Story written by Sreejith Raveendran
ഡാ.. ഞാൻ താഴത്തെ വീടുവരെ ഒന്ന് പോയേച്ചും വരാം…
അമ്മേടെ ശബ്ദം കേട്ടാണ് ഞാനുണർന്നത്… ലോക്ക്ഡൗൺ കാരണം പണിക്ക് പോവാത്തോണ്ട് എണീക്കുമ്പോ ഒരു നേരാവും…
രാവിലെ പരദൂഷണം പറയാൻ പോണതാവും എന്ന് മനസ്സിൽ വിചാരിച്ച് കണ്ണും തിരുമ്മി എണീറ്റു… എന്നത്തേയും പോലെ മുണ്ട് കട്ടിലിനടിയിൽ ഉണ്ട്..പുതപ്പ് പോകാതെ മുണ്ട് മാത്രം കട്ടിലിനടിയിൽ പോവുന്ന വിദ്യ എന്താന്നു ഇതുവരെ ആലോചിച്ചിട്ട് പിടികിട്ടിയിട്ടില്ല..
മുണ്ട് തപ്പിപിടിച്ചു ഉടുത്തു… എണീറ്റു…
നേരെ പൈപ്പിൻചോട്ടിൽ ചെന്ന് മുഖം കഴുകി… അടുക്കളേൽ ചെന്ന് നോക്കിപ്പോ ഒരു കപ്പിൽ ചായ അടച്ചു വെച്ചട്ടുണ്ട്…
ഗ്ലാസ്സെടുത്തു ചായ ഒഴിച്ച് ആ ചായയുമായി ഇറയത്ത് വന്നിരുന്നു പത്രമെടുത്തു…
42000 ആയിരിക്കുന്നു…ഈ മഹാമാരി ബാധിച്ചവരുടെ എണ്ണം.. ഇതെവിടെച്ചെന്നു നിൽക്കുമോ എന്തോ..
ഒരു ദീർഘനിശ്വാസത്തിനു ശേഷം ചായ മെല്ലെ കുടിച്ചു…
നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി…
ചായക്ക് ഒരു രുചി തോന്നുന്നില്ല…
ഒന്നുകൂടെ കുടിച്ചു നോക്കി…
ഇല്ല… രുചിയില്ല..
ഈശ്വരാ.. പണി പാളി…
എന്താ ചെയ്യണ്ടേ എന്നൊരു പിടിയും കിട്ടുന്നില്ല… കണ്ണിൽ ഇരുട്ട് കേറുന്നപോലെ.. ആകെ വിയർത്തു..എന്നെ ഓർത്തിട്ടല്ല.. പ്രായമായ അച്ഛനും അമ്മേം ആണ്…
മെല്ലെ അവിടുന്ന് എണീറ്റു.. ചായ അകത്തുകൊണ്ട് വെച്ചു…
ഇതിപ്പോ അമ്മയോടും അച്ഛനോടും പറഞ്ഞാൽ അവർ ടെൻഷൻ അടിച്ചു വെല്ലോം ഉണ്ടാക്കി വെക്കും… ഏതായാലും ടെസ്റ്റ് ചെയ്തിട്ട് പറയാം…
ആ നീ എണീറ്റോ…
പിറകിൽ നിന്നും അമ്മയുടെ ശബ്ദം…
ചാടി തിരിഞ്ഞു… അമ്മ അവിടെ നിക്ക്.. കേറാൻ വരട്ടെ…
ങേ.. എന്തോന്നാടാ..
മുറ്റത്ത് അമ്മ കാര്യമറിയാതെ നിന്നു..
ഒറ്റയോട്ടത്തിന് ഞാൻ പോയി മാസ്ക് വെച്ചു… എന്റെ മുറിയിൽ കേറി..
ആ ഇനി കേറി പൊക്കോ…
ഇവനിതെന്ത് പ്രാന്താണോ…അല്ല നീ ചായ കുടിച്ചില്ലല്ലോ..
കുടിച്ചു..
നീയാണോ ഈ ഗ്ലാസിൽ എടുത്തേക്കണേ…
അതേ…
പിന്നെന്താ കുടിക്കാത്തെ..
ഒന്നുല്ല..
എന്റെ ചെറുക്കാ.. ഇന്നലെ നിന്നോട് പറഞ്ഞുവിടാൻ മറന്നുപോയതാ.. ഇന്നു ചായ വെച്ചിട്ട് നോക്കിപ്പഴാ തീർന്നത് ഓർത്തെ… അത് വാങ്ങാനാ ഞാൻ താഴെ വീട്ടിൽ പോയേ…
മനസ്സിലായില്ല…എന്ത് വാങ്ങാൻ…
പഞ്ചാര…
അപ്പൊ ആ ചായേൽ പഞ്ചാര ഇട്ടിട്ടില്ലാരുന്നോ..
ഇല്ല…
പുല്ല്….ഇത്രേം നേരം മനുഷ്യന്റെ ഉള്ളജീവൻ പോയി…
മാസ്കും ഊരിവെച്ചു ഇറയത്തേക്കിറങ്ങിയപ്പോ അമ്മ ഗ്ലാസ്സിൽ ചായയുമായി വന്നു…
അമ്മയോടെനിക്ക് ഒരു കാര്യം പറയാനുണ്ട്…
രാവിലെ ആയലോക്കത്ത് പരദൂഷണം പറയാൻ പോവരുതെന്നായിരിക്കും..
അല്ല…
പിന്നെ…
മേലാൽ ഈ വീട്ടിൽ പഞ്ചാരയിടാതെ ചായ ഉണ്ടാക്കരുത്…
വാ പൊളിച്ചു നിക്കുന്ന അമ്മേടെ കൈയിൽ നിന്നും ചായഗ്ലാസും വാങ്ങി ഞാൻ നടന്നു…
അന്നത്തെ ആ ചായക്ക് എന്തോ പതിവില്ലാത്തൊരു രുചി ഉണ്ടായിരുന്നു..