ഇച്ഛന്റെ അപ്പറേ നിക്കണ പെൺകൊച്ചു ഇണ്ട് ല്ലോ..ആ കുട്ടിക്ക് ഇല്ലേ ഇച്ചനോട്…..

എഴുത്ത്:- നക്ഷത്ര ബിന്ദു(ശിവാനി കൃഷ്ണ)

അപ്പച്ചന്റെ ട്രാൻസ്ഫർ കാരണം തിരോന്തരത്ത്ന്ന് ഒറ്റ പറക്കലിന് കോട്ടയത്ത് എത്തിയ സ്ഥിതിക്ക് കുറച്ച് പട്ടി show കാണിച്ചേക്കാം ന്ന് ഓർത്ത് രാവിലെ തന്നെ ബാംഗ്ലൂർ ഡേയ്‌സിൽ നസ്രിയ ഇടുന്ന പോലത്തെ ഡ്രസ്സ്‌ ഒക്കെ ഇട്ട് പോണി ടയിലൊക്കെ കെട്ടിവച്ചങ്ങിറങ്ങി…

ഇനി വല്ല കിളിയും കൊത്തിയാലോ… ജന്മനാ സുന്ദരി ആയിപ്പോയില്ലേ.. എന്ത് ചെയ്യാം…

അങ്ങനെ നാട്ട് കാഴ്ചകൾ ഒക്കെ കണ്ട് ഇങ്ങനെ നടന്ന് വന്നപ്പോ ഒരു വീടിന്റെ മുന്നിൽ ഒരു കൊച്ചു നിന്ന് കളിക്കുന്നു…കൊച്ചന്ന് പറഞ്ഞാ ഒരു പെൺകൊച്ചു… ഒരു രണ്ട് വയസ്സൊക്കെ കാണും.. നീളൻ കൈയുള്ള ഉടുപ്പൊക്കെ ഇട്ട് നിക്കുന്ന കണ്ടാൽ നിങ്ങളെ പോലെയുള്ള ഏത്‌ കോഴിക്കും ഒന്ന് ചെന്നെടുക്കാനൊക്കെ തോന്നും…

എന്നെ കണ്ടപ്പോ അവൾ നിന്ന് നാണം കുണുങ്ങുന്നു…ഞാൻ ചെന്ന് ഓൾടെ മുന്നിൽ താഴേക്ക് കുത്തിയിരുന്നു..എന്നെ നോക്കി പുള്ളിക്കാരി ഒരേ ചിരിയാ..

“കുഞ്ഞാവാന്റെ പേരെന്നാ..”

“പപ്പി..”

“പപ്പിയാ… ഹഹ.. നീയെന്ന പട്ടിക്കുട്ടി ആണോ പപ്പി ന്ന് പേരിടാൻ.. ആരാ കുഞ്ഞിന് ഇങ്ങനെ പേരിട്ടത്..”

“ഇച്ച… ഇച്ച ക്ക് ലയ ന്ന് വിച്ചൂന്നെ ഇട്ടല്ല.. ഇച്ച പപ്പി വിളിക്കും…”

ഏത്‌ വിവരമില്ലാത്തവൻ ആണോ…

അങ്ങനെ നിന്നപ്പോ വഴീലൊരു ഐസ്ക്രീം വണ്ടിക്കാരൻ.. നമ്മടെ പപ്പി മോളാണെങ്കി അയാളെ തന്നെ നോക്കി നിപ്പാ…ഈ കൊച്ച് വെളുപ്പാങ്കാലത്ത് ഏത്‌ പൊട്ടൻ ആണ് ഐസ്ക്രീം വണ്ടിയും തള്ളി വന്നത് എന്ന് നിങ്ങക്ക് ഒരു തോന്നൽ ഇണ്ടാകും.. അതെന്താന്ന് വച്ചാൽ എഴുനേക്കാൻ കുറച്ച് ലേറ്റ് ആയോണ്ട് സമയം പതിനൊന്നായെ…

“പപ്പി മോൾക്ക് ഐസ്ക്രീം വേണോ..”

