അവർ രണ്ട് പേരും ചേർന്ന് നിൽക്കുന്ന ഫോട്ടോ കണ്ട എന്റെയും ആരതിയുടേയും മനസ്സ് വല്ലാതെ അസ്വസ്ഥമായി…

മൗനം

എഴുത്ത്: രാജു പി കെ കോടനാട്

കോളേജിൽ നിന്നും വന്ന മകൻ വല്ലാത്ത സന്തോഷത്തിൽ എന്നോട് ചോദിച്ചു

“അച്ഛാ ഒരാളേപ്പോലെ ഏഴാളെങ്കിലും ഉണ്ടാകും എന്നല്ലേ ഇന്ന് ഞാൻ എന്റെ അപരനെ കോളേജിൽ കണ്ടു പുതിയതായി വന്ന രാഹുൽ അച്ഛൻ ഈ ഫോട്ടോ ഒന്ന് നോക്കിയേ എന്റെ നെറ്റിയിലെ മറുകു പോലും ഉണ്ട് അവന്റെ നെറ്റിയിലും അതേ സ്ഥാനത്ത് ഞങ്ങൾ ജനിച്ചതും ഒരേ ദിവസം.”

അവർ രണ്ട് പേരും ചേർന്ന് നിൽക്കുന്ന ഫോട്ടോ കണ്ട എന്റെയും ആരതിയുടേയും മനസ്സ് വല്ലാതെ അസ്വസ്ഥമായി സ്വന്തം കുഞ്ഞേതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.

“മ്മേ…മ്മേ..”

അകത്ത് എന്തോ തകർന്നുടയുന്ന ശബ്ദം കേട്ടതും ഞങ്ങൾ ഒരുമിച്ച് അകത്തേക്ക് കുതിച്ചു.

നിലത്ത് വീണുടഞ്ഞ പാത്രത്തിന്റെ ഒരു ഭാഗം കാലിൽ തറഞ്ഞ് കയറിയ അമ്മു കാലിൽ മുറുകെ പിടിച്ച് എന്തൊക്കെയോ ശബ്ദം പുറപ്പെടുവിക്കുകയാണ്

ഞങ്ങളെ കണ്ടതും കൈകൾ താഴേക്കടിച്ച് ശബ്ദമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ താഴെ തകർന്ന് വീണ ചില്ലുകളിൽ ഒന്ന് കൈ വിരലിൽ ആഴ്ന്നിറങ്ങി വേദന കൊണ്ട് പുളയുന്ന അമ്മുവിനെ എടുത്ത് കട്ടിലിൽ കിടത്തി.

കണ്ണുകൾ നിറഞ്ഞ് ഒഴുകുമ്പോഴും ചിരിക്കുന്ന മകൾ ഇരുപത്തി ഒന്ന് വയസ്സിലും അഞ്ച് വയസ്സുകാരിയുടെ പോലും ബുദ്ധിവികാസം ഇല്ലാത്ത കുട്ടി .മുറിവുകൾ വൃത്തിയാക്കി മരുന്ന് വച്ച് കെട്ടി നെഞ്ചോട് ചേർത്ത് പിടിച്ചിട്ടും കൊച്ചുകുഞ്ഞിനേപ്പോലെ വിതുമ്പുന്നുണ്ടായിരുന്നു

“നമുക്കുണ്ടായ ഇരട്ടക്കുട്ടികളിൽ മോൾ ഇങ്ങനെ, ഇന്ന് മകന്റെ അതേ പ്രായമുള്ള അതേ ച്ഛായയുള്ള മറ്റൊരു കുട്ടി അവൻ ജനിച്ച ദിവസവും ജനുവരി അഞ്ച് ആണെന്ന് കേട്ടപ്പോൾ എന്റെ മനസ്സ് എന്തോ..?

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ആരതി പറഞ്ഞു

“ഏട്ടാ എന്റെ മനസ്സും പറയുന്നു അരുതാത്തതെന്തോ നടന്നിട്ടുണ്ടെന്ന്”

രാത്രി എത്ര ശ്രമിച്ചിട്ടും ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല

രാവിലെ ജോലിക്കായി പുറപ്പെടുമ്പോൾ രാഹുലിന്റെ മുഖമായിരുന്നു മനസ്സ് നിറയെ നേരെ സമരിറ്റൻ ആശുപത്രിയിലേക്ക് തിരിച്ചു വാഹനം നിർത്തി പുറത്തിറങ്ങി അന്നത്തെ ഗൈനിക് ഡോക്റ്റർ സുമ മേരിയെപ്പറ്റി തിരക്കി അവർ വാർദ്ധക്യസഹചമായ അസുഖങ്ങളെത്തുടർന്ന് ജോലി ഉപേക്ഷിച്ചെന്നറിഞ്ഞു.

നേരെ വീട്ടിലെത്തി

പത്രവാർത്തകളിലൂടെ കണ്ണോടിച്ച് പൂമുഖത്തുണ്ടായിരുന്നു ഡോക്റ്റർ

പരിചയപ്പെടുത്തലിനു ശേഷം മൊബൈലിലെ മകന്റെ ഫോട്ടോ ഡോക്റ്ററെ കാണിച്ചു

“ഈ കുട്ടിയെ അറിയാമോ”

“അറിയാം ഇതെന്റെ അനുജത്തിയുടെ മകൻ രാഹുൽ”

അവർ അത് പറഞ്ഞതും രണ്ടു മക്കളും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ ഞാൻ അവരെ ഞാൻ കാണിച്ചു കൊണ്ട് ചോദിച്ചു

“ഇതിൽ രാഹുൽ ആരാണെന്ന് പറയാമോ..?

പെട്ടന്ന് ഡോക്റ്റർ ആകെ അസ്വസ്ഥയായി വല്ലാതെ വിയർത്തു

പതിഞ്ഞ ശബ്ദത്തിൽ അവർ എന്നോട് ചോദിച്ചു

“നിങ്ങൾ “

“ഞാൻ പറയാം ഇതിൽ ഒരാൾ എന്റെ മകനായി എന്റെ വീട്ടിൽ ഉണ്ട് മറ്റൊരാൾ നിങ്ങളുടെ അനിയത്തിയുടെ മകനായി നിങ്ങൾ സത്യം പറയണം അന്ന് സത്യത്തിൽ എന്താണ് “

“ഞാൻ ആശുപത്രി രേഖകൾ പരിശോധിച്ചപ്പോൾ എനിക്ക് ഇരട്ടക്കുട്ടികൾ പിറന്നതു പോലെ നിങ്ങളുടെ അനുജത്തിക്കും അന്ന് ഇരട്ടക്കുട്ടികൾ പിറന്നിട്ടുണ്ട്”

“സത്യം തെളിയിക്കാൻ ഞാൻ ഏതറ്റം വരെയും പോകും”

അല്പ സമയത്തെ നിശബ്ദതക്ക് ശേഷം ഡോക്റ്റർ പറഞ്ഞു

“താങ്കൾ എന്നോട് ക്ഷമിക്കണം അന്നെനിക്ക് ഒരു പ്രത്യക മാനസികാവസ്ഥയിൽ ഒരു വലിയതെറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്”

“എന്റെ അനുജത്തിയുടെ വിവാഹം കഴിഞ്ഞ് ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കുഞ്ഞുണ്ടാവുന്നത് ആദ്യമായി പിറന്ന കുഞ്ഞ് മാനസീക വളർച്ച പൂർണ്ണമാകാത്ത കുട്ടിയായിരുന്നു പിറന്ന് മണിക്കൂറുകൾക്കകം കുഞ്ഞ് മരിച്ചു അതിന്റെ ആഘാതത്തിൽ അവളുടെ മാനസീക നില തകർന്നു വളരെക്കാലത്തെ ചികിത്സയുടെ ഫലമായി മാനസീക നില വീണ്ടെടുത്തു വീണ്ടും അവർ ഗർഭിണിയായി രണ്ട് പെൺകുട്ടികൾ പിറന്നു രണ്ടു പേരും മാനസീക വെല്ലുവിളി നേരിടുന്നവർ ഒരാൾ ദിവസങ്ങൾക്കുള്ളിൽ മരണപ്പെടാൻ സാധ്യതയുള്ള ഹൃദ്രോഗമുള്ള കുട്ടിയും വീണ്ടും ഒരു ഷോക്കു കൂടി താങ്ങാൻ അവൾക്ക് കഴിഞ്ഞില്ലെങ്കിലോ എന്നു കരുതി ഒരു കുട്ടിയെ ഞാൻ നിങ്ങളുടെ കുട്ടിയുമായി പരസ്പരം മാറ്റി അനിയത്തി സുബോധത്തിലേക്ക് മടങ്ങിവരുന്നതിനു മുൻപ് പെൺകുഞ്ഞ് മരണപ്പെട്ടു സത്യത്തിൽ രോഗമുള്ള കുട്ടിയെ നിങ്ങൾക്ക് തന്നുവെന്നായിരുന്നു അതുവരെ എന്റെ വിശ്വാസം പക്ഷേ തിരക്കിനിടയിൽ സുഖമില്ലാത്ത കുട്ടിയാണ് ഞങ്ങളുടെ കൈയ്യിൽ എത്തിയത് കുട്ടികളെ നിങ്ങൾക്ക് കൈമാറിയതുകൊണ്ട് പിന്നെ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല”

“അവൾക്കറിയില്ല ഇന്നും സ്വന്തം കുഞ്ഞായി വളർത്തുന്നത് മറ്റാരുടേയോ മകനെയാണെന്ന് “

“ഇനി മറ്റൊരു സത്യം കൂടി ഞാൻ പറയാം ഇതെല്ലാം നിങ്ങളുടെ മകനറിയാം അവനന്ന് എന്നോട് പറഞ്ഞത് നമ്മൾ പറഞ്ഞ് ഇത് മറ്റൊരാൾ അറിയരുത് എന്നാണ് പക്ഷെ നിങ്ങളോട് ഞാൻ മാപ്പർഹിക്കുന്ന തെറ്റല്ല ചെയ്തത്…!

“അതിന് ഞാൻ മാത്രം ശിക്ഷിക്കപ്പെട്ടാൽ പോരേ..”

“ഇതെല്ലാം എന്റെ അനുജത്തി അറിഞ്ഞാൽ ഒരു നിമിഷം പോലും അവൾ ജീവിച്ചിരുന്നെന്ന് വരില്ല.”

“വലിയ തെറ്റാണ് ഞാൻ ചെയ്തത് വളർത്തി വലുതാക്കിയ അച്ഛനമ്മമാരല്ല സ്വന്തം അച്ഛനും അമ്മയും എന്നറിഞ്ഞിട്ടും അവരെ നെഞ്ചോട് ചേർത്ത് സ്വന്തം സങ്കടങ്ങൾ മനസ്സിനുള്ളിൽ ഒളിപ്പിച്ച് ജീവിക്കുന്ന നമ്മുടെ രാഹുലിന്റെ മനസ്സോ…?

ഇടറിയ കാലടികളോടെ ഡോക്റ്റർ മറ്റൊന്നും പറയാനാവാതെ അകത്തേക്ക് നടന്നു.

നിറഞ്ഞ കണ്ണുകൾ തുടച്ച് തിരികെ വീട്ടിലെത്തുമ്പോൾ രാഹുൽ അമ്മുവിനെ ചേർത്ത് നിർത്തി അമ്മയോട് പറയുന്നുണ്ട്.

” അമ്മുവിനെ വളർത്താൻ സുരക്ഷിതമായ കരങ്ങൾ അമ്മയുടേതാണെന്ന് ദൈവത്തിന് തോന്നിയതു കൊണ്ടാവാം ഈ കൈകളിൽ ഇവൾ എത്തിയത്”

നിറഞ്ഞ് തൂവുന്ന കണ്ണുകളുമായി ഭാര്യയും മക്കളും പരസ്പരം ആശ്വസിപ്പിച്ചും ഇടക്ക് പൊട്ടിക്കരഞ്ഞും മനസ്സ് അല്പം ശാന്തമായപ്പോൾ ഇടക്കിടെ വരാമെന്ന ഉറപ്പിൽ രാഹുൽ യാത്രയായി സ്വന്തം മകനോട് യാത്ര പറയാൻ പോലും കഴിയാതെ മൗനമായി ഞങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *