ലിവിങ് ടുഗെതർ
എഴുത്ത്: സാജുപി കോട്ടയം
“ഞാൻ നാട്ടിലേക്ക് പോകുന്നു ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് ട്രെയിൻ നിന്നോട് യാത്രപറഞ്ഞു പോകാനെനിക്ക് കഴിയില്ല അതാണ് ഞാൻ പറയാതിരുന്നത് “
മൊബൈലിലേക്ക് ഈ മെസേജ് വരുമ്പോൾ അരുൺ മൂന്നാമത്തെ നിലയിലെ തന്റെ ഓഫിസ് റൂമിലായിരുന്നു.
ടെക്നോ പാർക്കിലെ സഹപ്രവർത്തകർ ആയിരുന്നു അരുണും ഹസീനയും എടുത്തു പറയത്തക്ക രണ്ടു പാരമ്പര്യമുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നുവെങ്കിലും ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചു യുവത്വത്തിന്റെ ആവേശത്തിലോ കരുത്തിലോ വിശ്വസിച്ചു പരസ്പരം ഒറ്റമുറിയിൽ ശരീരവും മനസും പങ്കിട്ടു കഴിയുന്ന ഒരു യുവ തലമുറ…
ഒരിക്കൽപ്പോലും അവർതമ്മിൽ വഴക്കുകൂടുകയോ ഒരാളുടെ ആഗ്രഹത്തിന് മറ്റെയാൾ എതിര് നിൽക്കുകയോ സംസാരിക്കുകയോ ഇതുവരെയും ചെയ്തിട്ടില്ല.
അരുൺ മെസേജ് വായിച്ചു ഇനിയെന്ത് ചെയ്യേണ്ടതെന്ന് അറിയാതെ കുറച്ചു സമയം ആ ചെയറിൽ തന്നെയിരുന്നു.
എന്താണ് അവൾ ഇങ്ങനെയൊരു മെസേജ് അയക്കുവാനുള്ള കാരണമെന്ന് എത്ര ആലോചിട്ടും അയാൾക്ക് മനസിലായില്ല. രാവിലെ ഓഫിസിലേക്ക് ഇറങ്ങുമ്പോൾ പതിവില്ലാതെ ചേർത്ത് പിടിച്ചു ഉമ്മവച്ചതും തലവേദനയാണെന്ന് പറഞ്ഞു ലീവ് എടുത്തതും… ഗെറ്റ് കടന്നു തിരിഞ്ഞു നോക്കിയപ്പോൾ തന്നെ അവൾ നോക്കിനിന്നതും അയാളോർത്തു..
എല്ലാം തുറന്നു പറയുന്നവളാണ് എന്നിട്ടും നാട്ടിലേക്ക് പോകുന്ന കാര്യം എന്തിനു മറച്ചു വച്ചു…? അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ ഞാനൊരിക്കലും അതിനു തടസ്സമാകില്ലല്ലോ..!! അരുണിന്റെ ചിന്തകൾ കാടുകയറി തുടങ്ങി.
അയാൾ സമയം നോക്കി 12:30 കഴിഞ്ഞിരിക്കുന്നു ഇനിയെത്ര വേഗത്തിൽ ഓടിയാലും ഒരുമണിക്ക് പുറപ്പെടുന്ന ട്രെയിനിൽ അവളെ കണ്ടെത്താൻ കഴിയില്ല. ഫോണെടുത്തു അവളുടെ നമ്പറിലേക്ക് വിളിച്ചു ” സ്വിച്ച് ഓഫ് ” ആണ്. അരുൺ മൂന്നാമത്തെ നിലയിൽ നിന്ന് വേഗത്തിൽ ഓടി താഴെയിറങ്ങി പാർക്കിങ് എരിയയിൽ നിന്ന് തന്റെ കാറുമെടുത്തു വളരെ വേഗത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പാഞ്ഞു.
ഒരു ഒപ്പിന്റെ പോലും പിൻബലമില്ലാഞ്ഞിട്ടു പോലും അവളെ അത്രയും ഇഷ്ട്ടമായിരുന്നു അവന്.
*********************
ഹസീന ഫോണിൽ നിന്ന് “സിം ” ഊരി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കു ഇട്ടു.
അവനിപ്പോ റെയിൽവേ സ്റ്റേഷൻ മുഴുവനും എന്നെ തിരയുന്നുണ്ടാവും .. അവന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചപ്പോൾ നാട്ടിലേക്കുള്ള ട്രെയിന്റെ സമയം ഒരുമണിക്ക് എന്നാണ് പറഞ്ഞിരുന്നതെങ്കിലും. രാവിലെ 10 മണിയുടെ മുംബൈ ട്രെയിനിൽ ആണ് യാത്ര തുടങ്ങിയത്.
അവനിപ്പോ റെയിൽവേ സ്റ്റേഷൻ മുഴുവനും എന്നെ തിരയുന്നുണ്ടാവും . അവനൊരിക്കലും കണ്ടുപിടിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത്. ഇനീയൊരിക്കൽക്കൂടി അവനെ കാണാനുള്ള കരുത്തില്ല. ഒരു പക്ഷെ റെയിൽവേ സ്റ്റേഷനിൽ കാണാതാവുമ്പോൾ റൂമിൽ ചെന്നു നോക്കും ഞാൻ എവിടെങ്കിലും ഒളിച്ചിരിപ്പുണ്ടോന്ന് അറിയാൻ.. എന്നിട്ടും കണ്ടില്ലെങ്കിൽ ഒരുമിച്ച് ഇരിക്കാറുള്ള എല്ലായിടങ്ങളിലും ഇന്നുമുഴുവനും ഒരു ഭ്രാന്തനെപ്പോലെ അലയും… ചിലപ്പോൾ ഇന്ന് രാത്രി മുഴുവനും ഇരുന്നും കിടന്നും കരയും …. ഒടുവിൽ സകല ധൈര്യവും സംഭരിച്ചു അവൻ നാട്ടിലെ എന്റെ വീട്ടിലേക്ക് ചെന്നേക്കാം.
അതുകൊണ്ട് തന്നെയാണ് അവനെ തെറ്റുധരിപ്പിച്ചതും…. ഇനിയുള്ള ജീവിതം മുംബൈയെന്നാ മഹാനഗരത്തിൽ ആയിരിക്കും മുംബൈ പോലുള്ള ഒരു മഹാ നഗരത്തിൽ നിന്നും അവനെന്നെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല.
അവന് എന്നെ ഭയങ്കര ഇഷ്ട്ടമാണ്. അതുകൊണ്ടാണല്ലോ മൂന്നാമതൊരാൾ ഞങ്ങക്കിടയിലേക്ക് വരാൻ അവനൊരിക്കലും സമ്മതിച്ചു തരാഞ്ഞതും.
ഓരോ തവണയും അബോർഷൻ ചെയ്യുമ്പോഴും അവനെന്നെ ചേർത്ത് പിടിച്ചു പറയും,
“എനിക്ക് നീയും നിനക്ക് ഞാനും മാത്രം” മതിയെന്ന്
രണ്ടു ദിവസം മുൻപാണ് അവളറിഞ്ഞത് അറിഞ്ഞത്. വീണ്ടും ഞങ്ങൾക്കിടയിലേക്ക് ഒരാൾകൂടി വരുന്നതെന്ന്…
അവൾ തന്റെ വയറിനു മീതെ തന്റെ കൈകൾ കൊണ്ട് തലോടി…. ഉള്ളിൽ പറഞ്ഞു ” എനിക്ക് നിന്നെ വേണം.”. അപ്പോൾ അവളുടെ മുഖത്ത് മാതൃത്വം തുളുമ്പുന്നുണ്ടായിരുന്നു.
പ്രചോദനം : മാർത്ത മറിയം 🙏