ആണൊരുത്തൻ നോക്കിയാലുടൻ നിങ്ങടെ മോള് ഗർഭിണിയാകാൻ ഇവളെന്താ…..

Story written by AmMu Malu AmmaLu

വന്നുവന്നിപ്പോ നേരോം കാലോം ഒന്നും അറിയാതെയായോ.. സന്ധ്യ വിളക്ക് കത്തിക്കുന്നത് വരെ അവിടെ എന്നതാ ഇതിനുമാത്രം ഉള്ളത്.

അമ്മയുടെ വാക്കുകളിൽ നിറഞ്ഞ ദേഷ്യവും പുച്ഛവും വിമലക്ക് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു. ഒരു നിമിഷം ആ വാക്കുകൾ കേട്ട് ഉമ്മറത്ത് നിന്നെങ്കിലും മറുപടിയൊന്നും പറയാതെ, അകത്തേക്ക് കയറി പോയിരുന്നു അവൾ.

“എങ്ങനെയെങ്കിലും ഒരെണ്ണം ഒത്തുവന്നിരുന്നെങ്കിൽ ബാധ്യത ഒന്ന് ഒഴിവാക്കാമായിരുന്നു” എന്ന വത്സലയുടെ പിറുപിറുക്കൽ കേട്ടെങ്കിലും പത്ത് വർഷത്തോളമായി സ്ഥിരമായി കേൾക്കുന്ന പല്ലവി ആയിരുന്നതിനാൽ അവളത് കേട്ടില്ലെന്ന് നടിച്ചു മിണ്ടാതിരുന്നു.

പിറ്റേന്നും പതിവ് പോലെ വിമല സുഗുണന്റെ വീട്ടിലേക്ക് പോയി. അന്നും സന്ധ്യ മയങ്ങിയിട്ടാണ് അവൾ തിരികെ വന്നത്.

അപ്പഴും പതിവ് പല്ലവി അമ്മയുടെ വായിൽ നിന്നു കേൾക്കാമായിരുന്നു. ദിവസങ്ങൾ വേഗത്തിൽ പോയ്‌ മറഞ്ഞു..

വിമല കളിച്ചു വളർന്ന വീടാണ് അത്..അവിടെ ഉള്ളവർ തനിക്ക് പ്രിയപ്പെട്ടവരും.. മാത്രമല്ല, സുഗുണനും വിമലയും ഒരേ പ്രായക്കാരും ഒരുമിച്ച് പഠിച്ചവരുമാണ്.. തന്റെ ഇത്രയും നാളത്തെ ജീവിതത്തിൽ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള ഒരേയൊരു വ്യക്തി , ഒരു നല്ല സുഹൃത്ത് , ഉപദേഷ്ടാവ്… അങ്ങനെ പലരും ആണ് തനിക്കവൻ.

പഠിച്ച് ഇരുവർക്കും ജോലി കിട്ടിയപ്പോൾ സുഗുണന്റെ വീട്ടുകാർ വിമലയെ സുഗുണന് കല്യാണമാലോചിച്ചു. പക്ഷേ, വിമലയുടെ വീട്ടുകാർ അത് അവഗണിച്ചു.. മകൾക്ക് മറ്റൊരു കല്യാണം ഒത്തുവന്നുവെന്നും പെണ്ണും ചെക്കനും കണ്ടിഷ്ടമായി എന്നും അവർ കള്ളം പറഞ്ഞു.

“അല്ലേലും പെങ്കുട്ട്യോൾക്ക് വേഗം ശരിയാകുമല്ലോ..സുഗുണനിപ്പോ വിമലയുടെ പ്രായമല്ലേ ആയിട്ടുള്ളു… അവനിനിയും സമയം മുന്നോട്ട് കിടക്കുവല്ലേ.. പെൺ കുട്ട്യോൾക്ക് ഇപ്പോഴല്ലേ നല്ല സമയം. “

അമ്മയുടെ വാക്കുകൾ അവൾ വെറുതെ ഓർത്തുപോയി.

സമയം നല്ലത് നോക്കി അവർ വിമലക്ക് കല്യാണം ഉറപ്പിച്ചു.

വിവാഹം ആലോചിച്ചു വന്ന ചെറുക്കന് പെണ്ണിനെ ഇഷ്ടമായെന്നും ഉടനെ കല്യാണം നടത്തണമെന്നും പറഞ്ഞപ്പോൾ വിമലയെ അവർ ഇട്ടുമൂടാനുള്ള സ്വർണവും പണവും കൊടുത്ത് വേഗം കെട്ടിച്ചയക്കുകയും ചെയ്തു.

കെട്ട് കഴിഞ്ഞു വർഷം ഒന്ന് തികയും മുന്നേ വിമലയ്ക്ക് ഒരു കുഞ്ഞ് ജനിച്ചു.

ആദ്യ മൂന്ന് വർഷം കുഞ്ഞുമായുള്ള അവളുടെ ജീവിതം അയാൾ ഭിക്ഷ പോലെ അവൾക്ക് നൽകി.. നാലാം വർഷം ഭ്രാന്തിന്റെ മൂടുപടമണിഞ്ഞയാൾ അവളെ ഉപേക്ഷിച്ചു.

കുഞ്ഞിനറിവാകുന്നത് വരെ കേസ് നടന്നു കോടതിയിൽ.. കുഞ്ഞിന്റെ ഉള്ളിൽ അമ്മയെ കൊള്ളരുതാത്തവളാക്കി വിഷം കുത്തിവെച്ചയാൾ വളർത്തി..

അച്ഛന്റെ കൂടെ പോകണോ അമ്മയുടെ കൂടെ പോകണോ എന്ന കോടതിയുടെ ചോദ്യത്തിന് മുന്നിൽ ആ പൈതൽ അച്ഛന്റെ നേരെ വിരൽ ചൂണ്ടിയപ്പോൾ ആണ് അവൾ അന്നാദ്യമായി തകർന്നു പോയത്.

മകനെ ഉപേക്ഷിച്ചു പോയ അമ്മയാക്കി അയാൾ അവളുടെ ചിത്രം മകന്റെ മനസ്സിൽ വരച്ചു വെച്ചതിലും വലിയ തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്നവൾക്ക് ആ കോടതി മുറിയിൽ ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി.

പക്ഷേ, മരിച്ചു പോയ മനസ്സുമായി നിൽക്കുന്നവളുടെ കണ്ണുകളെ ഒരിറ്റു നീർതുള്ളി പോലും ചതിക്കാതെ വന്നപ്പോൾ സമൂഹവും അവളെ തെറ്റുകാരിയാക്കി വാഴ്ത്തി.

വർഷം പത്ത് കഴിഞ്ഞു. ഒരിക്കെ കുരുക്ക് വീണ കഴുത്തിൽ വിവരങ്ങൾ തിരക്കി വന്നവർക്കാർക്കും തന്നെ വീണ്ടും കുരുക്കാൻ സമ്മതമില്ലായിരുന്നു.

അന്നും ആ മനസ്സ് അറിഞ്ഞത് സുഗുണൻ മാത്രമായിരുന്നു.. ജീവിതത്തിൽ അച്ഛനും അമ്മയും തനിക്ക് തന്ന പൊന്നിനേക്കാളും പണത്തേക്കാളും വിലമതിക്കാനാവാത്ത സ്വത്ത്. ഈശ്വരൻ തന്ന സുഹൃത്ത് എന്ന വലിയ സ്വത്ത്.

ദിവസങ്ങൾ കൊഴിഞ്ഞുപോകവെ വിമലയെ കാണാത്തതെന്തെന്നവർ ചിന്തിച്ചു. അവിടുത്തെ ഓരോ സഹജീവികളും അവളുടെ വരവിനെന്നോണം കാത്തിരുന്നു. അവൾ വന്നതേയില്ല.. പിറ്റേന്നും കാത്തു.. അവളന്നും വന്നില്ല.

അടുത്ത ദിവസം സുഗുണന്റെ വീട്ടിലേക്കിറങ്ങാൻ തുടങ്ങവേ… “”പണ്ടത്തെ പോലെ അല്ല തണ്ടും തടിയുമുള്ള ഉശിരുള്ള ആണൊരുത്തന്റെ വീടാ പെണ്ണേ അത്.. നോക്കി ഗർഭമുണ്ടാക്കുന്ന ജാതിയാ വല്ലോം വരുത്തിവെച്ചാൽ നാണക്കേട് വിട്ടു മാറില്ല..ചീത്തപ്പേര് വേറെയും.. “”…എന്ന അമ്മയുടെ വർത്തമാനത്തിനു അവൾ സ്വയം ചോദിച്ചു..

“അപ്പോൾ ഇതുവരെ ജീവിതത്തിൽ ഉണ്ടായതൊന്നും നാണക്കേടായിരുന്നില്ലേ എന്ന്, കോടതിയും സമൂഹവും തെറ്റുകാരി എന്ന് ചൂണ്ടിക്കാണിച്ചവൾക്ക് മേൽ നാടും നാട്ടാരും ചാർത്തി തന്ന ” ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു പോയവൾ ” എന്നൊക്കെ സമൂഹം വാഴ്ത്തിയതത്രയും നല്ല പേരായിരുന്നോ.. “എന്ന്.

****************

എന്നാൽ, തക്കസമയത്ത് അമ്മക്കുള്ള മറുപടി കിട്ടിയത് അപ്രതീക്ഷിതമായി പ്രിയപ്പെട്ട കൂട്ടുകാരിയെ തിരക്കി വന്ന സുഗുണന്റെ വായിൽ നിന്നുമായിരുന്നു.

തന്റെ പേരിനൊപ്പം ചേർത്ത് സ്വന്തം മകളെ അപമാനിക്കുന്നത് കേട്ടപ്പോൾ ഒന്നും മിണ്ടാതെ തിരിച്ചു പോകാൻ തോന്നിയില്ല സുഗുണന്.

പ്രതീക്ഷിക്കാതെയുള്ള സുഗുണന്റെ വരവ് കണ്ടപ്പോൾ അവർ ഒന്ന് ഞെട്ടിയിരിക്കണം.

“സമൂഹത്തെ പേടിച്ച് ഒളിച്ചും പാത്തും ഇവൾക്ക് സുഗുണന്റെ വീട്ടിൽ വരേണ്ട കാര്യമില്ല വത്സലമ്മേ.. കാരണം, ഞങ്ങൾ കാമുകി കാമുകന്മാരൊന്നുമല്ല.. അത് മാത്രമല്ല, ഇവൾ വളർന്നത് അവിടെയാണ് അതും നിങ്ങളുടെ മുന്നിൽ തന്നെ. അത് ഇന്നാട്ടിൽ അറിയാത്തവരായി ആരുമില്ലെന്ന് എനിക്കുമറിയാം നിങ്ങൾ ക്കുമറിയാം..ആ നിങ്ങൾക്ക് സ്വന്തം മകളെ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റാണ്….അതുകൊണ്ട്, എല്ലാവരെയും നിങ്ങളുമായി വിലയിരുത്തരുത്.

ഭർത്താവുപേക്ഷിച്ച മകളുടെ ബാധ്യത തീർക്കാൻ ഇങ്ങനെ ആയിരുന്നില്ല മാർഗം കണ്ടുപിടിക്കേണ്ടിയിരുന്നത്.. പിന്നെ നിങ്ങളിപ്പോ പറഞ്ഞ ഈ വർത്താനത്തിനുള്ള മറുപടി.. “ഈ സുഗുണൻ നോക്കിയിട്ടുള്ള ഏത് പെണ്ണിനാ ഇന്നാട്ടിൽ ഗർഭം ഉണ്ടായിട്ടുള്ളത്.. അങ്ങനെ നിങ്ങടെ അറിവിൽ വല്ലോരു മുണ്ടെൽ പറ.. ഞാനും കൂടി ഒന്നറിയട്ടെ…പറയാൻ…അവന്റെ ഒച്ചകേട്ട് വത്സല ഒന്ന് ഞെട്ടി. സുഗുണന്റെ പ്രതീക്ഷിക്കാതെയുള്ള വരവും അവന്റെ മറുപടിയും അവരുടെ മുഖത്ത് അന്താളിപ്പ് പ്രകടമാക്കി.

പിന്നെ, ആണൊരുത്തൻ നോക്കിയാലുടൻ നിങ്ങടെ മോള് ഗർഭിണിയാകാൻ ഇവളെന്താ കു ന്തി ദേവിയോ മറ്റൊ ആണോ….ആണോന്ന്….?? സുഗുണന്റെ അലർച്ച ആ നാലു ചുമരുകളിൽത്തട്ടി പ്രതിധ്വനിച്ചു.

വന്നേക്കുന്നു സ്വന്തം മകൾക്ക് ഗർഭമുണ്ടാക്കാൻ. തുഫ്…. അത്രയും പറഞ്ഞ് അവിടെ നിന്നും പോരുമ്പോൾ സുഗുണൻ വിമലേ ഒന്ന് നോക്കി..അപ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞിരുന്നു ഇതുവരെയില്ലാത്തൊരു പുഞ്ചിരി… ജീവിതത്തിൽ കഴിഞ്ഞ പത്തുവര്ഷങ്ങളിൽ കിട്ടിയിട്ടില്ലാത്തൊരാശ്വാസത്തിന്റെ പുഞ്ചിരി.

Nb :മോശമെന്ന് പറയാൻ എളുപ്പമാണ് നല്ലതെന്ന് പറയിപ്പിക്കാൻ കുറച്ചു പാടുമാണ്.. എന്നാൽ, ഇതുപോലുള്ള വീട്ടുകാർ തന്നെ ആണ് പലപ്പോഴും മക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്നതും നല്ലപേരുണ്ടാക്കുന്നതും എന്നതാണ് വാസ്തവം..

Related Posts

Leave a Reply

Your email address will not be published. Required fields are marked *