💜നിനക്കായ്💜
story written by Athira Sivadas
“ആരോട് ചോദിച്ചിട്ടാടി ഈ കോപ്രായം ഒക്കെ കാണിച്ചു വച്ചത്” ദേഷ്യം കൊണ്ട് അരുൺ നിന്ന് വിറയ്ക്കാണ്. ഞാൻ പല്ല് മൊത്തം വെളിയിൽ കാണിച്ച് നന്നായി ഒന്ന് ചിരിച്ചു കാണിച്ചു.
“നീ മാത്രേ പറഞ്ഞുള്ളു കൊള്ളൂല്ലെന്ന്… ബാക്കി എല്ലാരും പറഞ്ഞു അടിപൊളി ആയിട്ടുണ്ടെന്ന്” ഒരു കയ്യകലത്തിൽ നിന്നും അൽപ്പം മാറി നിന്നാണ് ഞാനത് പറഞ്ഞത്.
“ഈയിടെയും ഇത്പോലെ മുടി വെട്ടി കളഞ്ഞപ്പോൾ നിന്നോട് ഞാൻ പറഞ്ഞതാ ഇനി മേലാൽ ഇങ്ങനെ ചെയ്തേക്കല്ലെന്ന്. പിന്നേം ഓരോന്ന് ചെയ്ത് വച്ചിട്ട് നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ.”
“ആഹാ എന്റെ മുടി എന്റെ തല എന്റെ കയ്യിലെ കാശ്.. നിനക്കെന്നാ വേണം… ഞാൻ എനിക്കിഷ്ടം ഉള്ളതുപോലെ ചെയ്യും. ചിലപ്പോൾ മൊട്ട അടിക്കും. അതിനൊക്കെ ഞാൻ നിന്റെ അനുവാദം വാങ്ങണോ.” ആഹാ ഞാനും ഒട്ടും വിട്ട് കൊടുത്തില്ല.
അരുണും എന്റെ അമ്മയും ഒക്കെ ഒരേ കണക്കാ… നീണ്ട മുടിയാണത്രേ പെണ്ണിന് സൗന്ദര്യം. എനിക്കാണേൽ മുടി നീട്ടി വളർത്താൻ തീരെ താല്പര്യം ഇല്ല താനും.
ഞാൻ പറഞ്ഞത് തീരെ പിടിക്കാത്ത മട്ടുണ്ട്. ഉണ്ടക്കണ്ണ് രണ്ടും ഇപ്പോൾ തെറിച്ചു വീഴാൻ പാകത്തിന് തള്ളി നിൽക്കാണ്.
“ആഹ് നീ നിന്റെ ഇഷ്ടം പോലൊക്കെ ചെയ്യു. ഇനി അരുണേന്നും വിളിച്ചു എന്റെ അടുത്തേക്ക് ഒന്നും വന്ന് പോയേക്കല്ല്” കാറിന്റെ ഡോർ തുറന്നു എന്തൊ ക്കെയൊ എടുത്ത് കാറും ലോക്ക് ചെയ്ത് ചവിട്ടി തുള്ളി ഓഫീസിലേക്ക് ഒരൊറ്റ പോക്ക്…
ഇതെന്ത് കഷ്ടവാ… മനുഷ്യന് വ്യക്തി സ്വാതന്ത്ര്യം ഇല്ലാത്ത നാടോ… ഇനി വീട്ടിലോട്ട് ചെല്ലുമ്പോ അമ്മയോട് എന്തോ പറയുമെന്നാ. അമ്മ എന്റെ മുടി കണ്ട് കഴിഞ്ഞാൽ ഇതിന്റെ അപ്പുറം ആരിക്കും.
അരുൺ കുറച്ചു കഴിയുമ്പോ താനേ മെരുങ്ങിക്കോളും. പക്ഷേ മുടിയെൽ തൊട്ട് കളിച്ചാൽ പിന്നേ ത്രേസ്യകൊച്ചിന് ഒരു വീട്ടുവീഴ്ചയും ഇല്ല.
അരുൺ പാവാണ്… അവന് ഇങ്ങനെ കുറച്ചു വാശി ഉണ്ടെന്ന് ഒഴിച്ചാൽ ആൾ എനിക്കു ഒക്കെ ആണ്. അതും ആദ്യത്തെ ഒരു ദേഷ്യമേ ഉണ്ടാകു.
സംഗതി വേറൊന്നും അല്ല ഞാൻ ഇവനെ ആദ്യമായി കാണുന്നത് ഞാൻ ഒൻപതിലും ഇവൻ പ്ലസ് വണ്ണിലും പഠിക്കുമ്പോഴാണ്. അന്നെനിക്ക് നല്ലത് പോലെ മുടി ഉണ്ടായിരുന്നു ഏകദേശം അരയറ്റം വരെ.
അന്നൊക്കെ എന്റെ കേശസംരക്ഷണം അമ്മയാണ്. എണ്ണയൊക്കെ വച്ചു ചീകി ഒതുക്കി കുളിപ്പിന്നലും കെട്ടിയാണ് (കുളിപ്പിന്നൽ വിട്ട് വേറെ കളിയില്ല) ഞാൻ സ്കൂളിൽ പൊക്കൊണ്ടിരുന്നത്.
ആ ഇടയ്ക്കാണ് അരുൺ എന്നോട് വന്ന് ഇഷ്ടം പറയുന്നത്. പിറ്റേ വർഷം ഞാനവനോട് തിരിച്ചും ഇഷ്ടം പറഞ്ഞു. പ്ലസ്ടു വരെ ഞാൻ ആ നാടൻ ഗേൾ വിത്ത് കുളിപ്പിന്നൽ തന്നെയായിരുന്നു.
കോളേജ് ആണ് നമ്മുടെ ലോകം തന്നെ മാറ്റി കളഞ്ഞത്. അത് മിക്കവരുടെയും കാര്യത്തിൽ അങ്ങനെ തന്നെ ആകുമല്ലോ. ആദ്യം ഞാൻ ചുരിദാർ വിട്ടു ലെഗ്ഗിൻസും ടോപ്പും ആക്കി കോസ്റ്റ്യും.
പിന്നെ അതിൽ നിന്നും സ്കെർട്ടും ടോപ്പും അങ്ങനെ എന്റെ ഡ്രസ്സിംഗ് ഒക്കെ പക്കാ മോഡേൺ ആയി. ഇതിനിടക്ക് എണ്ണ വെക്കുന്ന പരിപാടി ഒക്കെ നിർത്തി ഡെയിലി ഷാമ്പൂ ഒക്കെ ഇട്ട് ഇടയ്ക്കിടെ മുടിയുടെ നീളം കുറയ്ക്കാനും ഒക്കെ തുടങ്ങി.
മതിയല്ലോ… അമ്മയും അരുണും അങ്ങ് തുടങ്ങി. ജനറേഷൻ ഗ്യാപ്പിന്റെ കാര്യം പറഞ്ഞു ഞാൻ അമ്മയുടെ വാ അടപ്പിക്കും.
പക്ഷേ അരുണിന്റെ കാര്യത്തിൽ അത് പറ്റില്ല. അവൻ എന്റെ പണ്ടത്തെ പട്ടിക്കാടൻ കോലം കണ്ടാണത്രേ എന്നെ ഇഷ്ടപ്പെട്ടത്. അതും പറഞ്ഞു ഞങ്ങൾ മിക്കപ്പോഴും അടിയാണ്. എങ്കിലും അവനറിയാം എനിക്കു ഞാനായി മാത്രമേ ഇരിക്കാൻ പറ്റു എന്ന്. എന്നാലും ഇടക്കിങ്ങനെ ഷോ കാണിക്കും.
എന്റെ പപ്പയെ പോലെയാണ് അരുൺ എന്നെനിക്ക് എപ്പോഴും തോന്നാറുണ്ട്. പപ്പക്ക് ഞാനിപ്പോഴും കുഞ്ഞാണ്. പണ്ട് പപ്പാ തോളിൽ വച്ചുകൊണ്ട് നടന്ന പപ്പേടെ നെഞ്ചിൽ കിടന്നുറയിരുന്ന പൊടിക്കുഞ്ഞ്.
എന്റെ ദേഷ്യവും വാശിയും സങ്കടവും ഒക്കെ അടുത്ത് വന്നിരുന്നു ഒന്ന് തലോടിക്കൊണ്ട് ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് മാറ്റാൻ പപ്പയ്ക്ക് പ്രേത്യേക കഴിവാണ്. അരുണും അങ്ങനെ തന്നെയാണ് ഒരു സുഹൃത്തായി സഹോദരനായി കാമുകനായി ഇടയ്ക്കിടെ എന്റെ പപ്പയായി വളരെ ഈസിയായി പലപ്പോഴും അവനെന്റെ മൂഡ്സ്വിങ്സ് കണ്ട്രോൾ ചെയ്യാറുണ്ട്.
ഞാൻ വന്നത് കണ്ടിട്ടും സിസ്റ്റത്തിലേക്ക് തന്നെ നോക്കിയിരുന്ന അരുണിനെ മറികടന്നു ഞാനെന്റെ സീറ്റിലേക്ക് ചെന്നിരുന്നു. മുടിയുടെ അറ്റം മാത്രം ഒന്ന് കളർ കൂടി ചെയ്യണം എന്നുണ്ടായിരുന്നു. അതിനുള്ള മൂഡും തല്ക്കാലം പോയി.
അവന്റെ ആ ഇരുപ്പ് കണ്ടപ്പോഴേ ബാക്കി ഉള്ളവർക്കൊക്കെ മനസ്സിലായി ഇന്നത്തെ പ്രശ്നം എന്റെ മുടി ആണെന്ന്. കാരണം എനിക്കു മുടി വെട്ടലും അവന് അതിനെന്നെ ചീത്ത പറയലും ആണല്ലോ സ്ഥിരം പരിപാടി.
