May 29, 2023

ആ നിറത്തെക്കാൾ ഭംഗി ഉണ്ടായിരുന്നു ഭാമയുടെ ചുണ്ടിലെയും കവിളിലെയും ചുവപ്പിന്…

Story written by NIDHANA S DILEEP

പഴയ ഫോട്ടോകളൊക്കെ തുടച്ചുവെയ്ക്കുന്നതിനിടയിലാണ് കല്യാണഫോട്ടോയിലെ ഭാമയുടെ ചിരി നോക്കി നിന്നത്.

എന്ത് ഭംഗിയാ ആ ചിരി.അത് ആ ബ്ലാക്ക് ആന്റ് വൈറ്റ് പടത്തിൽ നിറം പകരുന്നപോലെ.

നാണം കലർന്ന പുഞ്ചിരിയുമായ് ഫോട്ടോയിൽ എന്റെടുത്ത് നിന്ന ഭാമയെ മണ്ഠപത്തിലേക്ക് താലവുമായി അവൾ വരുമ്പോൾ നോക്കി നിന്ന അതേ കൗതുകത്തോടേയും പ്രണയത്തോടെയുംനോക്കി നിന്നു.വെളുത്ത് നരച്ച രോമങ്ങളാൽ ആവൃതമായ കൈകളാൽ അവളുടെ മുഖത്ത് കൈയോടിച്ചു.

ഭാമ…..ഒരു നോട്ടം കൊണ്ട് പ്രണയത്താലും മറുനോട്ടം കൊണ്ട് കോപത്താലും ആണിനെ പിടിച്ച് കെട്ടാൻ കെൽപുള്ള പെണ്ണ്.ആ ഫോട്ടോ നെഞ്ചോട് ചേർത്ത് തല അൽപം പിറകോട്ട് ആക്കി നിന്നു.ഇന്നും അവൾ ഈ നെഞ്ചിൽ വിശ്രമം കൊള്ളും പോലെ.

വർഷം എത്ര കഴിഞ്ഞിട്ടും എൻ്റെ കൺകോണിൽ നീർതിളക്കത്തിൻ നനവ് പടർത്താൻ ഇപ്പോഴും നിനിക്ക് സാധിക്കുന്നത് എങ്ങനെയാണ് ഭാമ…..

നിന്റെ മടിയിൽ കിടന്നു മരിക്കണംന്നുള്ള എന്റെ ആഗ്രഹം മാത്രമെന്തേ നീ സാധിച്ചു തരാതെ പോയത്.ഒരു സമാധാനം മാത്രം നിന്നേക്ക് ചേരാൻ

ഇനി അത്ര ദൂരമില്ല….മടുപ്പാണ്.എന്നെ കേൾക്കാനോ എന്നെ അറിയാനോ ആരും തന്നെ ഇല്ല

നഷ്ടപ്പെട്ടപ്പോഴാണ് മനസിലാവുന്നത് ഇണയെ നഷ്ടപെടുന്നവർ ഭാഗ്യ ദോഷികളാണെന്ന്.യൗവനത്തിൽ പ്രണയവും ശരീരവും പങ്കുവയ്ക്കാനാണ് ഇണ എന്നു കരുതി്.അല്ല …വാർദക്യത്തിലെ ആവലാതികളിൽ സ്വാന്തനമാവാൻ…സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പുറം തോട് പൊട്ടിച്ച് മറ്റുള്ളവരിലെ അറപ്പ് പുറത്ത് വരുമ്പോൾ ‘ഞാനില്ലേ’ എന്നു പറയാതെ പറയാൻ.ഒന്നുമില്ലെങ്കിലും എനിക്കായ് ഒരാൾ ഉണ്ടെന്നു സമാധാനിക്കാൻ.

ഫോട്ടോയുമെടുത്ത് കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.എന്തൊക്കെ മാറ്റങ്ങൾ…..ശരീരമെല്ലാം ചുക്കിചുളിഞ്ഞിരിക്കുന്നു.ചുളുങ്ങി ചുരുണ്ട കൺതടങ്ങൽക്കിടയിൽ ഞെരുങ്ങി കിടക്കുന്ന കണ്ണുകൾ….കൺപുരികങ്ങളിൽ പോലും ജര ബാധിച്ചിരിക്കുന്നു.ഞരമ്പുകൾ തെളിഞ്ഞു കാണുന്നു.

