ഇടക്കിടെ ഷർട്ടിൻ്റെ കൈകളിൽ കണ്ണ് തുടക്കുന്ന മാമൻ്റെ കൈകൾ മുറുകെ പിടിച്ച് വീടെത്തിയപ്പോ അകവും പുറവും നിറയെ ആൾക്കൂട്ടം………

Story written by Shabna shamsu

ജാസ്മിന് പത്ത് വയസ്സുള്ളപ്പഴാണ് അവളുടെ ഉമ്മ ഉറങ്ങി കിടക്കുന്ന അനിയത്തിയേയും കൊണ്ട് കിണറിൽ ചാടി ആത്മഹത്യ ചെയ്തത്..

അന്നേരം തൊട്ടടുത്ത വീട്ടിലെ മെലിഞ്ഞ വിരലുകളുള്ള പ്രിയപ്പെട്ട കൂട്ടുകാരി ക്കൊപ്പം സ്ക്കൂളിൽ ക്ലാസ് മുറിയിലെ അവസാനത്തെ ബെഞ്ചിലിരുന്ന് നോട്ട് ബുക്കിൽ പൂജ്യം വെട്ടി കളിക്കായിരുന്നു….

അപ്പഴാണ് പ്യൂൺ വന്ന് ക്ലാസ് ടീച്ചറോടെന്തോ സ്വകാര്യം പറഞ്ഞത്….
ബാഗെടുത്ത് ജാസ്മിനെ അവൾടെ മാമൻ്റെ കൂടെ പറഞ്ഞയച്ചപ്പോ ഇടക്ക് മുറിഞ്ഞ് പോയ കളിയിൽ ഈർഷ്യ തോന്നിയ മെലിഞ്ഞ വിരലുള്ളോൾ ടീച്ചറെ നോക്കി… സാരിത്തലപ്പിൽ കണ്ണ് തുടക്കാൻ പാട് പെടുന്നത് കണ്ട് ആധിയോടിരുന്നു…

ഇടക്കിടെ ഷർട്ടിൻ്റെ കൈകളിൽ കണ്ണ് തുടക്കുന്ന മാമൻ്റെ കൈകൾ മുറുകെ പിടിച്ച് വീടെത്തിയപ്പോ അകവും പുറവും നിറയെ ആൾക്കൂട്ടം… അകത്തേക്കോടി ചെന്നപ്പോ കസേരയിൽ കരഞ്ഞ് തളർന്നിരിക്കുന്ന ഉപ്പ… മടിയിലേക്ക് ചാടിക്കേറിയിരുന്നപ്പോ തലയിൽ ഉമ്മ വെച്ച് ഉപ്പ ഉറക്കെ ഉറക്കെ കരഞ്ഞു. കണ്ട് നിന്നവരൊക്കെയും കരഞ്ഞു.

തൊട്ടടുത്ത് വെള്ളയിൽ പുതഞ്ഞ് രണ്ട് ശരീരങ്ങൾ..

ഉമ്മയും കുഞ്ഞിപ്പെണ്ണും..

സ്ക്കൂള് വിട്ട് വരുമ്പോ കിലുങ്ങുന്ന പാദസരം കൊണ്ടോടി വരുന്ന കുഞ്ഞിപെണ്ണ്…

ഇന്ന് രാവിലേം കൂടെ തേങ്ങാപ്പാലിൽ പത്തിരി മുക്കി വായിൽ വെച്ച് തന്ന ഉമ്മ…

ഉമ്മാൻ്റെ മുഖത്ത് ഒരു സങ്കടവും കണ്ടിട്ടില്ല.. ഉപ്പയും ഉമ്മയും തമ്മിൽ ഒരിക്കൽ പോലും വഴക്ക് കൂടാറില്ല….

പിന്നെന്തിനാ….

അവസാനമായി ഉമ്മാക്ക് ഉമ്മ കൊടുത്തപ്പോ തേങ്ങാപ്പാലും പത്തിരിയും തൊണ്ടയിൽ കുടുങ്ങി കിടന്നു…

കുഞ്ഞിപ്പെണ്ണിൻ്റെ ചീർത്ത മുഖത്ത് കവിള് വെച്ചപ്പോ കിണർ വെള്ളത്തിലെ പരൽ മീനുകൾ കണ്ണിൽ തുള്ളി പിടച്ചു….

മെലിഞ്ഞ വിരലോണ്ട് കണ്ണ് തുടച്ച് ജാസ്മിനെ നോക്കി പ്രിയപ്പെട്ട കൂട്ടുകാരി ഏങ്ങിയേ ങ്ങി കരഞ്ഞു….

“ഓളെ ഉമ്മ നരകത്തിലാ…. ആ ത്മഹത്യ ചെയ്തോര് നരകത്തിലാന്ന് ഉസ്താദ് പഠിപ്പിച്ചതല്ലേ…. “

കൂട്ടുകാരുടെ കലമ്പല് കേക്കുമ്പോ ജാസ്മിൻ ഡസ്ക്കിൽ തല വെച്ച് മിണ്ടാതെ കിടന്നു… വയറ് വേദനിക്കുന്നെന്ന് കള്ളം പറഞ്ഞു…

പത്തിരിയും തേങ്ങാപ്പാലും തൊണ്ടയിൽ കുടുങ്ങിയപ്പഴൊക്കെയും വയറ് വേദനയെന്ന് പറഞ്ഞ് ഡസ്ക്കിൽ ചാഞ്ഞ് കിടന്നു…. മെലിഞ്ഞ വിരലുകൾ സാരമില്ലെന്ന് പറയാതെ പറഞ്ഞ് അവൾടെ കൈകളെ മുറുകെ പിടിച്ചു….

ജാസ്മിന് പുതിയൊരു ഉമ്മയെ കിട്ടി…

അവരെ മേമയെന്ന് വിളിച്ചു… മുടി പിന്നിക്കൊടുത്തും പുരികം വരച്ചും കവിളിൽ കുത്തിട്ടും ഒരുക്കി സ്ക്കൂളിൽ വന്നപ്പോ പിന്നേം കേട്ടു ….

“ഓളെ ഉമ്മ ആ ത്മഹത്യ ചെയ്തപ്പോ ബാപ്പ വേറെ കല്യാണം കയിച്ച്.. ഓൾക്ക് സ്വന്തം മ്മ ല്ല….. “

മനസ് വയറിലെന്ന് സ്ഥാപിച്ച് വീണ്ടും അവൾ ഡെസ്കിൽ തല വെച്ച് കിടന്നു….

സാറ്റ് കളിച്ചും ,കിംഗ് കളിച്ചും, പൂജ്യം വെട്ടി കളിച്ചും, മെലിഞ്ഞ വിരലുകൾ കോർത്ത് പിടിച്ച് നേരം ഇരുട്ടോളം ഒരുമിച്ചിരുന്നു….

ജാസ്മിൻ്റെ ഉപ്പ കട പൂട്ടി വരുമ്പോ കടലാസ് പൊതിയിലെ പൊട്ട് കടലയും പാരിസ് മുട്ടായിയും പങ്ക് വെച്ച് രാത്രിയിലും ഒരുമിച്ചിരുന്നു.

