രചന: അച്ചു വിപിൻ
ഇനി നീയെന്റെ മകളുടെ പിന്നാലെ നടക്കരുത്. ഒരു ഗതിയുമില്ലാത്ത നിന്നെയിനി വേണ്ടന്നവൾ പറഞ്ഞിട്ടും നാണമില്ലാതെ പിന്നെയും,പിന്നെയും നീയവളുടെ ഫോണിലേക്കു വിളിച്ചുകൊണ്ടിരിക്കുന്നതെന്തിനാണ്?
അവളുടെ അച്ഛൻ പറയുന്ന വാക്കുകൾ കേട്ടെനിക്ക് വിശ്വാസം വന്നില്ല.പിരിയാമെന്നവൾ തമാശക്ക് പറഞ്ഞതാകുമെന്നാണ് ഞാനാദ്യം കരുതിയത്.ഇനി ശരിക്കുമായാൾ പറഞ്ഞതായിരിക്കുമോ സത്യം.എന്റെ ഉള്ളൊന്നു കാളി!
ഇത് നിങ്ങൾ പറയുന്നതല്ലെ? ഫോൺ അവളുടെ കയ്യിൽ കൊടുക്കു… എന്നെ വേണ്ടാന്നവള് പറയട്ടെ എന്നാൽ ഞാൻ വിശ്വസിക്കാം..
അയാൾ ഫോണവളുടെ കയ്യിൽ കൊടുത്തു..
കിരൺ ഇനിയീ ബന്ധം ശരിയാവില്ല. എനിക്ക് നീയുമായൊത്തുപോകാൻ പറ്റില്ല. നീയും ഞാനുമായി ഒരുപാടന്തരമുണ്ട്. ദയവായി നീയെന്നെ മറക്കണം.വീട്ടുകാരെ വിഷമിപ്പിച്ചിട്ടു നിന്റെ കൂടെ ഇറങ്ങി വരാൻ എനിക്ക് കഴിയില്ല. എന്നോട് നീ ക്ഷമിക്കു,നിനക്ക് എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും, നിനക്ക് നല്ലതേ വരൂ…
ഓഹോ!അപ്പൊ ഇതാണല്ലേ നിന്റെ മനസ്സിലിരുപ്പ്.. ഇതിനാണോടി അഞ്ചു വർഷം നമ്മള് സ്നേഹിച്ചത്?അന്നേരം ഒന്നും കാണാത്ത വീട്ടുകാരെ ഇപ്പോഴാണോ നീ കണ്ടത്? അന്നേരമൊന്നും തോന്നാത്ത അന്തരം ഇപ്പഴാണോ നിനക്ക് തോന്നിയത്?
കിരൺ നീയിനി എന്ത് പറഞ്ഞിട്ടും കാര്യമില്ല.ഒരു തർക്കത്തിന് ഞാനില്ല.. പരസ്പരം ഒത്തുപോകാതെ വരുമ്പോൾ പിരിയുന്നതല്ലേ നമുക്ക് നല്ലത്?
അവൾ പറയുന്നത് കേട്ടെനിക്ക് വിശ്വാസം വന്നില്ല.. കുറച്ചു ദിവസം വരെ ഞാനില്ലാതെ പറ്റില്ലെന്ന് പറഞ്ഞ പെണ്ണാണിങ്ങനെ പറയുന്നത്..
അൽപ നിമിഷത്തെ മൗനത്തിന് ശേഷം ഞാൻ തുടർന്നു.അപ്പൊ നിനക്കെന്നെ വേണ്ടല്ലെ…..ശരി നിനക്ക് വേണ്ടെങ്കി പിന്നെ എനിക്കെന്തിനാ? എന്തായാലും ഇപ്പൊ നീ ഫോൺ വെച്ചോ ഒരു മണിക്കൂർ കഴിയുമ്പോ ഞാൻ വിളിക്കും അപ്പൊ നീ ഫോൺ എടുക്കണം അന്നേരം നീയെന്നോട് സംസാരിക്കണ്ട നിന്റെ ത ന്തയോടാണെനിക്കിനി ബാക്കി സംസാരിക്കാൻ ഉള്ളത്…
ഫോൺ കട്ടാക്കിയതിനു ശേഷം അലമാരയിൽ നിന്നുമെന്റെ ഡയറിയെടുത്തു ഞാൻ മറിച്ചു നോക്കി. എല്ലാം വായിച്ചു കഴിഞ്ഞ ശേഷം അവളുടെ ഫോണിലേക്കു ഞാൻ വിളിച്ചു.അവൾക്കു പകരം അവളുടെ അച്ഛനാണ് ഫോൺ എടുത്തത്..
മ്മ് ഇനിയെന്താണ് നിനക്കറിയാനുള്ളത്? അയാൾ ഗൗരവത്തിൽ എന്നോട് ചോദിച്ചു..
എനിക്കൊന്നും അറിയാനില്ല പകരം ചോദിക്കാനുണ്ട് ഒരു 75435 രൂപ 50പൈസ…ഇതെനിക്ക് നിങ്ങൾ ഇങ്ങോട്ട് തരേണ്ട കാശാണ്..
കാശൊ…? അതെന്തിനാ?പ്രേമിച്ച പെണ്ണിനെ മറക്കാൻ കാശ് ചോദിക്കാൻ നിനക്ക് നാണമില്ലെടാ…?
അയാളെന്നോട് ദേഷ്യപ്പെട്ടു..
എന്റെ പൊന്നമ്മാവാ ഇത് നിങ്ങടെ മോളെ മറക്കാനുള്ള കാശല്ല കഴിഞ്ഞ അഞ്ചു വർഷം അവളെ ഞാൻ തീറ്റിപ്പോറ്റിയതിന്റെയും പറയുമ്പോ പറയുമ്പോ ഓരോന്ന് മേടിച്ചു കൊടുത്തതിന്റെയും കണക്കാണ്.. എല്ലാം കൃത്യമായി ഞാൻ എഴുതി വച്ചിട്ടുണ്ട്.ഇങ്ങനെ ഒരു തേപ്പു ഞാൻ പ്രതീക്ഷിച്ചുരുന്നില്ലെങ്കിലും അത് യഥാർഥ്യമായി..മോളു പറയുന്ന ഓരോ സാധനങ്ങളും മേടിച്ചു കൊടുക്കുന്നതിന്റെ ബില്ല് ഞാൻ സൂക്ഷിച്ചു വച്ചിരുന്നു നിങ്ങൾക്ക് കാണണമെങ്കിൽ കാണിച്ചു തരാം..
14ചുരിദാറുകൾ, നാല് ജീൻസ്, അതിനുള്ള ടോപ് 12എണ്ണം, 65മഞ്ച്, 17ഗ്ലാസ് നാരങ്ങ വെള്ളം, ഓരോ സ്ഥലത്തു കറങ്ങാൻ പോയപ്പോ കഴിച്ച ഫുഡ്, സിനിമക്ക് കാണാൻ പോയത് 54തവണ അതിന്റെ കാശ് ,5വർഷം ഫോൺ ചാർജ് ചെയ്ത കൂപ്പണുകൾ, സാംസങ് ഗാലക്സി ഫോൺ ഒരെണ്ണം…പറഞ്ഞ പോലെ അതിലാണ് നിങ്ങളെന്നോടിപ്പോ സംസാരിച്ചു കൊണ്ടിരിക്കുന്നത്.അങ്ങനെ അവള് എന്നെക്കൊണ്ട് ചെലവാക്കിച്ചതിന്റെയെല്ലാം കണക്കു കൃത്യമായെന്റെ കയ്യിലുണ്ട്.എല്ലാം കണ്ടു ബോധ്യപ്പെട്ടിട്ടു കാശ് തന്നാൽ മതി.
പിന്നെ പറയുന്നത് കൊണ്ടൊന്നും തോന്നരുത്,നിങ്ങടെ മോളെന്നെ നല്ലോണം വഹിച്ചിട്ടുണ്ട്. അവളെ കെട്ടിയിരുന്നെങ്കിൽ ഈ കണക്കൊന്നും നിരത്തേണ്ട കാര്യമെനിക്കില്ലായിരുന്നു.ഇതിപ്പോ എന്നെ തേച്ച സ്ഥിതിക്ക് ഞാൻ ചിലവാക്കിയ കാശെനിക്ക് കിട്ടിയേ പറ്റു..പിന്നെ തീയറ്ററിൽ വച്ചും, മറൈൻ ഡ്രൈവിൽ വച്ചും ഇടക്കെന്റെ വീട്ടിൽ വച്ചും അവളെനിക്കു കുറെയുമ്മകളും വേറെ പല കാര്യങ്ങളും തന്നിട്ടുണ്ട് വേണോങ്കിൽ അതൊക്കെ കണക്കനുസരിച്ചു തിരിച്ചു കൊടുക്കാൻ ഞാൻ തയ്യാറാണ് ട്ടോ.. ആദ്യം എനിക്കെന്റെ കാശ് കിട്ടണം ബാക്കിയൊക്കെയിനി നിങ്ങടെ സൗകര്യം പോലെ..ഞാനൊന്നമർത്തി ചിരിച്ചു.
ഡാ…വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം നീയാരോടാണ് സംസാരിക്കുന്നതെന്നോർമ വേണം. അയാള് നിന്നു കിതച്ചു…
കിടന്നൊച്ച വച്ചു നാലാളെയറിയിക്കേണ്ടമ്മാവാ നിങ്ങടെ മോളെ ഞാനൊന്നിനും നിർബന്ധിച്ചിട്ടില്ല. ഒക്കെ അവളായിട്ട് തന്നു ഞാനൊട്ടു വേണ്ടാന്നുo പറഞ്ഞില്ല. എല്ലാത്തിനുമുള്ള തെളിവ് എന്റെ കയ്യിലുണ്ട്..അപ്പൊ അമ്മാവൻ ഞാൻ പറഞ്ഞ കാശ് നേരിട്ടന്റെ കയ്യിൽ തരുന്നോ അതൊ എന്റെ അക്കൗണ്ടിലേക്കിട്ട് തരുമോ?
അക്കൗണ്ടിലേക്കിട്ട് തരാം. ഇനി ഇതും പറഞ്ഞെന്റെ മോളുടെ ഫോണിലേക്കു വിളിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്..
യ്യോ! ഇല്ലായെ.. നിങ്ങടെ മോൾക്ക് വേണ്ടെങ്കി പിന്നെ എനിക്കെന്തിനാ.ഇനിപ്പോ അതിന്റെ പേരിൽ ഞാൻവളുടെ കാലു പിടിക്കാനോ അവളുടെ മുഖത്താസിടൊഴിക്കാനോ പോണില്ല.ചങ്കു പറിച്ചു കൊടുത്താ ഞാൻ സ്നേഹിച്ചത്. അവളാ സ്നേഹം അർഹിക്കുന്നില്ല. ഒരാളുടെ കാലു പിടിച്ചെന്നെ സ്നേഹിക്കെന്നു പറയേണ്ട കാര്യമൊന്നും എനിക്കില്ല. ഇനി അവളായി അവളുടെ പാടായി പോട്ടെ പുല്ല്..
എന്തായാലും അമ്മാവൻ മോളോടൊന്നു പറഞ്ഞേക്ക് എല്ലാരും കിരണേപോലെയല്ലെന്ന്.. കൂടുതൽ വിളച്ചിലെടുത്താൽ ആൺപിള്ളേര് കരണമടിച്ചു പൊട്ടിക്കും അമ്മാതിരി വാശിയാ നിങ്ങടെ മോൾക്ക്. എവിടെയാണെങ്കിലും നന്നായി ജീവിച്ചു കണ്ടാ മതി, ഒന്നല്ലെങ്കിലും അഞ്ചു വർഷം യാതൊരു കുറവുമറിയിക്കാതെതെയീ കൈവെള്ളയിൽ കൊണ്ടു നടന്നതല്ലേ….?
അപ്പൊ അമ്മാവൻ കാശിന്റെ കാര്യം മറക്കണ്ട.. ഇനി ഇതിന്റെ പേരിൽ ഒരു വർത്താനം വേണ്ട…ഞാൻ വെക്കുന്നു.
കൂടുതൽ ഒന്നും പറയാൻ നിക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു….
എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ചപ്പോൾ ഉറക്കെയൊന്നു കരയാനാണാദ്യമെനിക്ക് തോന്നിയത്. പക്ഷെ എന്നോട് സ്നേഹമില്ലാത്ത ഒരുത്തിക്കു വേണ്ടി കരയാൻ ഞാനൊരുക്കമല്ലായിരുന്നു….
ടോയ്‌ലെറ്റിൽ പോയി നന്നായൊന്നു മുഖം കഴുകിയ ശേഷം ഞാൻ കട്ടിലിൽ വന്നു കണ്ണടച്ച് കിടന്നു..
ഡാ അവള് പോയ വിഷമത്തില് നീ കടും കൈ വല്ലതും ചെയ്യോ മോനെ…?
കണ്ണു തുറന്നു നോക്കിയപ്പോൾ വാതിൽക്കൽ വന്നൊളിഞ്ഞു നോക്കി അമ്മ നിൽപ്പുണ്ട്..
ഞാനുറക്കെ ഒന്ന് ചിരിച്ച ശേഷം വാതിലും ചാരി നിക്കണ അമ്മയെ പോയി കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു ചാകാനോ ഈ ഞാനൊ? ഞാനെന്തിന് ചാകണം?അമ്മ പോയി സാരി മാറ് നമുക്കൊരു സിനിമക്ക് പോകാം..
പോടാ അവിടുന്നു ഇങ്ങനൊരു വിളി പതിവില്ലാത്തതാണല്ലോ?നിനക്കിതെന്തു പറ്റി?
പതിവില്ലാത്തതൊക്കെ നടക്കട്ടമ്മേ നമുക്കിന്നൊരു സിനിമ കാണാൻ പോവാം പുറത്തുന്നു നല്ല ഫുഡും കഴിക്കാം..
പിന്നെ ഈ വയസ്സാം കാലത്തല്ലേ സിനിമക്ക് പോകുന്നത്?
അമ്മ സ്നേഹത്തോടെയെന്റെ താടിക്കൊന്നു കിഴുക്കി..
അമ്മ പോയി റെഡിയാവമ്മേ ഞാനല്ലേ വിളിക്കുന്നത്..
അമ്മയെന്നെ നോക്കി മടിച്ചു മടിച്ചു നിന്നു.
ഒടുക്കം ഞാനൊരുപാടു നിർബന്ധിച്ചപ്പോൾ അമ്മ റെഡിയാകാനായി അകത്തേക്ക് പോയി..
അല്ലെങ്കിലും അമ്മയുടെ സ്നേഹം മനസ്സിലാക്കാൻ ഏതെങ്കിലും ഒരു പെണ്ണ് തേക്കണമെന്ന സത്യം ഞാൻ മനസ്സിലോർത്തു..
അല്പം കഴിഞ്ഞപ്പോൾ ഉമ്മറത്തിരുന്ന ബൈക്കിൽ കയറിയിരുന്നു ഞാൻ നീട്ടിയൊരു ഹോണടിച്ചു.ഹോണടി കേട്ടതും അമ്മ വാതിൽ പൂട്ടിയിറങ്ങിയോടി വന്നു..
അലഷ്യമായികിടന്ന സാരിയൊന്നു ശരിയാക്കിയ ശേഷം അമ്മയെന്റെ ബൈക്കിന്റെ പുറകിൽ വലിഞ്ഞു കയറിയിരുന്നു കൊണ്ടു പറഞ്ഞു, പതുക്കെ പോണോട്ടോടാ മോനെ, എനിക്കീ കുന്ത്രാണ്ടത്തിന്റെ മോളിൽ കയറാൻ തന്നെ പേടിയാ..
ഞാൻ പതുക്കെയേ പോണുള്ളൂ.. അമ്മയെന്നെ നന്നായി പിടിച്ചിരുന്നോട്ടോ..
അമ്മ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി..
അമ്മയിരുന്നെന്നുറപ്പ് വരുത്തിയ ശേഷം ബൈക്ക് സ്റ്റാർട്ടാക്കി ഞാൻ മുന്നോട്ടെടുത്തതും അമ്മയെന്നെ മുറുക്കെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.
അങ്ങനെ കുറെ ദിവസത്തിന് ശേഷം എന്റെ ഡ്യൂക്കിന്റെ പുറകിൽ എന്നെ ആത്മാർഥമായി സ്നേഹിക്കുന്നൊരു പെണ്ണെന്നെ കെട്ടിപ്പിടിച്ചിരുന്നു, അതെ എന്നെ വിട്ടൊരിക്കലും പോകില്ലെന്ന് ഞാൻ വിശ്വസിക്കുന്നയെന്റെ “അമ്മപ്പെണ്ണ്”.
NB:നിങ്ങളെ വേണ്ടാത്തവരെ നിങ്ങൾക്കും വേണ്ട. നിങ്ങളെ ഉപേക്ഷിച്ചൊരു പെണ്ണ് പോയാൽ അവളുടെ മുഖത്തു ആസിടൊഴിക്കുകയോ, പുറകെ ചെന്നു കുത്തികൊല്ലുകയോ അല്ല വേണ്ടത്, എന്റെ സ്നേഹം അനുഭവിക്കാൻ യോഗമില്ലാത്തവൾ വല്ല വഴിക്കും പോട്ടെ പുല്ല് എന്നു കരുതുകയാണ് വേണ്ടത്. നിങ്ങൾക്കെന്ത് പറ്റിയാലും പെറ്റ തള്ള കിടന്നു കരയുന്നത് പോലെ ഇന്നലെ കണ്ടൊരു പെണ്ണും കരയില്ല, അതോർത്താൽ നന്ന്. ചങ്കു പറിച്ചു കൊടുത്തിട്ടും അത് മനസ്സിലാക്കാതെ നിങ്ങളെ ഇട്ടിട്ടു പോണവൾ പോട്ടെ എന്നു വെക്കണം “ശാരി പോയാൽ മേരി” അത്രയേ ഉള്ളു.പിന്നെ പ്രേമിച്ചു നടന്ന സമയത്ത് വല്ല കാശ് ചിലവും ഉണ്ടാക്കി വെച്ചാൽ മറക്കാതെ അന്നന്നത്തെ വരവ് ചിലവു കണക്കൊക്കെ എഴുതി വെച്ചേക്കു, പെണ്ണ് തേച്ചാൽ എടുത്ത് പ്രയോഗിക്കാം തേച്ചില്ലെങ്കിൽ കീറിക്കളയാം😂