അവളെ നമ്മള് എങ്ങനെ വളർത്തിയതാടാ മോനേ… എന്നുള്ള അപ്പച്ഛന്റെ ചോദ്യത്തിൽ….

Story written by Kavitha Thirumeni

“എനിക്കൊരു പെങ്ങളാ ഉണ്ടായിരുന്നത്…നേര്തന്നെയാ..പക്ഷേ അവള് മരിച്ചിട്ട് കൊല്ലം മൂന്നായി….”

“നീ എന്താ ഈ പറയുന്നത്… പഴയ കഥകളൊക്കെ പറഞ്ഞ് മറ്റുള്ളവരെ കൂടി വിഷമിപ്പിക്കാതെ… ഒന്നല്ലെങ്കിലും അവള് നിന്റെ കൂടെപിറപ്പല്ലേ..?

“ആ ചിന്ത അവൾക്കുണ്ടായിരുന്നോ…? ദയയും സഹതാപവും കൂടുത്തലുള്ളവര് വിളിച്ച് വരുത്തുകയോ ഊട്ടുകയോ എന്താന്നു വെച്ചാൽ ചെയ്തോ… എനിക്ക് ഇങ്ങനെ ആവാനെ പറ്റൂ…”

അവളോടുള്ള ദേഷ്യം മുഴുവൻ കടിച്ചമർത്തി നിന്ന വേഷത്തിൽ വീട്ടിൽ നിന്നും ഇറങ്ങി പോരുമ്പോൾ അമ്മ പറഞ്ഞ പഴങ്കഥകളെല്ലാം എനിക്കു മുൻപിൽ നിറഞ്ഞാടുകയായിരുന്നു…

ആലോചന നടക്കുമ്പോഴോ പെണ്ണ് കാണാൻ വന്നപ്പോഴോ എന്തിന് മനസ്സമ്മതത്തിന് പോലും യാതൊരു എതിർപ്പും പറയാത്ത പെണ്ണാ , തീയ്യതീം കുറിച്ച് നാടറിഞ്ഞു കല്യാണവും വിളിച്ച് കഴിഞ്ഞപ്പോൾ ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഇറങ്ങി പോയത്…

നാട്ടുകാരുടേം ബന്ധുക്കളുടേം മുന്നിൽ തല താഴ്ത്തി അപമാനീതരായി നിൽക്കുമ്പോഴും കണ്ണ് നിറഞ്ഞതത്രേം അവളെ മനസ്സിലാക്കാൻ പറ്റാത്തത് ഓർത്താണ്…

“അവളെ നമ്മള് എങ്ങനെ വളർത്തിയതാടാ മോനേ…! എന്നുള്ള അപ്പച്ഛന്റെ ചോദ്യത്തിൽ,അന്നില്ലാതായതാണ് മനസ്സിൽ പെങ്ങളെന്നൊരു സ്ഥാനം..

അപ്പച്ചന്റെ ഓമനയും അമ്മയുടെ വഴക്കാളിയും ഏട്ടന്റെ കുറുമ്പിയായും വളർന്ന എന്റെ അനിയത്തിക്കുട്ടിയിൽ നിന്ന് ഇങ്ങനൊരു അനുഭവം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല….

ഇരുപത് കൊല്ലം നോക്കി വളർത്തിയ അച്ഛനേയും അമ്മെയെയും തള്ളിപറഞ്ഞ് പോലീസ് സ്റ്റേഷനിൽ വെച്ച് മറ്റൊരുത്തന്റെ കൈ പിടിച്ചപ്പോൾ പുന്നാര പെങ്ങളുടെ മുഖത്ത് വീണ ആദ്യത്തെ അടി എന്റെയായിരുന്നു….

ആ പടിയിറക്കം ഞങ്ങൾടെയെല്ലാം മനസ്സിൽ നിന്ന് കൂടിയായിരുന്നു ..അമ്മയ്ക്ക് ഇതെല്ലാം വളരെ എളുപ്പത്തിൽ മറക്കാനും പൊറുക്കാനും സാധിക്കുമായിരിക്കും .. എന്നാൽ എനിക്ക് അതിന് കഴിയില്ല.. അതൊരു പക്ഷേ അവളെ ഞാൻ മറ്റാരേക്കാളും സ്നേഹിച്ചതിനാലാവാം..അല്ലെങ്കിൽ ഇന്നൊരുപാട് വെറുക്കുന്നതിനാലും ..

ഓരോ ദിവസവും അന്നയെ ഓർത്ത് കണ്ണ്‌നിറയ്ക്കുന്ന അപ്പച്ഛനെ കാണുമ്പോൾ മനസ്സുരുക്കി ശപിച്ചിട്ടുണ്ട് അവള് ഒരിക്കലും നന്നാവല്ലേയെന്ന്…

അമ്മച്ചിയുടെ തല്ല് കിട്ടാതിരിക്കാൻ തനിക്കു പിന്നിൽ ഒളിച്ചിരുന്ന പാവാടക്കാരിയും എല്ലാ ചുവടിലും “ചാച്ചാനുള്ള വിളിയോടെ കൂടെ കൂടുന്ന കുറുമ്പിയും ഇന്നവളല്ലാന്ന് തിരിച്ചറിയാൻ ഞാൻ വൈകി പോയിരുന്നു..

കാലം കഴിയുന്തോറും അവളിലും മാറ്റങ്ങളുണ്ടായി. ഭാര്യയായി….അമ്മയായി…നല്ലൊരു കുടുംബിനിയായി…. അതിനെക്കാളൊക്കെ മുന്നേ ഒരു മകളായിരുന്നെന്നും ന്റെ കുഞ്ഞുപെങ്ങളായിരുന്നെന്നും അവൾ പാടേ മറന്നു കാണണം…ഇല്ലെങ്കിൽ ഒരിക്കലെങ്കിലും തേടി വന്നേനെ.. ചിലപ്പോൾ അതെന്റെ വെറും സ്വാർത്ഥ ചിന്താഗതിയാവും….

ഞങ്ങളെ വേണ്ടാന്ന് വെച്ച് കൂടെകൂട്ടിയ കൈകൾ പിന്നീട് ഓരോ നിമിഷവും അവളെ തനിച്ചാക്കുകയായിരുന്നു… വെറും കൈയ്യോടെ കയറി ചെന്ന പെണ്ണിന് അവന്റെ വീട്ടിലെ അടുക്കളക്കാരിയുടെ വേഷമാണ് അമ്മായിയമ്മ നൽകിയത്…

പതിയെ അമ്മയുടെ വാക്കുകളിൽ അടിയുറച്ച് വിശ്വസിച്ച്‌ അവളൊരു ബാധ്യതയായി അവനും തോന്നി തുടങ്ങി …ഏതു വിധേനയും അന്നയെ ഒഴിവാക്കേണ്ടത് അവരുടെ ആവശ്യമായി മാറിയപ്പോൾ അതിനു കണ്ടുപിടിച്ച മാർഗം വളരെ വിചിത്രമായിരുന്നു… പലതരം മദ്യവും മരുന്നുകളും നൽകി അവളെയെല്ലാത്തരം ദുശീലങ്ങൾക്കും ആസക്തയാക്കാൻ ശ്രമിച്ചു.. ആ ദൗത്യത്തിൽ അവൻ പൂർണമായും വിജയിച്ച സമയമായിരുന്നു അത്.

കളിയും ചിരിയും മാഞ്ഞ് അന്നയെ ഞങ്ങളുടെ കൈയ്യിൽ കിട്ടുമ്പോൾ ഒരു ഭ്രാന്തിയെ പോലെയവൾ നിലവിളിച്ചു.. ചിലസമയങ്ങളിൽ കരയും…ഉറക്കെ പൊട്ടിച്ചിരിക്കും… ഭയപ്പെടും… മാറുന്ന ഓരോ ഭാവവ്യത്യാസങ്ങൾ ഞങ്ങളിൽ മുറിവുണ്ടാക്കികൊണ്ടിരുന്നു…

ഭ്രാന്തിയായ പെണ്ണിൽ നിന്നും വിവാഹബന്ധം വേർപെടുത്താൻ എളുപ്പമാണല്ലോ.. ഏതായാലും അവന്റെ റൂട്ട് കറക്ടായിരുന്നു.. പക്ഷേ ഒരാങ്ങളയ്ക്ക് അതിനേക്കാൾ നല്ല റൂട്ടും മാപ്പും വരയ്ക്കാൻ അറിയാമെന്ന് അവൻ വിചാരിച്ചിട്ടുണ്ടാവില്ല….

നിയമത്തിന് പോലുംവിട്ട് കൊടുക്കാതെ അവനുള്ള ശിക്ഷ അളിയൻ തന്നെ നടപ്പാക്കുമ്പോൾ സ്വബോധത്തിലല്ലെങ്കിൽ പോലും എന്റെ പെങ്ങള് അത് കണ്ട് പൊട്ടി ചിരിക്കുന്നുണ്ടായി…

ആ ചിരിയിലാണ് നമ്മൾടെയൊക്കെ സന്തോഷമെന്ന് ഇടയ്ക്കെപ്പോഴോ അവള് മറന്നുപോയി… അതായിരുന്നു എല്ലാത്തിനും കാരണം… വീണ്ടും അതെല്ലാം ഓർക്കാൻ വേണ്ടി ഡിഅഡിക്ഷൻ സെന്ററിൽ ആക്കി തിരിച്ച് പോരുമ്പോൾ പണ്ടത്തെ പോലെ എന്റെ വിരലിൽ തൂങ്ങാൻ ഒരാള് കൂടെ ഉണ്ടായിരുന്നു.. അതിപ്പോൾ പെങ്ങളാണേലും പെങ്ങൾടെ മോളാണേലും നമ്മക്ക് മകള് തന്നെയാ…..

Leave a Reply

Your email address will not be published. Required fields are marked *