ആ ചോദ്യത്തിൽ ഉണ്ട് ഒരു പെണ്ണ് ഒരു ആയുസ്സിൽ അനുഭവിക്കാവുന്നത്ര വേദന…..

എഴുത്ത്:-മഹാ ദേവൻ

” പെറാതെ നിൽക്കുന്ന പെണ്ണുള്ള വീട്ടിലേക്ക് എന്റെ മരോളെ വിടാൻ എനിക്ക് ഇച്ചിരി ബുദ്ധിമുട്ടുണ്ട് ഭാഗ്യം. ഇവൾ നിന്റെ മകളൊക്കെ തന്നെ. പക്ഷെ, അവളുടെ വയറ്റിൽ വളരുന്നത് എന്റെ മകന്റെ കുഞ്ഞാണ്. അതിനെ അങ്ങോട്ട്‌ വിട്ട് ഒരു മച്ചിപെണ്ണിന്റ കൈകൊണ്ടുള്ള ശിശ്രൂഷയുടെ ഗുണം കൊണ്ട് എന്തേലും സംഭവിച്ചാൽ എനിക്കത് താങ്ങാൻ കഴിയില്ല.

എനിക്ക് പ്രായം ഇത്രയൊക്കെ ആയി. ഇനി മകന്റെ ചോരയിൽ ഒരു കുഞ്ഞിക്കാല് കൂടി കണ്ടിട്ട് വേണം കണ്ണടക്കാൻ. അതുകൊണ്ട് ഏഴാംമാസത്തെ കൂട്ടിക്കൊണ്ടുവൽ ഒന്നും വേണ്ട. നിനക്ക് എപ്പോ വേണേലും ഇവിടെ വരാലോ നിന്റെ മോളെ കാണാൻ. പക്ഷേ, വരുമ്പോൾ ആ പെണ്ണിനെ ഇങ്ങോട്ട് കൊണ്ടു വരണ്ടാട്ടോ. ഇവിടെ ഒരു ഗർഭിണി ഉണ്ടെന്ന് ഓർമ്മ വേണം നിനക്ക്. “

ഗർഭിണിയായ മകളെ ഏഴാംമാസം കൂട്ടികൊണ്ടുവരുന്നതിനെ കുറിച്ച് സംസാരിക്കാൻ മരുമകന്റെ അമ്മയെ വിളിക്കുമ്പോൾ ഇങ്ങനെ തുറന്നടിക്കുന്നപോലെ ഒരു മറുപടി ഭാഗ്യലക്ഷ്മി പ്രതീക്ഷിച്ചില്ലായിരുന്നു.

മകന്റെയും രേവതിയുടെയും വിവാഹം കഴിഞ്ഞിട്ട് വർഷം എട്ടായെങ്കിലും ഇതുവരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം അവർക്ക് ഇല്ലായിരുന്നു. അത്‌ ആ വീട്ടിലെ ഒരു തീരാവേദന ആണെങ്കിൽ കൂടി അതിന്റ പേരിൽ ആ വീട്ടിൽ ഒരു വാക്ക് കൊണ്ട് പോലും രേവതിയുടെ മുഖം വാടരുതെന്ന നിർബന്ധം ഭാഗ്യത്തിനുണ്ടായിരുന്നു.

പക്ഷേ, സ്വന്തം എന്ന് കരുതുന്ന പലരുടെയും വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ധ്വനിയും പരിഹാസവും കാരണം പുറത്തേക്കിറങ്ങാൻ പോലും മടിക്കുന്ന രേവതിയെ ആശ്വസിക്കാൻ ശ്രമിക്കുമ്പോഴെല്ലാം രേവതി ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു ” പെറാൻ കഴിയാത്ത പെണ്ണ് സമൂഹത്തിനൊരു ശാപമാണല്ലേ അമ്മേ ” എന്ന്.

വിഷാദം കലർന്ന പുഞ്ചിരിയോടെ അവളുടെ ചോദ്യം വല്ലാത്തൊരു വേദനയാണ്. ആ ചോദ്യത്തിൽ ഉണ്ട് ഒരു പെണ്ണ് ഒരു ആയുസ്സിൽ അനുഭവിക്കാവുന്നത്ര വേദന. പക്ഷേ , ഒരു ആശ്വാസവാക്ക് കൊണ്ട് പോലും അവളെ സമാധാനിപ്പിക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ളപ്പോൾ ഒരു ചേർത്തുപിടിക്കലിൽ അവൾക്ക് നൽകാൻ പറ്റുന്ന ഒന്നുണ്ടായിരുന്നു ” അമ്മ ഉണ്ടല്ലോ മോളെ നിനക്ക് ” എന്ന് പറയാതെ പറയുന്ന ഒരു വാക്ക്.

