ആയിരിക്കാം സാറ തെറ്റ് എന്റെ ഭാഗത്താവാം. പക്ഷേ വർഷങ്ങൾ കഴിയും തോറും പൈസയോടുള്ള ആർത്തി കൂടി കൂടി കച്ചവട ഭ്രാന്ത്‌ പിടിച്ച ഒരാൾ എന്റെയും മക്കളുടെയും കാര്യങ്ങൾ……

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഗതികെട്ടവൻ മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്തെന്നു പറഞ്ഞത് എത്ര സത്യം.

എന്താടി നിനക്കെപ്പോഴും പരാതി ആണല്ലോ ?

ഞാൻ താങ്കളോട് പരാതി പറയാൻ വന്നോ ഇല്ലല്ലോ ?

മാഡം ചൂടാവാതെ എന്താ കാര്യം ?

ഇത്രയും ദിവസത്തെ വെയില് കണ്ടു ഇന്ന് ബെഡ്ഷീറ്റും കർട്ടൻ തുണിയും എല്ലാം എടുത്തു അലക്കി ദേ ഇടിച്ചുകുത്തി മഴ. ഇനി ഇതെല്ലാം എവിടെ കൊണ്ടു വിരിക്കും ഇരട്ടി പണിയായി. ദേ നിങ്ങൾ ആ അയ ഒന്ന് മുകളിൽ ടെറസ്സിൽ കെട്ടിതരുവോ ?റൂഫ് ഉള്ളതുകൊണ്ട് നനയാതെ കിടന്നോളും.

നിനക്കു വേറെ പണി ഒന്നുമില്ലേ ?മനുഷ്യൻ വെറുതെ ഇരിക്കുന്ന കണ്ടാൽ അപ്പോൾ തുടങ്ങും സൂക്കേട് എനിക്ക് അവിടെ കസേരയിൽ കറങ്ങുന്ന പണി ഒന്നുമല്ല നല്ല കഷ്ടപ്പെട്ടിട്ടു തന്നെയാണ് ഇങ്ങോട്ട് കേറിവരുന്നത്.

അറിയാൻ പാടില്ലാഞ്ഞിട്ടല്ല ഞാനും എഴുന്നേറ്റപ്പോൾ തൊട്ടു തുടങ്ങിയ പണിയാണ്. ഇതുവരെ കുളിച്ചില്ല ഭക്ഷണം കഴിച്ചില്ല. ഈ ഫോണിൽ കുത്തികൊണ്ടിരിക്കുന്ന സമയത്തിൽ ഒരു അഞ്ചു മിനിറ്റ് എടുത്താൽ മതിയല്ലോ എന്നെ സഹായിക്കാൻ. ഇത്തിരി ഉള്ള പിള്ളേരേം കൊണ്ടു ഞാൻ എങ്ങനെ മുകളിൽ പോയി ധൈര്യായി നിൽക്കും.

പിള്ളേരെ ഇവിടെ നിർത്തിയിട്ടു നീ കേറിപ്പോ. ഞാൻ നോക്കിക്കൊള്ളാം.

കൂളായി പറഞ്ഞു ഫോണിൽ തോണ്ടുന്ന അങ്ങേരോട് തീർത്താൽ തീരാത്ത ദേഷ്യം ഉണ്ടെങ്കിലും ബക്കറ്റുമായി തുണി വിരിക്കാൻ കേറിപോയി. രണ്ടു മിനിറ്റ് കഴിഞ്ഞില്ല മക്കൾ പുറകെയെത്തി.

ടെറസ്സിന്റെ അറ്റത്തേക്ക് ഓടിപ്പോകുന്ന അവരെ നോക്കി ബക്കറ്റും ബാക്കി വിരിക്കാനുള്ളതും മാറ്റിവെച്ചു തിരിച്ചു പടികൾ ഇറങ്ങുമ്പോൾ ഭർത്താവ് ഇതൊന്നും അറിയാതെ മയങ്ങുന്നുണ്ടായിരുന്നു.

****************

ഇതൊക്കെ ആയിരുന്നു തുടക്കങ്ങൾ. ചെറിയ ചെറിയ പിണക്കങ്ങൾ പിന്നെ പിന്നെ വല്യ വല്യ ബഹളങ്ങൾ.

ഡി സാറാ, ആഴ്ചയിൽ ഒരു ദിവസം പോലും അവധി ഇല്ലാത്ത ഒരാളുടെ ഭാര്യ ആവുക എന്നാൽ അതൊരു ത്യാഗമാണ് ഒരു പക്ഷേ കന്യാസ്ത്രീ ആവാൻ മഠത്തിൽ പോകുന്നപോലെ.

ഹഹഹ അപ്പോൾ നിന്റെ രണ്ടുമക്കളോ അഹാന ??

പ്രാഥമിക ആവശ്യങ്ങളിൽ ഒന്നായി മാത്രം അതിനെ പ്രതിപാദിക്കാൻ പറ്റൂ. നമ്മൾ ഭക്ഷണം കഴിക്കുന്ന പോലെ ശ്വസിക്കുന്ന പോലെ അതും സംഭവിച്ചു.

ഹഹഹ ഹഹഹ അപ്പൊ ഇനി പരിസരപഠനത്തിൽ പ്രാഥമിക ആവശ്യങ്ങളിൽ സെ ക്സ് കൂടെ ഉൾപ്പെടുത്താം ഇല്ലേ അഹാന ?

നിനക്കു ചിരിക്കാം. അല്ലെങ്കിലും അവനവന്റെ പ്രയാസങ്ങൾ വേദനിപ്പിക്കുക അവനെ മാത്രമാണ് മറ്റുള്ളവർക്ക് അതിൽ പല രസവും മനസിന്റെ വ്യാപ്തി പോലെ കണ്ടെത്തി ആനന്ദിക്കാം.

അഹാന സ്റ്റോപ്പ്‌ ഇറ്റ് !ഞാൻ ചുമ്മാ നിന്നെ ഒന്ന് ഫ്രീയാക്കാൻ പറയുന്നതല്ലേ ?നിന്നെ എനിക്ക് അറിയാം മറ്റാരേക്കാളും.

സാറ കല്യാണം കഴിഞ്ഞ നാളുകളിൽ ഞാൻ വാങ്ങിയ വാക്കാണ് രണ്ടിൽ ഒരാൾ ഇല്ലാതാവുന്ന വരെ ഒരു കട്ടിലിൽ ഒരുമിച്ചു ഉറങ്ങണം എന്ന്. പ്രായമുള്ള ദമ്പതികൾ രണ്ടു കട്ടിലിലും രണ്ടു റൂമിലും ഒക്കെ ആയി കിടക്കുന്ന പോലും എനിക്ക് ഇഷ്ടമായിരുന്നില്ല. ആ ഞാൻ ആണ് ആദ്യം മാറികിടക്കാൻ പായ വിരിച്ചതു. ആദ്യമൊക്കെ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ പിണക്കം മാറി ഒരു പുതപ്പിലായെങ്കിൽ പിന്നെ അത് പല ദിവസങ്ങളോളം മാറി കിടക്കുന്നതിൽ എത്തി.

പരസ്പരം തൊടാതെ സംസാരിക്കാതെ ഒരു റൂമിൽ പകലത്തെ ക്ഷീണവുമായി ഉറങ്ങാൻ ഞങ്ങൾ പരിചയപെട്ടു, പിന്നെ അത് ശീലമായി.

അഹാന അവിടെ നിനക്കു തെറ്റ് പറ്റി. നിന്റെ ഭർത്താവ് നിന്നിൽ നിന്നും പൂർണമായി അകന്നു. ശരിയല്ലേ ?

ആയിരിക്കാം സാറ തെറ്റ് എന്റെ ഭാഗത്താവാം. പക്ഷേ വർഷങ്ങൾ കഴിയും തോറും പൈസയോടുള്ള ആർത്തി കൂടി കൂടി കച്ചവട ഭ്രാന്ത്‌ പിടിച്ച ഒരാൾ എന്റെയും മക്കളുടെയും കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ ഓടിനടന്നപ്പോൾ നിലച്ചുപോയതു എന്റെ സ്വപ്‌നങ്ങൾ ആണ്. ആ മനുഷ്യൻ എനിക്ക് തരാനുള്ള സ്നേഹം മൊത്തം എന്റെ ശ രീരത്തിൽ രാത്രിയിൽ തേടുമ്പോൾ ഹൃദയം തേടുന്നത് കുറച്ചു നല്ല നിമിഷങ്ങൾ മാത്രമായിരുന്നു അയാൾക്കും മക്കൾക്കും ഒപ്പം. അതുകൊണ്ട് തന്നെ എനിക്ക് അയാൾക്കൊപ്പം സന്തോഷത്തോടെ ഒന്നും പങ്കുവെക്കാൻ സാധിച്ചില്ല.

പക്ഷേ അഹാന സ്ത്രീ സ്നേഹിക്കുന്നത് ഹൃദയം കൊണ്ടാണെങ്കിൽ പുരുഷൻ ആഗ്രഹിക്കുന്നത്….

എനിക്ക് അറിയാം സാറ പക്ഷേ ഞാൻ തോറ്റുപോയി എല്ലാ അർത്ഥത്തിലും.

അഹാന കഴിഞ്ഞത് കഴിഞ്ഞു ഇനി എന്താണ് നിന്റെ തീരുമാനം എല്ലാരും നിനക്കു എതിരാണ്. നിന്റെ ഭർത്താവിന്റെ ഉമ്മ പോലും പറഞ്ഞത് നിന്റെ പിടിപ്പു കേടുകൊണ്ടാണ് അയാൾ നിന്നെ മറന്നു വേറൊരുത്തിയെ തേടി പോയതെന്ന്. അപ്പോൾ പിന്നെ പരസ്പരം മാപ്പ് പറഞ്ഞു ഒരുമിച്ചു ജീവിക്കുക എന്നതാണ് ഭൂരിപക്ഷ അഭിപ്രായം. ഒരു വക്കീലായ എനിക്ക് ഉറ്റ കൂട്ടുകാരിയായ നിനക്കു വേണ്ടി ഡിവോഴ്സ് തയാറാക്കുമ്പോൾ ഈ ജോലിയോട് തന്നെ വെറുപ്പ് തോന്നിപോകുന്നു.

ഉമ്മയെ ഞാൻ കുറ്റം പറയില്ല സാറ, അയാൾ തേടിയത് കൊടുക്കാൻ ഒരു വേ ശ്യക്ക് മാത്രമേ പറ്റുമായിരുന്നുള്ളു. അവളെ സംബന്ധിച്ചു ആ വേഴ്ചയിൽ മനസ് പങ്കുവെക്കേണ്ടി വരുന്നില്ല ആ അടങ്ങാത്ത ദാഹം ശമിപ്പിച്ചാൽ മാത്രം മതി.അവളൊരു മേഘം പോലെ പെയ്തു.

പക്ഷേ ഞാൻ ഒരു മരുഭൂമിയായിരുന്നു. സ്നേഹത്തിനായുള്ള എന്റെ പരവേശം അടങ്ങാതെ ഭർത്താവിനെ തൃപ്തി പെടുത്താൻ ഞാൻ നിസ്സഹായ ആയിരുന്നു.

സാറ നീ ഈ അഹാനയോടു എന്തുപറയുന്നു ?ഒത്തിരി പേരുടെ കല്ലേറുകൾ ഏറ്റു ഇനി വേദനിക്കില്ല നിനക്കും പറയാം.

എഴുന്നേറ്റു ചെന്ന് ആ കവിളിൽ മുഖം ചേർത്തു സാറ മന്ത്രിച്ചു. എനിക്കറിയാം അഹാന നിന്നെ, ഞാൻ കൂടെ ഉണ്ടാവും സങ്കടപെടണ്ട.

നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടച്ചു അഹാന പുതിയൊരു അധ്യായത്തിലേക്കു കാലെടുത്തു വെച്ചു ആരുടെയും ആശ്രയമില്ലാതെ മക്കളെ വളർത്താൻ അഭിമാനം പണയം വെച്ചു അയാൾക്കൊപ്പം അഭിനയം തുടരാതിരിക്കാൻ..

(ഇതൊരു കഥയല്ല ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന ചില സന്ദർഭങ്ങൾ ആണ് ഒത്തിരി സ്വപ്നങ്ങളോട് ഒന്നായിട്ടു പെട്ടന്ന് എല്ലാം നഷ്ടപ്പെട്ടു തനിച്ചാകുന്ന നിമിഷങ്ങൾ.ദാരിദ്രമോ രോഗങ്ങളോ അല്ല ഇന്ന് കുടുംബങ്ങൾ തകർക്കുന്നത് പരസ്പരം അറിയാനും സ്നേഹിക്കാനും പറ്റാത്ത വണ്ണം എല്ലാവരും നെട്ടോട്ടമാണ്. വീടില്ലാത്തവൻ ഒരു വീടിനായും അതായി കഴിഞ്ഞാൽ അത് രണ്ടും മൂന്നും നിലകളാക്കാനും മുറ്റത്തു ആഡംബരവാഹനങ്ങൾ പലതാക്കാനും..ദാമ്പത്യത്തിൽ പങ്കാളികൾ പരസ്പരം പങ്കുവെക്കാൻ സമയം കണ്ടെത്തുക അങ്ങനെ മാറ്റി വെക്കാൻ പറ്റാത്ത അത്ര തിരക്കെങ്കിൽ വിവാഹം വേണ്ടെന്നു വെക്കുക പല സിനിമകളിലും കേട്ടുതഴമ്പിച്ച ആ ഡയലോഗ് പോലെ ഒരു ചായ കുടിക്കാൻ എന്തിനാണ് ചായക്കട വാങ്ങുന്നത് )

Related Posts

Leave a Reply

Your email address will not be published. Required fields are marked *