അമ്മ
എഴുത്ത്:- ബിന്ദു എന്‍ പി
ഉറക്കത്തെ കാത്തിരിക്കാൻ തുടങ്ങിയിട്ട് രാവേറെയായി.. എന്നിട്ടുമെന്തേ ഉറക്കമിനിയുമകലെ.. എന്റെ ചിന്തകൾ കാടു കയറാൻ തുടങ്ങി.ജീവിതം തീർത്തും വിരസമാണെന്ന് തോന്നിത്തുടങ്ങിയത് എന്ന് മുതലായിരിന്നു.
ഒരിക്കൽ തിരക്ക് പിടിച്ചൊരു പെണ്ണായിരുന്നു ഞാനും.. ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾക്ക് വേണ്ടി ഓടി നടക്കുമ്പോൾ എനിക്കൊന്നിനും നേരമുണ്ടായിരുന്നില്ലല്ലോ.ഇന്നിപ്പോ ഒരു തിരക്കുകളുമില്ലാതെ.എന്തോ ഇപ്പൊ ഇടയ്ക്കിടെ അമ്മയുടെ ശബ്ദം കേൾക്കുവാൻ തോന്നുന്നുണ്ട് . നേരം പുലർന്നാൽ എത്ര തവണ അമ്മയെ വിളിച്ചിട്ടും മതിയാവാത്തത് പോലെ.
“എന്തുപറ്റി മോളേ നിനക്ക്?” അമ്മ ആശ്ചര്യം പൂണ്ടു. അതെ പണ്ട് ഞാൻ ഇങ്ങനെയായിരുന്നില്ല. ഭർത്താവിന് വേണ്ടി, മക്കൾക്ക് വേണ്ടി അവരുടെ ഇഷ്ടങ്ങളിലൂടെ ഓടി നടക്കുമ്പോൾ ഞാനെന്നെ മറന്നിരുന്നു. എന്റെ ചുറ്റുപാടുകൾ മറന്നിരുന്നു. അന്നൊന്നും അമ്മയെ വിളിക്കാൻ ഞാൻ സമയം കണ്ടെത്തിയിരുന്നില്ല. അഥവാ അമ്മയുടെ കോൾ വന്നാൽ തന്നെ ജോലിത്തിരക്കിനിടയിൽ അനിഷ്ടത്തോടെയേ അമ്മയോട് സംസാരിച്ചിട്ടുള്ളൂ. ഒന്നിലേറെ തവണ അമ്മ വിളിച്ചപ്പോഴൊക്കെ ഞാൻ കാരണമില്ലാതെ അമ്മയോട് ദേഷ്യപ്പെട്ടു. എന്തിനാണമ്മ വീണ്ടും വിളിച്ചതതെന്ന് പറഞ്ഞ് അമ്മയോട് കയർക്കുമ്പോൾ അമ്മ നിർവ്വികാരതയോടെ പറഞ്ഞു…” ഒന്നൂല്ല മോളേ… നിന്റെ ശബ്ദം ഒന്ന് കേൾക്കാനാ… “
ഇവിടെ മനുഷ്യന് നൂറു കൂട്ടം പണികളുണ്ട്. അതിനിടയിലാ.. ഞാൻ ദേഷ്യപ്പെടുമ്പോൾ അങ്ങേ തലയ്ക്കലെ നിശബ്ദമായ നെടുവീർപ്പുകൾ ഞാൻ കേട്ടില്ലെന്ന് നടിച്ചു.ഒന്നും പറയാതെ സങ്കടത്തോടെ ഫോൺ കട്ട് ചെയ്യുന്ന അമ്മയെയോർത്തു ഞാൻ വ്യാകുലപ്പെട്ടില്ല.
തിരക്കൊഴിഞ്ഞ നേരങ്ങളിൽ വല്ലപ്പോഴും മാത്രമേ ഞാൻ അമ്മയെ വിളിക്കാറുണ്ടായിരുന്നുള്ളൂ. വിളിക്കുമ്പോ ഓടി വരുന്ന അമ്മയെ.. എത്ര സംസാരിച്ചാലും മതിയാവാത്ത അമ്മയെ.. ഫോൺ കട്ട് ചെയ്യുമ്പോ പരിഭവിക്കുന്ന അമ്മയെ ഞാൻ അന്നൊക്കെ കണ്ടില്ലെന്ന് നടിച്ചു..
ഇന്നിപ്പോ രണ്ട് മക്കളും വിദേശങ്ങളിൽ ജോലി നേടിപ്പോയിരിക്കുന്നു.അതില്പിന്നെയാണ് ജീവിതം ഇത്രമേൽ വിരസമാണെന്ന് തോന്നിത്തുടങ്ങിയത്. എനിക്കും ഭർത്താവിനുമുള്ള ഭക്ഷണം ഉണ്ടാക്കലും അലക്കലും തൂത്തു തുടക്കലും കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനില്ലാത്തതു പോലെ.. ഇപ്പൊ മക്കളുടെ ഇഷ്ടങ്ങൾ നോക്കാനില്ല. തിരക്കുകളില്ല. തികച്ചും യന്ത്രികമായി മുന്നോട്ടു പോകുന്ന ജീവിതം..
ഏക പ്രതീക്ഷ മക്കളുടെ വീഡിയോ കോളുകൾ വരുന്നതായിരുന്നു. ആദ്യമൊക്കെ അവർ രണ്ടുപേരും വിശേഷങ്ങളൊക്കെ പറയാറുണ്ടായിരുന്നു. പിന്നെ പിന്നെ വിശേഷങ്ങളുടെ എണ്ണം കുറഞ്ഞു .എന്തെങ്കിലും ചോദിച്ചാൽ അവർ ദേഷ്യപ്പെടാൻ തുടങ്ങി .”ഈ അമ്മയ്ക്ക് അവിടെ പണിയൊന്നുമില്ലെന്ന് കരുതി ഇവിടെ നൂറു കൂട്ടം കാര്യങ്ങളുണ്ട് ചെയ്യാൻ. “ഞാൻ പണ്ടെന്റെ അമ്മയോട് പറഞ്ഞ വാക്കുകൾ എന്റെ മക്കളെന്നോട് പറയാൻ തുടങ്ങിയപ്പോഴാണ് ഞാൻ എന്റെ അമ്മയെ ഓർക്കാൻ തുടങ്ങിയത്. എന്റെ മക്കളെന്നെ വിളിക്കാൻ മറക്കുമ്പോഴൊക്കെ ഞാനെന്റെ അമ്മയെ ഓർക്കും.. അന്ന് ഞാൻ വിളിക്കാൻ മറക്കുമ്പോഴൊക്കെ എന്നെ തേടി വരുന്ന അമ്മയുടെ വിളികൾ എന്റെയോർമ്മയിലേക്ക് ഓടിയെത്തും..അപ്പോഴൊക്കെ ഞാൻ ഫോണെടുത്തെന്റെ അമ്മയെ വിളിക്കും.
ഇന്നെനിക്ക് മനസ്സിലാവുന്നുണ്ട് എന്റെ അമ്മയുടെ അവസ്ഥ.. മക്കളുടെ വിളിക്ക് കാതോർത്തിരിക്കുന്ന അമ്മയുടെ അവസ്ഥ. ഇന്നിപ്പോ അമ്മ വിളിക്കുമ്പോൾ ഞാൻ ദേഷ്യപ്പെടാറില്ല. മറിച്ച് ആ വിളികൾക്കായി ഞാൻ കാത്തിരിക്കുന്നു.. അമ്മ വിളിച്ചില്ലെങ്കിലും അമ്മയെ വിളിക്കാൻ ഞാൻ മറക്കാറില്ല. അമ്മ കഴിഞ്ഞുള്ള തിരക്കുകൾ മാത്രമേ ഇന്നെനിക്കുള്ളൂ.. ഇടയ്ക്കിടെ ഇങ്ങനെ വിളിക്കുമ്പോൾ അമ്മ ചോദിക്കുന്നുണ്ട് “നിനക്കെന്തുപറ്റി മോളേ എന്ന്..”അതിനുള്ള ഉത്തരം ഞാനൊരു പുഞ്ചിരിയിൽ ഒതുക്കുമ്പോഴും എന്റെ മക്കൾക്ക് എന്നെ വിളിക്കാൻ നേരമുണ്ടാവണമെങ്കിൽ നാളെ അവരും ഇതേ അവസ്ഥയിലെത്തണമല്ലോ എന്ന് ഞാൻ വേദനയോടെ ഓർക്കാറുണ്ട് .