” മോളെ…. ഞാനും ഒരു പെണ്ണാണ്. ഒരു പെണ്ണിനെ മനസിലാക്കാൻ മറ്റൊരു പെണ്ണിന് കഴിയും എന്നാണ് എന്റെ വിശ്വാസം.. എന്നിട്ടും മനസിലാക്കാൻ ശ്രമിക്കാത്ത പെണ്ണുങ്ങൾ ആണ് വാക്കുകളൂടെ ഉള്ള പരിഹാസം കൊണ്ട് കല്ലെറിയാൻ നോക്കുന്നത്. അതിന് മുന്നിൽ തലയും താഴ്ത്തി നിൽക്കാൻ തുടങ്ങിയാൽ ജീവിതം മറ്റുള്ളവർക്ക് മുന്നിൽ പരിഹസിക്കപെടാൻ ഇല്ലാതാകും. അതുപോലെ ഒരിക്കൽ സ്വയം ഒരു ചോദ്യചിന്ഹവും. അങ്ങനെ ആവാതിരിക്കാൻ താഴ്ന്നുകൊടുക്കുകയല്ല വേണ്ടത്. താഴ്ത്തികെട്ടുന്നവന്റെ തലക്കിട്ടു കൊട്ടുകയാണ് വേണ്ടത് ” ഭാഗ്യലക്ഷ്മി രേവതിയെ ചേർത്തുപിടിച്ച് വാക്കുകൾ കൊണ്ട് ധൈര്യം കൊടുക്കാൻ ശ്രമിക്കുമ്പോൾ അവർക്ക് അറിയാമായിരുന്നു ഇത്രയൊക്കെ ആയാലും ചില വാക്കുകൾക്ക് മുന്നിൽ പെണ്ണ് തോറ്റുപോകും എന്ന്.

” എന്ത് പറഞ്ഞമ്മേ അവിടുത്തെ അമ്മ. അവളെ എന്ന് കൂട്ടികൊണ്ടുവരാം എന്നാ പറഞ്ഞെ. എത്ര ദിവസായി ആ പെണ്ണിനെ ഒന്ന് കണ്ടിട്ട്. ഇപ്പോൾ വയറൊക്കെ വീർത്ത്‌ ഗുണ്ടുമണി ആയിട്ടുണ്ടാകും. “

ഫോൺ വിളിച്ചുകഴിഞ്ഞു അടുക്കളയിൽ എത്തുമ്പോൾ ഓരോ പണികളിൽ മുഴുകിയിരിക്കുന്നതിനിടയിൽ ആയിരുന്നു രേവതിയുടെ ചോദ്യം.

അവളുടെ ചോദ്യത്തിലെ സന്തോഷം എത്രത്തോളം ആണെന്ന് ഓർക്കുമ്പോൾ അവർ പറഞ്ഞ വാക്കുകൾ എങ്ങിനെ ആണ് രേവതിയോടു പറയുന്നതെന്ന് ഓർത്ത് തെല്ല് നേരം വിഷമത്തോടെ രേവതിയെ നോക്കി നിന്നു ഭാഗ്യം. പിന്നെ അവളുടെ അരികിലെത്തി അവൾക്കൊപ്പം ജോലിയിൽ സഹായിക്കാൻ കൂടി ഭാഗ്യം,

” മോളെ… അവർക്ക് എപ്പോ വേണേലും അവളെ വിടാൻ സമ്മതമാ. അവിടെ ആകുമ്പോൾ മരുമോന്റെ അമ്മ മാത്രമല്ലേ ഉളളൂ കാര്യങ്ങൾ നോക്കാനൊക്കെ , ഇവിടെ ആകുമ്പോൾ നീയും കൂടി ഉണ്ടല്ലോ അവളെ നോക്കാൻ എന്നുള്ള സന്തോഷത്തിൽ ആയിരുന്നു അവരും. പക്ഷേ, അവർ ഒരു ചെറിയ പ്രശ്നം പറഞ്ഞപ്പോൾ….. ഒന്നാലോചിച്ചപ്പോൾ എനിക്കും അത്‌ ശരിയാണെന്ന് തോന്നി.