“എന്ത് ചുമയാ അത്…മനിഷന് സ്വസ്ഥത തരില്ല ഒരിക്കലും”

എന്തൊക്കെയോ അലോചിച്ച് നിൽക്കേ നിർത്താതെ ചുമച്ചു പോയി. അപ്പോഴേക്കും റൂമിനു വെളിയിൽ നിന്നും മരുമകളുടെ സ്വരം ഉയർന്നു.ഈ ചുമ ഇപ്പോ എപ്പോഴും ഉണ്ട്.എന്ത് ചെയ്യാനാണ്.അത് കേൾക്കുമ്പോൾ തുടങ്ങും അവളുടെ ശകാരം.

പെണ്ണ്കാണാൻ പോയപ്പോൾ തല ഉയർത്താതെ നിൽക്കുന്നത് കണ്ട് വിചാരിച്ചു ഇവളാണ് മോനു പറ്റിയ പെണ്ണ് എന്ന്.പക്ഷെ വന്നു കയറി പിറ്റേന്നു തന്നെ അവൾ തെളിയിച്ചു അവളെ പോലൊരുത്തിയെ വേറൊരാൾക്കും മരുമകളായി കൊടുക്കല്ലേന്നു.

“എങ്ങനെ ചുമയ്ക്കാതിരിക്കും.പൊടി പിടിച്ചു കിടക്കുവല്ലേ ആ റൂം.ആരെ കൊണ്ടും വൃത്തിയാക്കാനും സമ്മതിക്കില്ല.ദുശാഠ്യം..അല്ലാതെന്താ…”

ദുശാഠ്യമല്ല ആഗ്രഹം.ഈ റൂമിലെ ഓരോ സാധനവും ഭാമയുടെ ഇഷ്ടത്തിനാണ് വച്ചത്.കട്ടിൽ എവിടെ വേണം…കണ്ണാടി എവിടെ വേണം അങ്ങനെ ഓരോ ചെറിയ സാധനത്തെ പറ്റിപ്പോലും അവൾക്ക് കണക്കുണ്ടായിരുന്നു.എനിക്ക് ആകെ നിർബന്ധം കല്യാണ ഫോട്ടോയും എന്റെ ആർമി മെഡലുകളും എന്നും ഉണരുമ്പോഴും ഉറങ്ങാൻ നോക്കുമ്പോഴും കാണണംന്നായിരുന്നു.ഒന്ന് പ്രണയ ഭാവമെങ്കിൽ മറ്റൊന്ന് എന്റെ യൗവനത്തിലെ വീര ഭാവമാണ്.ബാക്കി ഒക്കെ ഭാമയുടെ ഇഷ്ടത്തിനു വിട്ട് കൊടുത്തു.

ആരെങ്കിലും വൃത്തിയാക്കുമ്പോൾ എതെങ്കിലും സാധനങ്ങൾക്ക് കേട്പാട് വരികയോ സ്ഥാനമാറ്റം ഉണ്ടാവുകയോ ചെയ്താലോന്നുളെള പേടി കാരണം എത്ര വയ്യെങ്കിലും ഞാൻ തന്നെ വൃത്തിയാക്കും.ആരെ കൊണ്ടും തൊടീക്കില്ല.

ഒരു ദിവസം അവളുടെ ഏതോ ബന്ധു വരുന്നുന്നു പറഞ്ഞപ്പോൾ പോഷത്തരം കാണിക്കാനായ് എന്റെ മെഡലുകൾ എടുത്ത് സെൻട്രൽ ഹാളിലെ ഷോക്കേസിൽ കൊണ്ട് വച്ചു.

സാധാരണ ഡസ്റ്റ് അലർജി എന്ന് പറഞ്ഞ് ഈ റൂമിൽ കേറാത്തവളാ.അവളെ പേടിച്ച് മോനും.അന്ന് എന്റെ കൈയിന്നു കണക്കിന് കിട്ടി .അവളെ കൊണ്ട് തന്നെ എടുത്ത സ്ഥലത്ത് തിരിച്ച് വെപ്പിച്ചു.

