രാക്ഷസൻ
Story written by MURALI RAMACHANDRAN
“എടി, നിനക്ക് കുഞ്ഞിനെ നോക്കാൻ പറ്റുമെങ്കിൽ നീ ഈ വീട്ടിൽ നിന്നാമതി. അതിനാ നിന്നെ ഇവിടേക്ക് കെട്ടിച്ചോണ്ട് വന്നത്. പറ്റില്ലേങ്കിൽ പറ.. നിന്നെ നിന്റെ വീട്ടിലേക്ക് കൊണ്ടാക്കാൻ പറയാം.”
എന്നോട് ദീപ ചേച്ചി അതു പറയുമ്പോൾ ഞാൻ മൗനത്തോടെ കേട്ടു നിന്നു. എന്റെ മറുപടിക്കു വേണ്ടി എന്നെതന്നെ അവർ ദേഷ്യത്തിൽ നോക്കി.
“നിനക്കൊന്നും പറയാനില്ലെടി..? എടി, നിന്നോടാ ചോദിച്ചത്.”
“ഇല്ല, ഇനിയിങ്ങനെ ഉണ്ടാവില്ല. ഞാൻ കുഞ്ഞിനെ നോക്കിക്കോളാം.”
“ആാാ.. ഇനി ഈ കുഞ്ഞിന് എന്തെങ്കിലും ഉണ്ടായെന്നു ഞാനറിഞ്ഞാൽ.. പിന്നെ, എന്റെ സ്വഭാവം മാറും, നോക്കിക്കോ.. ഞാനിപ്പോ പോവാ, രണ്ടു ദിവസം കഴിഞ്ഞു വീണ്ടും വരും.”
എന്നോട് അതു പറഞ്ഞിട്ട്, മുറിയിൽ നിന്നും ഇറങ്ങി ദീപ ചേച്ചി ഹാളിലേക്ക് ചെന്നു. സോഫയിൽ ഇരുന്ന ഏട്ടനെ കണ്ടതും..
“എടാ.. ഞാനവളോട് കണക്കിന് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്. ഇനി നീകൂടി ഒന്നു കുഞ്ഞിനെ ശ്രദ്ധിക്കണം. അവൾടെ കുഞ്ഞല്ല, അതു നിന്റെയാ.. അതു നീ ഓർത്തോണം..!”
അവർ അതു പറഞ്ഞതും രണ്ടുപേരും ഉടനെ എന്നെ ഒന്നു നോക്കി, ഞാൻ അവരെയും. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഇരുവരും പുറത്തേക്ക് ഇറങ്ങി. ഞാൻ കട്ടിലിൽ കിടത്തിയിരിക്കുന്ന ആമിമോളുടെ അരികിലേക്ക് ചെന്നിരുന്നു. അവളുടെ ആ കാലിൽ ഇട്ടിരിക്കുന്ന പ്ലാസ്റ്ററിലൂടെ പതിയെ കൈകൊണ്ട് തടവി കൊടുത്തു. വേദന കാണും അവൾക്ക്.. അവൾ ഉറങ്ങുകയാണ്. ഏതോ സ്വപ്നം കാണുന്നുണ്ടെന്ന് അവളുടെ ആ ചുണ്ടുകളുടെ ചലനത്തിൽ നിന്നും എനിക്ക് മനസിലായി. ഞാൻ അവളുടെ ആ പിഞ്ചു കവിളിലൂടെ മെല്ലെ തലോടിയതും, അവൾ ഉറക്കത്തിൽ ഒന്നു പുഞ്ചിരിച്ചു. അതു കണ്ടിരിക്കാൻ കൊതിയായി എനിക്ക്.
“മീരേ..! ഞാൻ..”
ഉടനെ ഏട്ടന്റെ ആ വിളി കേട്ടതും ഞാൻ എഴുന്നേറ്റു. ദേഷ്യത്തിൽ കൈയിൽ കിട്ടിയ കുഞ്ഞിന്റെ കളിപ്പാട്ടം എടുത്തു അയാളുടെ ദേഹത്തേക്ക് എറിഞ്ഞു.
“എനിക്ക് നിങ്ങളെ കാണുന്നത് തന്നെ ഇപ്പോ വെറുപ്പാ.. നടന്നതെല്ലാം ദീപ ചേച്ചിയോട് പറയാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. ഞാൻ വേണ്ടെന്നു വെച്ചിട്ടാ..”
“മീരേ.. ഞാൻ, ഞാനറിയാതെ..”
“മിണ്ടിപ്പോകരുതാ വാക്ക്, അറിയാതെ..! ഈ കുഞ്ഞിനെ ഓർത്ത ഞാൻ ഇവിടെ നിൽക്കുന്നത്. നിങ്ങൾടെ കൈയിൽ ഈ കുഞ്ഞിനെ കൊടുത്തിട്ട് പോകാൻ എനിക്ക് പേടിയാ ഇപ്പൊ.. രാക്ഷസനാ നിങ്ങൾ, രാക്ഷസൻ..! ആ നാശം പിടിച്ച കുടി നിർത്താൻ എത്ര വട്ടം ഞാൻ നിങ്ങളോട് പറഞ്ഞു. നിങ്ങള് കേട്ടോ..?”
ദേഷ്യത്തിൽ ഞാൻ അലറി ചോദിച്ചതും എന്റെ ചോദ്യത്തിന് മുന്നിൽ അയാൾ തല താഴ്ത്തി നിന്നു. എന്റെ ശബ്ദം കേട്ടു കുഞ്ഞു ഉണരുമോ എന്ന് തോന്നിയതുകൊണ്ട് ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“എനിക്ക് പ്രസവിക്കാൻ കഴിയില്ലന്നെ ഉള്ളു. ഒരു അമ്മയുടെ വിഷമം അറിയാം, ഞാനും ഒരു പെണ്ണാ.. ഡിവോഴ്സ് ആയെപ്പിന്നെ വീണ്ടും ഒരു കല്യാണത്തിന് ഞാൻ സമ്മതിച്ചത് നിങ്ങളെ കണ്ടിട്ടല്ല. ഈ കുഞ്ഞിനെ ഓർത്തിട്ടാ.. എനിക്കൊരു അമ്മയാവാനോ സാധിക്കില്ല, ഈ കുഞ്ഞിനെ വളർത്തി അതിലൂടെ അമ്മയാവണം എന്ന ആഗ്രഹം കൊണ്ടാ.. എന്നാലും എങ്ങനെ മനസു വന്നു മനുഷ്യാ കുടിച്ചു കൂത്തടി വന്നിട്ട് കട്ടിലിൽ കിടന്ന കുഞ്ഞിനെ വലിച്ചു താഴത്തേക്കിടാൻ..? നിങ്ങൾ ഈ കൊച്ചിന്റെ അച്ഛൻ തന്നെയാണോ..? ആണോന്നു..?”
“അതെ.. അതെന്റെ കുഞ്ഞാ..”
അതു പറഞ്ഞുകൊണ്ട് നിസ്സഹായനായി അയാൾ താഴത്തേക്ക് തല കുമ്പിട്ടു ഇരുന്നു. പുരുഷൻ അല്ലെ, കരയില്ല എന്നു വിശ്വാസിച്ചിരുന്ന എന്റെ വിശ്വാസത്തെ അയാൾ തകർത്തെറിഞ്ഞു ആ നിമിഷം. ചെയ്ത തെറ്റിനെ ഓർത്ത് കുറ്റബോധത്താൽ എനിക്ക് മുന്നിൽ കരയാൻ തുടങ്ങി.
“ഇപ്പൊ കരഞ്ഞിട്ട് എന്തിനാ..? കുടിയ്ക്കുന്നതിനു മുമ്പ് ഇതൊക്കെ ആലോചിക്കണം. വീട്ടിൽ ഒരു കെട്ടിയോളും കുഞ്ഞും ഉണ്ടെന്ന കാര്യം. മരിച്ചവരെ മറക്കാൻ കുടിക്കാൻ തുടങ്ങിയാൽ ഇതു ഇന്നുകൊണ്ടൊന്നും തീരില്ല. പോയവര് പോയി, അവരെ ഓർത്തിട്ടു കാര്യവുമില്ല. ഇനി ജീവിക്കുവാണേൽ കുഞ്ഞിനും എനിക്കും വേണ്ടി ജീവിക്കണം. എനിക്കതെ പറയാനുള്ളു.”
ദേഷ്യത്തിൽ ഞാൻ അതു പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി. അയാൾ ഏങ്ങിയേങ്ങി കരയുന്ന ശബ്ദം എനിക്ക് അവിടെ കേൾക്കാമായിരുന്നു. ഞാൻ ആശ്വസിപ്പിക്കാൻ ചെന്നില്ല. അതു വേണ്ട എന്നു തോന്നി. കരയട്ടെ.. ചെയ്തതിനെ ഓർത്ത് നീറി കരയട്ടെ.. എന്നാലെ, അയാൾ ആ കുഞ്ഞിന്റെ അച്ഛനാകു, ആ കുഞ്ഞിന് വേണ്ടി ഇനി ജീവിക്കു…