കാട്ടുപെണ്ണ്
story written by Sabitha Aavani
കാടിന്റെ വശ്യതയിലേക്ക് ചേക്കേറുമ്പോൾ മനസ്സും ശരീരവും ഒരുപോലെ ശാന്തമായിരുന്നു….
ഒരുപാടു തിരക്ക് പിടിച്ച ഒരു ലോകത്ത് നിന്നും സമാധാനം നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്ക് വരുമ്പോൾ മറ്റൊന്നും മനസ്സിനെ അസ്വസ്ഥമാക്കാൻ പാടില്ല എന്ന് നിർബന്ധമുണ്ടായിരുന്നു അവന്.
അതും തനിച്ച് തന്നെ വേണം.
ഒരു വനവാസം…
കൈയ്യിൽ കരുതിയ ഭക്ഷണപൊതികളും വെള്ളവും കാടുകേറി തുടങ്ങുമ്പോൾ തന്നെ കഴിഞ്ഞിരുന്നു…
ഗൈഡ് ചെയ്യാൻ കൂടെ വന്ന ഒരാളോട് കാര്യം പറഞ്ഞപ്പോൾ അയാൾ നിർദ്ദേശിച്ചതാണ്… ഉൾകാടിന്റെ ഉള്ളിലെ മുളം കോട്ടയെ പറ്റി….
എല്ലാവരും പോകാൻ ഇഷ്ടപെടുന്ന ഒരിടം അല്ല അത്.
പരിചയം ഉള്ളവർ പോലും അവിടേക്ക് പോകാൻ അത്ര മനസ്സ് കാണിക്കാറില്ല….
ഒറ്റപ്പെട്ട് പോയ ഒരു പഴയ കോട്ട…
ശരിക്കും അതൊരു മുള കൊണ്ട് നിർമ്മിച്ച കുടിൽ ആണ്.
പണ്ടെന്നോ കാടു കേറിയ ആരുടെയോ കരവിരുതിൽ പണികഴിപ്പിച്ചത്.
അവിടെ തൊട്ടടുത്തായി ഒരു അരുവിയുണ്ട്…
മധുരമുള്ള പഴങ്ങൾ മാത്രം തരുന്ന മരങ്ങളുണ്ട്….
സുഗന്ധം പരത്തുന്ന പൂക്കൾ മാത്രമുള്ള പൂന്തോട്ടമുണ്ട്….
എന്ത് അത്ഭുതം അല്ലേ..?
അയാൾ പറഞ്ഞ വഴിയേ അവൻ നടന്നു….
മുളം കോട്ടയെ പറ്റി സ്വപ്നം കണ്ട്…..
ചിലരുണ്ട് ഒറ്റപെടലുകൾ അത്രമേൽ ആഘോഷമാക്കുന്ന മനുഷ്യർ…
അവരെ കൂട്ടത്തിൽ അവനും…..
ഓരോ കാടും ഓരോ പെണ്ണാണ്….
അറിയാൻ മനസ്സുകാണിക്കുന്നവന് മുന്നിൽ അവൾ എന്നും കാമുകിയാണ്….
നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ അവൾ ഭദ്രയും.
ഓരോ കാട്ടുവഴിയും അവളിലേക്ക് ആഴ്ന്നിറങ്ങാൻ അവനായി ഒരുക്കിയ പ്രണയകാവ്യങ്ങളായിരുന്നു…..
കാലുകൾക്ക് തളർച്ച അനുഭവപെടുന്നതെ ഇല്ല.
ഇടയ്ക്ക് കണ്ട കാട്ടരുവിയിൽ മുഖം കഴുകി….
ആ തണുത്ത വെള്ളത്തിൽ കുറച്ചുനേരം കാൽനനച്ചവൻ ഇരുന്നു…
അവൾ അവന്റെ കാലുകളിൽ ചുറ്റിവരിഞ്ഞു….
അവന്റെ കല്പാദങ്ങളെ ചുംബിക്കുന്നത് പോലെ…
മനസ്സിന്റെ ഭാരമെല്ലാം ഒഴിഞ്ഞു പോയത് പോലെ…
അവൻ ആ ഓളങ്ങളിൽ മുഖം നോക്കി….
“ഞാൻ ഏറെ മാറിയത് പോലെ…. “
ഉൾകാടിന്റെ അറ്റത്തേക്ക് ചെല്ലുമ്പോഴേക്കും ജീവജാലങ്ങൾ കൂടണയാൻ തുടങ്ങിയിരുന്നു…
ഇരുട്ടിൽ തപ്പി തുടഞ്ഞു നടക്കുമ്പോഴും…
ദൂരെ മുളകോട്ട അവനെ മാടി വിളിക്കുന്നു എന്നൊരു തോന്നൽ…..
മിന്നായം പോലെ കാഴ്ച്ചയിൽ ഉടക്കിയ ഒരു നേർത്ത വെട്ടം…..
അവൻ ആ ഭാഗത്തേക്ക് നടന്നു….
അവൻ അവിടെ എത്തപ്പെട്ടിരിക്കുന്നു….
വസന്തം വന്നെത്തിയത് പോലെ ഒഴുകി നടക്കുന്ന പൂക്കളുടെ ഗന്ധം….
മുറ്റത്ത് വലിയ ഒരു മരം..
അതിന്റെ ചോട്ടിൽ നിറയെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുതരം പഴം…
അവൻ അതിലൊന്ന് കൈയ്യിലെടുത്തു…
ചുവന്ന തോടും ഉള്ളിൽ വെളുത്ത മാംസളവുമായ ഒരു തരം പഴം.
അവൻ അത് രുചിച്ചു നോക്കി…
“ഹോ! എന്ത് മധുരമാണ്…. “
നിലത്ത് കിടന്ന ഒന്നു രണ്ടു പഴം കുടെ അവൻ കൈയ്യിലെടുത്തു.
നാലു പടികൾ കടന്ന് അവൻ കുടിലിനുള്ളിലേക്ക് കയറി.
ആരോ തനിക്കു വേണ്ടി ഒരുക്കിയിട്ട പോലെ….
മുളകൊണ്ട് മാത്രം നിർമ്മിച്ച കുടിൽ അവിടെ ഉള്ളതെല്ലാം മുളയുടെ ഉൽപ്പന്നങ്ങൾ..
കിടക്ക മുതൽ ഗ്ലാസ് വരെ….
നേർത്ത വെളുത്ത തുണിയിൽ പാറിപറക്കുന്ന കർട്ടൻ…
കിടക്കയിലും അതെ നേർത്ത തുണി…..
എന്ത് ഭംഗിയാണ്….
ഓരോ മുറിയിലും എരിഞ്ഞു തുടങ്ങിയ കൂറ്റൻ മെഴുകുതിരി മുളങ്കുറ്റിയിൽ നിർമ്മിച്ചത്…
അവൻ ചുറ്റും നടന്നു…
എന്ത് ശാന്തതയാണ്….
അവൻ ബാഗ് നിലത്തു വെച്ച് ഇട്ടിരുന്ന ടിഷർട്ട് പാന്റും ഊരി കിടക്കയിലേക്ക് ഇട്ടു..
ബാഗിൽ നിന്നു പുറത്തെടുത്ത ഷോർട്സ് എടുത്തിട്ട് അവൻ ആ കിടക്കയിലേക്ക് ചാഞ്ഞു.
എന്ത് സമാധാനമാണ്….
തിരക്ക് പിടിച്ച് ചീറിപായുന്ന വാഹനങ്ങൾ ഇല്ല ….
ഒച്ചപ്പാടും ബഹളവും ഇല്ല .. തീർത്തും ശാന്തമായ ഒരിടം ….
അധികം അപകടകാരികളായ വനജീവികളും കുറച്ചു കൂടി ഉള്‍കാട്ടിൽ ആണെന്നാണ് അയാൾ പറഞ്ഞത് അതുകൊണ്ട് അതും പേടിയ്ക്കണ്ട.
പതിയെ ആ കണ്ണുകൾ അടഞ്ഞു….
അവൻ അവളുടെ മടിത്തട്ടിൽ ഉറങ്ങുകയാണ്….
നേരം കുറെ കഴിഞ്ഞു…..
ഉറക്കത്തിനിടയിൽ കണ്ണുതുറന്നു വെറുതെ ചുറ്റും നോക്കവെ
അവൻ കണ്ടു അരികിൽ ഒരുവൾ…..
വെളുത്ത വസ്ത്രമണിഞ്ഞു…. നീല മിഴികളുമായി ഒരുവൾ…
അവൻ ഞെട്ടി എഴുന്നേറ്റു..
അവൾ അരികിൽ വന്നു..
അവനെ തന്റെ മടിയിൽ കിടത്തി.
അവൾ ഒന്നും മിണ്ടിയില്ല…
ശാന്തമായി അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു….
അവന് സംസാരിക്കാൻ കഴിയാത്തതുപോലെ….
അവന്റെ നെറുകിൽ തലോടി….
തലമുടിയിൽ വിരൽ കോർത്ത് അവൾ അവനെ താലോലിച്ചു….
എന്ത് തണുപ്പാണ് അവളുടെ കൈകൾക്ക് …
ഈ മടിത്തട്ട് എന്ത് മൃദുലമാണ്…..
അവൾക്ക് എന്തൊരു ഗന്ധമാണ്….
അവൻ ആ കരങ്ങളിൽ അമർന്നു….
ആഴത്തിലേക്ക് ഉറങ്ങിവീഴും പോലെ…
അവളെ കാണാൻ വീണ്ടും ഹൃദയം തുടിക്കുന്നത് അവനറിയുന്നു…
പക്ഷെ തന്റെ ശരീരം തളരുന്നതും കണ്ണുകൾ മയങ്ങുന്നതും അവൻ അറിഞ്ഞു…
സൂര്യൻ ചൂട്പിടിച്ച് തുടങ്ങിയപോഴാണ് പിന്നെ ഉറക്കത്തിൽ നിന്നും ഉണർന്നത്…
അവൾ എവിടെ…?
ആരായിരുന്നു അവൾ..?
അവിടമാകെ അവൻ പരതി…
ഇല്ല ആരും ഇല്ല….
മേശമൽ അവനായി കരുതി വെച്ച ആവി പറക്കുന്ന കഞ്ഞി…
അവളാവും എനിക്ക് കഞ്ഞി ഉണ്ടാക്കിയത്….
മുറ്റത്തിറങ്ങി അരുവിയിൽ മുഖം കഴുകി….
കുറെ നേരം ആ ഇരുപ്പ് ഇരുന്നു….
കുളിരു കൊള്ളുന്ന പോലെ…..
ഈ അടുത്തോന്നും ഇത്ര നന്നായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല….
പക്ഷെ ആരായിരുന്നു അവൾ….
നീല കണ്ണുകളുമായി എനിക്കരുകിൽ വന്നവൾ…?
ആ ദിനം അവളുടെ ഓർമ്മകളിൽ കഴിഞ്ഞു…..
കാടിനെ അറിയാൻ അവൻ അന്ന് ഇറങ്ങിയില്ല…..
മനസ്സിൽ നീല കണ്ണുള്ള പെണ്ണിനെ മാത്രം ചിന്തിച്ചവൻ ഇരുന്നു…
രാത്രി അവൾക്കായി കാത്തിരുന്നു ……
ഇല്ല അവൾ വന്നില്ല….
ആ രാത്രി പുലരുവോളം അവൻ ഉറങ്ങാതെ നോക്കിയിരുന്നു….
നേരം പുലരുമ്പോൾ അവൻ തിരിച്ചു കാടിറങ്ങാൻ ഒരുങ്ങി.
ബാഗിൽ ഒരു തൂവെള്ള നിറമുള്ള തൂവാല…. അതിൽ ഇങ്ങനെ കുറിച്ചിരുന്നു
“കാടിനെ പെണ്ണുടലിൽ ചാലിച്ചവൾ “
എന്താണ് നടന്നത് എന്നറിയാതെ അവൻ പകച്ചിരുന്നു….
യാത്ര അവസാനിപ്പിച്ച് കാടിറങ്ങുമ്പോൾ ആ രാത്രി മനസ്സിലുണ്ടായിരുന്നു…
ഒരുപക്ഷെ അന്നൊരു ദിനം കൂടി കാടറിയാൻ ഇറങ്ങിയിരുന്നേൽ നീലകണ്ണുള്ള പെണ്ണിനെ കണ്ടെത്താമായിരുന്നു…
അവളെ ഓർത്ത് നഷ്ടപ്പെടുത്തിയ ഒരു ദിനത്തെ പഴിച്ച് ആ യാത്ര തീരുമ്പോൾ…
ഇനിയും അറിയാൻ ആയിരം രഹസ്യങ്ങൾ സൂക്ഷിക്കുന്ന മുളം കോട്ടയും നീലകണ്ണുകളും അവനെ ഒരിക്കൽ കൂടെ തിരികെ വിളിക്കുന്നു എന്നൊരു തോന്നൽ…..
കാടറിയാൻ മനസ്സ് കാണിക്കുന്നവന് കൂട്ടായി വന്ന പെണ്ണ്…
ഒരുപക്ഷെ അവള്‍ ആ കാട് തന്നെ അല്ലെ……
അവനെ ആവാഹിച്ച കാട്ടുപെണ്ണ് !