അവളുടെ പ്രശ്നം ഈ റൂം പൊടി പിടിച്ച് കിടക്കുന്നതല്ല.എന്റെ ഒരു ആയുസ്സിൽ സമ്പാദിച്ചതൊക്കെ എടുത്ത് ഉണ്ടാക്കിയതാണ് ഈ വീട്.ഞങ്ങളുടെ സ്വപനം. വീടിനു കൊടുക്കേണ്ട നിറം പോലും ഞങ്ങളുടെ സ്വപ്നങ്ങളിലുണ്ടായിരുന്നു. ഇവൾ വീട്ട് ഭരണം ഏറ്റെടുത്തപ്പോൾ ആദ്യം ചെയ്തത് ആ നിറം മാറ്റി വേറെ കളർ നൽകി എന്നതാ.ഈ റൂമിലെ മാത്രം പെയ്ന്റ് മാത്രം മാറ്റാൻ സമ്മതിച്ചില്ല.

അവൾക്കിത് വെറും നിറം മങ്ങിയ ചുമർ.ഈ ചുമരിൽ തലോടുമ്പോൾ അറിയാം പറ്റും ഞങ്ങളുടെ പ്രണയത്തിന്റെ മൃദൃലത.ഈ മുറി മാത്രം പെയ്ന്റ് ചെയ്തത് ഞാനും ഭാമയുമാ.

പ്രണയത്തോടെ….ഒരുപാട് സമയമെടുത്ത്….വാക്കിനെക്കാൾ കൂടൂതൽ കണ്ണുകളിലൂടെയും ചുണ്ടിലെ പുഞ്ചിരിയുലൂടെയും പ്രണയം പങ്ക് വച്ച്…..ഒരു ബ്രഷിൽ ഞങ്ങളുടെ കൈ ചേർത്ത് വച്ച് മറു കൈ ഭാമയുടെ ഇടുപ്പിൽ ചുറ്റി…. ബ്രഷിൽ നിന്ന് നിറക്കൂട്ട് ചുമരിൽ പടർത്തി….ഇടയ്ക്ക് അവളുടെ പിൻ കഴുത്തിൽ മീശയും കവിളും ഉരസി…കൈ വിരലാൽ ഇടുപ്പിൽ കുസൃതി കാണിച്ചു.അപ്പോഴൊക്കെ അവൾ ചുണുങ്ങി എന്റെ കരവലയത്തിൽ നിന്ന് അടരാൻ പാഴ് ശ്രമങ്ങൾ നടത്തി.ഇടക്ക് എന്റെ നോട്ടം താങ്ങാവാനാവാത്തതു പോലെ മുഖം താഴ്ത്തി.ആ താടി തുമ്പ് പിടിച്ച് വീണ്ടും ഉയർത്തും .ഇടയ്ക് കണ്ണുകൾ കോർക്കുമ്പോൾ നാണത്താൽ അവൾ നോട്ടം മാറ്റും.പിന്നെയും അവളുടെ കണ്ണുകൾ എന്നെ തേടി വരും.അന്ന് ഞങ്ങളുടെ കൈകളിലും കവിളിലുമെല്ലാം ആ നിറക്കൂട്ട് അടയാളപ്പെടുത്തിയിരുന്നു.ആ നിറത്തെക്കാൾ ഭംഗി ഉണ്ടായിരുന്നു ഭാമയുടെ ചുണ്ടിലെയും കവിളിലെയും ചുവപ്പിന്.

ഞാനില്ലാത്ത സമയത്ത് മരുമകൾ മുറിയിൽ കേറി എന്തെങ്കിലും ചെയ്താലോന്നു പേടിച്ച് രാവിലെ ഉള്ള നടത്തം പോലും നിർത്തി.അല്ലേലും ആ നടത്തത്തിന്റെ സുഖമെല്ലാം പോയി.പരിചയക്കാർ കുറഞ്ഞു.ചെറുപ്പക്കാരാണേൽ ചെവിക്കുള്ളിൽ സംഗീതം തിരുകി അതിൽ ലയിച്ച് നടക്കും.ബാക്കി ഉള്ളവരെ വിഷ് വരെ ചിലപ്പോ ചെയ്യില്ല.നമ്മൾക്കക്കെ രാവിലത്തെ നടത്തം എന്നത് വെറും വ്യായാമം മാത്രമല്ല സൗഹൃദം പുതുക്കാൻ കൂടിയാണ്.

“ഹലോ മിസ്റ്റർ കേണൽ നിങ്ങൾ ഇന്നു പത്ത മിനുട്ട് ലേറ്റാണല്ലോ”

എന്ന് കേൾക്കുമ്പോൾ നമ്മളെ ആരൊക്കെയോ പ്രതീക്ഷിക്കുന്നു എന്ന തോന്നൽ തരുന്ന സന്തോഷം ഒത്തിരിയാണ്.

മരുമകളുടെ ശകാരം പുറത്ത് മുഴങ്ങുന്നുണ്ട്.പഴയ ട്രങ് പെട്ടി തുറന്ന് പഴയ മോഡൽ റേഡിയോ എടുത്തു.എന്റെ ആദ്യ ശമ്പളത്തിനു വാങ്ങിയതാണ്.മിലിട്ടറി ക്യാമ്പിലെ വിനോദമായിരുന്നു റേഡിയോ.അതിൽ നിന്നും എത്തുന്ന പഴയ ഹിന്ദി പാട്ടുകൾ കേട്ട് ഭാമയെ ഓർത്തു കിടക്കും.ഞങ്ങൾ ചിലവിട്ട ഓരോ നിമിഷവും ഓർമ വരും.

ഹോ…അങ്ങനെ കിടക്കുന്നതിന്റെ സുഖം വേറെ തന്നെയാണ്.

ഗൗതമിനെ കൊണ്ട് കഴിഞ്ഞ ദിവസം ഇത് നന്നാക്കിച്ചു.ഇത്തിരി കിരുകിരാ ശബ്ദമുണ്ടെന്നല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമില്ല.ശബ്ദം കൂട്ടി വെച്ച് ഹിന്ദി പാട്ടും വെച്ച് നെഞ്ചിൽ കല്യാണ ഫോട്ടോയും വെച്ച് കിടന്നു.

“ധീരജ്…പോയി ഗ്രാൻപയോട് പറ നമ്മൾ ഫിലിം കാണാൻ പോവാന്നു.ഉമ്മറത്ത് വന്നിരിക്കാൻ പറയ്…ആ റൂമിൽ തന്നെ അടയിരുന്ന് വീട്ടിൽ കള്ളൻ കേറിയാ പോലും അറിയില്ല”

ഒഴുകിയെത്തിയ സുഖമുള്ള ഓർമയ്ക്ക് തടയിട്ടു കൊണ്ട് അവളുടെ ശബ്ദം പിന്നെയും ഉയർന്നു

മമ്മാ..അപ്പോൾ ഗ്രാൻപ വരുന്നില്ലേ

“അപ്പോ ഇവിടെ ആരാ.അല്ലെങ്കിൽ തന്നെ ചുമയാ.ഇനി എസിയിൽ ഇരുന്നിട്ടു വേണം കൂട്ടാൻ”

ലേ ലഡാക്ക്..കാശ്മീർ പോലുള്ള ഇടങ്ങളിളിലെ തണുപ്പിലൂടെ കൗമാരത്തിന്റെ അവസാനവും യൗവനവും കടന്നു പോയ എന്നോട് ആണ് അവൾ ഏസിയുടെ തണുപ്പിനെ പറ്റി പറയുന്നത്

കേണൽ…ഗ്രാൻമയുടെ ഫോട്ടോ നോക്കിയിരിക്കുവാണോ

ധീരയുടെ ശബ്ദം കേട്ടതും എഴുന്നേറ്റിരുന്നു.റേഡിയോ ഓഫ് ചെയ്തു.അവൻ ഇടയ്ക്ക് എന്നെ കേണൽ എന്നു വിളിക്കും.വേറെ ആരു വിളിച്ചതിനെക്കാളും സന്തോഷവും അഭിമാനവും ആ വിളി കേൾക്കുമ്പോൾ തോന്നും

ധീരാ….നിനിക്ക് അറിയോ ഞാൻ എപ്പോഴാ നിന്റെ ഗ്രാൻമയെ കണ്ടത് എന്ന്.

ഭാമയുടെ പുഞ്ചിരിയിൽ ഒന്നു തലോടിയ ശേഷം അവനെ നോക്കി. താൽപര്യത്തോടെ എന്നെ കേൾക്കാൻ അടുത്തിരിക്കുന്നു.പറഞ്ഞ് പഴകിയതാണെങ്കിലും പറയാൻ എനിക്കോ കേൾക്കാൻ അവനോ മടുപ്പുണ്ടാവാറില്ല

ഒരു ദിവസം ഓഫീസിലിരിക്കെ എനിക്ക് ഒരു ടെലഗ്രാം വന്നു കം ‘ഫാസ്റ്റ് അർജന്റ്’അത്ര മാത്രം.പണ്ട് ഫോണൊന്നും എല്ലായിടത്തും ഇല്ല.എല്ലാരും ടെലഗ്രാമാ ഉപയോഗിക്കുക.അതും കുറച്ച് പദങ്ങളിൽ ഒതുക്കും.ആ മെസേജ് കണ്ടതും ഞാൻ ആകെ പേടിച്ചു പോയി.വീട്ടിലെ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയോന്നു വിചാരിച്ച്.അത്രയും വലിയ കാര്യങ്ങൾക്കെ മെസേജ് വരൂ.

എങ്ങനെയൊക്കെയോ ലീവ് ശരിയാക്കി അവിടുന്ന് വണ്ടി കേറി.ടെൻഷനടിച്ച് വീട്ടിൽ എത്തുമ്പോൾ വീട് ഓക്കെ അലങ്കരിച്ചിരിക്കുന്നു.എന്താ കാര്യം…. എന്റെ കല്യാണമാ പിറ്റേന്ന്.

അതും പറഞ്ഞ് ധീരയേ നോക്കിയപ്പോൾ അവനും എന്നെ നോക്കി ചിരിച്ചു.

എന്നിട്ട്……

എന്നിട്ട് എന്താ…ഞാനാണേൽ പെണ്ണിനെ കണ്ടിട്ടില്ല.പേരു പോലും അറിയില്ല. അമ്മയുടെ പിറകെ കുറേ നടന്നു പെണ്ണിനെ പറ്റി അറിയാൻ.അമ്മയും അച്ഛനും അമ്മാവനൊക്കെ കല്യാണ തിരക്കിൽ ഓടി നടക്കുകയാ.അവസാനം പേരു മാത്രം പറഞ്ഞ് തന്നു ഭാമാന്നു

താലവുമായി കല്യാണ മണ്ഠപത്തിൽ വരുമ്പോഴാ കണ്ടത് .അന്ന് ഞാൻ അവളെ തന്നെ നോക്കി നിന്നു പോയി.പയ്റ്റടി പൂവിന്റെ കളർ പട്ടു സാരി ഉടുത്ത്…..തലയിൽ മുഴുവൻ മുല്ലപ്പൂ ചൂടി ….ആ നേരം അവളെന്റെ മുഖത്തു പോലും നോക്കിയില്ല

ആ ഓർമയിൽ എന്റെ കണ്ണുകൾ വിടർന്നു ….നേരിൽ കാണും പോലെ.

ധീര മുറി വിട്ട് പോയിട്ടും ആ ഓർമയിൽ നിന്നും ഞാൻ ഉണർന്നില്ല.

കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു.അവർ പോയി എന്നു തോന്നിയതും റേഡിയോയും വാക്കിങ് സ്റ്റിക്കുമെടുത്ത് ഉമ്മറത്ത് വന്നുരുന്നു.കിരുകിരാ ശബ്ദത്തോടൊപ്പം റേഡിയോയിൽ നിന്നും ഒഴുകിയ പഴയ ഹിന്ദി പാട്ടിൽ എപ്പോഴോ മുറിഞ്ഞു പോയ സ്വപ്നത്തിൽ മുഴുകിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *