ആദ്യമായിട്ടാണ് ഒരു വീടിന്റെ മതിൽ ചാടി അതും അർദ്ധരാത്രി ഒരു പെണ്ണിന്റെ അടുത്തേക്ക് ചെല്ലുന്നത്….

അവിവാഹിതന്റെ ആദ്യരാത്രി

എഴുത്ത്: സി. കെ

റോഡിലെ പോസ്റ്റിൽ തെളിയുന്ന വെളിച്ചത്തെ വകവെക്കാതെ പുറകുവശത്തെ മതിലെടുത്തുചാടിക്കൊണ്ട് ഞാനാവീടിന്റെ വലത് വശത്തെ മുറിയിലേക്ക് സങ്കടത്തോടെ നോക്കി നിന്നു…

കമലമ്മ കിടന്നിട്ടില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണിത്…

ദേവി വരാൻ പറഞ്ഞതിലും അരമണിക്കൂർ വൈകി ഇങ്ങട് വന്നിട്ടും ഇപ്പോഴും ഈ വീട്ടിൽ ആ റൂമിൽ മാത്രം വെളിച്ചമുണ്ട്…

ആദ്യമായിട്ടാണ് ഒരു വീടിന്റെ മതിൽ ചാടി അതും അർദ്ധരാത്രി ഒരു പെണ്ണിന്റെ അടുത്തേക്ക് ചെല്ലുന്നത്….

മനസിലുള്ള ആഗ്രഹം അടക്കിപ്പിടിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ….

ഈശ്വരാ പിടിക്കപ്പെട്ടാൽ വീട്ടുകാരുടെ മുഖത്തു പിന്നെങ്ങനെ നോക്കും…

ചിന്തകളാണേൽ കുറുപ്പേട്ടന്റെ വീട്ടിലെ നടങ്കോഴിയെപ്പോലെയാ…പിടിച്ചാലോട്ട് കിട്ടുന്നുമില്ല…..

തിരിച്ചു വീട്ടിലേക്ക് നടന്നാലോ…

വേണ്ടാ ഇത്രയൊക്കെ മോഹിച്ച് രാത്രി എല്ലാരേം കണ്ണുവെട്ടിച്ചു ഇതുവരെ വന്നതല്ലേ…ഒരുമ്മകൂടി വെക്കാണ്ട് എങ്ങനാ….

അവളാണേൽ കാത്തിരിക്കാമെന്നു വാക്കും പറഞ്ഞിട്ടുണ്ട്….

കൂട്ടുകാരൊക്കെ അവരുടെ പല അവിഹിതകഥകൾ പറയുമ്പോഴും അവരിലൊരാളായി ഞാനും ആ നിമിഷം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ അവർക്കൊപ്പം സഞ്ചരിച്ചിരുന്നു…

മനസ്സിൽ എന്തോരം ബലാൽസംഗം നടത്തിയിരുന്നു, കിടപ്പറകളിൽ ജംമ്പോ സർക്കസ്സിലെ കുതിരയെപ്പോലെ കുതിച്ചുപാഞ്ഞിരുന്നു…

എന്തോ ഇപ്പൊ സാഹചര്യം കണ്മുന്നിൽ വന്നുനിൽക്കുമ്പോൾ മുട്ടിനൊരു വിറയൽ പോലെ….

ഒറ്റക്ക് നടക്കുമ്പോൾ ചിന്തകൾ കുന്നുകൂടാറുമുണ്ട് ഞാനതിനെ വെട്ടിനുറുക്കി പുഴക്കരയിൽ താഴ്ത്താറുമുണ്ട്…

പക്ഷേ ഇന്നണയാത്ത ആ റൂമിലെ വെളിച്ചം കാണുമ്പോ ചിലതൊക്കെ മനസ്സിലിങ്ങനെ പുസ്തകത്തിനിടയിലെ ഒരേടുകളായി മാറിമറിയുന്നു….ഇന്നിതുവരെ എത്തിച്ചേർന്നതും അതിലിങ്ങനെ ആരാലോ എഴുതിചേർത്തിരിക്കുന്നു…

ഒരിക്കൽ പെട്ടിയും പ്രതീക്ഷിച്ചു നിൽക്കുന്ന അമ്മേടേം കുടുംബക്കാരുടെയും മുന്നിലേക്ക് ഒരു പെണ്ണിന്റെ കയ്യും പിടിച്ചിറങ്ങുമ്പോ പ്രതീക്ഷിച്ചവരുടെ കണ്ണിലൊക്കെ ഒരാന്താളിപ്പ് കണ്ടിരുന്നു…

മോനെ എന്തായിതെന്നു ചോദിച്ചുവന്ന അമ്മയുടെ കൈകളിലേക്ക് അവളേയും ഏൽപ്പിച്ചു “പ്രകടമാക്കാനാവാത്ത സ്നേഹം ആത്മാവിന്റെ വിങ്ങലാണെന്ന്” ഒരു ഡയലോഗും കാച്ചി ഞാനെന്റെ തടിയൂരി….

നാലു ദിക്കിന്നും ആളുകൾ വന്നു..

സുദർശൻ ഒരു പെണ്ണിനേം ചാടിച്ചിട്ടു ഗള്ഫിന്നു വന്നിട്ടുണ്ടെന്ന് നാനാദിക്കിലും വാർത്തയും പരന്നിരുന്നു…..

വന്നവരൊക്കെ അഭിപ്രായങ്ങൾ ഓരോന്നായി പറഞ്ഞുതുടങ്ങി…

മുഖം കണ്ടാൽ അറബിച്ചിയല്ല…

ഇനി വല്ല ബംഗാളിയോ മറ്റോ….

ഏയ് കണ്ടിട്ടാണെങ്കിൽ മലയാളിക്കുട്ടിയെപ്പോലെ…..

ഇനി അവന്റെ കമ്പനിയിൽ ജോലിചെയ്യുന്ന ആരെങ്കിലും

ചർച്ചകൾ മുഴുകിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ടത്തിനിടയിൽ അമ്മാവനാ ബോംബ് പൊട്ടിച്ചു…

നിന്നു ശങ്കിക്കാതെ കമലേ ഇതാ പണിക്കരെ മോളാണ്….ഇനി ആളുകൾക്ക് സിനിമ കാണിക്കാതെ വിളിച്ചു അകത്തേക്ക് കയറ്റാൻ നോക്ക്….പുച്ഛത്തോടെ ഒരു സ്മൈലിസമ്മാനിച്ചു മൂപ്പരാ വീടിന്റെ അകത്തേക്ക് കയറിപ്പോയപ്പോള് ഞാനൊരു സൈക്കിൾ ചിരി പകരംകൊടുത്തു അവളെയൊന്നു നോക്കി….

സർക്കാർ തസ്തികയിൽ പേരില്ലാത്തതുകാരണം കൂലിവേലക്കിറങ്ങിയത് പല ജാതകപ്പൊരുത്തങ്ങൾക്കും വിധിയെഴുതി നിൽക്കുമ്പോഴാണ് അമ്മാവൻ ഒരു പണിക്കരുടെ കാര്യം വീട്ടിൽ വന്നമ്മയോട് പറയുന്നത്…

ദുഷ്കർമ്മങ്ങളൊക്കെ ചെയ്യുന്ന ആളാത്രെ…അവിടെ ചെന്ന് അദ്ദേഹത്തോട് കാര്യങ്ങൾ പറയാ..പോരുമ്പോൾ കയ്യിലിത്തിരി ഭസ്മം തരും അതുകഴിച്ചിട്ടു പെണ്ണ് കാണാൻ പോവാ…ഇച്ചിരി ചില്ലറ ചിലവാകുന്ന ഏർപ്പാടാണ്…ന്നാലും സാരല്ല്യാ….ഇവനേം കൂട്ടി അവിടെവരെയൊന്നു പോവാം….

മകനൊരു കുടുംബം വേണമെന്നൊരു ചിന്തയും കൂടെയുള്ളവരൊക്കെ ഒന്നാമതും രണ്ടാമതും അച്ഛനായെന്ന എന്റെ സങ്കടവും ഞങ്ങളെ രണ്ടുപേരെയും മൗനം സമ്മതത്തിലാക്കി…

പിറ്റേന്ന് ബൈക്കിന്റെ പിന്നിലാമ്മവനേം ഇരുത്തി ജമ്പനും തുമ്പനുമായി ഞങ്ങളാ കുന്ന് കയറി…റോഡവസാനിക്കുന്നിടത്തു ഒരു രണ്ടുനില വീട്…

വല്ലാണ്ട് അങ്ങട്ട് മുന്നിൽപോയി നിർത്തണ്ട … ഇതു നീ കരുതുംപോലത്തെ സ്ഥലമല്ല…..

ശരിയെന്ന മട്ടിൽ തലയാട്ടിക്കൊണ്ടു ഞാൻ ബൈക്കിനു ഫുൾ സ്റ്റോപ്പിട്ടു.

ബൈക്കിൽനിന്നിറങ്ങിയതും അമ്മാവന്റെ ശൈലി മാറി

……

മുഖത്തൊരു നിഷ്കളങ്കമായ ചിരി ഉയർത്തി കോളിംഗ് ബെല്ലിൽ വിരലമർത്തി…

ബെല്ലിന് റിസൾട്ട് എന്നരീതിയിൽ കതക് തുറന്നു ഒരാൾ പുറത്തേക്ക് വന്നു..

ഏകദേശം നാട്ടിൽ പലചരക്ക് നടത്തുന്ന കുഞ്ഞിക്കാന്റെ പോലെയൊരു മൻഷൻ…

നാട്ടിലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണമെന്തെന്ന് ചോദിച്ചാൽ ഇവരെപ്പോലെ ഉള്ളോരെ ദേഹത്തിക്കും മുറ്റത്തിക്കും നോക്കിയാൽ മതി… പണം മുഴുവൻ ഓരോ കാര്യം പറഞ്ഞു വാങ്ങി വെക്കല്ലേ…..

വരൂ അകത്തേക്ക് ഇരിക്കാം…

മൂപ്പര് വളരെ സൗമ്യമായി പറഞ്ഞു…

ഉള്ളിലെത്തിയതും അമ്മാവൻ കാര്യങ്ങൾ വിശദീകരിച്ചു….

ജാതകം പറ്റുമ്പോ ജോലിയുണ്ടാവില്ല…ജോലിപറ്റുമ്പോ കൂലി കുറവാണെന്നു പറയും…പണിക്കര് ഇതിനൊരു തീരുമാനം ണ്ടാക്കിത്തരണം…

നിങ്ങള് ഒന്നോണ്ടും പേടിക്കണ്ട…ഒടുവിൽ എത്തണ്ട സ്ഥലത്തു തന്നെയാ എത്തിച്ചേർന്നത്..

ആദ്യം മോന്റെ പേരും നക്ഷത്രവും ഒന്നു പറയൂ….

ഉരുളക്കുപ്പേരി എന്ന രീതിയിൽ അമ്മാവനതിനൊരു മറുപടിയും കൊടുത്തു…

ആഹാ …നല്ല സമയമാണ് ആൾക്കിപ്പോ…ഈ വെറ്റിലക്ക് നടുവിലൂടെ ഞാനീ കുട്ടിയുടെ രേഖ കാണുന്നുണ്ട്…ഏതോ ഒരു കന്യകയായ പെണ്കുട്ടിയുടെ ശാപമുണ്ട്….മനസ്സു നോവിച്ചാണ് വിട്ടേക്കുന്നത് ഇയാൾ…ന്തായാലും അതിനൊരു പരിഹാരം കാണാതെ വിവാഹത്തെക്കുറിച്ചു ചിന്തിക്കുക തന്നെ വേണ്ട….

മൂന്നു തവണ കൂടി മോനോ അല്ലെങ്കിൽ നിങ്ങളോ വരേണ്ടി വരും …ഇവിടന്നു തരുന്ന പ്രസാദം ഒരാഴ്ചത്തേക്ക് മാത്രമായുള്ളതാണ്…

അതിനൊരു പരിഹാരം ഇല്ലേ പണിക്കരെ… എന്റെ പെങ്ങള് ഇവനെക്കൊണ്ട്‌ തോറ്റിരിക്കാ….

അതിനൊക്കെ വഴി ണ്ട്‌…ആള് മിടുക്കാനാ… നോട്ടം കൊണ്ട് ആളെ വീഴ്ത്തും ന്നാ രാശിയിൽ കാണുന്നെ….

മോളെ ദേവീ ഇവർക്കാ പ്രസാദം കൊടുത്തെ…

പറഞ്ഞപാടെ അകത്തുനിന്നും അവരാ പൊതിയെടുത്തു അമ്മാവന്റെ കയ്യിലേക്ക് നീട്ടി…

രാവിലെ കുളിച്ചു ശുദ്ധിയായി ഈ ഭസ്മം കഴിക്കാ…മത്സ്യമാംസം ഒഴിവാക്കുന്നതാണ് ഉചിതം എന്നൊരു മറുപടിയും തന്നു…

അന്നതുമായി നേരെ വീട്ടിലേക്ക് പോന്നു… ആഴ്ചകൾ മാസങ്ങളായി , അമ്മാവൻ തുടങ്ങിവെച്ച ആ പതിവ് ഞാങ്ങനനെ തുടർന്നുകൊണ്ടുപോയി….

ചിന്ത കാടുകയറിയപ്പോ ഉമ്മറപ്പാടിയിലിരുന്നു അയവിറക്കുന്ന എന്നെ പിന്നിൽനിന്നും വീട്ടുകാർ കാണുമെന്നു ഞാനും ശ്രദ്ധിച്ചില്ല….

ആരാത്….

പെട്ടന്നൊരു ശബ്ദത്തോടെ പുറത്തേക്കിറങ്ങിയ കമലമ്മയോടൊപ്പം മറ്റൊരാളുടെ മുറൾച്ചയും ഞാൻ കേട്ടൂ….

വീട്ടിലൊന്നിനെ വളർത്തിയതിനു പകരം വല്ല നായേം വാങ്ങിയാ മതിയാർന്നു…ഇതിപ്പോ കമലേ ഒരു പാടുവാഴയായല്ലോ എന്നൊക്കെ പറയുന്നപോലെ തോന്നി…

ഞാനാണേൽകിട്ടിയ തടിക്കു ഉളുക്കും ചതവും വരരുതെന്ന് പ്രാർത്ഥിച്ചു സകല ശക്തിയും എടുത്തു മതിലിനരികിലേക്കു ഓരോട്ടം വെച്ചുകൊടുത്തു…

ഏട്ടനൊന്നു മിണ്ടതിരുന്നെ… ഇപ്പോ പ്രളയം കഴിഞ്ഞു സാരീം ശർട്ടും വാങ്ങാൻ വരുന്ന കൂട്ടത്തിൽ കള്ളന്മാരും ണ്ടെന്ന് അപ്പർത്തെ രമണി പറഞ്ഞു…

പകലൊക്കെ വന്നു വീട് നോക്കീട്ടു പോവും ത്രേ… രാത്രി ആ വീട്ടിൽ കയറി മോഷ്ടിക്കാറാണത്രെ പതിവും…

ദാ ആ ചെമ്പരത്തീടെ മറവില് ആരോ ണ്ട് ട്ടോ…കയ്യിൽ കിട്ടിയത്തെടുത്തു പൂശിക്കോ ആരായാലും ബാക്കി പിന്നെ നോക്കാം..

നിന്നാൽ ആദ്യം അടിയുറപ്പായപ്പായ സാഹചര്യത്തിൽ ചാടിയ മതിലിലേക്കു കൈയൊന്നു നീട്ടി നോക്കിയപ്പോഴേക്കും മിസൈലുകണക്കെ അവിടെന്നൊരേറാ….

പിറ്റേന്ന് ബോധം തെളിഞ്ഞപ്പോ കട്ടിലിന് ചുറ്റും വീട്ടുകാരൊക്കെ ചുറ്റും കൂടിയിട്ടുണ്ട്…

കണ്ണുരുട്ടിക്കൊണ്ടു അമ്മനിക്കുന്നുണ്ട് പുച്ഛത്തിന്റെ സ്മൈലി വീണ്ടും സമ്മാനിച്ചു അമ്മാവനുമുണ്ട്….

ഞാനൊന്നും അറിഞ്ഞില്ല രാമനാരായണാ എന്ന രീതിയിൽ ദേവീം ണ്ട്

സ്വന്തം വീട്ടിലാണോ മരുമോനെ മതില് ചാട്ടം പ്രാക്രറ്റീസ് ചെയ്യുന്നേ…

വാക്കുകളില്ല എന്ന രീതിയിൽ ഞാനങ്ങു തിരിഞ്ഞു കിടന്നു…അല്ലേലും ഇതുപോലെ പിടിക്കപ്പെട്ടു കഴിഞ്ഞാൽ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ ഉണ്ടാവുമല്ലോ

മൂന്നാല് തവണ ഭസ്മം വാങ്ങാൻ പോയി അവളേം വളച്ചു അവളുടെ നമ്പറും വാങ്ങി ഗൾഫിലേക്ക് പ്ലെയിൻ കയറിയ നിന്റെ കഥ ഈ കുട്ടി ഇന്നലെ പറഞ്ഞപ്പോഴേ ഞാൻ ഉറപ്പിച്ചതാ മരുമോൻ മതില് ചാടുമെന്ന്….

പിന്നെ നിന്റെ അമ്മയെക്കൊണ്ടു ഒന്നുള്ളിരുത്തി ചോദിച്ചപ്പോ നിന്റെ ഭാവിഭാര്യ സത്യം പറഞ്ഞു….

അല്ലേലും ഒരു അവിവിവാഹിതന്റെ സങ്കടം ആർക്കും മനസ്സിലാവില്ലല്ലോ…അപ്പൊ ഇന്നലെ രാത്രിയിലെ മിന്നലാക്രമണം എല്ലാരും കൂടി അറിഞ്ഞോണ്ടാർന്നു ല്ലേ…

അതേ… ഏതായാലും നിനക്കു ഒരു പെടയുടെ കുറവുണ്ടാർന്നു അതു അമ്മ ഒന്നു നികത്താൻ പറഞ്ഞു…

ന്നാലും ന്റെ കമലമ്മക്ക് ഇതെങ്ങനെ തോന്നി…..

ചെലക്കാണ്ട് പോയി കുളിക്കാൻ നോക്കട… ആ പണിക്കരും കൂട്ടരും അമ്പലത്തിലേക്ക് വരാന്ന് പറഞ്ഞിട്ട് ണ്ട്…ഇനി ഇന്നൂടെ നിങ്ങളെ കെട്ടിക്കാതിരുന്നാൽ നട്ടപ്പാതിരക്ക് നീ വീടിന്റെ ഉത്തരം വഴി താഴേക്ക് വീഴും…..അതാ ഇനം..

💓സി.കെ💓

Leave a Reply

Your email address will not be published. Required fields are marked *