ജാസ്ൻ വീണ്ടുമൊരു ഇത്താത്തയായി… കുഞ്ഞനിയൻ..കീരിപ്പല്ലുള്ളോൻ…

വിരലിൽ കടിച്ച് അവൻ മുറിവാക്കിയപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറച്ചോൾ…

കണ്ണിലെ പരൽ മീനും തൊണ്ടയിലെ തേങ്ങാപ്പാലും മെല്ലെ മെല്ലെ അലിഞ്ഞില്ലാതായി…

പിന്നൊരു നാൾ ഉപ്പാൻ്റെ മാറാത്ത തലവേദന ആദ്യം മറവിയിലും പിന്നെ ജോലി യിലും പിന്നെ പിന്നെ ശരീരത്തിലെ ഓരോ ഭാഗങ്ങളിലും അധിക പറ്റായപ്പോ ആശുപത്രികളൊക്കെയും കൈമലർത്തിയപ്പോ.. അവസാനത്തെ പൂജ്യവും വെട്ടി കളിച്ചപ്പോ,

പ്യൂൺ വന്ന് വിളിച്ചപ്പോ, മാമൻ ഷർട്ടിൻ്റെ കയ്യില് കണ്ണ് തുടച്ചപ്പോ,, ചുറ്റിലും കൂടിയവർ ഏങ്ങിയേങ്ങി കരഞ്ഞപ്പോ,,, തല വെച്ച് കരയാൻ ഒരു നെഞ്ചില്ലാതെ, ചോ രമണങ്ങളൊക്കെയും നഷ്ടപ്പെട്ടതോർത്ത് വയറ് വേദനിച്ചവൾ ചുരുണ്ട് കൂടി കിടന്നു….

ദിവസങ്ങള് പിന്നേം കഴിഞ്ഞു…

മെലിഞ്ഞ വിരലിനോടും പൊട്ട് കടലയോടും പാരീസ് മുട്ടായിയോടും യാത്ര പറഞ്ഞ് കണ്ണിൻ്റെ കോണ്ന്ന് ഇറങ്ങി പോയ കണ്ണുനീരിനെ വീണ്ടും കൂട്ട് പിടിച്ച് ഉപ്പാൻ്റെ വീട്ടിലേക്ക് പറിച്ച് നട്ടു…

പൂജ്യം വെട്ടി കളിക്കാതെ, വിരലുകൾ കോർക്കാതെ, തമ്മിൽ കാണാതെ കുറേ നാൾ…

ജാസ്മിൻ്റെ കല്യാണം കഴിഞ്ഞു. രണ്ട് പെൺ മക്കളുണ്ടായി… ഉണ്ടക്കണ്ണുള്ള മൂത്ത മോൾക്ക് പത്ത് വയസ്…. കുഞ്ഞിപ്പെണ്ണിന് അഞ്ചും..

ഒരു നാൾ… കോരി ചൊരിയുന്ന മഴയുള്ള ഒരു പാതി രാത്രിയിൽ, ആരോ പറഞ്ഞറിഞ്ഞു…

ജാസ്മിൻ പോയി.. കിടക്കാൻ നേരം ഒരു വയറ് വേദന വന്നതാ…. ഹോസ്പിറ്റലിൽ എത്തുമ്പഴേക്കും…..

പിറ്റേന്ന്.. വെള്ളയിൽ പുതഞ്ഞ് ജാസ്മിൻ.. മുഖം അമർത്തി ഉമ്മ കൊടുത്തപ്പോ എൻ്റെ കണ്ണിലും തുള്ളി പിടച്ചു… ഒരു കൂട്ടം പരൽ മീനുകൾ…

എൻ്റെ മെലിഞ്ഞ വിരലുകൾ കൂമ്പിയടഞ്ഞ അവളുടെ നനവ് മാറാത്ത കണ്ണിനെ തൊട്ടു,…. പങ്ക് വെച്ച പൊട്ട് കടലയും പാരീസ് മുട്ടായിയും തൊണ്ടയിൽ കുടുങ്ങി കിടന്നു….

അപ്പഴും പത്ത് വയസ്സ് കാരി ഉണ്ടക്കണ്ണി ആരുടെയോ മടിയിൽ കിടന്ന് ഉറക്കെ കരയുന്നുണ്ടായിരുന്നു…

” ഉപ്പച്ചിയേ…. എനിക്ക് വയറ് വേദനിക്കുന്നു…. “

Related Posts

Leave a Reply

Your email address will not be published. Required fields are marked *