ആദ്യ ചുംബനത്തിന് മനംമടുപ്പിക്കുന്ന ബീഡിയുടെ മണമായിരുന്നു… പിന്നീടങ്ങോട്ട് അവൾക്ക് ഏറെ പ്രിയപ്പെട്ട ഗന്ധമായി അത് മാറി.

മാധവി

Story written by Sabitha Aavani

കറുത്ത് മെലിഞ്ഞ് ഉയരം കുറഞ്ഞ പെണ്ണൊരുത്തി.

താലി കെട്ടി മറ്റൊരുത്തന്റേതാകുമ്പോൾ വയസ്സ് പതിനാറ്.

അയാളുടെ ആദ്യ ചും ബനത്തിന് മനംമടുപ്പിക്കുന്ന ബീഡിയുടെ മണമായിരുന്നു…പിന്നീടങ്ങോട്ട് അവൾക്ക് ഏറെ പ്രിയപ്പെട്ട ഗന്ധമായി അത് മാറി.

അയാൾ അവളെ ഒരുപാട് സ്‌നേഹിച്ചിരുന്നു…

ഉച്ചിപൊട്ടുന്ന വെയിൽകൊണ്ട് പാടത്ത് ചേറിൽ പണിയെടുത്ത് വൈകുന്നേരം വന്നു കയറുന്ന അവന് ആവി പാറുന്ന കഞ്ഞിയും മുളകുടച്ച ചമ്മന്തിയും ഒരുക്കിവെച്ചവൾ കാത്തിരിക്കുമായിരുന്നു.

അവളുടെ കോല് പോലെ നീണ്ട കൈത്തണ്ടയും. ഒട്ടിയ കവിളുകളും.. ചോരവറ്റിയ ചുണ്ടുകളും …….അയാളിൽ പ്രണയം ജനിപ്പിച്ചിട്ടുണ്ട്.

മാറി വന്ന ബീഡിപ്പുകയുടെ മണം അവളിൽ സംശയം ജനിപ്പിച്ചില്ല. അയാൾ അവളെ സ്നേഹിക്കുന്നു…പോറ്റുന്നു…. അതിൽ കൂടുതൽ എന്ത് വേണം അവൾക്ക്..?

തന്റെ പ്രായത്തിൽ കൂടെ ഉണ്ടായിരുന്ന പലരും വീട്ടുപണി ചെയ്തും പാടത്ത് പണി ചെയ്തും ജീവിക്കുന്നു..

എന്നാൽ താനോ…?

അയാൾ അടുത്ത് വരുമ്പോൾ മൂക്കിൽ അരിച്ച് കേറാറുള്ള ബീഡിപ്പുകയുടെ മണത്തിന് തങ്ങളുടെ പ്രണയത്തിന്റെ ഗന്ധമുണ്ടായിരുന്നു.

ചോർന്നൊലിക്കുന്ന കൂരയ്ക്ക് കീഴിൽ ബീഡി പുകച്ചു തള്ളിയാണ് തുലാവർഷ രാത്രികളെ അയാൾ വരവേറ്റിരുന്നത്.

എരിഞ്ഞു കൊണ്ടിരിക്കുന്ന മണ്ണെണ്ണ വിളക്കിൽ ബീഡി ചേർക്കുമ്പോൾ അവൾ ഭയത്തോടെ അയാളെ നോക്കും.

തീ അതവളെ പേടിപ്പെടുത്തിയിരിക്കണം….

പണ്ട് തന്റെ കണ്മുന്നിൽ എരിഞ്ഞു വീണ അമ്മയെ അവൾ ഓർക്കും…

ഒരു കൈയ്യബദ്ധം…

അപ്പൻ വഴക്കിനിടയിൽ മണ്ണെണ്ണക്കുപ്പി എടുത്ത് അമ്മയെ എറിഞ്ഞു..

അടുപ്പിനരുകിൽ ഇരുന്ന അമ്മ…..

തീഗോളമായി മുന്നിൽ പാറിയത് ഒരുപാടു നാളുകൾക്കു മുൻപല്ല….

വയസ്സ് പത്തേ അന്ന് അവൾക്കുള്ളൂ…

അപ്പൻ മനഃപ്പൂർവ്വം അല്ല…എന്നാലും…

അപ്പൻ കൊന്നതാ എല്ലാവരും പറഞ്ഞു…

അവൾ ഒഴികെ….

അന്ന് മുതൽ ഭയമായിരുന്നു അവൾക്ക്‌ ..

***************

കാലം കടന്നു.

ആയിടെ അവൻ കൊണ്ട് വരുന്ന ചില്ലുകുപ്പിയിലെ വെള്ളത്തിനു വല്ലാത്ത നാറ്റമായിരുന്നു.

ചാരായം… അവളത് തടഞ്ഞു.

അവൻ കേട്ടില്ല…

പിന്നീടവൾ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല ..

അവൻ തളർന്നു വീഴുന്നതും നോക്കി ഇരിക്കും…

അടുപ്പിൽ തീ പുകയാതെയായി….

പാടത്ത് ചേറിൽ അവളും പണിക്കിറങ്ങി.

ആദ്യനാളുകളിൽ വെയിലേറ്റ് അവൾ തളർന്നു വീണു..പിന്നെ അത് ശീലമായി…

ഒരു ദിവസം പാടത്ത് നിൽക്കുമ്പോൾ ആരോ വന്നു പറഞ്ഞു.

അവൻ വഴിയിൽ വീണു കിടക്കുന്നു..

പ്രാണൻ പിടഞ്ഞ വേദനയിൽ അവൾ ഓടി…..

കാലുകൾ നിലത്ത് ഉറയ്ക്കാതെ.

പോയി… അവൻ പോയി…

വഴിയിൽ ചത്തു മലച്ചു കിടന്ന അവന്റെ മുന്നിൽ കാലിടറി വീണു അവൾ….

അവൾ അലറി…

ഇരുപതിൽ വിധവ ആകേണ്ടി വന്നവള്‍ …

മാധവി!

അവൾ തനിച്ചായി….

അപ്പൻ കൂട്ടായി കൂടെ നിന്നു…

കാലം കടന്നു പോയിക്കൊണ്ടിരുന്നു…

ആരും അവളുടെ ഏങ്ങലുകൾ അറിഞ്ഞില്ല.

ജീവിതമാകെ ഒറ്റപ്പെട്ടു പോയ മാധവിയെ പിന്നീട് ആരും ചിരിച്ച് കണ്ടിട്ടില്ല…

ഇടയ്ക്ക് ഉള്ളിൽ തികട്ടി വരുന്ന ബീഡിപ്പുകയുടെ മണം അവളുടെ പ്രണയത്തിന്റെ ബാക്കി പത്രമായി.

തനിച്ചിരിക്കുന്ന വേളകളിൽ അവൾ അവനോടു സംസാരിച്ചു…

ഭ്രാന്തമായി അവനെ പ്രണയിച്ചു…

അവൻ മരിച്ചിട്ടില്ല…

ഇപ്പോഴും അവളിൽ ജീവിക്കുന്നു എന്നവൾ കഥ മെനഞ്ഞു…

അതെ പൂർത്തിയാക്കാതെ പോയ അവളുടെ ജീവിതത്തെ നിറശോഭയോടെ അവൾ സ്വപ്നം കണ്ടു.

ഒരിക്കലും തിരിച്ച് കിട്ടാത്ത ജീവിതത്തെ കൊതിയോടെ ഓർത്ത് പൊട്ടി കരഞ്ഞു.

പാടത്ത് പണി ചെയ്ത് തിരികെ വരുമ്പോൾ അവർ ഒരുമിച്ച് നടന്നു വരുന്ന വരമ്പുകൾ പ്രണയസിന്ദൂരം പൊഴിക്കുന്നത് അവൾ കിനാവ് കണ്ടു…

വെറുതെ….

മോഹിക്കാൻ…….

നാൽപ്പത് കഴിഞ്ഞിട്ടും ഇന്നും അവൾ അവനെ കിനാവ് കണ്ട് ഉറങ്ങും…

നീണ്ട ഇരുപത് വർഷങ്ങൾ …..

അപ്പൻ കിടപ്പായി ….

അവൾ പാടത്ത് എരിഞ്ഞു എരിഞ്ഞു തീരുന്നത് അവൻ പരലോകത്തിരുന്ന് കണ്ടിട്ടുണ്ടാവണം.

ബീഡിപ്പുക ചുറ്റി വരിഞ്ഞ അവളുടെ പ്രണയത്തെ നാൽപ്പതുകളിൽ എങ്കിലും ആരെങ്കിലും തിരികെ നൽകി എങ്കിൽ…..

ഇന്നും തുലാവർഷ രാത്രികളിൽ അവൾ ഓര്‍ക്കും ബീഡിപ്പുക മണക്കുന്ന രാത്രികളെ പറ്റി …

Related Posts

Leave a Reply

Your email address will not be published. Required fields are marked *