ഇതൊക്കെ ഒരു തോന്നലുകളാണ് മൈഥിലി… ചില വ്യക്തികൾ നമ്മെ വല്ലാതെ ആകർഷിക്കും … നമുക്ക് വേണമെങ്കിൽ ഒരു സൈക്ക്യാട്രിസ്റ്റിനെ കാണാം … ഒരു കൗൺസിലിംഗിൽ……

നിഖിൽ

Story written by Suresh Menon

സമയം ഏതാണ്ട് അതിരാവിലെ നാലര… നല്ല മഞ്ഞ്…. മഞ്ഞ് മൂടിയ പാറക്കെട്ടുകളുടെ ഇടയിലൂടെയുള്ള നേരിയ റോഡ്….. അയാൾ വാച്ചിലേക്ക് നോക്കി… ഇനി അധികം നേരമില്ല. റിസോർട്ടിലെത്താൻ …. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡുകൾ …. കടുത്ത മൂടൽ മഞ്ഞുകാരണം ഒന്നും ശരിക്ക് കാണാൻ കഴിയുന്നില്ല …..

പാറക്കെട്ടുകൾക്ക് താഴെ കൊച്ചരുവികളുണ്ട് പക്ഷെ മഞ്ഞ് കാരണം മൊത്തം ഒരു മൂടൽ….. റോഡിന്റെ ഒരു വശത്ത് പേടിപെടുത്തുന്ന കൊക്കയാണ് – കൊടും കൊക്കയുടെ അടിവാരത്ത് നിന്നും വീശുന്ന കാറ്റിന് കൂട്ടായി കോട മഞ്ഞും ….

തൊട്ടടുത്തുള്ള ഒന്നു പോലും കാണാൻ കഴിയാത്ത ആ പുലർവേളയിൽ അയാൾ
വളരെ സൂക്ഷിച്ചാണ് കാറോടിച്ചത് …

ഒരു കൊടുംവളവ് കഴിഞ്ഞ് അയാൾ ഏതാണ്ട് നൂറ് മീറ്റർ മുന്നോട്ട് നീങ്ങിയപ്പോളാണ് അത് കണ്ടത് … റോങ്ങ് സൈഡിലൂടെ അതിവേഗത്തിൽ നിയന്ത്രണമില്ലാതെ വരുന്ന ഒരു വാഹനം … എന്ത് ചെയ്യണമെന്നറിയാതെ അയാൾ പകച്ചു …. രക്ഷപെടാനെന്നോണം അയാൾ വണ്ടി വെട്ടിച്ചതും റോഡരികിലെ കലുങ്കിനെ ഇടിച്ചു തകർത്ത് അയാളെയും കൊണ്ട് വാഹനം സമീപത്തുള്ള കൊക്കയിലേക്ക് മറിഞ്ഞതും നിമിഷങ്ങളുടെ വ്യത്യാസത്തിലായിരുന്നു ……..

♡♡♡♡♡♡♡♡♡♡♡

മൊബൈൽ റിങ്ങ് ശബ്ദിച്ചു

പറമ്പിൽ വാഴക്ക് തടം പിടിച്ചു കൊണ്ടിരിരുന്ന മാധവൻ മതിലിന്മേൽ വച്ചിരുന്ന മൊബൈൽ കയ്യിലെടുത്തു ….

” മാധവേട്ടാ ങ്ങള് കാര്യം ഒന്നും അറിഞ്ഞില്ലെ ….” അപ്പുറത്ത് കല്ല്യാണ ബ്രോക്കർ രമണൻ …. “ന്താ രമണ … ” മാധവന് ഒന്നും മനസ്സിലായില്ല ….?”ന്താ കാര്യം പറ രമണ “

” ഞാനിപ്പൊ അത് എങ്ങിന്യാ മാധവേട്ടാ പറയാ…ന്ന് വച്ച് ങ്ങള് അറിയേണ്ട കാര്യമല്ലെ, … പറഞ്ഞല്ലെ പറ്റു” മാധവന്റെ ക്ഷമയറ്റു….

” നീ വേഗം പറഞ്ഞൊ … ദേ എന്റെ സ്വഭാവം നിനക്കറിഞ്ഞൂടെ … കാര്യം പറയെടാ …”

” മാധവേട്ടാ …മ്മടെ മൈഥിലിക്കുഞ്ഞിന് വേണ്ടി നമ്മൾ നോക്കിയിരുന്ന നിഖിൽ എന്ന ആ പയ്യനില്ലെ …. അവൻ … അവൻ … രാജമല എസ്റേറ്ററിൽ നിന്ന് മടങ്ങി വരുമ്പൊ …..”

” മടങ്ങി വരുമ്പൊ …..” മാധവന്റെ ക്ഷമയറ്റു …

“മാധവേട്ടാ … കൊക്കയിലേക്ക് വണ്ടി മറഞ്ഞു …

നിഖിൽ നമ്മളെ വിട്ടു പോയി മാധവേട്ടാ …..”

ഒരു നിമിഷം മാധവന്റെ ശരീരം മൊത്തം തരിച്ചു പോയി … ആയാൾ തൂമ്പാ അവിടെയിട്ടു … കിളച്ചിട്ട ആ മണ്ണിലിരുന്നു. തലയിൽ കെട്ടിയ തോർത്തു മുണ്ടെടുത്ത് മുഖം തുടച്ചു –.. വീണ്ടും വിയർപ്പ് പൊടിഞ്ഞു …..തുടച്ചു കൊണ്ടെയിരുന്നു …

“മാധവേട്ടാ …. മാധവേട്ടാ…” അപ്പുറത്ത് നിന്ന്വി ളിതുടർന്നു കൊണ്ടിരുന്നെങ്കിലും അയാൾ ഉത്തരമൊന്നും നൽകിയില്ല …

ഞാനെങ്ങിനെയിത് വീട്ടിൽ അവതരിപ്പിക്കും ….എന്റെ മോളോട് എങ്ങിനെയിത് പറയും … മാധവൻ ആ ചോദ്യങ്ങൾ തന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു …

.അയാൾ കുറച്ചുനേരം തലയും താഴ്ത്തിയിരുന്നു …പിന്നെ പതിയെ എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു …..

♡♡♡♡♡♡♡♡♡

” വിവാഹം കഴിഞ്ഞില്ലല്ലൊ…. എന്ന് നമുക്കാശ്വസിക്കാം ….. നിങ്ങൾ തമ്മിൽ ഒന്ന് പരിചയമായി അന്യോന്യം ഇഷ്ടമായി എന്നല്ലെയുള്ളു ….വിവാഹത്തിന് ശേഷമാണ് ഈ അപകടമെങ്കിലൊ ….. മോള് ധൈര്യമായിരിക്ക് എല്ലാം നല്ലതിന് എന്ന് കരുതാം “

ബെഡ് റൂം ലാംപിന്റെ വെളിച്ചത്തിൽ തലയും കുനിഞ്ഞിരിക്കയായിരുന്ന മൈഥിലിയുടെ മുടിയിലൂടെ കൈവിരലോടിച്ചു കൊണ്ട് അമ്മ പതിയെ പറഞ്ഞു …. സമീപത്തെ കസേരയിൽ ഒന്നും പറയാനാകാതെ അച്ഛൻ മാധവനും ഇരിപ്പുണ്ടായിരുന്നു ….

“മോള് കിടക്ക് : സമയം പതിനൊന്ന് കഴിഞ്ഞു ….”

മൈഥിലി തലയുയർത്തി നോക്കി …. ‘ ” ഞാൻ കിടന്നോളാം : അച്ഛനും അമ്മയും പോയി കിടക്കു … എനിക്ക് കുഴപ്പമൊന്നുമില്ല …. ഐ ആം ഒകെ…..

അച്ഛനും അമ്മയും പുറത്തേക്കിറങ്ങിയപ്പോൾ മൈഥിലി വാതിലടച്ച് കിടന്നു …മൊബൈലിൽ വാട്ട് സാപ്പ് തുറന്നു …. നിഖിൽ അയച്ച മെസ്സേജുകൾ പതിയെ scroll ചെയ്തു ….നീല ടീ ഷർട്ടും ധരിച്ച് പുഞ്ചിരിച്ച നിഖിലിന്റെ സെൽഫിയിലേക്ക് മൈഥിലി കുറച്ചു നേരം നോക്കി കിടന്നു ….

“അതേയ് എന്നെ ഇഷ്ടമായൊ എന്ന് സ്ഥിരം ചോദ്യം ഞാൻ ചോദിക്കുന്നില്ല …. എന്നാൽ എന്നിൽ ഇഷ്ടപെടാത്തതായി മൈഥിലിക്ക് എന്താ തോന്നുന്നെ …..”

ബന്ധുക്കളെയും കൂട്ടി പെണ്ണ് കാണാൻ വരുന്നതിന് മുൻപ് ഒന്നു പരിചയ പെടാനായി രണ്ടു പേരും കോഫി ബാറിലിരുന്ന് കോഫിയും നുണഞ്ഞിരിക്കുന്ന തിനിടയിൽ നിഖിൽ ചോദിച്ചു …..

“പറയട്ടെ ….”

“ഉം പറ “

” താടി വളർത്താത്തത് ഷ്ടായില്ല ….ഈ വെളുത്ത് നീണ്ട മുഖത്തിന് താടി നല്ല ഭംഗിയായിരിക്കും …. കല്യാണമാകുമ്പോഴേക്കും താടി വളർത്തണം “

മൈഥിലി നിഖിലിന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു …

” ഉം.. ഏറ്റു ….പക്ഷെ കുiത്തിക്കൊള്ളും”

“സാരമില്ല ഞാൻ സഹിച്ചോളാം ….”

തന്റെ മറുപടി കേട്ട നിഖിൽ പൊട്ടിച്ചിരിച്ചു …. റാബിറ്റ് ടീത്ത് കാണിച്ചു കൊണ്ടുള്ള ആ ചിരിക്ക് വല്ലാത്തൊരു ഭംഗിയായിരുന്നു ….

ഓർമ്മകൾ മുറിഞ്ഞപ്പോൾ മൈഥിലി തിരിച്ചു വന്നു …. നിഖിലിന്റെ സെൽഫിയിൽ നിന്ന് പതുക്കെ കണ്ണുകൾ പിൻവലിച്ചു …. താൻ കരയുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പതിയെ കണ്ണുകൾ തുടച്ചു ….. മൊബൈൽ മേശമേൽ വച്ച് തലയിണയിൽ മുഖമമർത്തി കിടന്നു …. കരച്ചിൽ അടക്കാനുള്ള ഒരു വിഫലശ്രമം

♡♡♡♡♡♡♡♡♡

ഷോപ്പിങ്ങ് മാളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആ വിളി കേട്ട് മൈഥിലി തിരിഞ്ഞു നോക്കി ….

“മൈഥിലി ചേച്ചിയല്ലെ …..”

“അതെ”

“ന്നെ മനസ്സിലായൊ …ഞാൻ നിഖിലേട്ടന്റെ പെങ്ങളാ….നിമ്മി …ഇതെന്റെ ഫ്രണ്ട് രാജി …”

” ഹോ ….” മൈഥിലി സ്നേഹത്തോടെ നിമ്മിയെ തന്നോട് ചേർത്തു പിടിച്ചു :-

“ന്റെ ചേടത്തിയമ്മയായി വരേണ്ടതായിരുന്നു …എന്ത് ചെയ്യാം …..”

കുറച്ച് നേരം മൈഥിലി ഒന്നും മിണ്ടിയില്ല ….പിന്നീട് പതിയെ ചോദിച്ചു ….

” അമ്മക്കെങ്ങിനെയുണ്ട് …..”

” നിഖിലേട്ടന്റെ മരണശേഷം അമ്മ എഴുന്നേറ്റിട്ടില്ല : ആകെ തളർന്നു …. പലതും ഓർമ്മയില്ലാതെ എന്തൊക്കെയൊ വിളിച്ചു പറയും “

” നിമ്മി എന്ത് ചെയ്യുന്നു ….”

“ഞാൻ MBA ചെയ്യുന്നു: ബാംഗ്ലൂരിൽ മിക്കവാറും മാസത്തിൽ ഒന്ന് രണ്ട് പ്രാവിശ്യം വീട്ടിലേക്ക് വരും …”

” കഴിഞ്ഞത് കഴിഞ്ഞു : അത് വിട്….. മൈഥിലി ചേച്ചിയുടെ വിശേഷങ്ങൾ …. മാര്യേജ് കഴിഞ്ഞില്ലെ….”

” ഉം … പെട്ടെന്നായിരുന്നു വലിയ ആഘോഷങ്ങളൊന്നുമില്ലാതെ …. ബന്ധുക്കളെ മാത്രം അറിയിച്ചു ….”

“ന്നിട്ട് ആളെവിടെ … എന്ത് ചെയ്യുന്നു ….”

” കാറിലിരിക്കുന്നുണ്ട് … പേര് സേതുമാധവൻ … ബോബെയിൽ സ്വന്തം ബിസിനസ്സാ …. ഞങ്ങൾ പത്ത് ദിവസം നാട്ടിൽ നിൽക്കാൻ വന്നതാ ….ന്നാ ഞാൻ വരട്ടെ “

” ചേച്ചിയെ കണ്ടപ്പൊ സന്തോഷായി ……”

“ഉം .അമ്മയോട് ഞാൻ അന്വേഷിച്ചതായി പറയണം …..”

” പറയാം …..” മൈഥിലി നടന്നു നീങ്ങി …..നിമ്മി അത് നോക്കി നിന്നു ….

♡♡♡♡♡♡♡♡♡♡

“സേതുവേട്ടാ കിടക്കുന്നതിന് മുൻപ് ഈ പാല് കുടിക്കണെ…..” തന്റെ വീർത്ത വയറിൽ കൈ വച്ച് സേതുവിനുള്ള പാലുമായി ബഡ് റൂമിലേക്ക് വന്ന മൈഥിലിയെ കണ്ട സേതു കിടക്കയിൽ നിന്നെഴുന്നേറ്റു …. ” എന്റെ പൊന്നു മോളെ ഡെലിവറി ഡേറ്റ് അടുത്തിരിക്കയാണെന്ന് നിനക്കറിഞ്ഞൂടെ …. പാലൊക്കെ ഞാനെടുത്തോളാം….”

മൈഥിലിയെ കിടക്കയിൽ പിടിച്ചിരുത്തി സേതു പറഞ്ഞു

” അതൊന്നും സാരമില്ല സേതുവേട്ടാ – കൊച്ചു കുട്ടികളെ പോലെ ഇങ്ങനെ പേടിക്കാതെ … “

സേതു മൈഥിലിയുടെ അടുത്ത് ചാരിയിരുന്നു ….?അവളുടെ കൈവിരലുകളിൽ വെറുതെ താളമടിച്ചു കൊണ്ടിരുന്നു ….

“സേതുവേട്ടാ …..”

“ഉം …. ”

ഞാനൊരു കാര്യം പറയട്ടെ “

“പറ “

” ആദ്യം പറയണ്ടാന്നാ കരുതിയെ …..ന്നാൽ എന്തൊ പറയാണ്ടിരിക്കാൻ പറ്റുന്നും ഇല്ല ….അങ്ങിനെ വേണമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടെയിരിക്കുന്നു ….”

“മൈഥിലി നീ ഇനിയും കാര്യം പറഞ്ഞില്ല ….”

” പറഞ്ഞാൽ സമ്മതിക്കണം … “

സേതു മൈഥിലിയെ തന്നോട് ചേർത്ത് പിടിച്ചു …. ആ കവിളിൽ തന്റെ താടി രോമങ്ങൾ കൊണ്ട് ഉരസി : പിന്നെ ചുണ്ടുകൾ കൊണ്ട് പതിയെ ഒരുമ്മ നൽകി …..

” നീ പറ ..ന്തായാലും സമ്മതിച്ചിരിക്കും …..”

“നമുക്ക് ഒരാൺ കുട്ടിയാണെങ്കിൽ അവന് നിഖിൽ എന്ന് പേരിടണം …. സമ്മതിക്കുമൊ ” മൈഥിലി ചോദിച്ചു

“നിഖിൽ ….” സേതു മന്ത്രിച്ചു ….. ” നിഖിൽ ….” ഉം അതെന്താ ഈ പേരിനോടിത്ര ……”

“അതൊരു കൊച്ചു കഥയാണ് … സേതുവേട്ട … ഞാനിതുവരെ പറയാത്ത ഒരു കഥ …… പലപ്പോഴും പറയണമെന്ന് തുനിഞ്ഞു …പക്ഷെ പിന്നെ വേണ്ടെന്ന് തോന്നി …..എന്നാൽ എന്തൊ എനിക്കത് പറയണം … പറയട്ടെ ….. “

” സേതുവേട്ടൻ എന്റെ കഴുത്തിൽ താലി കെട്ടുന്നതിന് മുൻപ് ഒന്ന് രണ്ട് ആലോചനകൾ വന്നിരുന്നു …..എന്തൊ എനിക്ക് ഒന്നിനോടും . വലിയ താൽപ്പര്യം തോന്നിയില്ല …. എന്നാൽ മൂന്നാമതൊരു പ്രൊപ്പോസൽ വന്നത് … .. എനിക്കൊരു കൗതുകം തോന്നി …. നിഖിൽ … ചിരിക്കുമ്പോൾ ആ റാബിറ്റ് ടീത്ത് കാണാൻ ഒരു പ്രത്യക ഭംഗിയായിരുന്നു … എനിക്കങ്ങ് ഷ്ടമായി സേതുവേട്ടാ ….ഒരു കോഫി ബാറിൽ വച്ചാണ് ഞങ്ങൾ തമ്മിൽ കാണുന്നത് … ഒന്ന് പരിചയപെടാൻ …. പെണ്ണുകാണാനും എന്നെ തട്ടിക്കൊണ്ടുപോകാനുമായി വീണ്ടും വരാമെന്ന് പറഞ്ഞ നിഖിൽ പിന്നെ വന്നില്ല …. ഒരു ആക്സിഡന്റ് …. അന്നെനിക്ക് ഒരു വല്ലാത്ത വിഷമം തോന്നി …പിന്നെ ഞാനങ്ങ് മറന്നു …. എന്നാൽ എനിക്ക് അറിഞ്ഞൂട സേതുവേട്ടാ …. കുറച്ച് ദിവസങ്ങളായിട്ട് ഐ ഫീൽ ഹിസ് പ്രസൻസ് …. എനിക്ക് ചുറ്റും ഉള്ളത് പോലെ … എന്നോട് എന്തൊക്കെയൊ പറയുമ്പോലെ ….”

” ഇതൊക്കെ ഒരു തോന്നലുകളാണ് മൈഥിലി… ചില വ്യക്തികൾ നമ്മെ വല്ലാതെ ആകർഷിക്കും … നമുക്ക് വേണമെങ്കിൽ ഒരു സൈക്ക്യാട്രിസ്റ്റിനെ കാണാം … ഒരു കൗൺസിലിംഗിൽ തീരാവുന്ന പ്രശ്നമെയുള്ളു ….” ഇതെല്ലാം ശ്രദ്ധയോടെ കേട്ട സേതു മൈഥിലിയോടായി പറഞ്ഞു

” അല്ല സേതുവേട്ടാ ഞാനൊരു വല്ലാത്ത കൺഫ്യൂഷനിലാണ് … “

“ശരി : റിലാക്സ് റിലാക്സ് …..നിന്റെ യിഷ്ടം പോലെയാകട്ടെ …. ആൺകുട്ടി യാണെങ്കി നമുക്ക് നിഖിൽ എന്ന് പേരിടാം …ന്താ പോരെ … “

” ഉം ” മൈഥിലി പതിയെ മൂളി

സേതു മൈഥിലിയെ ആശ്വസിപ്പിച്ചു …. മൈഥിലി ഒരു കൊച്ചുകുഞ്ഞിനെ പോലെ ആ മാറിൽ പറ്റി ചേർന്ന് കിടന്നു…..

♡♡♡♡♡♡♡♡

“എന്ത് ഭംഗിയാ ഈ നാട് : അല്ലെ അച്ഛാ ……”

ഓണം അവധിക്ക് നാട്ടിലെത്തിയ നിഖിൽ സേതുവിന്റെ കൈപിടിച്ച് പാടവരമ്പിലൂടെ നടക്കുമ്പോൾ പതിയെ പറഞ്ഞു …

“മോനിഷ്ടായൊ ……”
“ഉം “
“എന്നാ നമ്മൾ ഹൈറേഞ്ചിലേക്ക് പോകുന്നത് ……”?”നെക്സ്റ്റ് വീക്ക് ….” ” ഹൗ മെനി ഡെയ്സ് “?” വൺ വീക്ക് … നമുക്കവിടെ അടിച്ചു പൊളിക്കണം ….””ന്നെന്താ.. ഷുവർ “

♡♡♡♡♡♡♡♡♡♡((

കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്ന കാപ്പിത്തോട്ടം അങ്ങകലെ കാണാം …. മലമുകളിൽ വെട്ടി നിരപ്പാക്കിയ നേരിയ പാതയിലൂടെ കാഴ്ചകൾ കണ്ട് സേതു തന്റെ വണ്ടി പതിയെ ഓടിച്ചു … ഒരാഴ്ചത്തെ ഹൈറേഞ്ച് വാസം മതിയാക്കി സേതുവും മൈഥിലിയും നിഖിലും മടക്കയാത്രയിലായിരുന്നു ….

സേതുവിന്റെ കൂടെ മുൻ സീറ്റിൽ മൈഥിലിയും പിറകിൽ നിഖിലും ….എല്ലാവരും കാഴ്ചകൾ കാണുന്ന തിരക്കിലായിരുന്നു … അങ്ങ് ദൂരെ കാട്ടിനകത്തൂടെ ഒരു കൊച്ചരുവി ഒഴുകുന്നു …. കുറുകെ ഒരു പാലവും … വണ്ടി മുകളിൽ നിന്ന് പതിയെ പതിയെ കീഴോട്ട് ഇറങ്ങി തുടങ്ങി …. അതിരാവിലെ ആയതിനാൽ മഞ്ഞിന് ഒരു ക്ഷാമവുമില്ല …. മലയിറങ്ങുമ്പോഴുള്ള വളഞ്ഞ വഴികളും വശങ്ങളിലുള്ള അന്തമില്ലാത്ത കൊക്കയും ….

“ഹോ പേടിയാകുന്നു ….വരണ്ടായിരുന്നു ഇങ്ങോട്ടെല്ലാം …. ഈ ചെക്കന്റെ വാശിയായിരുന്നു ഇങ്ങനെയുള്ള സ്ഥലങ്ങളൊക്കെ കാണണമെന്ന് ….”

മൈഥിലി കാഴ്ചകൾ കാണുന്നതിന്നിടയിൽ പിറകിലത്തെ സീറ്റിൽ ഇരുന്ന് വെളിയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്ന നിഖിലിനെ നോക്കി പറഞ്ഞു ….

” നീയൊരു കുപ്പി വെള്ളമിങ്ങെടുത്തെ” സേതു അത് പറഞ്ഞപ്പോൾ മൈഥിലി ഡാഷിനുള്ളിൽ വച്ചിരുന്ന ചെറിയ കുപ്പിവെള്ളമെടുത്ത് സേതുവിന് നൽകി …. വെള്ളത്തിന്റെ അടപ്പ് തുറന്ന് സേതു വെള്ളം വായിലേക്കൊഴിച്ച് പതിയെ ചുരം ഇറങ്ങി …

” അച്ഛാ ദേ ഒരു വണ്ടി …. റോങ്ങ് സൈഡിൽ –.. സൂക്ഷിക്ക് ……”

നിഖിലിന്റെ അലർച്ച കേട്ടതും സേതുവിന്റെ കയ്യിൽ നിന്നും കുപ്പി മടിയിലേക്ക് വീണു …. കണ്ണടച്ചു തുറക്കും മുമ്പെ സേതു വണ്ടി വെട്ടിച്ചു ബ്രേക്ക് ചവുട്ടി നിർത്തി …… സമീപത്തുള്ള ഒരു ചെറിയ പാറയിൽ വണ്ടിയുടെ ഒരു വശം നന്നായൊന്നുരഞ്ഞു … സേതു വല്ലാതെ കിതച്ചു പോയി … ഭയന്നു പോയി …

” അച്ഛാ വണ്ടി ഓടിക്കുമ്പോഴാണൊ ഒരു കയ്യിൽ കുപ്പിയുമായി വെള്ളം കുടിക്കുന്നത് ….ഞാനാ വണ്ടി കണ്ടില്ലായിരുന്നെങ്കിലൊ …. റോങ്ങ് സൈഡിലൂടെയാ ആ വണ്ടി വന്നത് … റോങ്ങ് സൈഡിലൂടെ വണ്ടി വന്നാൽ എന്താ സംഭവിക്കുന്നത് എന്ന് ഞാൻ അച്ഛന് പറഞ്ഞു തരേണ്ട കാര്യമില്ലല്ലൊ….”

നിഖിലിന്റെ വാക്കുകൾ കേട്ട സേതു ആകെ തരിച്ചു പോയി …. കൈകാലുകൾക്ക് ആ കെ മരവിപ്പ് …. അവൻ …. അവൻ ….എന്താ ഉദ്ദേശിച്ചത് …..പതിയെ പതിയെ …അയാൾ മിററിലൂടെ പിറകിലേക്ക് നോക്കി …തന്റെ കൊച്ചു നീലക്കണ്ണുകളാൽ നിഖിൽ സേതുവിനെ രൂക്ഷമായി നോക്കുന്ന പോലെ …. സേതു ആ നോട്ടം കണ്ടപ്പോൾ വല്ലാതെ പേടിച്ചു ….. കൂടുതൽ നോക്കാൻ കഴിഞ്ഞില്ല …സേതു പെട്ടെന്ന് കണ്ണുകൾ പിൻ വലിച്ചു ….അയാളുടെ ഹൃദയമിടിപ്പ് കൂടി ….

“റോങ്ങ് സൈഡിലൂടെ വണ്ടിവന്നാൽ എന്താ സംഭവിക്കുന്നത് എന്ന് അച്ഛന് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലൊ…”

നിഖിലിന്റെ വാക്കുകൾ സേതു വിന്റെ ശരീരത്തിൽ ആയിരം മുള്ളുകളായി തറച്ചു കയറി …. റോങ്ങ് സൈഡ് …

അന്ന് ….പുലർച്ചെ നാല് മണിക്ക് ഇത് പോലെ മഞ്ഞുള്ള ഒരു പ്രഭാതത്തിൽ മദ്യത്തിന്റെ ലഹരിയിൽ റോങ്ങ് സൈഡിൽ വന്ന താൻ കാരണം ഒരു പാവം ചെറുപ്പക്കാരന്റെ വണ്ടികൊക്കയിലേക്ക് മറിഞ്ഞ ആ ദിവസം …… പിന്നെ ഒന്നും ഓർത്തില്ല … രക്ഷപെടാനുള്ള ചിന്തയായിരുന്നു …പിന്നീട് …. കാരണമെന്തെന്ന് ആരും അറിയാതെ പോയ ആ അപകടത്തിന് ശേഷം തന്റെ മനസ്സിന് സ്വസ്ഥത ലഭിച്ചിട്ടില്ല ….

മകന് നിഖിൽ എന്ന് പേരിടണമെന്ന് പറഞ്ഞ് മൈഥിലി ആ കഥ തന്നോട് പറഞ്ഞപ്പോൾ അവളോട് എല്ലാം തുറന്ന് പറയണമെന്ന് കരുതിയതാണ് …പക്ഷെ കഴിഞ്ഞില്ല ….തനിക്ക് അതിനുള്ള ധൈര്യം കിട്ടിയില്ല ….

സേതു പതിയെ മിററിലൂടെ പിറകോട്ട് നോക്കി … നിഖിൽ ചില്ലിലൂടെ ആങ്ങ് … ദൂരെയുള്ള കൊക്കയിലേക്ക് നോക്കിയിരിപ്പാണ് …..അവന്റെ മുഖം ഇപ്പോൾ ശാന്തമാണ് . നേരത്തെ കണ്ട ആ രൗദ്രഭാവം ഇപ്പോഴില്ല…. ഒരു പാട് മരണ ങ്ങളുറങ്ങുന്ന ആ കൊക്കയിലേക്ക് വളരെ ശാന്തമായി നോക്കുന്ന നിഖിലിനെ കണ്ട സേതുവിന്റെ മനസ്സ് നൊന്തു….എന്തിനെന്നറിയാതെ …. പഴയ കണക്കുകൾ നിരത്തി തന്നെ ആരോ ശിക്ഷിക്കുന്ന പോലെ …..അയാൾ കൈ കൊണ്ട് മുഖം മറച്ച് സ്റ്റിയറിങ്ങിൽ തല വെച്ചു — വല്ലാത്ത വീർപ്പുമുട്ടൽ …കുറെ പൊട്ടി പൊട്ടി കരയണമെന്ന് തോന്നി … താൻ ചെയ്ത പാപത്തിന്റെ ശിക്ഷയെന്നോണം ….

“സേതുവേട്ടാ ….” മൈഥിലി സേതുവിനെ കുലുക്കി വിളിച്ചു — “സേതുവേട്ടാ….” സേതു മുഖം തുടച്ച് തലയുയർത്തി മൈഥിലിയെ നോക്കി …. “സേതുവേട്ടൻ വല്ലാതെ പേടിച്ച പോലെ … ദൈവം സഹായിച്ച് ഒന്നും സംഭവിച്ചില്ലല്ലൊ… ദാ ഈ വെള്ളം കുടിക്ക് …..” സേതു കുപ്പി വാങ്ങി ആ വെള്ളം മുഴുവൻ കുടിച്ചു ….

“അച്ഛൻ എന്തിനാ ഇങ്ങനെ പേടിക്കണെ…. ഒന്നും സംഭവിക്കില്ല അച്ഛാ ധൈര്യമായി വണ്ടിയെടുക്ക് ….safe drive …. “

നിഖിലിന്റെ ശബദം കേട്ട സേതു മിററിലൂടെ പിറകിലേക്ക് നോക്കി … ഇപ്പോൾ ആ മുഖത്ത് പഴയ രൗദ്രഭാവമില്ല ….തികഞ്ഞ ശാന്തത മാത്രം

സേതുവിനെ നോക്കി നിഖിൽ പതിയെ പുഞ്ചിരി ച്ചു …. …. ക്രമേണ ആ ചുണ്ടുകൾ വിടർന്നു …. പുഞ്ചിരി വലുതായി … റാബിറ്റ് ടീത്ത് കാണിച്ചുള്ള ഒരു മനോഹരമായ പുഞ്ചിരി ആ മുഖത്ത് വിടർന്നു ….അത് കാണാൻ ശക്തിയില്ലാതെ സേതു കണ്ണുകൾ ഇറുക്കി അടച്ചു

പതിയെ പതിയെ ശാന്തനായി കാർ സ്റ്റാർട്ട് ചെയ്തു… വല്ലാത്തൊരു നിശബ്ദതയായിരുന്നു അപ്പോൾ ആ കാറിന്നകത്ത് …കാർ പതിയെ മുന്നോട്ട് നീങ്ങി … സേതു അപ്പോഴും നന്നായി വിയർക്കുന്നുണ്ടായിരുന്നു

(അവസാനിച്ചു)

Related Posts

Leave a Reply

Your email address will not be published. Required fields are marked *