ആ സമയത്താണ് ഞാൻ ഈ പാവാടയും ബ്ലൗസും ഇട്ടോണ്ട് ക്ലാസ്സിലേക്ക് ചെല്ലുന്നത് .. എന്നെ കണ്ടതോടെ അവർ നാലു പേരും എന്തൊക്കെയോ സ്വകാര്യം പറഞ്ഞു വായ പൊത്തി ചിരിക്കാൻ തുടങ്ങി……..

പുള്ളിപ്പാവാട

എഴുത്ത്:- ബിന്ദു എന്‍ പി

അഞ്ചാം ക്ലാസ്സിൽ നിന്നും ഞാൻ ആറാം ക്ലാസ്സിലേക്ക് പുതിയ സ്കൂളിലേക്ക് മാറിയ സമയം .. ആ ക്രിസ്തുമസ് വെക്കേഷന്റെ സമയത്തായിരുന്നു അച്ഛൻ പെങ്ങളുടെ കല്യാണം .. ആ വകയിൽ എനിക്കും കിട്ടി മഞ്ഞയിൽ പൂക്കളുള്ള ഒരു പാവാടയും കുപ്പായവും ..

അളവെടുത്ത് തുന്നാൻ കൊടുത്ത് കാത്തു കാത്തിരുന്ന് കയ്യിൽ കിട്ടിയപ്പോ തുണി എടുത്തത് കുറഞ്ഞു പോയത് കൊണ്ടോ … അതോ ഞാൻ നീളം കൂടിപ്പോയതുകൊണ്ടോ എന്നറിയില്ല പാവാടയ്ക്ക് അൽപ്പം ഇറക്കം കുറവായിരുന്നു ..

എങ്കിലും ആ പാവാടയും ബ്ലൗസുംമിട്ട് ഞാൻ സന്തോഷത്തോടെ കല്യാണത്തിന് പോയി .. അങ്ങനെ സ്കൂൾ തുറന്നു .. പരീക്ഷാ പേപ്പറുകൾ ഒക്കെ കിട്ടിത്തുടങ്ങി .ഞാൻ ഒരു ആവറേജ് സ്റ്റുഡന്റ് അയതുകൊണ്ട് തന്നെ കൂടുതൽ മാർക്കുകളൊന്നും എനിക്ക് കിട്ടാറുമില്ലായിരുന്നു .

പക്ഷേ അത്തവണ മലയാളം പേപ്പർ കിട്ടിയപ്പോൾ എനിക്കായിരുന്നു ക്ലാസ്സിൽ ഫസ്റ്റ് . ഞങ്ങളുടെ ക്ലാസ്സിൽ പഠിപ്പിസ്റ്റുകളായ മൂന്നാല് കുട്ടികൾ ഉണ്ടായിരുന്നു . അവർക്കേറ്റ ക്ഷതമായിരുന്നു അത് .

അവർ നാലുപേരും ഒരു ഗ്യാങ് ആയിരുന്നു . പഠിപ്പിൽ മാത്രമല്ല വില്ലത്തരത്തിലും . മറ്റു കുട്ടികളെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യും ..

ഞാനാവട്ടെ ഇന്നത്തെപ്പോലെ തന്നെയായിരുന്നു അന്നും . എന്തെങ്കിലും ഒരു ചെറിയ കാര്യം മതി വേഗം ടെൻഷൻ ആവും . ആരെങ്കിലും മുഖം കറുപ്പിച്ച് കടുപ്പിച്ച് എന്തെങ്കിലും പറഞ്ഞാൽ അപ്പോ കണ്ണു നിറയും ..

അവർക്ക് നാലുപേർക്കും എപ്പോഴും ഒരേപോലെ ആയിരിക്കും മാർക്ക് . ഇത്തവണ മലയാളത്തിൽ എനിക്ക് മാർക്ക് കിട്ടിയതുകൊണ്ട് തന്നെ അവർക്കെന്നോട് ഭയങ്കര ശത്രുതയുമുണ്ട് .

ആ സമയത്താണ് ഞാൻ ഈ പാവാടയും ബ്ലൗസും ഇട്ടോണ്ട് ക്ലാസ്സിലേക്ക് ചെല്ലുന്നത് .. എന്നെ കണ്ടതോടെ അവർ നാലു പേരും എന്തൊക്കെയോ സ്വകാര്യം പറഞ്ഞു വായ പൊത്തി ചിരിക്കാൻ തുടങ്ങി . മറ്റു കുട്ടികളെയും കൂട്ടുപിടിച്ചു കൊണ്ട് ഞാൻ പോകുന്നിടത്തൊക്കെ വന്നു കളിയാക്കാൻ തുടങ്ങി .അവരുടെ നോട്ടവും പരിഹാസച്ചിരിയും എന്നെ വല്ലാതെ വേദനിപ്പിച്ചു ..

അന്ന് ഏറെ ഡ്രെസ്സുകൾ ഒന്നുമില്ലായിരുന്നു . അതുകൊണ്ട് തന്നെ ഏറെ ആഗ്രഹിച്ച് കിട്ടിയ ആ പാവാടയും ബ്ലൗസും എനിക്കിടാനും ഇടാതിരിക്കാനും വയ്യാ എന്ന് പറഞ്ഞതുപോലെയായി .

പിന്നീട് ഞാൻ അത് ഇടാതെയായി .. അത് ഇടാതിരിക്കുമ്പോ അച്ഛന്റെ മൂത്ത പെങ്ങൾ പറയും…

“പെണ്ണിന്റെയൊര് അഹംഭാവം നോക്കിയാട്ടെ … ഈലും നല്ലത് എനി ഇനിക്ക് ആര് മേടിച്ചേരൂന്ന് വെച്ചിറ്റാ ..”

മറുപടി ഒന്നും പറയാതെ സങ്കടത്തോടെ ഞാനതു കേട്ട് നിൽക്കും …

കാലങ്ങൾ ഒരുപാട് കടന്നുപോയെങ്കിലും ഇന്നും ചിലപ്പോഴൊക്കെ ആ മഞ്ഞയിൽ പൂക്കളുള്ള പാവാട ഉടുത്തുകൊണ്ട് ആ ആറാം ക്ലാസുകാരി എന്റെ മനസ്സിലേക്ക് കടന്നു വരാറുണ്ട് .. സങ്കടപ്പെടുത്തുന്ന ഒരോർമ്മയായി …

അപ്പോഴൊക്കെ എനിക്ക് തോന്നും കുഞ്ഞു മനസ്സുകളിൽ ആഴത്തിൽ ഏറ്റ മുറിവുകളെ ഉണക്കാനുള്ള മരുന്നുകളൊന്നും ഇന്നും കാലത്തിന്റെ കൈകളിൽ ഇല്ലെന്ന്

Related Posts

Leave a Reply

Your email address will not be published. Required fields are marked *