“മ്മ്ഹ്… മാണ്ട.. ഇച്ച വക്ക് പറയും..”

“എന്തിന്?”

“ആഞ്ഞൂടാത്തോരോട് മിണ്ടല്ലന്നാ പാഞ്ഞേ..”

“അവള്ടെ ഒരു ഈച്ച.. നീ വാടി കൊച്ചേ.. ഒരു ഐസ്ക്രീം വാങ്ങി തന്നെന്നും പറഞ്ഞു ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല.”

ഞാൻ അവളെ പൊക്കിയെടുത്തു ഐസ്ക്രീം കാരന്റെ അടുത്തേക്ക് നടന്നു.. നോക്കിയപ്പോ നമ്മടെ കുൽഫി ചേട്ടൻ പല ഫ്ലെവറിൽ ഇങ്ങനെ നിറഞ്ഞു കിടക്കുവല്ലേ…ഓരോന്നിന്നും രണ്ടെണ്ണം വീതം ഇങ്ങ് വാങ്ങിയിട്ട് നോക്കിയപ്പോ അപ്രത്ത് പിള്ളേർടെ പാർക്കാ…

“പപ്പിയേ നമുക്ക് പാർക്കിൽ പോയി ഇരുന്നു കഴിച്ചാലോ..”

“ഹായ്….”

പാർക്കിൽ ഒന്നോ രണ്ടോ പിള്ളേർ നിന്ന് കളിക്കുന്നതല്ലാതെ അധികമാരൂല്ല… ഞങ്ങൾ രണ്ടും കൂടെ മറ്റേ കറങ്ങുന്ന സാധനത്തിൽ കേറി കളിച്ചു…കുൽഫി ഒരു രക്ഷേമില്ലാട്ടോ.. എന്നാ ടേസ്റ്റ്…

ഇങ്ങനെ വണ്ടിയിൽ കൊണ്ട് വരുന്ന കുൽഫി അമ്മച്ചി വാങ്ങാൻ സമ്മതിക്കാറേ ഇല്ല… ആറ്റിലെയും തോട്ടിലെയും വെള്ളം വച്ചു ഉണ്ടാക്കുന്നതാണെന്നൊക്കെ അങ്ങ് വെച്ചു കാച്ചും.. എന്നാലും അഞ്ചു രൂവ കയ്യിലുണ്ടെങ്കിൽ ഞാൻ പോയി വാങ്ങും.. ഹും ..

തിന്നും കളിച്ചും ഒരു നേരമായി… പപ്പിമോൾ ആണെങ്കിൽ കളിക്കുന്ന തിരക്കില.. ഞങ്ങൾ പെട്ടെന്ന് കൂട്ടായി ട്ടാ… ഓൾ എന്നെ ഇപ്പോ ഇച്ചേച്ചി ന്നാ വിളിക്കുന്നെ.. അല്ലങ്കിലും ഞാൻ ഒരു കില്ലെടി തെന്നെ..

ഇനീം കളിച്ചോണ്ട് നിന്നാ മാത്യൂസ് മോളെ കാണാൻ ഇല്ലെന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ ചെല്ലും ന്ന് തോന്നിയപ്പോ പപ്പിയേ വിളിച്ചോണ്ട് ഇറങ്ങി..

“ഇചിരീം കൂടി കളിച്ചാ ഇച്ചേച്ചി…”

“നമുക്ക് ഇനി നാളെ പോവാം പപ്പി മോളെ..”

“മ്മ്..”

“ശ്ശെടാ.. പിണങ്ങാതെ… ഇനി എന്നും കൊണ്ടുവാം… പോരെ..”

“എന്നും കൊണ്ടുവോ…”

“പിന്നില്ലേ..”

“ന്നാ ചക്കരുമ്മ..”

ഉമ്മയൊക്കെ വാങ്ങി കിണിച്ചോണ്ട് ആ വീടിന്റെ ഗേറ്റ് കടന്ന് കേറിയപ്പോ അവിടെയൊരു പോലീസ് ജീപ്പ്… ഞങ്ങളെ കണ്ട് എല്ലാരും അന്തം വിട്ട് നിക്കുന്നു…

അപ്പോഴാണ് സിറ്റ്ഔട്ടിൽ നിക്കുന്ന സുന്ദരയുവകോമളനെ നോം കണ്ടത്… അടി സക്കെ… ഒരേ പൊളി.. ഈ ചെക്കന്മാരൊക്കെ ഇങ്ങനെ ഗ്ലാമർ ആയാൽ ഞങ്ങൾ പെണ്ണുങ്ങൾ എന്ന ചെയ്യും.. ഏഹ്…

പെട്ടെന്ന് ലവൻ ഓടി ഇറങ്ങി വന്നു പപ്പിമോളെ പിടിച്ചുവാങ്ങീട്ട് ഒരു ഗർജ്ജനം..

“ഏതാടി നീ.. എന്റെ കൊച്ചിനെ കക്കാൻ വന്ന കള്ളി..”

“ഒന്ന് പോ കിളവാ.. കൊച്ചിനെ കക്കാൻ വന്നതാണെങ്കിൽ ഇതിനേം കൊണ്ട് തിരിച്ചു ഇങ്ങോട്ട് വരേണ്ട ആവശ്യം നിക്ക് ന്താ..”

“നീ കൂടുതൽ ഒന്നും പറയണ്ട…”

“ശ്ശെടാ.. തനിക്ക് എന്താടോ.. ഞാൻ പപ്പിമോളെയും കൂട്ടി പാർക്കിൽ ഇരിക്കുവാരുന്നു..”

“അതിന് നീ ഏതാ.. ഏഹ്.. എന്റെ കൊച്ചിനെ പാർക്കിൽ കൊണ്ടു പോവാൻ എനിക്ക് അറിയാം..”

“അത്രയ്ക്ക് ഇതാണെങ്കി കൊണ്ട് പോവണമാരുന്നു “

“എടുത്തോണ്ട് പോയതും പോരാ നിന്ന് പ്രസംഗിക്കുന്നത് കണ്ടില്ലെ.. അധികപ്രസംഗി..”

“ജോണേ.. ബഹളം വയ്ക്കാതെ..ആ കുട്ടിയോട് ഞാൻ ചോദിക്കാം “എന്നും പറഞ്ഞു കൊമ്പൻ മീശയുള്ള പോലീസ് മാമൻ എന്റെ അടുത്തേക്ക് വന്നു.. അങ്ങേരോട് വള്ളി പുള്ളി വിടാതെ കാര്യം പറഞ്ഞപ്പോ വിവരം ഉള്ളോണ്ട് അതിയാന് മനസിലായി…

“മ്മ്… കുട്ടി പൊയ്ക്കോ എന്നാൽ.. ഇനി ഇങ്ങനെ ആരോടും പറയാതെ എടുത്തോണ്ട് പോകരുത് കേട്ടോ..”

“മ്മ്..”

ലവനെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് വീട്ടിൽ ചെന്നപ്പോ അപ്പച്ചൻ ഒരുങ്ങി ഇറങ്ങുന്നു.. എങ്ങോട്ടേക്കാ.. ഏഹ്.. ഞാൻ നേരത്തെ പറഞ്ഞ പോലെ മോളെ തപ്പാൻ ഇറങ്ങിയതാ..

“എന്റെ പൊന്ന് അപ്പച്ചാ… ഞാൻ പോയാൽ എപ്പോഴേലും അതേ പടി ഇങ് തിരിച്ചു വരുമെന്ന് അറിയാല്ലോ.. ഉള്ള സമയം പോയി വല്ല കരിമീനും വാങ്ങിക്കൊണ്ടു വന്നു ഊണ് റെഡി ആക്കാതെ മോളെ തപ്പാൻ ഇറങ്ങിയേക്കുന്നു.. പരട്ട മാത്യൂസ്.. ഹും.. “

അങ്ങേരോടുള്ള ദേഷ്യമെല്ലാം തറയിൽ ചവിട്ടി തീർത്തു അകത്തേക്ക് കേറി പോയി.. അത്രയ്ക്ക് ആയാലും കൊള്ളൂല ന്ന് ഓർത്ത് പിറ്റേന്നും പോയി..

ചെന്നപ്പോഴേ വാതിക്കൽ ബോഡിഗാർഡ് നിക്കുന്നു…

“നീ എന്താ ഇവിടെ?”

“നിങ്ങടെ ഷഷ്ഠിമൂർത്തി നടത്താൻ..”

“ഏഹ് .”

“മാറടോ മുരടാ അങ്ങോട്ട്… പപ്പി മോളെ..”

“എന്റെ വീട്ടിൽ കേറി വന്നു അധികാരം കാണിക്കുന്നോ.. ഇറങ്ങി പോടീ..”

ഒന്ന് പോടാർക്കാ…

“പപ്പി മോളെയ്..”

“നിന്നോടല്ലേ ഇറങ്ങി പോകാൻ പറഞ്ഞത്..”

അപ്പോഴേക്കും മ്മടെ പപ്പിമോൾ ഇച്ചേച്ചി ന്നും വിളിച്ചോണ്ട് ഓടി ഇറങ്ങി വന്നു.. അത് കേട്ട് അങ്ങേരെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചിട്ട് കൊച്ചിനെ എടുക്കാൻ പോയതും അങ്ങേര് കൈ തട്ടി മാറ്റിയിട്ടു കൊച്ചിനെ പിടിച്ചു വച്ചു..

“നീ നിന്റെ കാര്യം നോക്കി പോയേ കൊച്ചേ.. പപ്പി എങ്ങോട്ടും വരുന്നില്ല..”

“അത് അവൾ പറയട്ടെ..”

“ഞാൻ പറഞ്ഞാൽ മതി.. നീ പോവാൻ നോക്ക്..”

“ഇച്ച.. നിച്ച് പോണം..പ്ലീച്..”

“വേണ്ട.. നീ അകത്തു പോയേ പപ്പി…”

അത് കേട്ട് പപ്പിമോൾ നിന്ന് ഒരേ കരച്ചിൽ.. അതിന്റെടേൽ എന്നെ നോക്കി ഒരു കണ്ണും കൂടി ഇറുക്കി കാണിച്ചു.. നിക്ക് ആണേൽ ലവൾടെ അഭിനയം കണ്ടിട്ട് ചിരി വന്നിട്ട് വയ്യ ..

കൊച്ച് കരയുന്നത് കണ്ടതും അങ്ങേരെന്തോ ജീവൻ പോണ പോലെ.. “പപ്പി..മോളെ.. കരയല്ലേടാ…മോളെ ഇച്ച കൊണ്ടു പോവാം” എന്നൊക്കെ പറയുന്നുണ്ട്..

“വേണ്ട.. നിച്ച് ഇച്ചേച്ചിന്റെ കൂടെ പോയാ മതി…”

അവസാനം ഗതികെട്ട് അങ്ങേര് സമ്മയിച്ചു..

“പക്ഷേ ഞാനും വരും..”

“അതെന്തിന്..”

“നിന്നെ എനിക്ക് അത്ര വിശ്വാസം പോരാ “എന്നും പറഞ്ഞു പപ്പിമോളെ എടുക്കാൻ പോണു..

“അതേ ഒന്ന് നിന്നേ.. നിങ്ങൾ വന്നോ. കൊച്ചിനെ ഞാൻ എടുത്തോളാം.. ഹും..”

കൊച്ചിനെ തട്ടിപ്പറിച്ചോണ്ട് അങ്ങോട്ടേക്ക് നടന്നു.. അപ്പോ ദേ നമ്മുടെ കുൽഫി മാമൻ..ഡെയിലി ഒരുപാട് കുൽഫി കഴിക്കുന്നത് ശരിയല്ലല്ലോ.. അതോണ്ട് രണ്ടെണ്ണമേ വാങ്ങിയോള്.. അപ്പോ ലങ്ങേര് വെള്ളോം ഇറക്കി നിക്കുന്നു.. നാശം..

“ദേ ഇങ്ങേർക്ക് കൂടി ഒന്ന് കൊടുത്തേക്ക് മാമാ.. കൊതി തട്ടണ്ട..”

“ഓ എനിക്ക് വേണ്ട നിന്റെ ഒണക്ക കുൽഫി..”

“സന്തോഷം..”

പിന്നെ കളിയാരുന്നു.. വലിയ കാർന്നോരെ പോലെ ഞങ്ങടെ കളീം നോക്കി അങ്ങേര് അവിടെ ഇരുപ്പോണ്ടാരുന്നു..മോന്തായത്തിലെ എക്സ്പ്രഷൻ കണ്ടാൽ പോയി ചവിട്ടി തള്ളി ഇടാൻ തോന്നും.. ജന്തു

ഇടയ്ക്ക് ഞാൻ അങ്ങേരെ ചെറുതായിട്ടല്ലാതെ ഒന്ന് സ്കാൻ ചെയ്യുന്നൊക്കെ ഉണ്ട്..ഒരു പത്ത് ഇരുപത്തേഴു വയസ്സൊക്കെ കാണും..നല്ല തിളങ്ങുന്ന ചെമ്പൻ മുടി… വലത്തേ ചെവിടെ പിറകിലായിട്ട് ഒരു പൊട്ടിന്റെ വലുപ്പത്തിലൊരു കാക്കപ്പുള്ളി ഉണ്ട്… പിന്നെ കഴുത്തിലും…താടിയും മീശയും ഈച്ചാട്ടൻ ഒരു സംഭവം തന്നേ…

പിന്നെ ഈ രാവിലത്തെ പോക്ക് അങ്ങ് പതിവായി… ഞാനൊരു ഒമ്പത് മണിയൊക്കെ ആവുമ്പൊ അങ്ങ് ചെല്ലും.. പിന്നെ കുൽഫി.. പാർക്ക്‌.. അത് കഴിഞ്ഞിപ്പോ ലങ്ങേർടെ അമ്മച്ചിടെ കൈ കൊണ്ടുണ്ടാക്കിയ ഊണും കഴിച്ചിട്ടേ വീട്ടിൽ കേറൂ… ഹിഹി.. എന്ത് നല്ല ജീവിതം..

നമ്മടെ മുരടൻ ചാട്ടനും ഒരു വായിനോട്ടം ഇങ്ങോട്ട് ഇണ്ടോ ന്ന് നിക്ക് ഡൌട്ട് ഇല്ലാതില്ലാതില്ല..

അങ്ങനെയിരിക്കെ നമ്മടെ പപ്പി മോൾടെ birthday വന്നു…ഒരു വല്യ teddy bear ഒക്കെ വാങ്ങി അങ്ങട്ട് ചെന്നപ്പോ വാതിക്കൽ തന്നേ അവതാരം നിപ്പുണ്ട്.. കേറാൻ സമ്മതിക്കുന്നില്ലന്നെ… വാതിലിൽ അങ്ങ് നിറഞ്ഞു നിക്കുവാ…. കാലിനിട്ടൊരു ചവിട്ട് കൊടുത്തിട്ട്

“മാറടോ അങ്ങോട്ട് “ന്ന് പണഞ്ഞിട്ട് ഒരു കുലുക്കോമില്ല..

“എന്തോന്ന് വേണം നിങ്ങക്ക്..”

“നിന്നെ..”

“എന്തോ കേട്ടില്ല..”

“ഇനി പറയാൻ മനസ്സില്ല..”

“ആണോ.. എന്നാ വഴീന്ന് മാറ്..”

“ഇല്ലങ്കി..”

“ഇല്ലങ്കി ഞാൻ അമ്മച്ചിയെ വിളിച്ചു നിങ്ങൾ എന്നെ പിടിച്ചു ബലമായി ഉമ്മ വച്ചെന്ന് പറയും..”

“തെണ്ടി..”ന്ന് പയ്യെ പാണാഞ്ഞിട്ട് വഴി ഒതുങ്ങി തന്നു..

അകത്തു കേറി “തെണ്ടി നിന്റെ മറ്റവൾ “എന്ന് പറഞ്ഞിട്ട് ഞാൻ ഓടി..

മോളിൽ ചെന്ന് നമ്മടെ പപ്പിമോളെ നല്ല ഓറഞ്ച് കളർ ഫ്രോക്ക് ഒക്കെ ഇടുപ്പിച്ചു സുന്ദരിക്കോതയാക്കി താഴെ കൊണ്ട് വന്നപ്പോ പോത്ത് അവിടെ ഒരുങ്ങികെട്ടി നിക്കുന്നു… അങ്ങേർടെ show കണ്ടാൽ അങ്ങേർടെ bday ആണെന്ന് തോന്നും..

പോരാഞ്ഞിട്ട് അപ്രത്തും ഇപ്രത്തും ന്നും ആയിട്ട് കുറെ മേക്കപ്പ് ബോക്സുകൾ ഒരുങ്ങികെട്ടി അങ്ങേർടെ ചുറ്റും നിപ്പുണ്ട്.. ഇവിടെ വല്ല ഫാഷൻ ഷോയും നടപ്പുണ്ടോ.. ഹും

അപ്പോഴേക്കും നമ്മടെ പപ്പിമോൾ ഒരു പെണ്ണിനെ ചൂണ്ടി കാണിച്ചിട്ട് പറയുവാ

“ഇച്ചേച്ചി…അത് ഇണ്ടല്ലോ..ഇച്ഛന്റെ അപ്പറേ നിക്കണ പെൺകൊച്ചു ഇണ്ട് ല്ലോ..ആ കുട്ടിക്ക് ഇല്ലേ ഇച്ചനോട് ലുബ് ആ ന്ന് പാഞ്ഞു..”

“ഏഹ്.. ആര് പറഞ്ഞു..”

“അവർ പായുന്നെ മോൾ കേട്ടൂല്ലോ..”

“ന്നിട്ട് ഇച്ച എന്നാ പറഞ്ഞു..”

“അത് നിച്ച് അയ്യൂല്ല..”

“മ്മ്..”

നോക്കിയപ്പോ അങ്ങേരോട് ഒട്ടി നിപ്പുണ്ട്.. ശവം.. അപ്പോഴല്ലേ നോം അത് കണ്ടത്.. ഒരേ കളർ ഡ്രസ്സ്‌..നിപ്പും മട്ടും ഒക്കെ കണ്ടിട്ട് അങ്ങേർക്കും ഇഷ്ട്ടം ആണു ന്നാ തോന്നുന്നേ.. പിന്നെ എനിക്ക് വീട്ടിൽ പോയാ മതി ന്ന് ആയി..

Cake ഒക്കെ മുറിച്ചിട്ട് gift കൊടുത്തപ്പോ പപ്പി മോൾ തുള്ളിച്ചാട്ടം ആരുന്നു…

അമ്മച്ചിയോടു പോവാ ന്ന് പറഞ്ഞിട്ട് ഇറങ്ങിയപ്പോ വെളിയിൽ കുറ്റി അടിച്ചു നിക്കുന്നു..ഹും.. കാമുകിയെ കൊണ്ടാക്കാൻ ആയിരിക്കും..

“ടീ..”

നീ പോടാ . ഒന്ന് നോക്കി പുച്ഛം ശർദിച്ചു വെച്ചിട്ട് വെളിയിലോട്ട് നടന്നു..

പെട്ടെന്ന് ഇറങ്ങി വന്നു കൈ പിടിച്ചിട്ട് ചോയ്ക്കുവാ “വിളിച്ചാൽ വിളി കേട്ടൂടെ അസത്തേ..”

“ഇല്ല.. നിങ്ങക്ക് നഷ്ടം ഒന്നുമില്ലല്ലോ.. പിന്നെ… അസത്ത് നിങ്ങടെ മറ്റവൾ..”

“നിനക്ക് അഹങ്കാരം കൂടി വരുവാ..”

“എനിക്ക് അഹങ്കാരം ഉണ്ടെങ്കിൽ അതെന്റെ അപ്പച്ചൻ മാത്യൂസ് സഹിച്ചോളും.. കൈ വിട് അങ്ങോട്ട്..”

“അങ്ങനെ നിന്റെ അപ്പച്ചൻ മാത്രം സഹിച്ചാൽ മതിയോ..”

“തല്ക്കാലം മതി..”

“പക്ഷേ നിക്ക് സഹിക്കണം ല്ലോ..”

“എന്തിന്. നിങ്ങൾ ഒന്ന് പോയേ..”

“എടി മരംകേറി മറിയാമ്മേ.. നിന്നെ എനിക്ക് ഇഷ്ടമാണെന്ന്..”

“ഓ ഓ ഓ.. അതോണ്ടാകും ആ മേക്കപ്പിൽ കുളിച്ചിട്ട് വന്നവളോട് കിന്നാരിച്ചോണ്ട് നിന്നത്..”

“ശ്ശെടാ . ഇത് കൊള്ളാം.. അത് ഞാൻ അവൾക്ക് എന്റെ പെമ്പറന്നോത്തിയെ കാണിച്ചു കൊടുത്തത് അല്ലയോ..”

“നിങ്ങൾ കുറെ കാണിക്കും..”

“സത്യം പറഞ്ഞപ്പോ..”

“പിന്നെ ഒരേ കളർ ഡ്രസ്സ്‌ ഇട്ടതോ… അതും കൊ ഇൻസിഡൻസ് ആയിരിക്കും അല്ലേ .”

“നീ ഇതെന്തൊക്കെയാ പറയുന്നേ.. ഞാൻ അതൊന്നും ഓർത്ത് കൂടി ഇല്ല..”

“ഓർക്കില്ല.. നിങ്ങൾ ഓർക്കില്ല.. പപ്പിമോൾ എന്നോട് പണഞ്ഞു നിങ്ങടെ പ്രേമം ഒക്കെ..”

“എനിക്ക് ആ പെണ്ണിനെ ഇഷ്ട്ടം ആണെന്ന് പപ്പി പറഞ്ഞോ..”

“അ.. അങ്ങനെ പറഞ്ഞില്ല.. ഇഷ്ട്ടം ആണെന്ന് പറഞ്ഞു..”

“അത് അവൾക്ക് അല്ലേ..”

“ആ.. സമ്മയിച്ചു… എന്നാ ഈ ഉടുപ്പ് ഊര്..”

“അയ്യേ.. ഇവിടെ വച്ചോ.. “

“പ്ഫാ.. ഊരി തന്നില്ലങ്കി നിങ്ങളോട് കൂടി എടുത്തു കത്തിക്കും ഞാൻ.. അങ്ങേര് കൊഞ്ചാൻ പോയേക്കുന്നു..”

“അവൾ ഇങ്ങോട്ട് വന്നു മിണ്ടുമ്പോ പിന്നെന്ത് ചെയ്യും..”

“One hand distance “

“എന്തോന്ന്”

“കുറച്ച് ഡിസ്റ്റൻസ് ഇട്ട് നിക്കണം..”

“വൊ ശരി മാഡം.. ഇപ്പോ നീ ഇങ്ങോട്ട് വാ..”

“എന്തിന്?”

ഇടുപ്പിൽ പിടിച്ചു വലിച്ചതും നുകരാൻ കൊതിച്ചതെന്ന് പോലെ ചുണ്ടുകൾ തമ്മിൽ ഒന്ന് ചേർന്നിരുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *