അശ്വതി ~ ഭാഗം 03 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ദേവനെ കണ്ടതും അവളുടെയുള്ളം മഞ്ഞു പോലെ തണുത്തു… താനേ മുഖത്തു പുഞ്ചിരി വിടരാൻ തുടങ്ങി…വിഷ്ണുവും അച്ചുവും ദേവന്റെ അടുത്തേക്ക് ചെന്നു….അച്ചു പറയാറുള്ളത് കൊണ്ട് വിഷ്ണുവിനെ അത്ര വലിയ പരിചയക്കുറവൊന്നും ദേവനില്ലായിരുന്നു… രണ്ടു പേരും കുറച്ചു നേരം സംസാരിച്ചു… പിന്നെ അച്ചുവിന്റെ ഇടയ്ക്കിടെ ഉള്ള തുറിച്ചു നോട്ടം കാരണം വിഷ്ണു അധിക നേരമെവിടെ നിന്നില്ല… സ്വർഗ്ഗത്തിലെ കട്ടുറുമ്പാവേണ്ടെന്ന് കരുതി ഒഴിഞ്ഞു മാറി….

🌺🌺🌺🌺🌺

ആളൊഴിഞ്ഞ ആൽ തറയിൽ ഇളം കാറ്റിനെ സാക്ഷിയാക്കി അശ്വതി ദേവന്റെ തോളിൽ മെല്ലെ തല ചായ്ച്ചു….. അവളുടെ ഒരു കയ്യിൽ വിരലുകൾ കോർത്തുകൊണ്ട് ദേവനും….

“ദേവേട്ടാ….. “

“മ്മ്ഹ്ഹ് “

അച്ചുവിന്റെ ആ വിളിയിൽ ദേവനൊന്ന് മൂളുക മാത്രം ചെയ്തു…. പിന്നെ എണ്ണമയമുള്ള അവളുടെ തലയിൽ ചുണ്ടുകളമർത്തി…. ദേവൻ അവള്‌ടെ താടി പിടിച്ചുയർത്തി ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…. സാരിയിൽ അംഗ ലാവണ്യത്താൽ നിറഞ്ഞു നിൽക്കുന്ന അവളുടെ ഉടലും.. കരിമഷി എഴുതിയ ആ കണ്ണുകളും..നെറ്റിയിൽ അങ്ങിങ്ങായി പാറി കളിക്കുന്ന മുടിയിഴകളും..ചന്ദനപ്പൊട്ടും…ആ കണ്ണുകളിലെ പ്രണയാഗ്നിക്കു തിരി കൊളുത്തി…..

“ദേവേട്ടാ…. എന്താ ഇങ്ങനെ നോക്കുന്നെ…. “

അച്ചു തറയിൽ നിന്നുംമെഴുന്നേറ്റ് അവനു അഭിമുഖമായി നിന്നു…

“എന്തോ എന്റെ പെണ്ണിനെ ഇങ്ങനെ നോക്കിയിരിക്കാൻ ഒരു രസം…. “

കണ്ണുകൾ അവളിൽ നിന്നുമാകാത്തതെ തന്നെ ദേവൻ പറഞ്ഞു…. ഇടയ്ക്കിടെ ഇളം കാറ്റാൽ തെന്നി മാറി കൊണ്ടിരിക്കുന്ന സാരിയിലേക്കും അവളുടെ അണി വയറിലേക്കും ദേവന്റെ കണ്ണുകൾ ഉടക്കി…..

അത് കണ്ടതും അച്ചുവിന്.. നാണമാണോ… ദേഷ്യമാണോ… ആാാഹ്… എന്താണെന്നറിയാത്ത ഒരു വികാരം ഉടലെടുത്തു….

“അയ്യേ….. ഈ ദേവട്ടന് ഒരു നാണോം ഇല്ലാ… നോക്കുന്നെ കണ്ടില്ലേ…. ഒന്നുകില്ലേലും ദേവേട്ടനൊരു മാഷല്ലേ…. ശ്ശേ…….. “

അത് കേട്ടതും… ദേവൻ അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തു…ഒരു കള്ള കുറുമ്പ് ആ മുഖത്തു വിരിഞ്ഞു….

“ആഹാ അത് ശെരി … മാഷാണെന്ന് വച്ചു എനിക്ക് എന്റെ പെണ്ണിന്റെ ഭംഗി ആസ്വദിച്ചൂടേ…. “

നെഞ്ചോടടുപ്പിച്ച കൈകൾ ദേവൻ ഒന്നുകൂടി മുറുകെ പിടിച്ചു.

