ആ കുഞ്ഞ് മനസ്സിൽ നിറഞ്ഞ ചോദ്യങ്ങൾ അവിടെ തന്നെ അവൾ കുഴിച്ചുമൂടി…

സ്വപ്നങ്ങൾ പൂക്കുന്ന കാലം

Story written by Athira Athi

ഇരുട്ടിൻ്റെ ലോകത്ത് നിന്നും ഋതു ഒരിക്കൽ കൂടെ കണ്ണുകൾ ഇറുക്കി അടച്ച് തുറന്നു.ഇല്ല..ഒന്നും കാണാൻ കഴിയുന്നില്ല.ശബ്ദങ്ങൾ മാത്രം നിറഞ്ഞ ലോകം അവൾക് ഇപ്പൊൾ പരിചിതമാണ്.കാഴ്ച്ച എന്ന അനുഗ്രഹം ദൈവം അരുളിയില്ല എന്ന് അറിഞ്ഞപ്പോൾ , അഷ്ടിക്ക് പോലും വകയില്ലാത്ത തൻ്റെ അച്ഛനും അമ്മയും കൂടെ അനാഥാലയത്തിൽ കൊണ്ട് ചെന്ന് ആക്കിയത് ആണെന്ന് പലപ്പോഴായി ഉയർന്ന തൻ്റെ ചോദ്യത്തിന് ഉള്ള മറുപടി ആയി ആയമ്മ പറഞ്ഞപ്പോൾ,ഉള്ളിൽ നുരഞ്ഞു പൊന്തിയ ഒരു ചോദ്യം ഉണ്ടായിരുന്നു…

“” അഷ്ടിക്ക് വകയില്ലെങ്കിൽ പിന്നെ എന്തിന് ഒരു കുഞ്ഞിനെ വേണമെന്ന് തീരുമാനിച്ചു? കണ്ണുകൾക്ക് കാഴ്ച്ച ഇല്ലാത്ത കുട്ടികൾക്ക് ഈ ലോകത്ത് അച്ഛനും അമ്മയും ഇല്ലേ? എന്താണ് തനിക്ക് മാത്രം ഇങ്ങനെ ഒരു വിധി..??””

ആ കുഞ്ഞ് മനസ്സിൽ നിറഞ്ഞ ചോദ്യങ്ങൾ അവിടെ തന്നെ അവൾ കുഴിച്ചുമൂടി. അല്ലെങ്കിലും ആരോടാണ് ചോദിക്കാൻ ഉള്ളത്?കാണാമറയത്ത് നിൽകുന്ന ദൈവത്തിനോടോ?? കുഞികണ്ണുകൾ നിറഞ്ഞ് തുളുമ്പി എങ്കിലും ആരും കാണാതെ അവളത് തുടയ്ക്കാൻ ഒരു പാഴ്ശ്രമം നടത്തി.അല്ല… കണ്ണുകാണാത്ത അവൾക് എങ്ങനെ തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് അറിയില്ലാലോ..? അത് ആലോചിച്ചപ്പോൾ , ഋതുവിൻ്റെ ചുണ്ടിൽ നിറം മങ്ങിയ പുഞ്ചിരി വിടർന്നു…

മറ്റുള്ളവർ കളിക്കുമ്പോഴും പൂക്കൾ പറിക്കുമ്പോഴും, അവൾ മാത്രം ഒരു വടിയും പിടിച്ച് ഒരു കോണിൽ,ആർക്കും ശല്യമില്ലാതെ ഒതുങ്ങി ഇരിക്കും.അവരൊക്കെ തളർന്ന് വന്നു ഇരിക്കുമ്പോൾ,ഋതു കാതുകൾ കൂർപിച്ച് അവർ പറയുന്നത് കേൾക്കാൻ ഇരിക്കും. നിഷ്കളങ്കതയോടെ അവളുടെ കൂട്ടുകാർ ,അവൾക്കായി നിറങ്ങളുടെയും ശലഭങ്ങളുടെയും പൂക്കളുടെയും എല്ലാം കാര്യങ്ങളെ മനോഹരമായി വർണിക്കും.

ഇടയ്ക്ക് അവൾ ചോദിക്കും..

“” ഈ വെള്ള നിറം എങ്ങനെ ഉണ്ടാവും?പച്ച എങ്ങനെ? ….”” നൂറോളം ചോദ്യങ്ങൾക്ക് മുന്നിൽ അവരുടെ നാവുകൾക്ക് ഉത്തരം ഉണ്ടാവില്ല …മൗനം നൽകുന്ന ഉത്തരത്തിൽ അവളും തൃപ്തയാവും…

ഒരിക്കൽ എങ്കിലും കാഴ്ച്ച കിട്ടിയെങ്കിൽ എന്ന അവളുടെ സ്വപ്നം എന്നും രാവുകളിൽ ചിറകുകൾ അടിച്ച് പറന്ന് പോകും.മനസ്സിൽ ഏതെല്ലാമോ ലോകത്ത് എന്തൊക്കെയോ പരിചിതം അല്ലാത്തത് അവളും കാണും.അവിടെ അവൾക് കാഴ്ച്ച ഉണ്ട്.പാറി നടക്കുന്ന ചിത്രശലഭം കണക്കെ അവളും പോകും..

ഇടയ്ക്കിടെ ആരോഗ്യപരിശോധനത്തിനായി വരുന്ന ഡോക്ടറോട് അത്യധികം ആകാംഷയോടെ ഋതു ഒരു കാര്യം ചോദിച്ചു..

“”” ഡോക്ടർ,നിങ്ങൾക്ക് എന്നെ ഈ നിറങ്ങളുടെയും മനോഹാരിതയുടെയും ലോകത്തേക്ക് കൈപിടിച്ച് നടത്താമോ?? ഈ മനോഹരമായ ലോകം എനിക്ക് കാണണം എന്നുണ്ട്….”” മൂകത തളം കെട്ടി നിൽകുമ്പോൾ,ഒരു കരസ്പർശം അത് മാത്രം അവളറിഞ്ഞു.

മാസങ്ങൾക്ക് ശേഷം ആയമ്മ അവളെയും കൂട്ടി ആശുപത്രിയിലേക്ക് പോയി. അവൾ തുടരെ ചോദിച്ചു..”” എന്താ ആയമ്മെ..എനിക്ക് കുഴപ്പം ഒന്നുമില്ല …എനിക്ക് പേടിയാ..എന്തിനാ എന്നെ ആശുപത്രിയിൽ കൊണ്ടുപോകുന്നത്..?”” അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഡോക്ടർ ആണ്..

“” മോൾക്ക് ഇനി വർണങ്ങൾ കാണാം.. നിനക്കായ് ദൈവം കാത്തുവച്ച ഒരു സമ്മാനം ഉണ്ട്..പക്ഷേ,അത് മറ്റൊരാളുടെ ആയിരുന്നു.. അത് നിനക്കായി നൽകി ദൈവത്തെ കാണാൻ അയാളും പുറപെട്ടു..””

കുഞ്ഞ് മനസ്സിന് ഒന്നും അത്ര മനസിലായില്ല എങ്കിലും ,തനിക്ക് കാഴ്ച്ച കിട്ടുന്നു എന്നത് അവളിൽ ആകാംഷ നിറച്ചു..അവളുടെ സ്വപ്നവും പൂത്തുലഞ്ഞു..
സ്വപ്നത്തിൻ്റെ രഥത്തിൽ കയറി അവളും മയക്കത്തിലേക്ക് വീഴുമ്പോൾ, കാഴ്ചയുടെ കണികകൾ അവൾക്കായി ഡോക്ടർ പകർന്നു നൽകി…..

അവസാനിച്ചു

ആതിര

Leave a Reply

Your email address will not be published. Required fields are marked *