അവൾക്ക് സ്കാനിങ്ങിൽ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ട്. അതുകൊണ്ട് ഡോക്ടറെ മാറ്റിയാൽ ശരിയാവില്ല എന്ന്. അവിടെ ആകുമ്പോൾ അവർക്ക് അടുത്താണ് ഹോസ്പിറ്റൽ. ഇവിടെ വന്ന് കഴിഞ്ഞാൽ അവിടേക്ക് ഒരുപാട് ദൂരം ഉള്ളതല്ലേ. ഇനി ആണെങ്കിൽ ഇടക്കിടെ പോകേണ്ടതായും വരും. അങ്ങനെ ഒരു യാത്ര റിസ്ക് അല്ലേ എന്ന് അവർ പറഞ്ഞപ്പോൾ എനിക്കും തോന്നി അത്‌ ശരിയാണെന്ന്.

ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ കാണിക്കാവുന്നതേ ഉളളൂ.. എന്നാലും ഇതുവരെ കാണിച്ച ഡോക്ടറെ തുടർന്നും കാണിക്കുന്നത് തന്നെ ആണ് നല്ലതെന്ന് തോന്നിയപ്പോൾ പിന്നെ ഒരു കൂട്ടികൊണ്ടുവരലിനായി ഞാനും നിർബന്ധിച്ചില്ല. അതിനേക്കാൾ ഒക്കെ വലുത് നമുക്ക് അവളുടെ കെയർ അല്ലെ ” എന്ന് പുഞ്ചിരിയോടെ പറയാൻ ശ്രമിക്കുന്ന അമ്മയെ നോക്കുമ്പോൾ തന്നെ അവൾക്ക് അറിയാമായിരുന്നു അമ്മ പറയാൻ ശ്രമിക്കുന്നത് മുഴുവൻ കള്ളമാണെന്ന്. അത്‌ ആ മുഖത്തു നിന്ന് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു രേവതിക്ക്. പക്ഷേ, മറുത്തൊന്നും ചോദിക്കാതെ ” അത്‌ നന്നായി അമ്മേ. അവളുടെയും കുട്ടിയുടെയും രക്ഷ തന്നെ ആണ് ഇപ്പോൾ പ്രധാനം ” എന്നും പറഞ്ഞ് അവൾ പുറത്തെ ബാത്റൂമിലേക്ക് നടക്കുമ്പോൾ മരുമകളോട് ഇങ്ങനെ ഒരു കള്ളം പറയേണ്ടിവന്നതിൽ ഉരുകുകയായിരുന്നു ആ അമ്മമനസ്സ്.

മകൻ ഗൾഫിൽ ആയത് കൊണ്ട് അവൾക്ക് ആകെ ഒരു ആശ്വാസം താൻ മാത്രമാണ്. ആ താനും കൂടി മറ്റുള്ളവർ പറയുന്ന പരിഹാസവാക്കുകൾ അതേ പടി ഇവളോട് പറഞ്ഞാൽ.. അതിന്റ പേരിൽ കൂടി ഇനി ഈ പെണ്ണ് സങ്കടപ്പെടണ്ട എന്നും ആലോചിച്ചുകൊണ്ട് അമ്മ മെല്ലെ അടുക്കളവാതിൽ കടന്ന് ഹാളിലേക്ക് നടന്നു.

എല്ലാവരും തള്ളിപ്പറയുമ്പോഴും ഇങ്ങനെ ചേർത്തുപിടിക്കുന്ന ഒരു അമ്മയെ കിട്ടിയത് തന്നെ ആയിരുന്നു അവളുടെയും സന്തോഷം.

അമ്മ കൂടി കുറ്റപെടുത്തിയിരുന്നെങ്കിൽ ചിലപ്പോൾ….മ ച്ചി എന്ന വാക്കിന് ഒരു പെണ്ണിനെ കൊ ല്ലാതെ കൊ ല്ലാൻ കഴിയുമെന്ന് അവൾ അറിഞ്ഞ ആ കാലങ്ങളിൽ അതിനെ ഒക്കെ തരണം ചെയ്യാൻ അമ്മയുടെ സ്നേഹത്തോടെ ഉള്ള ഒരു പുഞ്ചിരിക്കും വാക്കുകൾക്കും കഴിയുമായിരുന്നു.

മകൾ പ്രസവിച്ച് ഇരുപത്തിയെട്ടാംദിവസം നൂലുകെട്ട് ചടങ്ങിന് രേവതിയും കൂട്ടി ഭാഗ്യം മരുമകന്റെ വീട്ടിലേക്ക് കയറുമ്പോൾ അതുവരെ ഉണ്ടായിരുന്നു സന്തോഷം കെട്ടടങ്ങിയ പോലെ ആയിരുന്നു പലരുടെയും മുഖം. അവിടെ നിൽക്കുന്ന മങ്ങിയ മുഖങ്ങളിലേക്ക് നോക്കി പുഞ്ചിരിയോടെ രേവതി അകത്തേക്ക് കയറുമ്പോൾ പിന്നിൽ നിന്നും ഭാഗ്യലക്ഷ്മിയുടെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് അവിടുത്തെ അമ്മ നീരസത്തോടെ ചോദിക്കുന്നുണ്ടായിരുന്നു ” നിന്നോട് പറഞ്ഞതല്ലേ ഭാഗ്യം ആ പെണ്ണിനെ ഇതുപോലുള്ള മംഗളകാര്യങ്ങൾക്ക് കൊണ്ടുവരേണ്ട എന്ന്. ഒന്നുല്ലെങ്കിൽ നിന്റെ മകളുടെ കുട്ടിയുടെ ചടങ്ങ് കൂടിയല്ലേ. ” എന്ന്.

അത്‌ കേട്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് “ചേച്ചി ഇവിടെ നിൽക്ക്, ഞാൻ ഒന്ന് മോളെ കണ്ടേച്ചും വരാം ” എന്നും പറഞ്ഞ് ഭാഗ്യം മുന്നോട്ട് നടകുമ്പോൾ ഞാൻ പറഞ്ഞതൊന്നും ഇവളുടെ തലയിൽ കേറിയില്ലേ എന്ന ഭാവത്തിൽ നിൽക്കുകയായിരുന്നു മരുമകന്റെ അമ്മ.

അതോടൊപ്പം ” ഇനി ആ മച്ചിപ്പെണ്ണ് റൂമിൽ കേറി കുട്ടിയെ തൊടുകയോ മറ്റൊ ചെയ്യോ ” എന്നൊക്ക ചിന്തിച്ചുകൊണ്ട് അവരും ഭാഗ്യലക്ഷ്മിയുടെ പിന്നാലെ മകന്റെ റൂം ലക്ഷ്യമാക്കി നീങ്ങുമ്പോൾ അകത്ത്‌ കുട്ടിയുടെ കാലുകളിൽ കുഞ്ഞിനെ കൊഞ്ചിച്ചിരിപ്പിച്ചുകൊണ്ട് തളകൾ അണിയിക്കുകയായിരുന്നു രേവതി.

” ഏയ്യ്.. നീ ഇത് ന്താ കാണിക്കണേ. ഒന്നുല്ലെങ്കിൽ ഒരു ബോധവും ഇല്ലേ രേവതി നിനക്ക്. നീയോ പ്രസവിക്കില്ല. അങ്ങനെ ഉള്ളവർ ഒക്കെ ഇങ്ങനെ ചെറിയ കുട്ടികളെ ഒക്കെ തൊട്ട്…. ഓരോന്ന് വരുത്തി വെക്കാൻ വേണ്ടി കേറി വരും ഓരോ പിഴകൾ ” എന്നും പറഞ്ഞ് ഓടിവന്ന് അവളുടെ കയ്യിൽ കയറിപ്പിടിച്ച മരുമകന്റെ അമ്മയെ ഭാഗ്യം ഒന്ന് രൂക്ഷമായി നോക്കി. പിന്നെ രേവതിയെ നോക്കികൊണ്ട്‌ പറഞ്ഞു ” നീ എന്തിനാടി ഇതുപോലെ ഉള്ള കീടങ്ങളുടെ വാക്ക് കേൾക്കുന്നത്. ഞാൻ നിന്റെ കയ്യിൽ തന്ന തള കെട്ടാൻ പറഞ്ഞത് എന്റെ മോളുടെ കുഞ്ഞിന്റെ കാലിൽ ആണ്. അത്‌ തടുക്കാൻ മാത്രം രോഗം മൂർച്ഛിച്ച ഒരു പെണ്ണ് ഇവിടെ ഉണ്ടെങ്കിൽ അത്‌ എനിക്കും ഒന്ന് കാണണമല്ലോ. ” എന്നും പറഞ്ഞു രേവതിയെ കൊണ്ട് തന്നെ ആ തളകൾ ആ കുഞ്ഞിന്റെ കാലിൽ അണിയിച്ചു ഭാഗ്യലക്ഷ്മി.

പിന്നെ മോളെ നോക്കി ” പോട്ടെ മോളെ ” എന്നും പറഞ്ഞ് രേവതിയെയും കൂട്ടി പോകാൻ തിരിയുമ്പോൾ കലിതുള്ളി നിൽക്കുന്ന അവിടുത്തെ അമ്മയുടെ നോക്കിക്കോണ്ട് ഭാഗ്യം ഒന്ന് പുച്ഛത്തോടെ ചിരിച്ചു.

” നിങ്ങൾ ഒരു പെണ്ണാണോ? ഒരു കുട്ടിയെ പ്രസവിച്ചാൽ മാത്രമല്ല അവൾ പെണ്ണാകുന്നത്. പെണ്ണെന്ന വാക്കിന് കുറെ മഹത്വമുണ്ട്. അതൊന്നും ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത നിങ്ങൾ ഒക്കെ പെണ്ണാണെങ്കിൽ എന്റെ മോള് നിന്നെ ഒക്കെ അപേക്ഷിച്ചു നോക്കുമ്പോൾ മഹാലക്ഷ്മിയാണ്. ആദ്യം മനുഷ്യനാവാൻ ശ്രമിക്ക്. എന്നിട്ട് മനുഷ്യരെ മനസ്സിലാക്കാനും.

മറ്റുള്ളവരുടെ വിഷമങ്ങളെ അറിയാനും അതിൽ അവർക്കൊരു ആശ്വാസമാകാനും കഴിയുമ്പോഴേ ഈ ജീവിതത്തിനൊക്കെ ഒരു പൂർണ്ണത ഉളളൂ… അല്ലാതെ വയറിൽ പെറ്റിട്ടതിന്റെ പാടും ചൂണ്ടിക്കാട്ടി ഈ പാടില്ലാത്തവൾ പെണ്ണല്ല, മ ച്ചി എന്നൊക്കെ വിളിക്കുന്ന നിന്നെ പോലെ ഉള്ള കുറെ എണ്ണം ഉണ്ട് പെണ്ണുങ്ങളെ പറയിപ്പിക്കാനായി. ഇങ്ങനെ ഒക്കെ ചൊറിഞ്ഞും മാന്തിയും സ്വയം നാറുന്നതിലും നല്ലത് ഒന്ന് ചിന്തിച്ചൂടെ നിങ്ങൾക്ക് ഈ ഭാരം ഭൂമിക്ക് കുറയ്ക്കാനായി. അങ്ങനെ എങ്കിലും ഒരു നല്ല കാര്യം ചെയ്യ്.

പിന്നെ ഒരു കാര്യം ഇനി എന്റെ മോളെ കുറിച്ച് എന്തെങ്കിലും പറയാൻ ആ നാവ് പൊങ്ങിയാൽ മരുമോന്റെ തള്ളയാണെന്നൊന്നും ഞാൻ നോക്കില്ല, ആ ഭൂതക്കണ്ണാടി വെച്ച കണ്ണ് ഞാൻ പൊട്ടിക്കും. കേട്ടലോ? അതുണ്ടെങ്കിൽ അല്ലെ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കൂ..

ആദ്യം നീയൊക്കെ ഒന്ന് പെണ്ണാകാൻ നോക്ക്. അതിന്റ ഒരു കുറവുണ്ട് നിനക്ക്. എന്നിട്ട് മതി മറ്റുള്ളവരുടെ കുറവുകളെ പുച്ഛിക്കൽ. ഒരു പെണ്ണ് വന്നിരിക്കുന്നു.

പിന്നെ ഇതിന്റെ പേരിൽ എന്റെ മോളോട് നിന്റെ ചൊറിച്ചിൽ തീർക്കാൻ മനസ്സിൽ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ഇപ്പോൾ കണ്ടത് നീ അമ്മായിഅമ്മയിലെ അമ്മയെ ആണെങ്കിൽ അന്ന് ശരിക്കുള്ള അമ്മയെ കൂടി നിങ്ങൾ കാണും.. കേട്ടല്ലോ?

തുഫ്…. “

എന്ന് ഒന്ന് നീട്ടിത്തുപ്പുക കൂടി ചെയ്തുകൊണ്ട് രേവതിയെയും കൂട്ടി ഭാഗ്യലക്ഷ്മി അവിടെ നിന്നും ഇറങ്ങുമ്പോൾ അവിടെ വന്നവർക്കിടയിൽ നാണം കേട്ടതിന്റെ ചളിപ്പ് കൊണ്ട് തല താഴ്ത്തി നിൽക്കുകയായിരുന്നു മരുമകന്റെ അമ്മ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *