അവളുടെ അച്ഛനെ കാണാൻ നല്ല ഭംഗിയുണ്ട്. പാന്റും ഷർട്ടും ചെരിപ്പുമിട്ട് അയാൾ വരുന്നത് കാണാൻ തന്നെ നല്ല ചേലാണ്……

എഴുത്ത്:- ഹക്കീം മൊറയൂർ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

മാളുവിന്‌ അച്ഛനെ ഇഷ്ടമല്ല!.

എല്ലാ ആഴ്ചയും അയാൾ വരുന്ന ദിവസം അവൾ എന്റെ വീട്ടിൽ വരും.

ഞങ്ങൾ ഒരുമിച്ചു കളിക്കും..

ടീച്ചർ തന്ന ഹോം വർക്കുകൾ ചെയ്യും.

ഒരുമിച്ചുണ്ടു ഒരുമിച്ചു പഠിച്ചു ഒരുമിച്ചു ഒരു പായയിൽ കിടന്നുറങ്ങും.

എനിക്ക് അച്ഛനെ ഇഷ്ടമല്ല!.

അവൾ ഇടക്കിടെ അത് തന്നെ പറയും.

അവളുടെ അച്ഛനെ കാണാൻ നല്ല ഭംഗിയുണ്ട്. പാന്റും ഷർട്ടും ചെരിപ്പുമിട്ട് അയാൾ വരുന്നത് കാണാൻ തന്നെ നല്ല ചേലാണ്.

വീടിനു മുന്നിലൂടെ പോവുമ്പോൾ നല്ല സെന്റിന്റെ വാസന പരക്കും. പുഞ്ചിരിയോടെ അയാൾ എനിക്കൊരു കോല് മിട്ടായി തരും.

മടിയോടെ ഞാനത് വാങ്ങും.

അയാളെന്റെ അച്ഛനൊന്നുമല്ല. അച്ഛൻ മരിച്ചപ്പോ അമ്മേടെ കൂടെ കൂടിയതാ.

ഞാൻ വല്ലാതെ അയാളുടെ ഗുണം പറഞ്ഞപ്പോ അവൾ പറഞ്ഞു.

നിനക്ക് മിട്ടായി കൊണ്ട് തരില്ലേ?.

പുത്തനുടുപ്പ് കൊണ്ട് തരില്ലേ?.

ആപ്പിളും ഓറഞ്ചും മുന്തിരിയും കൊണ്ട് വരില്ലേ?.

എന്നാലും എനിക്കിഷ്ടമല്ല.

അത് കേൾക്കുമ്പോൾ എനിക്ക് സങ്കടം തോന്നും.

മിട്ടായിയും ബിസ്കറ്റും കൊണ്ട് വരാനും പ്രോഗ്രസ്സ് കാർഡിൽ ഒപ്പിടാനും തനിക്ക് ഒരച്ഛനില്ലല്ലോ എന്നു തോന്നും.

അടുത്ത തവണ അച്ഛൻ വരുമ്പോ മാളുവും അവളുടെ അമ്മയും ഡോക്ടറെ കാണാൻ പോയതായിരുന്നു.

എന്റെയമ്മ പശുവിനു പുല്ലരിയാൻ പോകുന്നത് കണ്ടു കൊണ്ടാണ് അയാൾ വീട്ടിലേക്ക് കയറി വന്നത്.

അന്ന് മാളുവിന്റെ അച്ഛൻ എനിക്ക് കുറെ മിട്ടായിയും ബലൂണുമൊക്കെ തന്നു.

പിന്നെ അയാൾ വരുന്ന ദിവസമൊക്കെ ഞാനും മാളുവും അപ്പുറത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ പോയി കളിക്കും.

എന്താണെന്നറിയില്ല,

ഇപ്പോൾ എനിക്കും മാളുവിന്റെ അച്ഛനെ ഇഷ്ടമല്ല…

Related Posts

Leave a Reply

Your email address will not be published. Required fields are marked *