അവൾ ഒരു പ്രവാസിയായിരുന്നു. വീട്ടുജോലിക്കാരിക്കുള്ള വിസയിലാണ് അവൾ ഗൾഫിലേക്ക് പറന്നത്. അവിടെ കുട്ടികളെ നോക്കുന്ന ജോലിയായിരുന്നു അവൾക്ക്.. ഭാര്യയും ഭർത്താവും……

ചൂണ്ട

എഴുത്ത്:- ബിന്ദു എന്‍ പി

രാവിലെ മെസഞ്ചർ ഓപ്പൺ ചെയ്തപ്പോൾ ഇന്നും ആദ്യത്തെ മെസ്സേജ് അവളുടേതായിരുന്നു. കുറച്ചു ദിവസമെയയുള്ളൂ അവളെന്റെ ഫ്രണ്ടായിട്ട്. എന്റെ എഴുത്തുകൾ വായിച്ച് ആരാധന തോന്നിയ ഒരുവൾ. ഇടയ്ക്കിടെ അവൾ ഇൻബോക്സിൽ വന്നു വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്നു .ചിലപ്പോൾ അവളെന്റെ എഴുത്തുകളെക്കുറിച്ച് വാചാലയാവും.. ഓരോ എഴുത്തുകളും എടുത്തു വെച്ച് കീറി മുറിച്ച് വിശകലനം ചെയ്യും.. അതിനിടയിൽ ചിലപ്പോൾ ഞാനും അവളോടെന്തെങ്കിലും മിണ്ടും. അങ്ങനെയൊരിക്കലാണ് അവൾ അവളുടെ കഥ എന്നോട് പറഞ്ഞത്..

അവൾ ഒരു പ്രവാസിയായിരുന്നു. വീട്ടുജോലിക്കാരിക്കുള്ള വിസയിലാണ് അവൾ ഗൾഫിലേക്ക് പറന്നത്. അവിടെ കുട്ടികളെ നോക്കുന്ന ജോലിയായിരുന്നു അവൾക്ക്.. ഭാര്യയും ഭർത്താവും ജോലിക്ക് പോയാൽ അവരുടെ കുഞ്ഞുങ്ങളെ നോക്കണം. ഒപ്പം ബാക്കി സമയത്ത് ആ വീട്ടിലെ ജോലികളെല്ലാം ചെയ്യണം.. മുപ്പത്തിനായിരം രൂപയായിരുന്നു ശമ്പളം..

വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു ആ വീട്ടിലെ ജോലി. രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികളായിരുന്നു ആ വീട്ടിൽ ഉണ്ടായിരുന്നത്. ഒന്ന് കരച്ചിലൊന്ന് നിർത്തുമ്പോഴായിരിക്കും അടുത്തത് കരയുക. ഒരു കുഞ്ഞിന് എന്തെങ്കിലും അസുഖം വന്നാൽ മറ്റേ കുഞ്ഞിനും വരും. അവധി ദിവസങ്ങളിൽ പോലും കുഞ്ഞുങ്ങളുടെ കാര്യം അവരുടെ പേരന്റ്‌സ് നോക്കാറില്ല. ഒപ്പം ബാക്കി സമയങ്ങളിൽ വീട്ടു ജോലിയും..അതിനെല്ലാം പുറമേ അവരുടെ വഴക്കും കേൾക്കണം.ഇനി വയ്യെന്ന് പല തവണ തോന്നിയിട്ടുണ്ടെന്നു പറഞ്ഞവൾ സങ്കടപ്പെട്ടപ്പോൾ എങ്കിൽ ആ ജോലി ഒഴിവാക്കി നാട്ടിലേക്ക് പോന്നൂടെ എന്ന് ഞാൻ ചോദിച്ചു.

അപ്പോഴാണ് വീട്ടിലെ കാര്യം അവൾ പറഞ്ഞത്. വീട്ടിൽ ഭർത്താവും രണ്ടാണ്മക്കളുമാണ്. ഭർത്താവ് ജോലിക്കൊന്നും പോകില്ല.. നേരം വെളുത്തു കഴിഞ്ഞാൽ കുളിച്ച് ഭക്ഷണവും കഴിച്ച് ഇസ്തിരി വെച്ച ഡ്രെസ്സും ഇട്ടോണ്ട് അങ്ങാടിയിലോട്ട് പോകും. എവിടെയൊക്കെയോ കറങ്ങി നടന്ന് ഉച്ചക്കത്തെ ഭക്ഷണത്തിന്റെ സമയത്ത് കൃത്യമായി വീട്ടിലെത്തും. ഭക്ഷണം കഴിച്ച് കിടന്നുറങ്ങും.. പിന്നെ വൈകുന്നേരമാവുമ്പോൾ എഴുന്നേറ്റ് ചായയും കുടിച്ച് എവിടെയെങ്കിലും ഇറങ്ങിപ്പോകും. പിന്നെ വരുന്നത് രാത്രി ഭക്ഷണം കഴിക്കുന്ന സമയത്താണ്. രണ്ടാണ്മക്കളുള്ളതാവട്ടെ എവിടെ നിന്നോ രണ്ട് പെൺ പിള്ളേരെ വിളിച്ചിറക്കിക്കൊണ്ടുവന്ന് അവരെ കല്യാണം കഴിച്ച് ജീവിക്കുന്നു. വീട്ടിലെ എല്ലാ ഭാരവും എന്റെ തലയിലാണ്.. വീട്ടിൽ നിന്നാൽ ഒന്നും നടക്കില്ല. നാട്ടിലൊരുപാട് കടമുണ്ട്..അവൾ പ്രാരാബ്ധത്തിന്റെ കെട്ടുകളഴിച്ചു.

ആ കടത്തിന്റെ കണക്കുകൾക്കൊടുവിലാണ് ഒട്ടും പ്രതീക്ഷിക്കാതെ അവളാ ചോദ്യം എന്നോട് ചോദിച്ചത്.. സർ എനിക്കൊരു പതിനായിരം രൂപ തരുമോ..? അപ്പോഴാണ് അവൾ എഴുത്തിന്റെ പേരും പറഞ്ഞ് മെസഞ്ചറിൽ വന്നതിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലായത്.. ഒട്ടും ആലോചിക്കാതെ ഞാൻ പറഞ്ഞു.. പൈസ ഞാൻ തരില്ല.. വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഞാനുണ്ടാക്കുന്ന പൈസയാണ്. അങ്ങനെ എനിക്കറിയാവുന്ന എത്രയോ പേര് പല ബുദ്ധിമുട്ടുകളുമായി എന്റെ മുന്നിലുണ്ട്.. കുറച്ചു ദിവസങ്ങൾ മാത്രം പരിചയമുള്ള നിങ്ങൾക്ക് പൈസ തരുന്നതിനു പകരം കാലങ്ങളായി അറിയാവുന്ന അവർക്ക് പൈസ കൊടുത്താൽ പോരേ ഞാൻ .. ഞാനെന്തിന് നിങ്ങൾക്ക് പൈസ തരണം. എന്റെ കൈയ്യിൽ നിന്നും നിങ്ങൾക്കൊരിക്കലും പൈസ കിട്ടില്ല.. അതുകൊണ്ട് പൈസയുടെ ഇടപാടിനൊന്നും ഞാനില്ല.അതും പറഞ്ഞ് ഞാൻ നെറ്റ് ഓഫ്‌ ചെയ്തു..

തിരക്കൊക്കെ ഒഴിഞ്ഞ ശേഷമാണ് ഞാൻ പിന്നീട് ഫോൺ നോക്കിയത്. മെസഞ്ചർ നോക്കിയപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത് അവൾ എന്നെ ബ്ലോക്ക് ചെയ്തു പോയിരിക്കുന്നു.. അതുകണ്ടപ്പോൾ എനിക്ക് ചിരിക്കാനാണ് തോന്നിയത്.ഇങ്ങനെ എത്രയെത്ര പേരാണ് നമുക്ക് ചുറ്റും.. കൈ നനയാതെ മീൻ പിടിക്കാനെത്തുന്നവർ..

Leave a Reply

Your email address will not be published. Required fields are marked *