ലഞ്ച് കഴിഞ്ഞ് തിരികെ സീറ്റിലേക്ക് വന്നിരിക്കാൻ തുടങ്ങുമ്പോഴാണ് എനിക്ക് തല കറങ്ങുന്നതുപോലെ തോന്നിയത്. തോന്നലല്ല ഭൂമി കറങ്ങുന്നത് വരെ നല്ലപോലെ അറിയാൻ കഴിയുന്നുണ്ടായിരുന്നു. എല്ലാവരുടെയും ശബ്ദം കൊതുക് മൂളുന്നത് പോലെ കാതിലേക്ക് വന്ന് വീണു. താഴെ വീഴും മുൻപേ ഏതോ കൈകൾ വന്നെന്നെ ചേർത്ത് പിടിച്ചിരുന്നു.
ബോധം വരുമ്പോൾ ഞാൻ അരുണിന്റെ കൈകളിലായിരുന്നു. എന്തായാലും തലകറങ്ങിയത്കൊണ്ട് അങ്ങനെയൊരു പ്രയോജനം ഉണ്ടായി. ഈ സാധനത്തിന്റെ പിണക്കം മാറി കിട്ടി.
അവനോട് പിണങ്ങി വീട്ടിൽ പോയി കഴിഞ്ഞാൽ പിന്നെ എനിക്കും ഒരു സമാധാനം കിട്ടില്ല. ഓഫീസിലെ എന്തെങ്കിലും കാര്യം ചോദിക്കാനെന്ന ഭാവേന ഒരു തൊണ്ണൂറ് തവണ ഞാനവനെ വിളിച്ചോണ്ടിരിക്കും.
അവന് എന്റെ മുടിയിലെ പഴയ കാച്ചിയെണ്ണയുടെ മണമാണിഷ്ടം എന്നെപ്പോഴും പറയും. പക്ഷേ എന്റെ മുടിക്കിപ്പോൾ ഡവ് ഷാംപൂവിന്റെ മണമാണ്. ആ മണം കൊള്ളില്ലെന്ന് പറയുന്ന ഏകവ്യക്തി അവനും.
പണ്ടൊക്കെ എന്റെ മുഖത്തെപ്പോഴും ഒരെണ്ണമയം ഉണ്ടാകും. ഓയിലി സ്കിൻ ആയത് കൊണ്ടാണോ അതോ അമ്മ കാലത്ത് എണ്ണ അഭിഷേകം ചെയ്തു വിടുന്നത് കൊണ്ടായിരുന്നോ എന്നൊന്നും അറിയില്ല.
ഇപ്പോൾ എന്തായാലും അങ്ങനൊന്നുമില്ല. എങ്ങനെ കാണും. മൊയ്‌സ്റ്ററയ്സറിൽ തുടങ്ങി പിന്നെ സൺസ്‌ക്രീൻ ബി. ബി ക്രീം അങ്ങനെ എന്തൊക്കെ വാരിപ്പൂശി യാണ് ഞാൻ നടക്കാറ്. പക്ഷേ അവന് മാത്രം ആ പഴയ കോലമാണിഷ്ടം. ഇവൻ മനുഷ്യക്കുഞ്ഞു തന്നെയാണോ എന്ന് ഞാനിടയ്ക്കിടെ ഓർക്കും.
ഈയിടെയായി എനിക്ക് ഭയങ്കര ക്ഷീണമാണ്. രണ്ട് പ്രാവശ്യം ഓഫീസിൽ വച്ചു തലകറങ്ങി വീണു.അന്ന് അത് കൊണ്ടുണ്ടായ ഏക പ്രയോജനം ഇപ്പോഴത്തെ പോലെ വഴക്കിട്ടു മിണ്ടാതിരുന്ന അരുൺ ആണ് എന്നെ വന്ന് കോരിയെടുത്ത തെന്നാ. അങ്ങനെ രണ്ട് പിണക്കം വല്യ കഷ്ടപ്പാടില്ലാതെ തീർന്നു കിട്ടി.
തലകറക്കം എനിക്കത്ര പുത്തരിയൊന്നുമല്ല. പണ്ട് മുതലേ ഉള്ളതാണ്. കാലത്ത് ഫുഡ് കഴിച്ചില്ലെങ്കിൽ, ബ്ലഡ് കണ്ടാൽ കുറച്ചു വെയിൽ കൊണ്ടാൽ ഒക്കെ എനിക്കങ്ങു തലകറക്കം ആണ്.
പോഷകാഹരക്കുറവായുരുന്നു കാരണം. മൂന്നാൾക്കുള്ളത് ഒരു നേരം തട്ടുന്ന എനിക്കെങ്ങനെ പോഷകാഹാരക്കുറവ് വന്നു എന്നതായിരുന്നു എന്റെ ത്രേസ്യകൊച്ചിന്റെ സംശയം.
എന്തായാലും പപ്പയും അരുണും നിർബന്ധിച്ചിട്ടാണ് ഹോസ്പിറ്റലിൽ പോയത്. സിംറ്റംസ് ഒക്കെ കണ്ടപ്പോൾ ഡോക്ടർക്ക് ചെറിയൊരു സംശയം. മറ്റേവ നാണോന്ന്…ക്യാൻസർ. എന്തായാലും ഡോക്ടർടെ സംശയം അല്ലേ തീർത്തു കളയാം എന്ന് വച്ചു.
പപ്പയും അമ്മയും അത് കേട്ടപ്പോൾ തൊട്ട് ഞാനെന്തോ മരണം കാത്ത് കിടക്കുന്നത് പോലെയാ. പഴയത് പോലെ വീട്ടിൽ താമശയില്ല…ചിരിയില്ല കളിയില്ല… പണ്ടൊക്കെ തൊട്ടതിനും പിടിച്ചതിനും ഒക്കെ എന്നെ കുറ്റം പറയുന്ന അമ്മ എന്നെ ഒന്നും പറയുന്നതുമില്ല. എനിക്കാണേൽ എന്നും അമ്മേടെ വായിൽ നിന്ന് രണ്ട് കേട്ടില്ലെങ്കിൽ ഒരു സുഖവും കിട്ടത്തുവില്ല.
അരുണിന്റെ അവസ്ഥ ഇവരേക്കാൾ ഒക്കെ കഷ്ടമാണെങ്കിലും അത് പ്രകടിപ്പിക്കില്ല നിനക്കൊന്നുമില്ലടി എന്ന മട്ടിൽ പഴയത് പോലെ പെരുമാറാ നൊക്കെ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ടെസ്റ്റ് റിസൾട്ട് വരുന്നത് വരെ ഓഫീസിൽ പോകണ്ട എന്ന അമ്മ ഓഡർ ഇട്ട് കഴിഞ്ഞതിൽ പിന്നെ വീട്ടിലിരുന്നു ഞാൻ വല്ലാത്തൊരു ശ്വാസം മുട്ടലിൽ ആയിരുന്നു.
ഇടയ്ക്കിടെ കാണാൻ വരുന്ന അരുണും രേണുവമ്മയും (അരുണിന്റെ അമ്മ) ആയിരുന്നു ഏക ആശ്വാസം. രേണുവമ്മ സെന്റി ആണെങ്കിലും അരുണും പപ്പയും കൂടി സങ്കടം മറച്ചു വച്ചു എന്നെ ചിരിപ്പിക്കാനായി ഓരോന്ന് പറഞ്ഞോണ്ട് ഇരിക്കും.
കുറച്ചു നാൾ വീട്ടിൽ അടച്ചു പൂട്ടി ഇരുന്നപ്പോൾ മുതൽ എനിക്കും എന്തോ ഒരു ഭയം തോന്നി തുടങ്ങി. എന്തോ എല്ലാവരുടെയും സ്നേഹം കാണുമ്പോൾ ഇത് അധികനാൾ അനുഭവിക്കാൻ കഴിയില്ലെന്ന് ഉള്ളിലിരുന്നാരോ പറയും പോലെ.
എല്ലാരോടും തല്ലു കൂടാനും തർക്കുത്തരം പറയാനും ഒക്കെയാണ് എനിക്കിഷ്ടം. അതാണ് എനിക്കവരോടുള്ള സ്നേഹവും. ഒന്നും വരില്ല എന്ന് അരുൺ പറയുമ്പോഴൊക്കെ വല്ലാത്തൊരാത്മവിശ്വാസം തോന്നാറുണ്ടായിരുന്നു റിസൾട്ട് പോസിറ്റീവ് ആണെന്ന് അറിയുന്നത് വരെ.
ഒരു ചിരിയോടെയാണ് ഞാൻ ഡോക്ടർക്ക് മുൻപിൽ ഇരുന്നത്. അയാളും എനിക്ക് ആത്മവിശ്വാസം തരും വിധമായിരുന്നു സംസാരിച്ചത്. ഒന്നിനും എന്റെയുള്ളിലെ കനലണയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ലെങ്കിലും ചുണ്ടിലെ ചിരി മായാതിരിക്കാൻ ഞാൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു.
പപ്പയും അമ്മയും ആകെ തകർന്നുപോയിരുന്നു. അവർക്ക് ആശ്വാസ മെന്നോണം എനിക്കൊന്നുമില്ല എന്ന രീതിയിലായിരുന്നു എന്റെ പെരുമാറ്റം.
ഒക്കെ അറിഞ്ഞതും അരുൺ ആദ്യംകുറേ നേരം തളർന്നിരുന്നു …മെല്ലെ എണീറ്റ് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു കുറേ നേരം നിന്നു. അടർന്നു മാറുമ്പോൾ ഒട്ടും തെളിച്ചമില്ലാത്ത ഒരു ചിരിയുണ്ടായിരുന്നു അവന്റെ മുഖത്ത്. നിറുകയിൽ ഒന്നമർത്തി ചുംബിച്ചു നിനക്ക് ഒന്നുമില്ലെടിന്ന് പറഞ്ഞു. തിരികെ ഞാനുമൊന്ന് ചിരിച്ചു ഒട്ടും പ്രതീക്ഷയില്ലാത്തൊരു ചിരി.
ഡോക്ടർ പറഞ്ഞതനുസരിച്ചു ഫൈനൽ സ്റ്റേജ് ആയിരുന്നു. ജീവിതത്തിലേക്ക് തിരികെ വരാൻ സാധ്യത കുറവാണെങ്കിലും കീമോ കൃത്യമായി നടക്കുന്നുണ്ടായിരുന്നു.
ദിനം പ്രതി എന്റെ രൂപം മാറുന്നത് കണ്ണാടിയിലൂടെ പേടിയോടെ ഞാൻ നോക്കി കണ്ടു. മുടി കൊഴിഞ്ഞു തുടങ്ങിയപ്പോൾ അരുൺ തന്നെയാണ് മുടി മുഴുവൻ വെട്ടി തന്നത്
“ആഹ്.. എന്തായാലും എന്റെ മോൾക്കിന് മുടി ചുമക്കണ്ടല്ലോ. നിനക്ക് മുടി ഇല്ലാത്തത് അല്ലേ ഇഷ്ടം. മ്മ് ചേർച്ച ഒക്കെയുണ്ട്. ഞാനിതുവരെ ശ്രദ്ധിക്കാഞ്ഞതാ. നിനക്ക് മുടി ഇല്ലാത്തത് തന്നെയാടി ബെസ്റ്റ്” കണ്ണാടിയിലൂടെ എന്നെ നോക്കിക്കൊണ്ട് എന്റെ തോളിൽ പിടിച്ചവൻ പറഞ്ഞു.
അന്നാദ്യമായി എന്റെ മുടി എന്നിൽ നിന്നും പോകുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു.
ചുണ്ടുകൾക്കൊക്കെ ഇപ്പോൾ കറുത്ത നിറമാണ്. കണ്ണിനു ചുറ്റിലും ഇരുണ്ട നിറം വീണു തുടങ്ങിയിരുന്നു. മുൻപൊക്കെ എന്നെ ചുംബിച്ചിട്ട് അരുൺ പറയും “കണ്ട ക്രീമിന്റെ ഒക്കെ മണമാണെന്ന്” ഇപ്പോൾ മരുന്നിന്റെ മണം ആയത്കൊണ്ടാവും അവൻ ഒന്നും പറയാറില്ല. പാവം ഓരോ നിമിഷവും എന്നെ ഓരോന്ന് പറഞ്ഞു ചിരിപ്പിക്കാനുള്ള തത്രപ്പാടിലാണ്.
പപ്പ എന്റെ അടുത്തേക്ക് പോലും വരാറില്ല. വന്നാൽ തന്നെ ഈറനണിഞ്ഞ കണ്ണുകൾ ഞാൻ കാണാതിരിക്കാൻ പാട് പെടുന്നുണ്ടാവും. മരിക്കാൻ എനിക്ക് ഭയമില്ല. പക്ഷേ എല്ലാവരെയും വിട്ട് പോകണമല്ലോ എന്നോർക്കുമ്പോഴാണ് മരണം എന്നത് എത്ര വേദനയാണെന്ന് തിരിച്ചറിയുന്നത്.
അരുണിന്റെയും അമ്മയുടെയും വഴക്കും പപ്പയുടെ തമാശകളും ഒന്നും ഇല്ലാതെ ഞാനെങ്ങനെയാണ് കുടുംബക്കല്ലറയിൽ തനിച്ചു കിടക്കുന്നത്.
ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട് ഞാനും അരുണും. ഒന്നിനും ജീവൻ നൽകാതെ ഞാനങ്ങ് പോയാൽ അവനെങ്ങനെയാവും മുന്നോട്ട് പോകുക.
അമ്മയ്ക്കും പപ്പയ്ക്കും ഞാൻ മാത്രേ ഉള്ളു. ഞാൻ പോയി കഴിഞ്ഞാൽ പിന്നെ ഈ വീട് മുഴുവൻ എന്റെ ഓർമ്മളുമായി അവരെങ്ങനെ തള്ളി നീക്കും.
വല്ലാത്തൊരു കൊതി തോന്നി ജീവിക്കാൻ.കഴിഞ്ഞു പോയ നിമിഷങ്ങളൊക്കെ ഒന്നുകൂടെ കടന്നു പോകാൻ… ഇന്നലകളെ തിരുത്തിയെഴുതാൻ… സന്തോഷിച്ച നിമിഷങ്ങളിലൊക്കെ ഒരുപാട് സന്തോഷിക്കാൻ… വേദനിപ്പിച്ചവരോടൊക്കെ മാപ്പ് പറയാൻ. കഴിയുമെങ്കിൽ അരുണിനെ കണ്ട് മുട്ടാതെ ഇരിക്കാൻ. അവനെ യെങ്കിലും വേദനിപ്പിക്കാതെ അങ്ങ് പോകാൻ.
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ആരോ പറഞ്ഞതോർത്തു.
സ്നേഹിക്കാൻ ഒരുപാട് പേരുള്ളവർ മരണം കാത്തു കിടക്കുന്നതിലും മോശമായ മറ്റൊരവസ്ഥ ഇല്ലെന്ന് തോന്നി.
കീമോ ചെയ്ത് ചെയ്ത് ഞാനാകെ തളർന്നിരുന്നു. അരുൺ ആയിരുന്നു ഹൊസ്പിറ്റലിൽ കൊണ്ട് പോകുന്നത്. കാറിൽ നിന്നിറങ്ങി റൂം വരെ നടക്കാൻ വയ്യാതിരുന്ന എന്നെ കൈകളിൽ കോരിയെടുത്ത് കട്ടിലിൽ കൊണ്ട് കിടത്തിയത് അവൻ തന്നെയായിരുന്നു.
“അരുൺ… എന്നെയൊന്നു കെട്ടിപ്പിടിച്ചു കുറച്ചു നേരം എന്റെ കൂടെ കിടക്കുവോ നീയ്.” മുറി വിട്ട് പോകാനൊരുങ്ങിയ അവന്റെ കയ്യിൽ പിടിച്ചു ഞാൻ ചോദിച്ചപ്പോൾ മറുത്തൊന്നും പറയാതെ അവനെന്റെ അരികിലായ് ആ കൈകൾക്കുള്ളിൽ എന്നെ പൊതിഞ്ഞു പിടിച്ചു കിടന്നു.
അങ്ങനെ അവനെ ചേർന്ന് കിടക്കുമ്പോൾ കുറേ കാലം മുൻപുള്ള ഇതുപോലൊരു രാത്രിയാണ് മനസ്സിലേക്ക് വന്നത്.
ബാംഗ്ലൂർ മുൻപ് ഞങ്ങളുടെ കൊളിഗ് ആയിരുന്ന മേഘയുടെ മാര്യേജിനു ഞാനും അരുണും ഒന്നിച്ചാണ് അരുണിന്റെ കാറിൽ പോയത്.
തമിഴ്നാട് കഴിഞ്ഞതും ഞങ്ങളുടെ വണ്ടി കേടായി കൂടെ അവിടെയെന്തോ സമരവും. ആ രാത്രി ഒരു ഹോട്ടൽ മുറി പോലും കിട്ടാതെ ഇരുന്നപ്പോൾ ഒരു ഫ്രണ്ട് വഴിയാണ് ഭാര്യയും ഭർത്താവും ആണെന്ന് കളവ് പറഞ്ഞു ഒരു രാത്രി തങ്ങാൻ ഒരു വീട് ശെരിയായത്.
അന്ന് ഞാൻ ഫ്രഷ് ആയി വന്നതിനു ശേഷം ബാത്‌റൂമിലേക്ക് കയറി അരുൺ ശ്വാസമൊന്നു വലിച്ചു വിട്ട് കണ്ണുകളടച്ചു നിൽക്കുന്നത് കണ്ടു…
“നിന്റെ മണം” ഞാനുപയോഗിച്ചിട്ട് വച്ച ഷാംപൂവും കണ്ടിഷണറും കയ്യിലെടുത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു.
“ഇവിടെ മുഴുവൻ നിന്റെ മണവാ മെറിൻ… ” അന്നാദ്യമായി എന്റെ ആ മണത്തിന്റെ വശ്യതയെക്കുറിച്ചവൻ വാചാലനായി.
“കാച്ചിയെണ്ണയിലും നല്ലത് ഇത് തന്നാ കേട്ടോ. ഈ മണം ഇങ്ങനെ മൂക്കിലേക്ക് അടിച്ചു കഴിയുമ്പോഴേക്കും നിന്നെയങ്ങ് കടിച്ചു തിന്നാൻ തോന്നും” ഒരു കുസൃതിച്ചിരിയോടെ അവനത് പറയുമ്പോൾ പേരറിയാത്തൊരു വികാരം എന്നെയും വന്ന് പൊതിഞ്ഞിരുന്നു.
ഏതോ പാട്ടി ഒരു വർഷം മുൻപ് ആത്മഹത്യ ചെയ്ത വീടായിരുന്നു അത്. ഒപ്പം പേടിപ്പെടുത്തുന്ന അന്തരീക്ഷവും. അത്കൊണ്ട് അവന്റെ നെഞ്ചിലെ ചൂടിലാണ് ഞാനാ രാത്രി മയങ്ങിയത്.
അന്ന് ആ രാത്രി എന്റെ മുടിയിലെ ഗന്ധം ആവോളം ആസ്വദിച്ചു എന്നെ ചേർത്ത് പിടിച്ചുകിടന്ന അരുണിനെയാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്.
ഞാൻ ഉറങ്ങിയതിനു ശേഷമാണ് അവൻ മുറി വിട്ട് പോയത്. പോകും മുൻപ് പുതിപ്പെടുത്തു പുതപ്പിച്ചതും നിറുകയിലൊന്ന് ചുണ്ട് ചേർത്തതും ആ മയക്കത്തിലും ഞാനറിഞ്ഞിരുന്നു.
കാലത്ത് ഞാനുർന്നപ്പോൾ കാണുന്നത് എന്റെ അടുത്ത് ഇരുന്നു കരയുന്ന അമ്മയെയാണ്. പപ്പയും അരുണും തൊട്ടപ്പുറത്തു തളർന്നിരിക്കുന്നു. രേണുവാന്റി കരഞ്ഞുകൊണ്ട് തന്നെ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
അവർക്കരികിലൂടെ സ്ട്രക്ച്ചറിൽ കിടക്കുന്ന എന്നെ വെള്ളവസ്ത്രമണിഞ്ഞ രണ്ട് പേർ തള്ളിക്കൊണ്ട് പോയി. എന്നെ കണ്ടതും എല്ലാവരും കൂടി കരഞ്ഞു കൊണ്ടരികിലേക്ക് വന്നു.
സമാധാനിപ്പിക്കണം എന്നുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. സംസാരിക്കാനോ ആരെയും തൊടാനോ ഒന്നും കഴിയ്യന്നുണ്ടായിരുന്നില്ല. വളരെ കഷ്ടപ്പെട്ട് നാവെടുത്ത് ഞാൻ പപ്പാ എന്ന് വിളിച്ചത് പോലും ആരും കേട്ടില്ല.
വെള്ളവസ്ത്രമണിഞ്ഞവരിൽ ഒരാൾ എന്റെ മുഖമുൾപ്പടെ വെള്ളത്തുണി കൊണ്ട് മൂടി. വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു എനിക്ക്. ആ തുണി മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും കഴിയുന്നുണ്ടായിരുന്നില്ല. വല്ലാതെ തണുപ്പുള്ള എവിടെയോ എന്നെ മണിക്കൂറുകളോളം കിടത്തി. പിന്നെ ഭംഗിയായി ഒരുക്കി ഒരു പെട്ടിയിൽ വച്ചു വീട്ടിലേക്ക് കൊണ്ട് വീട്ടിലേക്ക് പോയി.
അവിടെ എന്നെക്കാണാൻ എല്ലാരും ഉണ്ടായിരുന്നു കൂടെ പഠിച്ചവരും, ജോലി ചെയ്യുന്നവരും നാട്ടുകാരും ബന്ധുക്കളും എല്ലാവരും. എന്നെക്കുറച്ചു പലരും പറയുന്ന നല്ല വാക്കുകൾ, ആരുടെയൊക്കെയോ വിതുമ്പലുകൾ ഒക്കെ ഞാനൊരു വേദനയോടെ കേട്ടുകൊണ്ട് കിടന്നു.
എന്റെയൊരു ഫോട്ടോ നെഞ്ചിൽ ചേർത്ത് വച്ചു തളർന്നു ഇരിക്കാണ് പപ്പാ. അരുൺ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു കണ്ണുനീരൊഴുക്കുന്നു.
അമ്മയെ കണ്ടില്ല. അകത്തെ മുറിയിൽ അവശയായി കിടക്കുന്നുണ്ടാവുമെന്ന് ഞാനൂഹിച്ചു. പിന്നെ അമ്മയുടെ ശബ്ദം കേൾക്കുന്നത് എന്നെ അവിടുന്ന് എടുക്കുമ്പോഴാണ്.
വിങ്ങിപ്പൊട്ടിയായിരുന്നു അരുൺ ഒരുപിടി മണ്ണെടുത്തു എന്റെ ശവക്കുഴി യിലേക്ക് ഇട്ടത്. എനിക്ക് നോവുമോ എന്ന പേടിയോടെ ആയിരിക്കണം പപ്പയും അമ്മയും അത് ചെയ്തത്.
അവരെയൊക്കെ വിട്ട് മറ്റൊരു ലോകത്തേക്ക് ഞാൻ യാത്രയാകുകയാണെന്ന് ഒരു വേദനയോടെ തിരിച്ചറിയുമ്പോഴും പ്രിയപ്പെട്ട ആരോ ഒരാളുടെ സാമിപ്യം എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നു.
കൺപോളകളിൽ ചെറിയ വേദന ഉണ്ടായിരുന്നെങ്കിലും കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ അരുൺ എനിക്ക് തൊട്ടരികിൽ തന്നെ ഉണ്ടായിരുന്നു. സ്വപ്‌നമായിരുന്നോ അതോ മരണത്തിൽ നിന്നും അവനെന്നെ തട്ടിപ്പറി ച്ചെടുത്തതാണോ. ഒരു ഉറക്കമുണർന്നപ്പോൾ നഷ്ടപ്പെട്ടുപോയെന്നു കരുതിയ ജീവിതം ഇപ്പോഴും എനിക്ക് മുൻപിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു.
അരുൺ അവനെന്റെ നിറുകയിൽ കൈവച്ചു കൊണ്ട് ഭിത്തിയിൽ ചാരിയിരുന്നുറങ്ങാണ്. രാത്രിയിൽ അവൻ പോയെന്നാണ് വിചാരിച്ചത്.
“അരുൺ”
വല്ലാത്തൊരുന്മേഷത്തോടെയാണ് ഞാൻ വിളിച്ചത്. ഞെട്ടിപ്പിടഞ്ഞവൻ കണ്ണു തുറന്നപ്പോൾ അവന്റെ തോളിൽ കൈ വച്ചു അവനിലേക്ക് ഞാനൊരൽപ്പം അടുത്ത് ഇരുന്നു.
“അരുൺ എനിക്കൊന്നും പറ്റിയില്ല അരുൺ… എനിക്ക് നിന്നെ തൊടാം അരുൺ… നിനക്കെന്റെ ശബ്ദം കേൾക്കാമില്ലേ” കണ്ണുനീരിനിടയിയിലും ചുണ്ടിൽ ഒരു ചിരിയോടെ പറയുന്ന എന്റെ വാക്കുകളെ അവനും ഒരു ചിരിയോടെ തന്നെ കേട്ടു.
“അതിനു നിനക്കൊന്നും പറ്റിയില്ലല്ലോ മോളെ” ആ നെഞ്ചിലേക്ക് എന്റെ മുഖം ചേർത്ത് പിടിച്ചുകൊണ്ടവൻ പറയുമ്പോൾ ഇനിയൊരിക്കലും കിട്ടില്ലെന്ന് കരുതിയ ആ ചൂടിൽ ഞാനെന്റെ മുഖം ഒന്നുകൂടി ചേർത്തു.
****************************
കാലങ്ങൾക്ക് ശേഷം ഒരു പുലർച്ചെ അരുണിന്റെ നെഞ്ചിൽ ചാരിയിരിക്കുമ്പോൾ കഴുത്തിലുണ്ടായിരുന്ന താലിയിൽ മുറുകെ പിടിച്ചിരുന്നു ഞാൻ…
“ഇങ്ങനെയൊക്കെ കഴിയുമെന്ന് ഞാൻ കരുതിയില്ല അരുൺ.”
“പക്ഷേ എനിക്കുറപ്പുണ്ടായിരുന്നു മെറിൻ ഇങ്ങനെ ഒരുപാട് കാലം നീയെന്റെ കൂടെ തന്നെ ഉണ്ടാകുമെന്ന്”
“നിനക്കറിയോ അരുൺ മരണത്തിന്റെ മണം…” നിശബ്ദതയായിരുന്നു മറുപടി.
“എനിക്കറിയാം… ആ ഗന്ധം പോലും ഭയപ്പെടുത്തിയിട്ടുണ്ടെന്നെ ഒരുപാട് രാത്രികളിൽ…പല സ്വപ്‌നങ്ങളിലും എന്റെ മരണത്തെ ഞാൻ കണ്ടിട്ടുണ്ട് അരുൺ.
ഓരോ വിശേഷത്തിനും നിങ്ങൾ എല്ലാവരും കൂടി ഒരുപിടി പൂക്കളുമായി എന്നെ കാണാൻ വരുന്നത് . എന്റെ അരികിലിരുന്ന് വിശേഷം പറയുന്നത്… നീ മാത്രം ഒന്നും സംസാരിക്കില്ല വഴക്ക് പറയില്ല. കുറേ നേരം നോക്കി നിൽക്കും. പിന്നെ തിരികെ പോകും.”
“അതിന് ഞാൻ നിന്നെ വിട്ട് കൊടുക്കില്ലല്ലോ ഒരു മരണത്തിനും… ഇത്രേം കാലം ഒക്കെയും അതിജീവിച്ചില്ലേ നമ്മൾ… ഇനിയും കഴിയും ഒരുപാട് കാലം” ഒന്നുകൂടി അവനെന്നെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു…. വല്ലാത്തൊരു മുറുക്ക മായിരുന്നു ആ കൈകൾക്ക്… വിട്ട് കൊടുക്കില്ല എന്ന് പറയാതെ പറയും പോലെ….
അധികനാൾ ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടും എന്നെ ചേർത്ത് പിടിച്ച കൈകളാണിത്. ഇവനെ തനിച്ചാക്കി പോകണമല്ലോ എന്ന വിഷമം മാത്രമേ ഇന്നുള്ളു. അത്രമാത്രം അവനെന്നെ സ്നേഹത്താൽ കീഴ്പ്പെടുത്തിയിരിക്കുന്നു. ഒരു കുഞ്ഞിനെ എന്ന പോലെ പരിപാലിച്ചും അച്ഛനായും അമ്മയായും ഭർത്താവായും എനിക്കായി വേഷങ്ങൾ മാറി മാറി അണിയുകയാണവൻ.
ഈ ജന്മത്തിൽ കിട്ടാവുന്നതൊക്കെ അവനിലൂടെ ഞാൻ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. എങ്കിലും അടർന്നു മാറാൻ കഴിയുന്നില്ല. ഓരോ രാത്രിയും എന്നെ തേടിയെത്തിയ മരണത്തിൽ നിന്നും എന്നെ സംരക്ഷിച്ചതും ഈ കരങ്ങളായിരുന്നിരിക്കണം… ഈ സ്നേഹമായിരുന്നിരിക്കണം…
അപ്പോഴും അറിയാൻ കഴിയുന്നുണ്ടായിരുന്നു അടുത്തേക്ക് വന്ന മരണത്തിന്റെ മണം മെല്ലെ മെല്ലെ ദൂരേക്ക് അകലുന്നത്…
അവസാനിച്ചു…