ഇവനൊക്കെ മര്യാദയ്ക്ക് അവിടെ കിടന്നൂടെ. അഹങ്കാരം ആണ് ഇതൊക്കെ…..

ക്വാറന്റൈൻ ഒരു നോവ്

Story written by Prajith Surendrababu

“ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ആരോഗ്യ പ്രവർത്തകരുടെ കണ്ണുവെട്ടിച്ചു പുറത്ത് ചാടിയ പ്രവാസി യുവാവിനെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് തിരികെയെത്തിച്ചു “

ഹോസ്പിറ്റലിൽ വെയിറ്റിങ് ഏരിയയിലെ ടീവിയിലെ വാർത്തയ്‌ക്കൊപ്പം കാണുന്ന ദൃശ്യങ്ങളിലേക്ക് ഇമവെട്ടാതെ നോക്കി ഇരുന്നു സുലോചന.

” ഇവനൊക്കെ ഇതെന്തിന്റെ കേടാണ്.. മര്യാദക്ക് അടങ്ങി കിടന്നൂടെ അവിടെ.. കുറെ പ്രവാസികൾ ഇറങ്ങിയിട്ടുണ്ട്. ഇവറ്റകളെ നാട്ടിൽ എത്തിക്കുന്നേനു മുന്നേ വരെ ഇവിടെ കൊറോണയൊന്നും വലിയ പ്രശ്നമല്ലായിരുന്നു . എല്ലാം കൂടി ഇങ്ങ് വന്ന് കേറി നാട് മുടിഞ്ഞു.”

കുറച്ചകലെ ചെയറിൽ ഇരുന്ന വൃദ്ധൻ രോക്ഷം കടിച്ചമർത്തുമ്പോൾ അവിടെയുണ്ടായിരുന്ന മറ്റുപലരും അത് ശെരി വച്ചു. അപ്പോഴും സുലോചന ശാന്തയായി തന്നെ ഇരുന്നു.കാരണം അവരുടെ കാതുകളിൽ ആ സംഭാഷണം എത്തിയില്ല. ആ ഉള്ളം അപ്പോഴും നീറുകയായിരുന്നു.

” ഇവനൊക്കെ മര്യാദയ്ക്ക് അവിടെ കിടന്നൂടെ…. അഹങ്കാരം ആണ് ഇതൊക്കെ. പിടിച്ചു ജയിലിൽ ഇടണം അപ്പോ പഠിക്കും.. “

വൃദ്ധന്റെ അഭിപ്രായത്തെ ശക്തമായി ശെരി വച്ചു കൊണ്ട് ഒരാൾ കൂടി എത്തിയപ്പോൾ പിന്നെ അവിടെ ചർച്ചകൾ ആരംഭിച്ചു. പ്രവാസികളെ പിന്തുണച്ചും തള്ളിപ്പറഞ്ഞും അഭിപ്രായങ്ങൾ ഉയരുമ്പോൾ ഏറെ അസ്വസ്ഥതയോടെ പതിയെ എഴുന്നേറ്റു സുലോചന

“ഭഗവാനേ.. എന്റെ കുട്ടിക്ക് ഒന്നും വരുത്തിയേക്കരുതേ ” ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടവർ അകലെ ലേബർ റൂമിലേക്ക് നോക്കി നിന്നു അൽപനേരം കൂടി ആ നിൽപ്പ് തുടരവേ ഒരു പേപ്പറുമായി നഴ്സിലൊരാൾ അവരുടെ അരികിലേക്കു വന്നു.

” അമ്മേ.. ദേ ഇവിടെയൊന്നു ഒപ്പിടണം. സമ്മത പത്രമാണ് ഇതൊരു ഫോര്മാലിറ്റി ആണ്. “

ആ പേപ്പർ കയ്യിലേക്ക് വാങ്ങുമ്പോൾ സുലോചനയുടെ കൈകൾ വിറപൂണ്ടു.

” മോളെ …. എന്റെ കുട്ട്യോളെ രക്ഷപ്പെടുത്താൻ ഒരു വഴിയും ഇല്ലേ… “

നോവ് നിറഞ്ഞ ആ ചോദ്യത്തിന് മുന്നിൽ ആ നഴ്സും അൽപനേരം നിശബ്ദയായി

” ഒന്നും ഉറപ്പ് പറയാൻ കഴിയില്ല അമ്മേ.. ഒന്നുകിൽ അമ്മ.. അല്ലെങ്കിൽ കുഞ്ഞ്.. അതുമല്ലെങ്കിൽ രണ്ട് പേരും… നഷ്ടമെന്തായാലും ഉണ്ടാകും.. ചിലപ്പോൾ രക്ഷപ്പെട്ടെന്നും വരാം. ഡോക്ടർ അമ്മയോട് എല്ലാം പറഞ്ഞിരുന്നില്ലേ… അത്രത്തോളം കോമ്പ്ളിക്കേറ്റഡ് ആണ് കേസ്… പ്രാർത്ഥിക്കു. അതെ ഇപ്പോ പറയാൻ കഴിയുള്ളു “

ആ മറുപടി കേൾക്കെ വല്ലാതെ തളർന്നു നിന്നുപോയി സുലോചന. അപ്പോഴും വെയിറ്റിങ് ഏരിയയിലെ ചർച്ചയുടെ ഒച്ച ഉയർന്നു കേട്ടു..

” ഒന്ന് നിശബ്ദരാകു നിങ്ങൾ. ഈ അമ്മയ്ക്ക് അല്പം മനസമാധാനം നൽകു.. അവരുടെ മരുമകൾ അകത്തു ലേബർ റൂമിൽ വളരെ സീരിയസ് ആയി കിടക്കുവാണ് അല്പം മനുഷ്യത്വം കാണിക്കു പ്ലീസ് “

നഴ്സിന്റെ ഒച്ചയുയർന്നതോടെ അവിടം പെട്ടെന്ന് നിശബ്ദമായി.

“ലേബർ റൂമിൽ സീരിയസ് ആയി കിടക്കുന്നെന്നോ.. അതെന്നാ പറ്റി…”

ആരുടെയൊക്കെയോ മുറുമുറുപ്പുകൾ മാത്രം അവിടെ അലതല്ലി.. അല്പ സമയത്തെ നിശബ്ദതയ്ക്ക് ശേഷം മുന്നേ അഭിപ്രായം പറഞ്ഞ വൃദ്ധൻ പതിയെ സുലോചനയ്ക്കരികിലേക്ക് നടന്നു ചെന്നു.

” എന്താ.. എന്താ.. പ്രശ്നം.. മോൾക്ക്.. പറയ്.. വേറെ ആരും ഇല്ലേ നിങ്ങടൊപ്പം..”

അയാളുടെ ചോദ്യത്തിന് മുന്നിൽ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു അവർ.

“ആരും ഇല്ല… എന്റെ മരുമകളാ അകത്തു ലേബർ റൂമിൽ. മോൻ ആണേൽ വരാൻ പറ്റാത്ത അവസ്ഥയിലും. ബന്ധുക്കൾ എന്ന് പറയാൻ അധികം ആരും ഇല്ല. ഉള്ളവരാകട്ടെ ഈ കൊറോണ കാലത്ത് പേടിച്ചു പുറത്തേക്കിറങ്ങാനും മടിക്കുന്നു.”

ഒരു നെടുവീർപ്പോടെ അവർ പതിയെ അരികിലുള്ള ചെയറിലേക്കിരുന്നു.

“എന്താ മോൾക്ക് ഇപ്പോൾ പ്രശ്നം.. അത് പറഞ്ഞില്ലല്ലോ. “

വൃദ്ധൻ സംശയത്തോടെ വീണ്ടും ഉറ്റു നോക്കവേ പതിയെ തുടർന്നു സുലോചന

” പത്തു വർഷത്തെ പ്രണയത്തിനു ശേഷമാ ന്റെ കുട്ട്യോൾ ഒന്നായെ… അതിൽ പിന്നെ ഒരു കുഞ്ഞിനായി വീണ്ടും കാത്തിരിക്കേണ്ടി വന്നു ആറു വർഷങ്ങൾ. അപ്പോഴുണ്ട് ദേ അടുത്ത പ്രശ്നം. കുട്ടിയെ കളയണമെന്നാ ആദ്യം ഡോക്ടർ പറഞ്ഞെ.. പക്ഷെ മോള് സമ്മതിച്ചില്ല കാത്തിരുന്നു കിട്ടിയതല്ലേ.. പ്രശ്നം എന്താന്ന് വ്യക്തമായി പറഞ്ഞു തരാനൊന്നും അറിയില്ല എനിക്കു. ഒന്ന് മാത്രം അറിയാം. പ്രസവം കഴിഞ്ഞാൽ അമ്മയെയും കുഞ്ഞിനേയും ഒരുമിച്ച് കിട്ടാൻ സാധ്യത വളരെ കുറവാ.. ചിലപ്പോൾ രണ്ടാളും…. “

പറഞ്ഞു മുഴുവിക്കുവാൻ അവർക്ക് കഴിഞ്ഞില്ല ഒരു വിതുമ്പലോടെ സാരിത്തുമ്പാൽ മുഖം തുടച്ചു സുലോചന. ആ കാഴ്ച കാൺകെ അവിടുണ്ടായിരുന്നവരൊക്കെയും അവർക്കരികിലേക്ക് അടുത്തു.

” അമ്മേ… അമ്മേടെ മോൻ എവിടെയാണ്… അയാൾക്ക് വരാൻ കഴിയില്ലേ… “

നേഴ്സ് അരികിലേക്ക് ഇരിക്കുമ്പോൾ പതിയെ മുഖമുയർത്തി സുലോചന.

” വിവരങ്ങൾ അറിഞ്ഞത് മുതൽ ഉള്ള് പിടഞ്ഞു നിൽക്കുവാ ന്റെ കുട്ടി.. ജീവനെ പോലെ കൊണ്ട് നടന്നതാ അവൻ.. അപ്പോൾ ഇങ്ങനെ ഒരു വിവരമറിഞ്ഞാൽ അടങ്ങി ഇരിക്കാൻ കഴിയോ.. വരാൻ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല “

” അതെന്തേ ആള് ഗൾഫിലോ മറ്റോ ആണോ… “

സംശയത്തോടെ വീണ്ടും ആ നേഴ്സ് ഉറ്റു നോക്കുമ്പോൾ സുലോചനയുടെ മിഴികൾ തുളുമ്പി.

” ഗൾഫിൽ ആയിരുന്നു ഇപ്പോ നാട്ടിൽ വന്നിട്ട് ഇരുപത് ദിവസം തികയുന്നു… സർക്കാർ കേന്ദ്രത്തിൽ ക്വാറന്റൈനിലാണ്. കണ്ടില്ലേ ഇച്ചിരി മുന്നേ ടീവിയിൽ… ക്വറന്റൈൻ കേന്ദ്രത്തിൽ നിന്നും പുറത്ത് ചാടിയ പ്രവാസി.. ആരൊക്കെയോ ഇവിടെ കുറ്റങ്ങൾ പറയുന്നതും കേട്ടു.. അത് എന്റെ മോനാ അനന്ദു…. ഇത്രയും ദിവസം പിടിച്ചു നിന്നു. ഇന്നിപ്പോ സഹിക്കാണ്ടായപ്പോ ഉള്ള് പിടഞ്ഞു അവളെ ഒരു നോക്ക് കാണുവാൻ കൊതിച്ചു ഇറങ്ങി ഓടിയതാകും എന്റെ കുട്ടി “

പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം കുനിച്ച അവർക്കു മുന്നിൽ മറുപടി ഇല്ലാതെ ഒരു നിമിഷം കുഴഞ്ഞു ഏവരും…

” അയ്യോ അത് നിങ്ങടെ മകനായിരുന്നോ “

ആ വൃദ്ധനും അല്പം ജാള്യതയോടെ അവരെ നോക്കി. പൊടുന്നനെ സുലോചനയുടെ ഭാവം മാറി.

” എന്ത് കാരണത്താലായാലും എന്റെ മകൻ ഇപ്പോൾ ചെയ്തത് തെറ്റ് തന്നെയാണ്.. പക്ഷെ ഒന്ന് ചോദിക്കട്ടെ നിങ്ങളിൽ പലരും അഭിപ്രായങ്ങൾ പറഞ്ഞു കേട്ടു… ഈ നാടിനു എന്ത് ദോഷമാണ് പ്രവാസികൾ വരുത്തി വച്ചത്… അവരുടെ കൂടി പണം കൊണ്ടല്ലേ ഈ നാട് പച്ച പിടിച്ചേ… “

ആ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം വൃദ്ധനുൾപ്പെടെ ആർക്കും ഉത്തര മില്ലായിരുന്നു.

അല്പ സമയത്തെ നിശബ്ദതയ്ക്കു ശേഷം വീണ്ടും സുലോചന തുടർന്നു.

” എന്റെ മകൻ പറഞ്ഞുള്ള അറിവ് മാത്രമേ ഉള്ളു എന്നിരുന്നാലും പറയാം സ്വന്തം ആരോഗ്യം നോക്കി ഓരോ പ്രവാസിയും ജോലിക്ക് പോകാതെ അവരവരുടെ റൂമിൽ ഇരുന്നിരുന്നേൽ ഒരു പക്ഷെ ഈ ചീത്തപ്പേര് അവർക്ക് കേൾക്കേണ്ടി വരുമായിരുന്നില്ല.. ഇനിയെങ്കിലും നാട്ടിലെ ഓരോ ആഘോഷങ്ങൾ പറഞ്ഞു പിരിവിനായി പ്രവാസികളെ വിളിക്കുമ്പോൾ ഒന്ന് ചിന്തിക്കു എല്ലാവരും.. ആപത്ത് ഘട്ടത്തിൽ അതിൽ എത്രപേരെ വിളിച്ചു നാം സുഖ വിവരങ്ങൾ തിരക്കി എന്ന് “

ആ ഉറച്ച വാക്കുകൾ അക്ഷരാർത്ഥത്തിൽ ഏവരുടെയും വായടപ്പിച്ചിരുന്നു. അപ്പോഴേക്കും സുലോചനയുടെ കയ്യിലിരുന്ന ഫോൺ ശബ്ദിച്ചു. ഫോണിലേക്ക് നോക്കോ പെട്ടെന്നവർ മിഴിനീർ തുടച്ചു…

” മോനാ വിളിക്കണേ. ഇവിടെന്തായി എന്നറിയാണ്ട് വിഷമിക്കുവാകും പാവം..”

കോൾ അറ്റന്റ് ചെയ്ത് ഫോൺ കാതോട് ചേർത്ത് കൊണ്ടാ അമ്മ കുറച്ചകലേക്ക് മാറുമ്പോൾ പരസ്പരം ഒന്നും പറയുവാനില്ലാതെ ഏവരും കുഴഞ്ഞു.. ആ നിമിഷം അവിടെയുള്ളവരൊന്നാകെ പ്രാർത്ഥിച്ചത് ആ അമ്മയ്ക്കും കുഞ്ഞിനും വേണ്ടിയായിരുന്നു.

” ദൈവമേ… ആ അമ്മയ്ക്കും കുഞ്ഞിനും ഒന്നും വരുത്തിയേക്കരുതേ.. “

ഉള്ളിലെവിടെയോ ഒരിറ്റു കുറ്റബോധത്തോടെ ആ വൃദ്ധൻ പതിയെ പുറത്തേക്ക് നടന്നു.

ആ പ്രാർത്ഥനകളൊക്കെയും ഒരുപക്ഷെ ഈശ്വരനും കേട്ടിരിക്കാം. ആപത്തുകളൊന്നും കൂടാതെ തന്നെ ആ അമ്മയും കുഞ്ഞും രക്ഷപ്പെടുന്നത് വരെ സുലോചനക്ക് കൂട്ടായി ആ വൃദ്ധനും ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. ഇപ്പോൾ അവർ കാത്തിരിക്കുന്നു ക്വറന്റൈൻ കാലാവധി കഴിഞ്ഞു വരുന്ന അനന്ദുവിനായി…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *