അല്ലേലും ഈ പെണ്ണുങ്ങൾ ഇങ്ങനാ പുതിയ കൂട്ട് കിട്ടിയ പഴയതു വേണ്ടാ…എന്നാലും ഞാൻ തളർന്നില്ല എന്നും എന്റെ ഈ രണ്ടു കണ്ണും അവളുടെ മേൽ തന്നെ ഉണ്ടായിരുന്നു…..

എഴുത്ത്:-അച്ചു വിപിൻ

ഞാൻ ഒൻപതാം ക്ലാസ്സിൽ രണ്ടാം തവണയും തോറ്റു എന്ന വാർത്ത രാവിലെ ദാസപ്പൻ എന്റെ അമ്മയോട് ഉമ്മറത്തിരുന്നു പറയുന്നത് അടുക്കളയിൽ പുട്ടു തിന്നുന്നതിനിടയിൽ ആണ് ഞാൻ കേട്ടത്… ഈ ദാസപ്പൻ എന്ന രാമദാസ്(അവന്റെ ഒറിജിനൽ പേര്)എന്റെ അച്ഛന്റെ പെങ്ങടെ ഒരേ ഒരു മോൻ ആണ്.. എന്നേക്കാൾ ഒരുവയസ്സു ഇളപ്പം ഉള്ള അവനും ഞാനും കക്കാംമ്മൂല ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിക്കുന്നത്….എങ്ങനേലും അമ്മയോട് തോറ്റ കാര്യo അവതരിപ്പിക്കാം എന്ന് കരുതി ഇരുന്നതാണ് ആ ചൊറി പിടിച്ചവൻ എല്ലാം നശിപ്പിച്ചു….

അവനെ പറ്റി എന്തേലും കുറ്റം ഞാൻ പറഞ്ഞ അപ്പൊ അമ്മ തുടങ്ങും…കാര്യം അവൻ അല്പം കുരുത്തംകെട്ടവൻ ആണെലും സ്നേഹം ഉള്ളവനാ മോനെ…അവനു അച്ഛനില്ലന്നറിയാലോ അവനു രണ്ടു വയസ്സുള്ളപ്പ അവന്റെ അച്ഛൻ അവനേം അമ്മായിനേം ഇട്ടേച്ചു വേറെ ഒരു പെണ്ണിന്റെ കൂടെ പൊറുതിക്കു പോയതാ…നിന്റെ അച്ഛൻ മരിച്ചെന്നു വെച്ച്(എന്റെ അച്ഛൻ ഞാൻ മൂന്നിൽ പഠിക്കുമ്പോ എലിപ്പനി വന്നാ മരിച്ചത് ) രമണിയേം മോനേം വേറെ കാണാനോ ആ ബന്ധം വേണ്ടാന്നു വെക്കാനോ ഈ അമ്മക്കാവില്ലട…ആ ഓരൊറ്റ ഡയലോഗിൽ ഞാൻ വീഴും….

ആ തെണ്ടി നന്നായി പഠിക്കും അതോണ്ട് എന്റമ്മക്ക് അവനെ വല്യ കാര്യമാണ്…ഏതു നേരവും ദാസപ്പനെ കണ്ടു പഠിക്കു ദാസപ്പനെ കണ്ടു പഠിക്കു മോനെ എന്ന് അമ്മ എന്നോട് പറയാറുണ്ട്..വീട്ടിൽ എപ്പഴും ദാസപുരാണം ആണ്…അത് അങ്ങട് അറം പറ്റി…ഒൻപതിൽ ആകെ ഒരു ഡിവിഷനെ ഉള്ളു അതോണ്ട് അവൻ എന്റെ ക്ലാസ്സിലേക്കാണല്ലോ വരുന്നത് ഇനി ശരിക്കും അവനെ കണ്ടു പഠിക്കാം കള്ളബടുവ….. തിന്നോണ്ടിരിക്കുന്ന പുട്ടു ശരിക്കു ഇറങ്ങി പോകാൻ ഒരു പഴം കൂടി കുത്തിക്കയറ്റി…

തീറ്റ കഴിഞ്ഞു വാ കഴുകി ഉമ്മറത്തേക്ക് വരുമ്പോൾ കരഞ്ഞു മൂക്കള ഒലിപ്പിച്ചു വടക്കോട്ടും നോക്കി അമ്മ അവിടെ ഇരിക്കുന്നുണ്ട്.. സൈഡിൽ ഒരു വളിച്ച ചിരി യുമായി ഓക്ല കണ്ണിട്ടു എന്നെ നോക്കി ദാസപ്പനും….ഞാൻ അമ്മയുടെ അരികിൽ ചെന്ന് തല കുനിച്ചു നിന്നു ….അമ്മ എന്റെ നേരെ ഒന്ന് നോക്കി എഴുന്നേറ്റു എന്റെ തോളത്തൊന്നു തട്ടി പോട്ടെ സാരമില്ല എന്ന് പറഞ്ഞു ഒരു ദീർഘനിശ്വാസം വിട്ടു അകത്തേക്ക് കയറി പോയി….അല്ലേലും അമ്മ അങ്ങനെ ആണ് എന്നെ ഒന്നിനും ശാസിക്കാറില്ല….

അപ്പുറത്തേക്ക് വാ എന്ന് ഞാൻ ദാസപ്പന്റെ നേരെ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി…ഓടാൻ തുടങ്ങിയ അവന്റെ കഴുത്തിന് കുത്തിപിടിച്ചു വളരെ സ്നേഹത്തോടെ അവനെ ഞാൻ വീടിന്റെ അപ്പുറത്തെ പറമ്പിലേക്ക് കൊണ്ട് പോയി….അവിടെ ചെന്ന് പറമ്പിൽ നിൽക്കുന്ന കാരമുള്ള് പറിച്ചു അവന്റെ ചന്തിക്കു കുത്തിക്കയറ്റി…അവൻ ഉറക്കെ കരഞ്ഞുകൊണ്ട് നിലംതൊടാതെ ഓടി….ഹാവു ഇപ്പൊ ഒരു മനസ്സിന് ഒരു സുഖോക്കെ തോന്നണ്ട്….അതങ്ങനെ കഴിഞ്ഞു…..

ചൂണ്ടയിട്ടും,ഗോലികളിച്ചും മാവിന് കല്ലെറിഞ്ഞുo മാടം കെട്ടി കളിച്ചും അവധി അങ്ങടു തീർന്നു…അങ്ങനെ സ്കൂൾ തുറന്നു… രാവിലെ തന്നെ എണീറ്റു കുളിച്ചു(അമ്മ കുത്തി പ്പൊക്കി എന്ന് വേണം പറയാൻ ) പുതിയ ബാഗ്‌ എടുത്തു പുസ്തകം ഒക്കെ മണത്തു നോക്കി(അതിന്റെ പുതുമണം എനിക്കിഷ്ടാ) അമ്മ എടുത്തു വച്ച ചോറ്റുപാത്രവും അതിൽ ആക്കി എല്ലാ വർഷോം പറയുന്ന പോലെ ഞാൻ നന്നായി പഠിച്ചോളാം അമ്മെ എന്ന് പറഞ്ഞു ഒരു ചിരിയും പാസ്സാക്കി അമ്മയെ കെട്ടിപ്പിടിച്ചു ഒരുമ്മേo കൊടുത്തു അവിടെ നിന്നും ഇറങ്ങി…..ഞാൻ പോകുമ്പോൾ എന്നത്തേയും പോലെ നിറകണ്ണുകളുമായി അമ്മ ഉമ്മറത്ത് നിക്കുന്നുണ്ടായിരുന്നു …

പോകുന്ന വഴി ദാസപ്പനെ കാണാത്തൊണ്ടു അവന്റെ വീട്ടിൽ കയറി…അവനാണേൽ നല്ല പനി അതോണ്ട് അവൻ വന്നില്ല എന്ന് പറഞ്ഞു ….സാധാരണ ഞാനും ദാസപ്പനും വീടിനടുത്തുള്ള അമ്പിളിയും ഒരുമിച്ചാ സ്കൂളിൽ പോണത്…..ഈ അമ്പിളി എന്റെ കൂട്ടുകാരി ആണ് ചെത്തുകാരൻ കുമാരന്റെ മോൾ… എനിക്ക് അവളുടെ മേൽ ഒരു കണ്ണുണ്ട് അവൾക്കത് അറിഞ്ഞൂടാ…പക്ഷെ ദാസപ്പന് അതറിയാം അവൻ അത് ആരോടും പറയാതിരിക്കാൻ കൈക്കൂലി ആയി ഇടയ്ക്കു വീട്ടിൽ നിൽക്കണ പറങ്കിയണ്ടി പറിച്ചു കൊടുക്കാറുണ്ട്…അത് മാത്രല്ല ഇടയ്ക്കു സിനിമക്കും കൊണ്ടോവും…..

എന്റെ അമ്പിളി അവൾക്കു വേണ്ടി എത്രയോ പ്രണയലേഖനങ്ങൾ ഞാൻ എഴുതി അവൾക്കു കൊടുക്കാതെ വെച്ചിരിക്കുന്നു….കൊടുക്കാത്തത് വേറൊന്നും കൊണ്ടല്ല മുഴുവൻ അക്ഷത്തെറ്റാന്നെ..ഞാൻ എഴുതിയത് എനിക്ക് തന്നെ വായിക്കാൻ പറ്റുന്നില്ല അപ്പഴാ അവൾക്കു…ഞങ്ങടെ മലയാളം സാറ് അത്ര പോരാ….സാധാരണ തൊണ്ടു(ചെറിയ ഇടവഴി )കഴിയുമ്പഴേ അവളെ കാണണ്ടതാണ് ഇന്ന് അവളേം കണ്ടില്ലല്ലോ എന്ന് ഓർത്തതും പുറകീന്നു വിളി വന്നു….രവിയേട്ടാ……(ആ വിളി കേൾക്കുമ്പോ ഞാൻ കോരിത്തരിച്ചു നിക്കും)
അവളുടെ ആ രവിയേട്ട എന്ന നീട്ടി ഉള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി പോകും….ഒന്ന് നിക്ക് എന്ത് വേഗത്തില പോണത് …എന്നെ കൂടി കൂട്ട് അവൾ വിളിച്ചു കൂവി….അവൾ വരുന്ന വരെ ഞാൻ അവിടെ തന്നെ നിന്നു…

നീ എന്താഡി അമ്പിളി ഇന്ന് വൈകിയേ…ഒന്നും പറയണ്ട രവിയേട്ടാ വീട്ടിലെ പശു പെറ്റു… അതിന്റെ ക്ടാവിനെ കാണാൻ നിന്നതാ അവൾ കിതച്ചു കൊണ്ട് പറഞ്ഞു….ആര് മാളൂവോ…മ്മ് അത് തന്നെ…നല്ല വെളുത്ത ക്ടാവാണ് കേട്ടോ…രവിയേട്ടൻ ഇത്തവണേം തോറ്റല്ലേ…അ അ ആ ..ആര്പറഞ്ഞു (എനിക്ക് അതറിയാൻ തിടുക്കമായി )വീട്ടിൽ പാൽ വാങ്ങാൻ വന്നപ്പൊ ദാസേട്ടനാ പറഞ്ഞത്….ചെ…ആ വൃത്തികെട്ടവൻ നാട് മുഴോൻ പാട്ടാക്കി…അവനു കാരമുള്ള് പ്രയോഗം മതിയായില്ല എന്ന് തോന്നണു തൂറാംമുട്ടികൊച്ചോൻ…….ഞാൻ മനസ്സിൽ പറഞ്ഞു…

ദേഷ്യം വരുമ്പോ ഞാൻ അവനെ വിളിക്കണ പേരാണ് അത്…..(ഈ പേര് വന്നതിനു പിറകിൽ ഒരു കഥയുണ്ട് കേട്ടോ… അവൻ എന്നും സ്കൂളിൽ വന്നാണ് കാര്യം സാധിക്കുന്നത് ഒരിക്കൽ ഞാൻ അത് അമ്മായി മുഖാന്തരം അറിയാൻ ഇടയായി …ഒരു ദിവസം ഞാൻ അവനെ വിടാതെ പിടിച്ചു നിർത്തി എന്നിട്ടോ അവൻ സ്കൂളിൽ വെച്ച് നിക്കറിൽ അപ്പിയിട്ടു അത്ര തന്നെ…അന്ന് ഞാൻ ഇട്ട പേരാണ് തൂറാം മുട്ടികൊച്ചോൻ…) ഏയ് ഞാൻ തോറ്റതല്ല അമ്പിളി…..ശരിക്കു പാ0ഭാഗങ്ങൾ തറമാകാൻ എന്റെ അമ്മ പറഞ്ഞിട്ട് മേരികുട്ടി ടീച്ചർ ആ ക്ലാസ്സിൽ എന്നെ ഒന്നൂടി ഇരുത്തിയതാ…എനിക്കി കാണാപാഠo പഠിക്കുന്നത് പണ്ടേ ഇഷ്ടല്ല..പടിക്കുമ്പോൾ എല്ലാം ഹൃദിസ്ഥമാക്കണ്ടേ അതോണ്ടാ…അവളോട് ഞാൻ പറഞ്ഞൊപ്പിച്ചു….

നിന്നെ കാണിക്കാൻ ഒരു പെട്ടി നിറയെ അപ്പൂപ്പൻ താടിയും മഞ്ചാടി കുരുവും എടുത്തു വെച്ചിട്ടുണ്ട്….ഞാൻ വിഷയം മാറ്റി…ഉവ്വോ അവൾ എന്റെ നേരെ നോക്കി…അവളുടെ കരിമഷി എഴുതിയ കണ്ണുകൾ വിടരുന്നതു ഞാൻ കണ്ടു…മ്മ് ഞാൻ വൈകുന്നേരം കാട്ടി തരാംട്ടോ…അമ്പിളി ഇച്ചിരി വേഗം നടന്നോ ബെൽ അടിക്കാറായി.നല്ല മഴേം വരണ്ടു …ഞാൻ അത് പറഞ്ഞു തീരുന്നതിനു മുന്നേ മഴ പെയ്തു…അയ്യോ ഓടിക്കോടി മഴ……ഞാൻ വിളിച്ചു കൂവി ……ഞങ്ങൾ രണ്ടാളും വേഗത്തിൽ ഓടി…അടുത്ത് കണ്ട പൊളിഞ്ഞ കടത്തിണ്ണയിൽ ആദ്യം അവളാണ് കയറി നിന്നതു….ഈ രവിയേട്ടന്റെ ഒരു കരിനാക്ക് അവൾ എന്റെ നേരെ നോക്കി കൊഞ്ഞനം കുത്തി… എനിക്ക് ചിരി വന്നു പോയി.. ദൈവമേ ആദ്യത്തെ ദിവസം തന്നെ വൈകിയല്ലോ ഇന്ന് നമുക്ക് ശരിക്കും വഴക്കു കിട്ടും അവൾ പിറു പിറുത്തു.. നീ വിഷമിക്കാതെടി മഴ ഉള്ളോണ്ട് നമ്മളെ സാറ് ഒന്നും പറയൂല…

ഞാൻ അവളെ നോക്കി… ഒരു വേനൽ അവധി കഴിഞ്ഞപ്പഴേക്കും അമ്പിളി അങ്ങ് മാറിപോയി മുടിയും വളർന്നു വെളുത്തു തുടുത്തു മാത്രല്ല അവൾ കാണാനും സുന്ദരി ആയിട്ടുണ്ട് ….ഹോ ഈ പെണ്ണുങ്ങൾ ഒക്കെ എത്ര പെട്ടെന്ന വലുതാവാണത്..അതിനൊക്കെ ആണുങ്ങൾ ദേ ഈ എന്നെ നോക്ക് ഞാൻ ഇപ്പഴും ചാവാലി കണക്കെ ഇരിപ്പണ്ട്…..ഒടുക്കത്തെ തീറ്റയാ എന്നാലും വണ്ണം വെക്കുന്നില്ല..ശരിക്കൊന്നു ചാടിയ അരയിൽ കിടക്കണ നിക്കർ ഊരി താഴെ കിടക്കും… എന്നും അടുപ്പിലെ കരി വാരി മുഖത്ത് തേക്കുന്നതല്ലാതെ ഒരു പൊടി മീശ പോലും കിളിർക്കുന്നില്ലല്ലോ ദൈവമേ….. അങ്ങനെ ഓരോന്നോർത്തു നിൽക്കുന്നതിനിടയിലാണ് അവളുടെ മഞ്ഞപ്പാവാടയിൽ കലർന്ന ചുവപ്പു നിറം എന്റെ ശ്രദ്ധയിൽ പെട്ടത്…എന്താടി നിന്റെ പാവാടയിൽ ചോന്ന നിറം കളർ ഇളകിപ്പോയോ….

അവൾ അപ്പോഴാണ് അത് ശ്രദ്ധിച്ചത് എന്ന് തോന്നണു ….പാവാടയുടെ മുന്നിലും പിന്നിലും അത് പടർന്നിടുന്നു….എന്താണ് സംഭവിച്ചത് എന്നവൾക്കു മനസ്സിലായില്ല അവൾ പേടിച്ചു നിലവിളിക്കാൻ തുടങ്ങി…രണ്ടു കണ്ണും കൈ കൊണ്ടു പൊത്തി അവൾ നിലത്തു കുനിഞ്ഞിരുന്നു….അവളുടെ പാവാടയിൽ കലർന്ന ചോപ്പുനിറം കാലിലൂടെ നിലത്തേക്ക് ഒലിച്ചിറങ്ങി…അയ്യോ കരയല്ലേ …കളർ ഇളകുന്നെങ്കിൽ ഇളകട്ടെ നമുക്ക് വേറെ മേടിക്കാടി…ഞാൻ അവളെ സമാധാനിപ്പിക്കാൻ നോക്കി…അവൾ വലിയ വായിൽ തന്നെ കരയാൻ തുടങ്ങി…
പന്തം കണ്ട പെരുച്ചാഴിയെ പോലെ ആയി ഞാൻ…..അവൾ കരച്ചിൽ നിർത്തുന്ന മട്ടില്ല….. സംഭവം കയ്യീന്ന് പോയി …..ഞാൻ അവളുടെ വീട്ടിലേക്കു ഓടി..

അമ്പിളിടെ അമ്മെ ഓടിവായോ അവള് ദേ പട്ടര്മുക്കിലെ കടത്തിണ്ണയിൽ ഇരുന്നു കരയുന്നു … കേട്ട പാതി കേൾക്കാത്ത പാതി അവളുടെ അമ്മ വീട്ടിൽ നിന്നും ഇറങ്ങി ഓടി….അതിന്റെ പുറകെ അവളുടെ ചെറിയമ്മയും…ഒരു പഞ്ചിനു
പുറകെ ഞാനും ഓടി… അല്ല പിന്നെ…അവളെ കണ്ടവഴി ഞാൻ ഒഴികെയുള്ളവർക്കു കാര്യം മനസ്സിലായി …ചിരിച്ചുകൊണ്ട് അവൾടെ അമ്മ അവളെ കെട്ടിപിടിച്ചു…ഇവർക്കെന്താ വട്ടായാ….. അവളെ അവളുടെ അമ്മയും ചെറിയമ്മേം വീട്ടിലേക്കു കൊണ്ട് പോയി…പിന്നെ നാലഞ്ചു ദിവസത്തേക്ക് അവൾ സ്കൂളിലേക്ക് വന്നില്ല…ദാസപ്പനു പനി ആയോണ്ട് അവനും ഇല്ല….ഞാൻ ആകെ അസ്വസ്ഥൻ ആയിരുന്നു…..എന്നാലും ഒരു പാവാട ഉണ്ടാക്കിയ പ്രശ്നമേ….

ആ സംഭവത്തിനു ശേഷം അവൾ ഞങ്ങൾ ആണുങ്ങളുടെ കൂടെ വരാതായി…പെണ്ണുങ്ങൾ ആയ പുളു സാറയും (അവൾ മൊത്തം ടൈം പുളുവടി ആണ്) ഓന്ത് ലൈലയുമാണ് (നിന്ന നിന്നിപ്പിൽ ഇവൾ നിറം മാറും..സ്കൂളിൽ ചില ചുറ്റിക്കളികൾ പ്രേമം തുടങ്ങിയവ ഉണ്ടിവൾക്കു ) ഇപ്പൊ അവളുടെ കൂട്ട്…അവളോട് ഒരിക്കൽ ഞാൻ ചോദിച്ചു എന്താണ് നീ ഇപ്പൊ ഞങ്ങടെ കൂടെ വരാത്തെ എന്ന് അപ്പോൾ അവൾ ഒന്നും മിണ്ടിയില്ല….അല്ലേലും ഈ പെണ്ണുങ്ങൾ ഇങ്ങനാ പുതിയ കൂട്ട് കിട്ടിയ പഴയതു വേണ്ടാ…എന്നാലും ഞാൻ തളർന്നില്ല എന്നും എന്റെ ഈ രണ്ടു കണ്ണും അവളുടെ മേൽ തന്നെ ഉണ്ടായിരുന്നു…..

ഞാൻ വളർന്നു ….ദാസപ്പൻ വളർന്നു… അമ്പിളിയും വളർന്നു…ദാസപ്പൻ ഡിപ്ലോമക്ക് പോയി അമ്പിളി ബി.കോമിന് പോയി ഞാൻ മാത്രം എങ്ങടും പോയില്ല… പ്ലസ് ടു വരെ തട്ടി മുട്ടി പോയി കഷ്ടിച്ച് പാസ്സ്‌ ആയ എനിക്ക് കോളേജിൽ സീറ്റ് കിട്ടിയില്ല…പിന്നെ പഠിത്തം അങ്ങ് നിർത്തി…ഇപ്പൊ ഒരു പണിയുമില്ലാതെ psc കോച്ചിങ് എന്ന് പറഞ്ഞു അങ്ങനെ തെണ്ടി തിരിഞ്ഞു നടക്കുന്നു…..അമ്മേടെ കണ്ണിൽ പൊടി ഇടാൻ വേറെ വഴിയില്ലായിരുന്നു…എന്നെ പഠിപ്പിക്കാൻ വേണ്ടി രണ്ടു വീട്ടിൽ നിന്ന് മാറി നാല് വീട്ടിലേക്കു എന്ന കണക്കിൽ അമ്മ പണിക്കു പോയി….. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പഴും പറയാൻ ആവാതെ ഒന്ന് മാത്രം എന്റെ മനസ്സിൽ ബാക്കി കിടപ്പുണ്ട് അമ്പിളിയോടുള്ള എന്റെ പ്രേമം…ജോലിയും കൂലിയും ഇല്ലാത്ത എന്നെ അവൾ സ്നേഹിക്കോ….ഉവ്വ് എന്ന് പറയാൻ മാത്രം ഉള്ള ചങ്കുറപ്പ് ഇപ്പൊ എനിക്കില്ല….

പതിവിനു വിപരീതമായി ഞാൻ കവലയുടെ മുന്നിലെ വായനശാലയിൽ( സത്യത്തിൽ ഞാൻ അങ്ങോട്ട് പോകാറില്ല കുറെ തെണ്ടികൾ ആയ ഗ്രാമവാസികൾ എന്റെ നേരെ ചോദ്യശരങ്ങൾ എറിയും..ജോലി ഒന്നും ആയില്ല രവി മാലതി ഇപ്പഴും പണിക്കു പോവണ്ടോ എന്നൊക്കെ ….അത് കേൾക്കുമ്പോ തന്നെ എനിക്ക് ചൊറിഞ്ഞു വരും ) വായിക്കാൻ ഒന്നുമില്ലാതെ ഇരിക്കുമ്പഴാണ് പഠിത്തം കഴിഞ്ഞു ദാസപ്പൻ വന്നത്…അവനോട്‌ ഞാൻ അമ്പിളിയുടെ കാര്യം സൂചിപ്പിച്ചു..അവൻ എന്നെ ഒന്ന് നോക്കി….അവൻ എന്റെ മുഖത്ത് തുപ്പിയില്ല എന്നെ ഉള്ളു(പഴയ പോലെ പറങ്കിയണ്ടി കൊടുക്കണ്ട പ്രായം അല്ലല്ലോ അവനു..)…മുഖം കൊണ്ട് എന്തോ ഗോഷ്ടി കാടറ്റി വല്ല പണിക്കും പോ ചേട്ടായി എന്ന് പറഞ്ഞവൻ പോയ്‌ കളഞ്ഞു…അല്ലേലും ഈയിടെയായി ആ നാറിക്കു എന്നെ പുച്ഛം ആണ്…ആഹാ എന്നാൽ ഇനി രവിക്കു വാശിയാ അമ്പിളിയെ എന്റെ പ്രേമം അറിയിച്ചിട്ടേ ബാക്കി കാര്യം ഉള്ളൂ.. ഞാൻ മനസ്സിൽ ഉറപ്പിച്ചു…അവൾ ക്ലാസ് കഴിഞ്ഞു വരണ വരെ ഇടവഴിയിൽ ഞാൻ കാത്തു നിന്നു.അവളെ കണ്ടതും കാണാ പാഠം പഠിച്ച പോലെ ഏതാണ്ടൊക്കെ ഞാൻ പറഞ്ഞൊപ്പിച്ചു….

ഞാൻ പറഞ്ഞു തീർന്നതും അവൾ പറഞ്ഞു തുടങ്ങി…രവിയേട്ടാ എനിക്ക് പഠിക്കണം ഇപ്പൊ പ്രേമിച്ചു നടക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ല ഞാൻ…രവിയേട്ടനു നല്ലൊരു ജോലി ഉണ്ടോ?ആ പാവം അമ്മയെ ഈ പ്രായത്തിൽ പണിക്കു വിടാൻ രവിയേട്ടന് എങ്ങനെ തോന്നണു.. അത് കള എന്റെ കഴുത്തിൽ കെട്ടാൻ ഒരു താലി മേടിക്കാൻ ഉള്ള കാശെങ്കിലും സ്വന്തമായി രവിയേട്ടന്റെ കയ്യിൽ ഇണ്ടോ ആദ്യം പോയി എന്തേലുo ഒരു ജോലി നോക്ക് എന്നിട്ടു അന്തസ്സോടെ എന്റെ വീട്ടിലേക്കു വാ… ഈ പറയണ ഇഷ്ടം എന്നോട് അന്നേരം ഉണ്ടേൽ അപ്പൊ നോക്കാം….ഞാൻ ഒന്നും തിരിച്ചു പറയാൻ ആകാതെ വാ അടച്ചു നിന്നു പോയി…അവൾ ആ പറഞ്ഞത് എന്റെ ചങ്കിലാണ് കൊണ്ടത്…ഞാൻ ആകെ തകർന്നു പോയി…വളരെ വിഷമിച്ചാണ് ഞാൻ വീട്ടിലേക്കു പോയത്… എത്ര വല്യ വിഷമം വന്നാലും പട്ടിണി കിടക്കാത്ത ഞാൻ ജീവിതത്തിൽ അന്നാദ്യമായി പട്ടിണി കിടന്നു….

പിറ്റേ ദിവസം രാവിലെ ഞാൻ ഉറക്കം ഉണർന്നത് ചില തീരുമാനങ്ങൾ ഒക്കെ എടുത്തിട്ടായിരുന്നു….അമ്മയെ ഉമ്മറത്തേക്ക് വിളിച്ചു ഞാൻ പറഞ്ഞു തുടങ്ങി…അമ്മെ ഇന്നലെ വരെ ഞാൻ എല്ലാർക്കും ഒന്നിനും കൊള്ളാത്തവൻ ആയിരുന്നു. ഇനി അത് വേണ്ട എനിക്ക് ജീവിക്കണം അമ്മെ അന്തസ്സായി… അമ്മക്കു എന്നെ വിശ്വാസം ആണെങ്കിൽ ഈ വീടിന്റെ ആധാരം എനിക്ക് ഒന്ന് തരണം…അമ്മേടെ വായിൽ നിന്നും ഒരാട്ടാണ് ഞാൻ പ്രതീക്ഷിച്ചത്….എന്തിനു വേണ്ടി എന്ന് പോലും ആ പാവം ചോദിച്ചില്ല…..അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി…
തിരികെ പെട്ടിയിൽ ഇരുന്നു അരികും മൂലയും പോയ ആധാരവുമായാണ് അമ്മ തിരികെ വന്നത്….അതെന്റെ കയ്യിൽ തരുമ്പോൾ അമ്മയുടെ കൈകൾ വിറച്ചിരുന്നു…ഞാനാ കൈകൾ കൂട്ടിപ്പിടിച്ചു അമ്മയേ എന്നിലേക്കു ചേർത്ത് നിർത്തി …പതിവിനു വിപരീതമായി അന്ന് നിറഞ്ഞതു എന്റെ കണ്ണുകൾ ആയിരുന്നു…

ഒരു മാസത്തെ അലച്ചിലിനൊടുവിൽ ഞാൻ ഒരു ബാങ്ക് ലോൺ തരപ്പെടുത്തി അത് കൊണ്ട് ഒരു ഓട്ടോ അങ്ങട് വാങ്ങി….(വലിയ മോഹങ്ങൾ ഒന്നും അപ്പൊ ഇല്ലായിരുന്നു ഒരു ജോലി അതായിരുന്നു മനസ്സിൽ)വണ്ടിയുമായി എന്റെ ആദ്യ ഓട്ടം അമ്മ പണിക്കു നിക്കുന്ന വീട്ടിലേക്കു ആയിരുന്നു….അവിടെ ചെന്നപ്പോ അവരുടെ അടുക്കളപുറത്തിരുന്നു അമ്മ പാത്രം കഴുകുകയായിരുന്നു… അങ്ങോട്ട് ചെന്ന് കയ്യിലിരുന്ന പാത്രം വാങ്ങി നിലത്തിട്ടു അമ്മയേ ഞാൻ കെട്ടി പിടിച്ചു…അമ്മയുടെ കരിയും സോപ്പും പുരണ്ട കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു അമ്മ ഇനി ഇവിടെ പണിക്കൊന്നും വരണ്ട..അമ്മയെ ഞാൻ നോക്കിക്കോളാം…അമ്മ ചിരിച്ചു കൊണ്ട് കരഞ്ഞു…. അന്ന് സന്തോഷിച്ച പോലെ എന്റെ അമ്മ ഒരിക്കലും സന്തോഷിച്ചു കാണില്ല… അതമ്മയുടെ മുഖ ഭാവത്തിൽ നിന്നും വ്യക്തമായിരുന്നു….അച്ഛൻ മരിച്ചതിനു ശേഷം എന്റെ അമ്മ ഒന്നു ചിരിച്ചു കാണുന്നത് അന്നാണ്…

ഞാൻ രണ്ടര വർഷം നന്നായി കഷ്ടപ്പെട്ടു…ബാങ്കിലെ കടം തീർത്തു…കിട്ടിയ ലാഭം കൊണ്ട് ചെറിയ രീതിയിൽ ഒരു ട്രാവൽസ് അങ്ങട് തുടങ്ങി അതിനു ഒരു പേരും ഇട്ടു ‘അമ്പിളിമാല’ ട്രാവെൽസ് ( മാലതി എന്റെ അമ്മയും അമ്പിളി എന്നെ ഇവിടം വരെ ഒക്കെ എത്തിക്കാൻ എന്നെ പ്രേരിപ്പിച്ചവളും ആണല്ലോ അതോണ്ടാ ഇങ്ങനെ ഒരു പേരിട്ടത്)…കുറച്ചു കാശൊക്കെ ആയപ്പോ..ജോലിയും കൂലിയും ഇല്ല എന്ന് പറഞ്ഞു എന്നെ വേണ്ടാന്ന് വെച്ച അമ്പിളിയെ ഒന്നു കാണാൻ തന്നെ ഞാൻ തീരുമാനിച്ചു…അത് ദാസപ്പൻ വഴി ഞാൻ അവളെ അറിയിച്ചു…അവളെ കാണാൻ ഞാൻ തിരഞ്ഞെടുത്തത് അവൾ ഒരു പെണ്ണാകുന്നതിനു ഞാൻ സാക്ഷിയായ ആ പൊട്ടി പൊളിഞ്ഞ കടത്തിണ്ണ തന്നെ ആയിരുന്നു…

വൈകുന്നേരം അമ്പലത്തിൽ പോയി അവൾ നടന്നു വരുന്നത് എന്റെ സ്വന്തം ഓട്ടോയിലെ കണ്ണാടിയിലൂടെ ഞാൻ കണ്ടു…അവൾ അടുത്ത് വന്നതും ഓട്ടോയിൽ നിന്നും ഞാൻ ചാടിയിറങ്ങി എടി അവിടെ നിക്കടി …എടി ചെത്തുകാരൻ കുമാരന്റെ മോളെ നീയാരടി രoഭയോ? ഈ കിടക്കണത് കണ്ടോടി എന്റെ സ്വന്തം ഓട്ടോയാ..കണ്ണ് തുറന്നു കാണടി പുല്ലേ… ഞാൻ ഇപ്പൊ അധ്വാനിച്ചു ജീവിക്കുന്നു…ഇപ്പൊ സ്വന്തമായി ഒരു ട്രാവെൽസ് ഉണ്ട് ഞാൻ അതിന്റെ മുതലാളി ആണെടി മുതലാളി……എങ്ങോട്ടാടി നീ നോക്കുന്നത് ഇവിടെ ദേ എന്റെ നേരെ നോക്ക്….പിന്നെo ഇണ്ട് തീർന്നില്ല…. നീ എന്റെ കയ്യിലേക്ക് നോക്ക്… അഞ്ചു പവന്റെ താലി മാല… ഇത് എന്നെ വേണ്ട എന്ന് പറഞ്ഞ നിനക്കുള്ളതല്ല കേട്ടോടി മത്തക്കണ്ണി…. ഞാൻ കെട്ടാൻ പോണ എന്റെ പെണ്ണിന് ഉള്ളതാ ഇത്…ഇതൊക്കെ നിന്നെ ഒന്ന് കാണിക്കണം എന്ന് തോന്നി… വേറെ ഒന്നിനും അല്ല രവി വെറും ഊളയല്ല എന്ന് നീ അറിയണം…..ആഹാ…

രവിയേട്ട…ആ വിളി കേട്ട് ഞാൻ ഞെട്ടി എണീറ്റു…ഏ ഇവൾ ഇപ്പഴാണോ വന്നത് അപ്പൊ ഞാൻ ഈ പറഞ്ഞതൊക്കെ സ്വപ്നത്തിലാർന്നോ ?എന്താ ഇവിടെ വരാൻ പറഞ്ഞത്? അവൾ ചോദിച്ചു?കുറച്ചു നേരം ഞാൻ മിണ്ടാതെ ഇരുന്നു എന്നിട്ടു അവളെ നോക്കി ഞാൻ പറഞ്ഞു തുടങ്ങി….അമ്പിളി എനിക്ക് നിന്നെ ചെറുപ്പം മുതലേ ഇഷ്ടാണ്….ചങ്കു കീറി കാണിക്കാൻ ഒന്നും എനിക്ക് ആവില്ല…. നിന്നെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം എന്നും പറയുന്നില്ല ….ഇപ്പൊ എനിക്ക് ഒരു ജോലി ഉണ്ട്….അത് വെച്ചു നിന്നേം നമക്ക് ഉണ്ടാവണ മക്കളേം നന്നായി നോക്കാൻ പറ്റും എന്ന ഒരു വിശ്വാസം എനിക്കുണ്ട്…

ദേ ഇതു നീ അന്ന് പറഞ്ഞപൊലെ ഞാൻ അധ്വാനിച്ചു എന്റെ കാശ് കൊണ്ട് മേടിച്ച താലിമാല…നിനക്ക് എന്നെ ഇഷ്ടാണേൽ ഇത് നിന്റെം എന്റേം വീട്ടുകാരുടെ മുന്നിൽ വെച്ച് ഞാൻ നിന്റെ കഴുത്തിൽ അണിയിക്കും. മറുത്തൊന്നും പറയണ്ട….നിനക്ക് എന്റെ ഭാര്യ ആവാൻ സമ്മതാണേൽ എന്റെ ഒപ്പം ഈ വണ്ടിയിൽ കയറി വരാം…ഞാൻ നിന്നെ വീട്ടിലാക്കാം…ഇല്ലെങ്കിൽ ഇത് ഇന്ന് ഇവിടെ തീർന്നു….രവിയേട്ടൻ ഇനി നിന്റെ പുറകെ വരില്ല…ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.. മനസ്സിൽ സകല ദൈവങ്ങളേം വിളിച്ചു പോയി…ഇനി കയറാതെ ഇരിക്കോ ദൈവമേ…. ഞാൻ മോഹിച്ചു പോയി ഇവള് കയറണെ ഭഗവാനെ കയറുന്നില്ലേ എന്ന അർത്ഥത്തിൽ ഞാൻ വണ്ടിയുടെ ഹോൺ ഒന്നമർത്തി…. എന്നോട് ഒന്നും മറുത്തു പറയാതെ എന്റെ നേരെ നോക്കി ചിരിച്ചുകൊണ്ടവൾ വലതു കാൽ വെച്ചു കയറിയത് എന്റെ ഓട്ടോയിലേക്കു മാത്രമല്ല എന്റെ ജീവിതത്തിലേക്ക് കൂടിയായിരുന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *