പ്രണയം
എഴുത്ത്:- ബിന്ദു എൻ പി
റോഡരികിലെ കലുങ്കിൽ എത്ര നേരം കിടന്നുവെന്നറിയില്ല കൂട്ടുകാരൻ വന്ന് തട്ടി വിളിച്ചപ്പോഴാണ് അവിടെ നിന്നെഴുന്നേറ്റത്.അപ്പോഴും അവളുടെ ഇടറിയ വാക്കുകളും ദയനീയമായ മുഖവും മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല.. “എന്നെയും കൂടെ കൊണ്ടുപോകുമോ രവിയേട്ടാ…”അവളുടെ ശബ്ദം ഇപ്പോഴും നെഞ്ചിൽ വന്ന് തറയ്ക്കുന്നതുപോലെ..
അവൾ എന്റെ പ്രണയിനി.. പൂച്ചക്കണ്ണുള്ള ഒരു സുന്ദരിയായിരുന്നു അവൾ.. കറുത്ത ചുരിദാറിട്ടുകൊണ്ട് അവൾ നടന്നു വരുന്നതുകാണാൻ തന്നെ ഒരു പ്രത്യേക ചന്തമാണ്.. അവൾ നടന്നുവരുമ്പോൾ ആ ചുരുണ്ട മുടിയിഴകൾ കാറ്റിൽ ഇളകിയാടുന്നത്കാ ണാൻ തന്നെ എന്തൊരു ഭംഗിയായിരുന്നു..നാളെ അവളുടെ കല്യാണമാണ്.. മനസ്സിൽ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയ കാലം മുതൽ ഉള്ളിൽ കുടിയേറിയവൾ..ഒട്ടേറെ സ്വപ്‌നങ്ങൾ ഒരുമിച്ചു പങ്കുവെച്ചവർ.. ഒരിക്കലും പിരിയില്ലെന്ന് പലവട്ടം പറഞ്ഞവർ. ഇല്ല തനിക്കവളെ മറക്കാനാവില്ലൊരിക്കലും.. അത്രമേൽ ഇഷ്ടപ്പെട്ടിരുന്നവൾ. എന്നിട്ടും അവളെ മറ്റൊരാൾക്ക് വിട്ടു കൊടുക്കേണ്ടി വന്നു. “എന്നെ പ്രാണനാണെന്ന് പറഞ്ഞത് വെറുതെയാണല്ലേ… “അവളെന്നെ കുറ്റപ്പെടുത്തുന്നുവോ?
ഇല്ല. ഒരിക്കലും ഒരു കാലത്തിനും ഞാനവളെ വിട്ടു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അന്ന് അവളുടെ അച്ഛൻ എന്നെ കാണാൻ വരുന്നതുവരെ. വീട്ടിൽ തകൃതിയായി വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്ന് അവൾ പറഞ്ഞിരുന്നു. ഏത് നിമിഷവും പിടി വീഴാം. അങ്ങനെയിരിക്കെയാണ് അവൾക്കൊരാലോചന വരുന്നത്. ഒരു സർക്കാരുദ്യോഗസ്ഥൻ. എല്ലാ രീതിയിലും നല്ല ബന്ധം. അവർക്ക് വാക്കു കൊടുത്തേക്കുമെന്ന് ഭയപ്പെട്ടപ്പോഴാണ് അവൾ അച്ഛനമ്മമാരോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്.. ആളാരാണെന്ന് ചോദിച്ചപ്പോൾ അവളെന്റെ പേര് പറഞ്ഞു. ഞാനപ്പോൾ ഒരു പ്രൈവറ്റ് ബസ്സിൽ കണ്ടക്ടർ ആയി ജോലി നോക്കുകയായിരുന്നു.
അന്നൊരു ദിവസം അവസാന ഓട്ടവും കഴിഞ്ഞ് ബസ്സ് സാധാരണ പാർക്ക് ചെയ്യുന്ന സ്ഥലത്ത് പാർക്ക് ചെയ്ത ശേഷം വീട്ടിലേക്ക് പോകാനൊരുങ്ങു മ്പോഴാണ് എന്നെ കാണാൻ അവളുടെ അച്ഛൻ വന്നത്. കുറച്ചു സംസാരിക്കാനുണ്ടെന്ന് പറഞ്ഞപ്പോൾത്തന്നെ കാര്യം ഏകദേശം എനിക്ക് പിടി കിട്ടിയിരുന്നു..
അടുത്തുള്ള തട്ടുകടയിൽ നിന്നും രണ്ട് ചായയും വാങ്ങി ഞങ്ങൾ വഴിയോരത്തുള്ള തണൽ മരത്തിനരികിലേക്കിരുന്നു. അവളുടെ അച്ഛൻ ഒരു സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന് രണ്ട് പെണ്മക്കളായിരുന്നു. രണ്ട് മക്കളെയും ഏറെ പ്രതീക്ഷയോടെ അദ്ദേഹം വളർത്തി. എന്നാൽ മൂത്തയാൾ കൂടെ പഠിക്കുന്ന ഒരു ചെറുപ്പക്കാരനുമായി ഇഷ്ടത്തിലായി. ഏറെ താമസിയാതെ ഒരു ദിവസം അവൾ ആ ചെറുപ്പക്കാരനോടൊപ്പം ഇറങ്ങിപ്പോയതോടെ ആ കുടുംബം ആകെ തകർന്നു. പിന്നീടുള്ള എല്ലാ പ്രതീക്ഷയും ഇളയ മകളിലായിരുന്നു. അവളും കൂടി ഇതുപോലെ ചെയ്താൽ പിന്നെ ഞങ്ങളെന്തിനാണ് ജീവിക്കുന്നത്..
ഇപ്പൊ അവൾക്ക് വന്നിരിക്കുന്നത് എന്തുകൊണ്ടും നല്ലൊരാലോചനയാണ്. അതുകൊണ്ട് മോൻ എന്നെ മനസ്സിലാക്കണം. അവളെ മോൻ മറക്കണം. ഒരച്ഛന്റെ നിസ്സഹായതയാണിത്.അതും പറഞ്ഞുകൊണ്ട് ആ മനുഷ്യൻ എന്റെ മുന്നിൽ നിന്ന് കൈ കൂപ്പിയപ്പോൾ ഞാൻ എന്നെക്കുറിച്ചോർത്തു. പഠിച്ചിട്ടും ഇതുവരെ കാര്യമായൊരു ജോലി പോലും നേടാനായിട്ടില്ല. ഈ താൽക്കാലീകമായ കണ്ടക്ടർ ജോലി കൊണ്ട് വീട്ടിലെ പ്രാരാബ്ധങ്ങൾക്ക് ഇപ്പോഴും ഒരു കുറവും വന്നിട്ടുമില്ല.. ഈ ദുരിതത്തിലേക്ക് അവളെ കൈ പിടിച്ചു കൊണ്ടുവരാൻ വയ്യാ..അവളുടെ അച്ഛന്റെ സ്വപ്നം പോലെ അവൾ അയാളെ കല്യാണം കഴിച്ച് സുഖമായി ജീവിക്കട്ടെ.. അന്ന് ആ നിമിഷം അവളുടെ അച്ഛന് ഞാൻ വാക്ക് കൊടുത്തു. അവളെ ഞാൻ മറന്നോളാമെന്ന്. ഒരു പ്രശ്നത്തിനും ഞാൻ വരില്ലെന്ന്. ആശ്വാസത്തോടെ തിരിച്ചു പോകുന്ന ആ മനുഷ്യനെ വേദനയോടെ ഞാൻ നോക്കി നിന്നു.
അങ്ങനെ അവളുടെ കല്യാണം വന്നു. അവളുടെ അച്ഛൻ എന്നെ കല്യാണത്തിന് പ്രത്യേകം ക്ഷണിച്ചിരുന്നു. എന്റെ പ്രീയപ്പെട്ടവൾക്കുള്ള സമ്മാനപ്പൊതിയുമായി കല്യാണത്തലേന്ന് ഞാനവളുടെ വീട്ടിലേക്ക് പോയി. കൂടെ എന്റെ കൂട്ടുകാരനു മുണ്ടായിരുന്നു. ആ സമ്മാനപ്പൊതി അവൾക്ക് കൊടുത്തപ്പോൾ വിതുമ്പലോടെ വിറയാർന്ന ശബ്ദത്തിൽ അവളെന്നോട് ചോദിച്ചു “ഞാനും പോന്നോട്ടെ കൂടെ.. എന്നെയും കൊണ്ടുപോകാമോ…? ആ വാക്കുകൾ കേട്ടില്ലെന്ന് നടിച്ചുകൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നകലുമ്പോൾ എന്റെ നെഞ്ച് പിടയ്ക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു..
ഇന്നിപ്പോ വർഷങ്ങളൊരുപാട് കടന്നുപോയിരിക്കുന്നു.. എപ്പോഴോ ഞാനൊരു പ്രവാസിയായി.. എനിക്കും ഒരു കുടുംബമുണ്ടായി. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു. എന്നാലും എന്റെ കണ്മുന്നിൽ അവളുണ്ടായിരുന്നു.. മനസ്സിലിപ്പോഴും അവളോടുള്ള ആ ഇഷ്ടവും ഉണ്ടായിരുന്നു..അതിന് ശേഷം ഒരിക്കൽപ്പോലും പരസ്പരം സംസാരിച്ചിട്ടില്ല നമ്മൾ. നാട്ടിൽ അവളൊരു ഷോപ്പ് നടത്തുന്നുണ്ട്. ഞാൻ നാട്ടിൽ വന്നു കഴിഞ്ഞാൽ എന്റെ വരവ് അവളെ അറിയിക്കാൻ വേണ്ടി മാത്രം ആ ഷോപ്പിന് മുന്നിലൂടെ ബൈക്കുമായി അങ്ങോട്ടു മിങ്ങോട്ടും പോകാറുണ്ട്. അവധി കഴിഞ്ഞുതിരിച്ചു പോകുന്നതുവരെ ആ യാത്ര തുടരാറുമുണ്ട്. ഒന്നും പരസ്പരം മിണ്ടാറില്ലെങ്കിലും ഞാൻ അതുവഴി പോകുന്നതും കാത്ത് അവളാ ഷോപ്പിന്റെ ഒരു പ്രത്യേക കോണിൽ വന്നു നിൽക്കാറുണ്ട്. എനിക്കേറെ ഇഷ്ടമുള്ള കറുപ്പ് നിറമുള്ള വസ്ത്രങ്ങളിട്ടു കൊണ്ട്.. എന്നെ കാണുമ്പോൾ നേരിയൊരു പുഞ്ചിരി അവളെനിക്ക് സമ്മാനിക്കാറുണ്ട്.. ആ ചിരിയിൽ ഒരു ജന്മത്തിന്റെ മുഴുവൻ ഇഷ്ടവും ഞാനറിയാറുണ്ട്. കല്യാണപ്രയമെത്തിയ രണ്ട് മക്കൾ എനിക്കുണ്ട്.. അതുപോലെ അവൾക്കും.. അന്നത്തെ അവളുടെ അച്ഛന്റെ മനസീകാവസ്ഥ
ഇന്നെന്നിലെ അച്ഛന് കാണാനാവുന്നുണ്ട്.. അവളിലെ അമ്മയ്ക്കും അത് മനസ്സിലാവുമെന്ന് കരുതുന്നു. ഇന്ന് രണ്ട് കുടുംബങ്ങളും സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് തോന്നുന്നുണ്ട് അന്നത്തെ എന്റെ തീരുമാനം തന്നെയായിരുന്നു ശരിയെന്ന്.. അതെ ആത്മാർത്ഥ സ്നേഹത്തിന് സ്വന്തമാക്കുക എന്നതിനപ്പുറം വിട്ടുകൊടുക്കുക എന്നൊരർത്ഥം
കൂടിയുണ്ടെന്ന് ഞാനറിയുന്നു..ഇപ്പോഴും എനിക്കും അവൾക്കുമിടയിൽ ആഴത്തിൽ പടർന്നു കിടക്കുന്നുണ്ട് ആത്മാർത്ഥ സ്നേഹത്തിന്റെ വേരുകൾ..ഒരിക്കലും ഒരു കാലത്തിനും അടർത്തി മാറ്റുവാനാവാതെ…