“നേരത്തെ കാലത്തെ ഒരു മാഷായി ജോലി കിട്ടീന്ന് വച്ചു എന്റെ ഉള്ളിലെ പ്രണയത്തെ എനിക്ക് ഉണർത്തിക്കൂടായെന്നുണ്ടോ…. മാഷൊക്കെ അങ്ങ് സ്കൂളിൽ…. ഇപ്പോൾ ഞാൻ വെറുമൊരു കാമുകനാണു…. പ്രണയം കൊതിക്കുന്ന കാമുകൻ…”

അവളുടെ കാതോരം മുഖമമർത്തി കൊണ്ട് പ്രണയാർദ്രനായി ദേവനങ്ങനെ പറഞ്ഞപ്പോൾ അച്ചുവിന്റെ കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു വെമ്പൽ അനുഭവപെട്ടു…അവൾ ദേവന്റെ കരങ്ങളിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ടേയിരുന്നു…

” വിട് .. ദേവേട്ടാ…. ആരേലും കാണും… “

അച്ചു ചിണുങ്ങി…

“ഡി … എപ്പോഴെത്തെയും പോലെ ചിണുങ്ങാൻ നിക്കണ്ട…ഇവിടിപ്പോൾ ആരുമില്ല…..ഞാനും എന്റെ പെണ്ണും മാത്രം… കേട്ടോടി…മിണ്ടാത്തെ നിന്നോ… അല്ലേൽ ആ ഉണ്ടക്കണ്ണു ഞാൻ കുത്തി പൊട്ടിക്കും.. “

പെട്ടെന്ന് തന്നെ ദേവനവളുടെ കൈകൾ തിരിച്ചു പിറകിലൂടെ ചേർത്ത് നിർത്തി …കാച്ചെണ്ണ മണമുള്ള മുടിയിഴകളിൽ മുഖമമർത്തി അതിന്റെ ഗന്ധം ആവോളം ആസ്വദിച്ചു….

പുണരുമ്പോൾ ഉണ്ടായ അവന്റെ ആ ദേഹ ചൂടിനെ എതിർക്കാൻ അച്ചുവിനായില്ല ….അവന്റെ കൈകൾ സാരിക്കിടയിലൂടെ അണി വയറിനെ തഴുകി… പിന്നെ ഒരു വള്ളി പോൽ പടർന്നു പിടിച്ചു…പിൻ കഴുത്തിൽ ദേവന്റെ ചുണ്ടുകൾ മുത്തമിട്ടതും അച്ചു ചെറുതായൊന്നു കുറുകി….അവൻ ചുണ്ടുകളാൽ അവിടമാകെ പ്രണയം ചാലിച്ച കവിതകൾ രചിച്ചു…. ആ കവിതയുടെ അവസാനമായപ്പോഴേക്കും ഇരു അധരങ്ങളും ഒന്നായിരുന്നു… പരസ്പരം കണ്ണുകളിൽ നോക്കികൊണ്ട് പ്രണയം ഒപ്പിയെടുക്കുമ്പോൾ ആലിലകൾ നാണത്താൽ ആടി ഉലഞ്ഞു…. അവിടുത്തെ കാറ്റു പോലും അവരെ ഒന്നു തഴുകി കൊണ്ടു മിന്നി മാറി…

ദേവനവളെ അഭിമുഖമായി നിർത്തി ചന്ദന മണമുള്ള ആ നെറ്റിയിൽ അമർത്തി ചുംബിച്ചു …

“പ്രണയം ഒരു ലഹരിയാണ് പെണ്ണേ … പരസ്പരം കണ്ണുകളിൽ തെളിയുന്ന….മനസുകൾ തമ്മിൽ കോർത്തിണയ്ക്കുന്ന ..ഒടുക്കം പരസ്പരം ജീവനായി അലിഞ്ഞില്ലാതാവുന്ന ഒരു വീര്യമേറിയ ലഹരി….ഒരായിരം ജന്മം എനിക്കെന്റെ അച്ചുവിന്റെ കൂടെ ജീവിക്കണം…ഈ കള്ള കുറുമ്പുകളും… കുട്ടിത്തവും വീണ്ടും വീണ്ടും ആസ്വദിക്കണം…. കടിച്ചു തിന്നാൻ തോന്നുവാ… എനിക്ക് നിന്നെ….. “

ദേവൻ ആ മുഖത്തു നിന്നും കണ്ണുകൾ ചാടിച്ചു കൊണ്ട് പറഞ്ഞു …. അച്ചു അവൻ പറഞ്ഞ വാക്കുകളെ താലോലിച്ചു മെല്ലെ ആ നെഞ്ചിലേക്ക് ചാരി …..

“ഈ അശ്വതിക്കും… എന്റെ ദേവട്ടന്റെ പെണ്ണായി…..ഈ നെഞ്ചിലെ ചൂടേറ്റ്… ഈ കുറുമ്പുകൾ ആസ്വദിച്ചു…വേദനകളിൽ കൂടെ നിന്നു ശാസനകളിൽ കണ്ണീരൊലിപ്പിച്ചു …ഈ ജീവന്റെ പാതിയായി എന്നും നിലകൊള്ളണം…. ഇനി വരുന്ന ജന്മങ്ങളൊക്കെയും….

ദേവൻ ഒന്നുകൂടി അവളെ ചേർത്തണച്ചു…രണ്ടു പേരും അങ്ങനെ കുറെ സമയം നിന്നു…..

വിച്ചന്റെ കാൾ വന്നപ്പോഴാണ് അവർ അകന്ന് മാറിയത്…അച്ചു പരിഭ്രമിച്ചു ഫോൺ എടുത്തു…

” എന്താ വിച്ചാ.. “

” അത് ശെരി… ഞാൻ എത്ര നേരാ പിന്നെ വണ്ടിയും കൊണ്ട് കറങ്ങി പോസ്റ്റ്‌ ആയി നിക്കേണ്ടത്… നേരം എത്രയായെന്ന് അറിയോ.. ദേ ഇനിയും താമസിച്ചാൽ മുത്തശ്ശിടെ വക കിട്ടും…. നേരത്തെ നിന്നെ ഇറക്കിയ സ്ഥലത്തു ഞാൻ ഉണ്ട്.. വേഗം വാ… “

വിഷ്ണു എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു….

“ഓഹ്… ഡാ വരാം… ഞങ്ങൾ ഇറങ്ങാൻ നോക്കുവാ… നീ ഫോൺ വച്ചോ.. “

തിരിച്ചു കൊണ്ടു വിടുമ്പോൾ ബുള്ളറ്റിൽ നിന്നും അച്ചു ദേവനെ പിറകിലൂടെ കെട്ടി പിടിച്ചു… അവൻ ഒരു കൈ കൊണ്ട് ഇടയ്ക്കിടെ അവളുടെ കൈകളെ ചേർത്തു പിടിക്കാൻ ശ്രമിച്ചു കൊണ്ടേയിരിന്നു…..

വിച്ചന്റെ വണ്ടി കണ്ടതും.. അശ്വതിയുടെ നിറം മങ്ങി… ദേവനെ വിട്ടു വിച്ചന്റെ കാറിൽ കയറുമ്പോൾ ആ കണ്ണുകളിൽ വിഷാദം നിറഞ്ഞിരുന്നു… വീട്ടിൽ നിന്നിറങ്ങിയ സന്തോഷമെല്ലാം ഒരു കുപ്പിച്ചില്ലു പോലെ വീണുടഞ്ഞു….വിഷ്ണുവിനും അവളുടെ ആ സങ്കടം മനസിലായിരുന്നു…. അത്കൊണ്ട് കൂടുതലൊന്നും അവൻ ചോദിക്കാൻ നിന്നില്ല….

കാർ തറവാട്ടിനു മുന്നിൽ എത്തിയപ്പോഴേക്കും മുത്തശ്ശി ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു….

“രണ്ടിന്റെയും കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് കേട്ടോ…. അകത്തേക്ക് ചെന്ന് വേഷം മാറി വാ… ‘”

ഒരു ചെറു ശാസനയോടെ മുത്തശ്ശി പറഞ്ഞു …അച്ചു ഒന്ന് ചിരിച്ചു കാട്ടികൊണ്ട് അകത്തേക്ക് പോയി, മുറിയിൽ കയറി വാതിലടച്ചു…. ദേവന്റെ മണം ഉടയാടകളിൽ തളം കെട്ടി നിൽക്കുന്ന പോലെ തോന്നി അവൾക്കു… മുഖം നാണത്താൽ ചുവന്നു കൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി തൂകി…

വൈകുന്നേരം കുളിയും കഴിഞ്ഞു അച്ചു ഉമ്മറത്തേക്ക് വന്നപ്പോൾ എല്ലാവരും ചർച്ചയിലായിരുന്നു…

“ഇനിയും ഇതിങ്ങനെ നീട്ടുന്നതിൽ അർത്ഥമില്ല മാധവാ… വിഷ്ണു മോനു ജോലിയൊക്കെ അകാറായില്ലേ…അച്ചു മോളും വിഷ്ണുവും തമ്മിലുള്ള വിവാഹം പെട്ടെന്ന് തന്നെ വേണം… കുട്യോള്ക്കും ആഗ്രഹം കാണും… ദേ ഇന്ന് തന്നെ രണ്ടും കൂടി എവടെ പോയിട്ടുള്ള വരവാണെന്ന് ആർക്കറിയാം… അതോണ്ട്..നമുക്ക് അങ് ഉറപ്പിച്ചേക്കാം… അല്ലെ സാവിത്രി…. “

മുത്തശ്ശിയുടെ ആ വാക്കുകൾ തടുത്തു വിട്ട അസ്ത്രം പോലെ അശ്വതിയുടെ നെഞ്ചിൽ തുളഞ്ഞു കയറി….. ഒരു തരം മരവിപ്പാൽ ദേവനെ ഓർത്തു….

“അതെ അമ്മേ…കുഞ്ഞു നാളിലേ പറഞ്ഞു വെച്ചതല്ലേ അച്ചു വിഷ്ണുവിനാണെന്ന്… അമ്മയുടെ ആഗ്രഹം പോലെ നടക്കട്ടെ…. “

ഓരോ വാക്കുകളും തേങ്ങലടക്കവയ്യാ അല്ലാതെ അവൾക്ക് കേട്ടു നിൽക്കാനായില്ല..അവൾ പോലുമറിയാതെ കണ്ണീർ പുറത്തേക്കു ചാടി…. അവൾ ദയനീയമായി വിഷ്ണുവിനെ നോക്കി… പക്ഷെ..അവന്റെ മുഖത്തു യാതൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു….

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *