രണ്ടാംകെട്ട്…
എഴുത്ത്: സി.കെ
ആദ്യ ഭാര്യ ഒരുത്തന്റെകൂടെ ഒളിച്ചോടീപ്പോ കിളിപോണഫീലായിരുന്നു .നല്ല വിശപ്പുള്ള സമയത്തു ഉണ്ണോണ്ടിരിക്കുമ്പോ ആ ചോറില് ഒരു പാറ്റവീണ അവസ്ഥ…
നാട്ടിൻപുറത്താണെങ്കിലും ഇനി പട്ടണത്തിലാണെങ്കിലും കെട്ടി ഒരു കൊല്ലം തികയുന്നതിനു മുന്നേ പെണ്ണ് ഒളിച്ചോടിയാ എല്ലാരും സ്ഥിരം പറയുന്നൊരു ഡയലോഗ് ണ്ട്….
“ഒനേക്കാളും ഉഷാറ് ഇപ്പൊ മറ്റോനാവും”
നാട്ടുകാർക്കിടയിൽ കോമാളിയും കൂട്ടുകാർക്കുംവീട്ടുകാർക്കുമിടയിലെ സഹതാപ തരംഗങ്ങളും പരിധിയിൽ കവിഞ്ഞപ്പോൾ വീണ്ടുമൊരു കല്യാണത്തിന് ഞാനും തീരുമാനിച്ചു…അതിനായി ബ്രോക്കറ് തങ്കപ്പേട്ടനെയും ബന്ധപ്പെട്ടു..
ഉള്ളിൽ ആദ്യഭാര്യയോടുള്ള സ്നേഹം എത്ര പൂഴ്ത്തിവെച്ചാലും വീണ്ടും വീണ്ടും കടന്നുവരുമ്പോഴും അതുഎന്നെ ഇട്ടിട്ടുപോയോളോടുള്ള വെറുപ്പാക്കിമാറ്റാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു…..
മറ്റൊന്നുംകൊണ്ടല്ല, എല്ലാം തികഞ്ഞൊരു പെണ്ണിന്റെ ഭർത്താവെന്നെ അഹങ്കാരത്തിൽ പലപ്പോഴും മതിമറന്നുപോയിരുന്നു…
വീട്ടിൽ അമ്മക്കൊത്തൊരു മരുമോള്,കുടുംബക്കാർക്കിടയിൽ നിഷ്കളങ്കയായൊരു നാട്ടിൻപുറത്തുകാരി, കൂട്ടുകാർക്കിടയിലാണേൽ സ്നേഹനിധിയായൊരു ഭാര്യയും….എല്ലാം ഒരൊറ്റ നിമിഷംകൊണ്ടാ അവള് തകർത്തെറിഞ്ഞത്….
പലപ്പോഴും മൊബൈൽ ഫോണിനൊടുള്ള അവളുടെ ഈ അമിത ആസക്തി എന്തിനാണെന്ന് പോലും ഞാൻ ചിന്തിച്ചിരുന്നു..
കമ്പീം സിമന്റും മണലും മാത്രം തലയിൽ കയറ്റിവെച്ചു നടക്കുന്ന എനിക്കീ ഫോണിൽ നോക്കി ചുണ്ടനക്കി ഡാൻസ് ചെയ്യാനോ ഭാര്യയെ നാലാളുകാണാൻ വേണ്ടി ഊഞ്ഞാലാട്ടിക്കൊടുക്കുന്ന പരിപാടിയൊന്നും ഇഷ്ടമല്ലായിരുന്നു…
പിന്നെപ്പിന്നെ ഇതിന്റെപേരിൽ നാലുപെണ്ണുങ്ങൾ കൂടുന്നിടത്തും കല്യാണ സഭകളിലെ വിശ്രമവേളകളിലും ഇതിന്റെ പേരിൽ കളിയാക്കൽ തുടങ്ങിയപ്പോ ഞാനും ഒന്നു മൈക്കിൾ ജാക്സൻ ആവാൻ തീരുമാനിച്ചു…
അങ്ങനെ അവളൊത്തുള്ള ആദ്യത്തെയും അവസാനത്തെയും ഡാൻസിന് ഞാനിറങ്ങാൻ തീരുമാനിച്ചു…പൗരുഷമില്ലാതെ ജീവിച്ചിട്ടെന്തു കാര്യം….
സത്യത്തിൽ അതവസാനത്തേതുതന്നെയായിരുന്നു…ആ വീഡിയോ കണ്ട ഏതോ ഒരു സമദ്രോഹി” ചേട്ടനെ ചേച്ചി ഷോക്കടിപ്പിച്ചാണോ കളിപ്പിച്ചതെന്നുള്ള” ഒരു കമന്റോടുകൂടി അതും തീർന്നു….
പിന്നീടൊക്കെ വീടിന്റെ സൈഡിൽ നിന്ന് റൂമിൽ നിന്ന് പറ്റുന്നത് എവിടെയൊക്കെയാന്നുവെച്ചാൽ അവിടെനിന്നു മുഴുവനും ഓരോരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടി, എനിക്ക് പകരം മൊബൈലിനെ സ്നേഹിച്ചുതുടങ്ങി… ചെയ്തവീഡിയോ കുറെ ആൾക്കാർ പിന്തുടരുന്നുണ്ട്,കൊറേആൾക്കാർ ഇഷ്ടപ്പെടുന്നുണ്ട് എന്നൊക്കെ എന്നോട് വീമ്പ് പറയും
ചിലപ്പോഴൊക്കെ മൊബൈലിലേക്ക് വരുന്ന കോളുകൾ അഭിയായിട്ടും,രതിയായിട്ടും അങ്ങനെ നീണ്ടുതുടങ്ങി…ചോദിക്കുമ്പോ അതൊക്കെ ടിക്ടോക്കിലുള്ള എന്റെ കൂട്ടാരണ് ഏട്ടാ ന്നും പറയും….
പെട്ടെന്നൊരു ദിവസം ഞാൻ ജോലിക്ക് പോയ സമയത്ത് വീട്ടിൽപ്പോവാണെന്നും പറഞ്ഞു മാറ്റിയുടുക്കാൻ കയ്യിലൊരു ടൂപീസ്‌കൂടി കരുതാതെ അവളഞ്ഞിറങ്ങിപ്പോയി,ഉച്ചയൂണും കഴിഞ്ഞു ഭാര്യക്കൊന്നു വിളിച്ചു ഒന്നു സംസാരിക്കണം എന്ന് തോന്നിയപ്പോ ഞാനൊന്നവളുടെ ഫോണിലേക്ക് വിളിച്ചു.
ഫോൺ പരിധിക്ക് പുറത്താണെന്നായിരുന്നു എനിക്ക് കിട്ടിയ വിവരം. വീട്ടിൽ വന്നു കാര്യങ്ങൾ തിരക്കി അവളുടെ വീട്ടിൽ വിളിച്ചപ്പോൾ അവിടെയുമെത്തിയില്ല…ഒടുവിൽ കണ്ണിലിരുട്ടടച്ചിരിക്കുന്ന സമയത്താണ്,ഏകദേശം ഒരു ഏഴുമണിയോടുകൂടി എനിക്കൊരു ഫോണ് വന്നു,ഒരു ലാൻഡ്‌ഫോണ് നമ്പർ,
ഗിരീഷേട്ടാ… എന്നെ അന്വേഷിക്കേണ്ട ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചിറങ്ങിയതാണ്,
ദിവ്യ നീയിതു എവിടാണ് .മിണ്ടാതെ വീട്ടിപ്പോന്നെ, ഞാനാ ബസ്റ്റാന്റിൽ വന്നുനിക്കാം,
ഇല്ല ഏട്ടാ എന്റെ സങ്കല്പത്തിലെ പുരുഷനെ ഞാൻ ഇപ്പോഴാണ് കണ്ടെത്തിയത്, എന്നെപ്പോലത്തെന്നെ സ്വപ്നങ്ങളുള്ള ഒരു മനുഷ്യൻ, അഭി….
അഭിയോ… ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ ഞാൻ…
ആ കേട്ടിട്ടുണ്ട്,ആദ്യമായി ടിക് ടോക്കിലെ ഒരു കമന്റിലൂടെ എന്റെ മനസ്സിൽ ഇടംനേടിയ ഒരാള്…നിങ്ങളിനി എന്നെ ഇനി തിരഞ്ഞുവരരുത്… വരുന്നുണ്ടെന്ന് ഞാനറിഞ്ഞാൽ പിന്നെ ജീവനോടെ നിങ്ങൾക്കെന്നെ കിട്ടില്ല….
എങ്കിൽ ശരി.പിന്നെ ആ കോളേജിൽ പഠിക്കുന്ന ചെക്കനെയും വിശ്വസിച്ച് ഇവിടത്തെ സ്വർഗ്ഗം കളഞ്ഞു വീടുവിട്ടിറങ്ങിയ നിനക്കു നല്ലതു വരട്ടെ..ആശംസകൾ എന്നും പറഞ്ഞു ഞാനാ ഫോണും കട്ടുചെയ്തു….
മാസം രണ്ടായിട്ടും എല്ലാം ഇന്നലെ കഴിഞ്ഞപ്പോലേ….
അല്ല ഗിരീഷേ ആരാപ്പാ വീട്ടിലൊരു പുതിയ അതിഥി… നടന്നുവന്നപ്പോ പിറകുവശം മാത്രേ കണ്ടുള്ളു…..വരുന്ന വരവിൽതന്നെ തങ്കപ്പേട്ടൻ എന്നോട് ചോദിച്ചു
അതിന്നലെ ഞാനൊന്നു രണ്ടാംകെട്ട് കെട്ടി….
അതുകേട്ടതും മൂപ്പരുടെ മുഖമൊന്നു ചുളിഞ്ഞു, ഇയ്യു കൊച്ചുവെളുപ്പം കാലത്തു വീട്ടിക്ക് വിളിച്ചുവരുത്തിയത് കളിയാക്കാനാ….
അയ്യോ തങ്കപ്പേട്ടനെ കളിയാക്കീതല്ല…. പണ്ട് നാടുവിട്ടു പോയ ന്റെ ഭാര്യ തിരിച്ചു വന്നു, വേറെ നാട്ടിൽപ്പോയി റൂമെടുക്കാൻ ഓളെ കെട്ടുതാലി വിക്കാൻ കൂടെ പോയോൻ ചോദിച്ചൂത്രേ…
അതോടെ അവര് അടിയായി, ഒരേസമയം ഞാൻകെട്ടിയ താലീടെ വിലയും കൂടെ ചാടിയ ഓന്റെ വിലയും അവക്ക് മനസ്സിലായിത്രേ….
ന്നിട്ട് ഒരു ഉളുപ്പില്ലാതെ കയറിവന്നോ അവള്, വീട്ടില് അമ്മയൊക്കെ സ്വീകരിച്ചോ..അവരൊന്നും പറഞ്ഞില്ലേ…
വീട്ടിലെ വക്കീല് ഞാനും വിധിപറയാൻ ജഡ്ജിയായി അമ്മയും ണ്ടാർന്നു…ഒന്നൊന്നര മാസം അമ്പലത്തിണ്ണയിലുകിടന്ന് അത്യാവശ്യം പഠിച്ചതാണ്… കൂട്ടുകാര് പറഞ്ഞറിഞ്ഞപ്പോൾ ഒന്നും നോക്കീലാ പോയി ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരാൻ തോന്നി….
ആ ചിലതൊക്കെ പറഞ്ഞാൽ മനസ്സിലാവൂലാ…അനുഭവിച്ചാലെ അറിയൂ….ല്ലേ ഗിരീഷേ…
അവൾക്കൊരു തെറ്റുപറ്റി,അതുക്ഷമിച്ചു സ്വീകരിച്ച എന്നെ നാട്ടുകാര് ഒരു പോഴാനായി കാണും,പക്ഷേ ഇവളെപ്പോലെ മറ്റൊന്നിന്റെ കൂടികടക്കാനോ ഇരിക്കാനൊന്നും എനിക്ക് സാധിക്കില്ല,അതാണ് പ്രശ്നം..
ഹാഹാ ഇപ്പൊ പെണ്ണ് പോയാലും വന്നാലും കേക്ക് മുറിച്ചു വീഡിയോ പരസ്യം ചെയ്യലല്ലേ മോഡല്..തങ്കപ്പേട്ടന്റെ വക ഒരു കേക്കങ് ഓഡർ ചെയ്താലോ….
ഏയ് അതിനേക്കാളും ഇങ്ങളോട് പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി,അതാ ഞാൻ ഇങ്ങളെ ഇങ്ങോട്ടു വിളിച്ചുവരുത്തിയത്,
ഒരു സ്ഥലം വിടാതെ കത്തടിക്കണംട്ടോ, നാട്ടുകാര് ഇതും ആഘോഷിക്കട്ടെ….
ആ അങ്ങനെ ഗിരീഷിന്റെ രണ്ടാംകെട്ടും കഴിഞ്ഞു,ഇനി തങ്കപ്പേട്ടന്റെ റോള് തീർന്നല്ലോ …ഞാനിറങ്ങട്ടെ…
ന്നാലും അടുക്കളയിലുള്ള നിന്റെ ഭാര്യകേൾക്കാൻ വേണ്ടി പറയാണ്, വല്ലാത്തൊരു പണിയാണ് മോള് കാണിച്ചത്….ഈ വയസ്സന്റെ കഞ്ഞികുടി മുട്ടിച്ചുട്ടോ..അതു ദൈവംപോലും പൊറുക്കൂല……