്തി.. “

ഞാൻ പൊട്ടിക്കരഞ്ഞു പോയിരുന്നു.

അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു. ഞാൻ മറവിലേക്ക് നീങ്ങിനിന്നു. ദയനീയതയോടെ എന്നെ കാണിച്ചു കൊടുക്കല്ലേ എന്ന് കൈകൂപ്പി. എന്നെ ഒന്ന് നോക്കിയിട്ട് അവർ വാതിൽ തുറന്നു.

” പത്തിരുപത്തി നാല് വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ഇങ്ങോട്ടേങ്ങാൻ ഓടി വരുന്ന കണ്ടാരുന്നോ? “

ഏട്ടന്റെ ശബ്ദം കേട്ടു.

” ഞാൻ കണ്ടില്ല. ” അവർ മറുപടി പറയുന്നു.

” ഒരു ബ്ലാക്ക് ഷർട്ട്‌ ഇട്ട മെലിഞ്ഞ ഒരു ചെറുക്കൻ. കയ്യിൽ ഒരു ബാഗുമുണ്ട്. “

വീണ്ടും ഏട്ടൻ വിശദീകരിക്കുന്നു.

” ഇല്ലെന്ന് പറഞ്ഞില്ലേ. ഇവിടെ ഞാൻ മാത്രമേ ഉള്ളൂ. നിങ്ങൾ പോയേ. എനിക്കൊന്ന് കിടക്കണം. “

വീണ്ടും ഭാവഭേദമില്ലാതെ അവരുടെ സ്വരം. അവർ പോയെന്നു തോന്നുന്നു. അവർ വാതിൽ അടച്ചു എന്റെ അടുത്തേക്ക് വന്നു.

” നീയിരിക്ക്. അവർ പോയാൽ ഉടനെ നീ ഇറങ്ങി പൊക്കോളണം എവിടെ യാണെന്ന് വെച്ചാൽ. ” അവർ പരുഷമായി പറഞ്ഞു.

ഞാൻ പതുക്കെ നിലത്തേക്കിരുന്നു..

” എന്റെ അനിയത്തിക്ക് ഹാർട്ട് ഓപ്പറേഷനു വേണ്ടി എന്റെ കിടപ്പാടം വിറ്റ പണമാണ് ഇതിൽ. അത് വാങ്ങാനാണ് അയാൾ വന്നത്. ജീവൻ പോയാലും കൊടുക്കില്ല ചേച്ചി ഞാനിത്. പതിനേഴു വയസ്സേ ഉള്ളൂ അവൾക്ക്. പഠിക്കാൻ മിടുക്കിയാണ്. ചെറുപ്പം മുതലേ വയ്യാത്ത കുട്ടിയാണെങ്കിലും നന്നായി പഠിക്കും. ജീവിക്കാൻ വല്ലാത്ത കൊതിയാ അവൾക്ക്.. ഞാൻ രക്ഷപ്പെടുമോ ഏട്ടാ എന്ന് എന്നോട് എപ്പോഴും ചോദിക്കും. കുറെ ആയി മരുന്നിലാ ഓടുന്നത്. ഇനിയത് പറ്റില്ല. ഹാർട്ട്‌ മാറ്റിവെക്കണം. മറ്റെന്തും പോലെ അല്ലല്ലോ ഹൃദയം. നമുക്ക് കൊടുക്കാൻ പറ്റില്ലല്ലോ. പറ്റുമായിരുന്നെങ്കിൽ ഞാനോ അമ്മയോ കൊടുത്തേനെ. ഇതിപ്പോ ദൈവാനുഗ്രഹം കൊണ്ടു ഒരെണ്ണം കിട്ടാൻ സാധ്യത ഉണ്ടെന്നു ഡോക്ടർ പറഞ്ഞു. അതുകൊണ്ട് എല്ലാം വിറ്റുപെറുക്കി പത്തുലക്ഷം രൂപയുണ്ടാക്കിയതാ. അത് ഹോസ്പിറ്റലിൽ അടയ്ക്കാൻ കൊണ്ടുവന്നപ്പോഴാ. അവൾ ഞങ്ങടെ വീടിന്റെ വിളക്കാ ചേച്ചി. ആ വെളിച്ചം അണയുമ്പോ എന്തിനാ ഞങ്ങക്ക് ആ വീട്. “

ഞാൻ ഒന്ന് നിർത്തി, വീണ്ടും തുടർന്നു. അവർ ഒന്നും മിണ്ടിയില്ല. എന്നെ തടഞ്ഞുമില്ല.

” ഇതുകൊണ്ടൊന്നും ഒന്നും ആവില്ല എന്നെനിക്കറിയാം. എനിക്ക് കുറെ കൂട്ടുകാരുണ്ട് ഫേസ്ബുക്കിൽ. അവരൊക്കെ അറിഞ്ഞപ്പോ വഴക്ക് പറഞ്ഞു, നേരത്തെ പറയാത്തതിൽ. ഇപ്പോൾ അവർ പൈസ ഒക്കെ പിരിക്കുന്നുണ്ട്. എല്ലാം നടക്കും. “

ഞാൻ സ്വയം പറഞ്ഞു.

” അയാളിനി നിന്നെ കണ്ടുപിടിക്കില്ലെന്നാണോ? ” അവർ ചെറിയ ചിരിയോടെയാണ് ചോദിച്ചത്.

” കണ്ടുപിടിച്ചോട്ടെ. എന്നെ തiല്ലുകയോ കൊiല്ലുകയോ എന്ത് വേണേലും ചെയ്യട്ടെ.അതിനു മുൻപ് ഈ പൈസ ഒന്ന് അടക്കാൻ പറ്റിയാൽ മതി….” ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് വീണ്ടും വാതിലിൽ മുട്ട് കേട്ടു. ഞാൻ ഞെട്ടലോടെ അവരെ നോക്കി. അവർ പോയി വാതിൽ തുറന്നു. ഞാൻ ബാത്‌റൂമിലേക്ക് കയറി നിന്നു. വാതിൽ പഴുതിലൂടെ എനിക്ക് പുറത്തേക്കുള്ള വാതിൽ കാണാം.

” നിങ്ങൾ എന്താ പിന്നെയും ഇവിടെ ആരുമില്ലെന്ന്‌ പറഞ്ഞില്ലേ? ” ചേച്ചി ചോദിക്കുന്നു. ഏട്ടനോടൊപ്പം മറ്റു രണ്ടുപേരുമുണ്ട്.

” അവനെ ഇങ്ങോട്ടിറക്കിവിട് പെണ്ണുമ്പിള്ളേ. അവൻ ഇങ്ങോട്ട് കേറിയെന്നു ദാ ഇയാൾ പറഞ്ഞല്ലോ. ഓപ്പോസിറ്റ് വാതിലിൽ നിന്നയാളെ ചൂണ്ടിക്കാണിക്കുന്നു..

” അവൻ കാര്യമൊക്കെ എന്നോട് പറഞ്ഞു. ആ കുട്ടിയുടെ ഓപ്പറേഷനു വേണ്ടിയല്ലേ അവൻ..” അവർ എനിക്ക് വേണ്ടി സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്.

” എന്റെ മാഡം, കാര്യം അവൾ എന്റേം കൂടെ പെങ്ങളാ. അതിന്റെ ആയുസ് തീരുമാനിക്കപ്പെട്ടതാ. ഹൃദയം മാറ്റിവെക്കുക എന്നൊക്കെ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ? അതിനു വേണ്ടി ഇവനീ ക്യാഷ് മുടക്കുന്നത് കായലിൽ കായം കലക്കുന്ന പോലെയാ. പിന്നെ അവൾക്ക് വേണ്ടി പിരിവൊക്കെ നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ആയുസുണ്ടെൽ അത് കിട്ടിയിട്ട് ചികിൽസിച്ചാലും രക്ഷപെട്ടോളും. ഇത് എനിക്ക് കൂടെ അവകാശപ്പെട്ട പണമാണ്. പകുതി ആണ് ഞാൻ ആദ്യം ചോദിച്ചത്. അപ്പോ അവനു പറ്റില്ല. എങ്കിൽ ഇനി മുഴുവൻ കൊണ്ടേ ഞാൻ പോകൂ. “?ഏട്ടന്റെ സ്വരം മാറുന്നത് ഞാൻ ഭീതിയോടെ കണ്ടു.

” എന്തൊരു ജന്മമാടാ നിന്റെ? ആ കുട്ടിയെ ഇറക്കിവിടാൻ മനസില്ല. നിങ്ങളിപ്പോ പോ. അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും.”

” അയ്യോടാ മാഡം കൊള്ളാമല്ലോ. പോലീസുവന്നാൽ എന്നെ എന്താ തൂiക്കി കൊiല്ലുമോടി? ഞാൻ ആരാണെന്നു നിനക്ക് അറിയില്ല. ഞാൻ പെണ്ണുങ്ങളെ സാധാരണ ഉപദ്രവിക്കാറില്ല. എന്നെകൊണ്ട് അത് ചെയ്യിക്കരുത്. “

ഏട്ടൻ വികൃതമായി ചിരിച്ചു കൊണ്ടു പറയുന്നു.ചേച്ചി പെട്ടെന്ന് വാതിൽ അടയ്ക്കാൻ തുടങ്ങിയതും ഏട്ടന്റെ കൂടെ ഉണ്ടായിരുന്നവൻ വാതിലിൽ ആഞ്ഞു ചവിട്ടിയതും ഒന്നിച്ചായിരുന്നു. അപ്രതീക്ഷിതമായ ആ ചവുട്ടിൽ ചേച്ചി താഴെ വീണു. ഏട്ടൻ അകത്തേക്ക് കയറി. ഇനി ഞാൻ ഇവിടെ നിന്നാൽ ആ ചേച്ചിക്ക് കൂടെ ആപത്താണെന്ന് കണ്ട ഞാൻ ഇറങ്ങി ഓടാൻ ഒരുങ്ങി. ഏട്ടൻ എന്നെ കയറിപ്പിടിച്ചു. ഞങ്ങൾ രണ്ടും കൂടെ കെട്ടിമറിഞ്ഞു അടിയായി.
അവനോട് അടിച്ചു നിൽക്കാനുള്ള ആരോഗ്യം എനിക്കില്ലാത്തത് കൊണ്ടു തന്നെ എന്നെ അടിച്ചു വീഴ്ത്തി എന്റെ ബാഗുമെടുത്തു അവൻ പോകാൻ ഒരുങ്ങിയപ്പോഴാണ് അവന്റെ അരയിൽ നിന്ന് തെറിച്ചു വീണ തോiക്ക് ഞാൻ കണ്ടത്. ഒരൊറ്റ സെക്കന്റ്‌ കൊണ്ട് ഞാൻ അത് കൈക്കലാക്കി അവനു നേരെ ചൂണ്ടി. സിനിമയിൽ മാത്രം കണ്ടിട്ടുള്ള തോക്ക് കയ്യിലെടുത്തപ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.

” ആഹാ, മോനെ ഇത് ഉപയോഗിക്കാൻ നിനക്ക് അറിയോ?ലോഡ് ചെയ്യാൻ അറിയോ?കൈ വിറക്കാതെ ഉന്നം പിടിക്കാൻ അറിയോ. നിന്റെൽ ഇതൊരു കളിപ്പാട്ടം മാത്രമാ. അതിങ്ങു താ. താടാ.. “

ചേട്ടൻ അലറിക്കൊണ്ട് പതുക്കെ എന്റെ അടുത്തേക്ക് വന്നു.

” ആ ബാഗ് താ. അല്ലെങ്കിൽ കൊiല്ലും ഞാൻ… “

പറയുന്നുണ്ടെങ്കിലും എന്റെ കൈ വിറയ്ക്കുന്നതും ദേഹം തളരുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു.

പെട്ടെന്ന് പുറകിൽ നിന്നോരാൾ എന്റെ കയ്യിൽ നിന്നു തോiക്ക് പിടിച്ചു വാങ്ങുന്നതറിഞ്ഞു ഞാൻ തിരിഞ്ഞു നോക്കി. ചേച്ചി. ചേച്ചി തോiക്ക് പിടിക്കുന്നതും ലോഡ് ചെയ്യുന്നതും അവനു നേരെ ചൂണ്ടിപിടിക്കുന്നതും അവിശ്വസനീയതയോടെ ഞാൻ നോക്കി നിന്നു. അവനും സ്തബ്ദനായി നിൽക്കുന്നു. ചേച്ചിക്ക് വിറയലോ മുഖത്ത് ഭാവഭേദമോ ഇല്ല.. ചേട്ടന്റെ നെഞ്ചിന് നേരെ ചൂണ്ടിയ തോiക്ക് സെക്കന്റ്‌ കൊണ്ടു താഴ്ത്തുന്നതും കാൽ മുട്ടിലേക്ക് വെiടിവെക്കുന്നതും ചേട്ടൻ മുട്ടുകുത്തി വീഴുന്നതും ഞാൻ കണ്ടു.. കാഴ്ച കണ്ടു കൂടിനിന്നവർ ചിതറിയോടി. ഏട്ടന്റെ കൂടെ വന്നവനെ അവിടെ ഒന്നും കാണാൻ ഇല്ലായിരുന്നു. ചേച്ചി നടന്നുച്ചെന്ന് തെറിച്ചു വീണ ബാഗെടുത്ത് എന്റെ നേർക്കേറിഞ്ഞു. വീണുകിടന്ന് പുളയുന്ന ഏട്ടന്റെ അരികിൽ ഇരുന്നു.

” എടാ, ഈ വെiടി നിന്റെ നെഞ്ചത്തൊട്ട് വെക്കാൻ അറിയാഞ്ഞിട്ടല്ല. ഈ ചെക്കന്റെ മുമ്പിൽ അത് വേണ്ട എന്ന് വെച്ചിട്ടാ. ഇത് നിന്റെ അവസാനത്തെ അവസരമാണ്. ആ പിരിഞ്ഞു കിട്ടുന്ന ക്യാഷ് കൊണ്ട് ഇവന് മനസുണ്ടെൽ നിന്നെ ചികിൽസിച്ചോളും. അല്ലെങ്കിൽ ഗവണ്മെന്റ് നോക്കിക്കോളും. പോലീസിപ്പോ വരും നിന്നെ കൊണ്ടു പോകാൻ. “

പറഞ്ഞിട്ട് ചേച്ചി തിരിഞ്ഞു നടന്നു റൂമിലേക്ക് കയറി. താമസിയാതെ പോലീസ് എത്തി, ആംബുലൻസും. വന്ന പോലീസ് ചേച്ചിക്ക് മുന്നിൽ സല്യൂട്ട് അടിക്കുന്നതും ചേച്ചി അവരോടൊപ്പം പോകുന്നതും ഞാൻ അമ്പരപ്പോടെ കണ്ടു. എന്തൊക്കെയോ പോലീസിനോട് സംസാരിക്കുകയും ഇടക്ക് എന്നെ നോക്കുകയും ചെയ്യുന്നുണ്ട്..

” പൈസ കൊണ്ടുപോയി ആശുപത്രിയിൽ അടയ്ക്കെടാ. ” വീണ്ടും മയമില്ലാത്ത ശബ്ദത്തിൽ പറഞ്ഞിട്ട് ചേച്ചി പോലീസിനോടൊപ്പം പോയി.

ആശുപത്രിയിൽ ബില്ലടച്ച്‌ ഐസിയു വിന് മുന്നിൽ ചെന്നപ്പോൾ നഴ്സിംഗ് സ്റ്റേഷനുള്ളിൽ നിന്ന് ചേച്ചി ഇറങ്ങി പോകുന്നുണ്ടായിരുന്നു. അമ്മ കരഞ്ഞു കൊണ്ട് ചേച്ചിയുടെ മുന്നിൽ കൈകൂപ്പി. അമ്മയെ മൈൻഡ് ചെയ്യാതെ കടന്നു പോയെങ്കിലും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.

” അമ്മ അറിയോ ആ ചേച്ചിയെ? ” അത്ഭുതത്തോടെയാണ് ഞാൻ ചോദിച്ചത്. ഇപ്പോൾ നടന്നതൊന്നും അമ്മ അറിഞ്ഞിട്ടില്ലെന്ന് ഉറപ്പാണ്. പിന്നെ എങ്ങനെ…

” അവർ നമ്മുടെ ദൈവമാണ് മോനെ. പോലീസിലെ ഏതോ വല്യ ഓഫീസറാ. അവരുടെ ഭർത്താവിന്റെ ഹൃദയം ആണ് നമ്മുടെ കുട്ടിക്ക്…. ആക്‌സിഡന്റ് ആയിരുന്നത്രേ. ഇതുവരെ ഈ കുട്ടി ഒപ്പിട്ടുകൊടുക്കാത്ത കൊണ്ടാ നടക്കാഞ്ഞത്. ഇപ്പോൾ ഒപ്പിട്ട് കൊടുത്തത്രേ. പെട്ടന്ന് തന്നെ ഓപ്പറേഷൻ ഉണ്ടാവും. പൈസയടച്ചോ എന്ന് ചോദിച്ചു ഡോക്ടർ…”

അമ്മ പൂർത്തിയാക്കുന്നതിന് മുൻപ് ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. അവർ നടന്നകന്നിരുന്നു. അവരെ, അവരുടെ ആ മാനസികാവസ്ഥയെ എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്. ഞാൻ പുറകെ ഓടിയില്ല. ഒരു നന്ദി വാക്കുമായി അവരുടെ മുന്നിൽ നിൽക്കാൻ എനിക്ക് ധൈര്യമുണ്ടാവില്ല. ചിലർ അങ്ങനെയാണ്. അത്രക്ക് വളരാൻ എല്ലാവർക്കും കഴിയാറില്ലല്ലോ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *