ജീവന്റെ പാതി.
Story written by Sumayya Beegum T A
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ഡാ അന്നോട് ഞാൻ പലവട്ടം പറഞ്ഞു ജീവിതം ഒന്നേയുള്ളു അതോര്മിക്കണം. കായ്ക്കാത്ത മരം വെട്ടിക്കളയില്ലേ. അത്രേം ഉള്ളൂ. കൂടുതൽ ആലോചിച്ചു നീ സമയം കളയണ്ട. ഒത്തിരി ആലോചിച്ചുപോയാൽ ഈ ലോകത്തെ ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ ആർക്കും പറ്റില്ല.
ഉപ്പാ, നിങ്ങൾ ഒന്ന് മിണ്ടാതിരിക്കിൻ പതിനഞ്ചു ദിവസത്തെ ലീവെ ഉള്ളൂ അതുകഴിഞ്ഞു ഞാൻ തിരിച്ചു പൊയ്ക്കൊള്ളാം.
മഗ്‌രിബ് നമസ്‌കാരത്തിനായി തൈക്കാവിലേക്ക് പോകുമ്പോൾ മമ്മതിക്കാടെ ആക്രിക്കടയുടെ മുമ്പിൽ വെച്ചു ഉപ്പ തുടങ്ങിയ ഉപദേശമാണ് തലപെരുക്കുന്നു. അവിടെ കണക്കെഴുതുന്ന ശങ്കരേട്ടൻ ഉപ്പയുടെ പണ്ടത്തെ കളിക്കൂട്ടുകാരൻ എന്നോട് ചോദിച്ചു സഹീർ മോനെ നിനക്ക് മോനാണോ മോളാണോ ഉള്ളതെന്ന്.
ചോദ്യം എന്നോടെങ്കിലും മറുപടി പറഞ്ഞത് ഉപ്പയാണ്.
ഒന്നും ആയില്ല ശങ്കരോ. അതിനു ശേഷം ഉപ്പ അങ്ങ് ഉപദേശം തുടരുകയാരുന്നു.
ഞാൻ ദേഷ്യപ്പെട്ടതുകൊണ്ടു പിന്നെ ഉപ്പ ഒന്നും മിണ്ടിയില്ല. ഞങ്ങൾ രണ്ടാളും ഞങ്ങളുടേതായ ചിന്തകളിൽ പരസ്പരം കൂട്ടിമുട്ടാതെ സഞ്ചരിച്ചു.
രാത്രി അത്താഴം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ സൈറ കാത്തിരിപ്പുണ്ട്.
ന്താ സൈറ പെണ്ണേ നീയ്യ് മിണ്ടാതിരിക്കുന്നെ ?ആരേലും നിന്റെ ചുണ്ടുമേൽ ഫെവിക്കോൾ ഒട്ടിച്ചോ ?
അത്രയും പറഞ്ഞു നോക്കിയപ്പോൾ സൈറ കരയുകയാണ്. കരച്ചിൽ എന്നുപറഞ്ഞാൽ മ്മടെ ചങ്കുപൊട്ടുന്ന കരച്ചിൽ.
കാര്യം തിരക്കിയപ്പോൾ അതന്നെ ഉമ്മയും കുത്തല് തുടങ്ങിയിരിക്കുന്നു.
ഇക്കാ ഇങ്ങള് എന്നെ ഉപേക്ഷിച്ചോ.ആർക്കും വേണ്ടാതെ എല്ലാവരാലും വെറുക്കപെട്ടു ജീവിക്കുന്നതിലും നല്ലത് ഞാൻ ഈ വീട്ടിൽ നിന്നും പോകുന്നതാണ്.
ഉപ്പയും ഉമ്മയും പറയുമ്പോലെ ഒരു പെണ്ണിനെ നിക്കാഹ് ചെയ്തു നിങ്ങൾ സുഖായി ജീവിക്കണം. ന്റെ ഇക്കാടെ മക്കൾ നല്ല മൊഞ്ചുള്ള കിടാങ്ങളാകും. ദൂരെ നിന്നെങ്കിലും ഞാൻ അവരെ കണ്ടു സമാധാനത്തോടെ എവിടെ എങ്കിലും ചുരുണ്ടു കൂടിക്കൊള്ളാം.
ജീവനായി കൊണ്ടുനടക്കുന്ന പെണ്ണാണ് പ്രാണൻ പകുത്തു മറ്റൊരുത്തിക്കു കൊടുത്തോളം എന്ന് പറയുന്നത് അതും എന്റെ സന്തോഷത്തിനുവേണ്ടി അവളെ ഞാൻ ഈ ജന്മം ഉപേക്ഷിക്കില്ല. ഞാൻ അന്നുറപ്പിച്ചതാണ് ന്റെ പെണ്ണിന്റെ കണ്ണുകൾ ഇനി നിറയരുതെന്ന്.
കല്യാണത്തിന് മുമ്പ് ചില്ലറ പ്രണയമൊക്ക പലരോടും തോന്നിയിട്ടുണ്ട്. ആകർഷണം എന്നതിനപ്പുറം ഇത്രയും ഇഷ്ടം ഒരുത്തിയോടും തോന്നിയിട്ടില്ല. വീട്ടുകാർ കാണിച്ചു തന്ന ഇവളെ അതുപോലെ ആഗ്രഹിച്ചാണ് താലി ചാർത്തിയത്. പരസ്പരം ഒന്നായ അന്നുതൊട്ട് ഇന്നുവരെ ഇവളില്ലാതെ വേറൊരു മുഖം പോലും മനസ്സിൽ വന്നിട്ടില്ല. ഇനി തന്റെ ഊഴമാണ്.
പഴിചാരലുകളുടെയും കുറ്റപ്പെടുത്തലുകളുടെയും ലോകത്തു നിന്നും ഒരു മാറ്റം അനിവാര്യമാണ്. അവധി തീർന്നു തിരിച്ചു പോകാനുള്ള തീരുമാനം മാറ്റി പ്രവാസ ജീവിതം എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ചു. ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു. അതുവരെയുള്ള സമ്പാദ്യം കൂട്ടിച്ചേർത്തു നാട്ടിൽ ബിസിനസ് തുടങ്ങി.
ഇക്കാ ഇങ്ങളെ എല്ലാരും പഴിക്കും. എനിക്കു വേണ്ടി മാതാപിതാക്കന്മാരെ വേണ്ടാന്ന് വെച്ചാൽ. അവൾക്കപ്പോഴും പേടിയാരുന്നു. പക്ഷേ എന്റെ തീരുമാനം ഉറച്ചതായിരുന്നു.
സൈറ, ആരു പറഞ്ഞു അവരെ വേണ്ടാന്ന് വെച്ചു എന്ന് ?്. ആ സാഹചര്യത്തിൽ നിന്റെ ജീവിതം കൂടുതൽ ദുസ്സഹമാവുകയേ ഉള്ളൂ. ഇനി അവർ നിന്നെ അംഗീകരിക്കില്ല. പത്തുവര്ഷമായിട്ടും പ്രസവിക്കാത്ത പെണ്ണ് അവർക്ക് അധികപ്പറ്റാണ്. നിന്നെ ഏതുവിധേനയും ഇല്ലാതാക്കാൻ ശ്രമിക്കുന്നിടത്തു നീ ഇനി താമസിക്കുന്നില്ല. ആരൊക്കെ മുറുമുറുത്താലും എന്തൊക്കെ ഉപദേശിച്ചാലും നീ ഇല്ലാതെ സഹീർ ജീവിക്കില്ല. അങ്ങനെ പകുതിവഴിക്കു അവസാനിപ്പിക്കാൻ തുടങ്ങിയ യാത്ര അല്ല നമ്മുടെ ദാമ്പത്യം. മരണം വരെ ഈ കൈകളിൽ നീ സുരക്ഷിതയാണ്.
*********************
ഓർമ്മകൾ മലവെള്ള പാച്ചിൽ പോലെ കുത്തിയൊഴുകി. കണ്ണീർ ഉണങ്ങി പിടിച്ച സഹീറിന്റെ ചുണ്ടുകൾ വീണ്ടും വിതുമ്പി.
ന്റെ സൈറ…
തൊട്ടടുത്തു കസേരയിൽ ചാരി തലകുമ്പിട്ടവൾ ഉറങ്ങുന്നു ഇനി ഉണരാതെ.
*******************
ഒറ്റക്ക് ജീവിതം തുടങ്ങിയപ്പോൾ ഉപ്പ സ്വാഭാവികമായും എതിർത്തു. കുടുംബക്കാരും ശത്രുക്കളായി. തിരിച്ചു പോകാൻ കൂട്ടാക്കില്ല എന്നറിഞ്ഞപ്പോൾ വീടും മുഴുവൻ സ്വത്തും ഇക്കാക്കയുടെ പേരിൽ എഴുതിക്കൊടുത്തു.
എനിക്കു പരാതി ഇല്ലായിരുന്നു ന്റെ സൈറക്കും എനിക്കും ജീവിക്കാനുള്ളത് ഞാൻ അധ്വാനിച്ചുണ്ടാക്കി. പരാതിയില്ലാതെ പരിഭവങ്ങളില്ലാതെ ഞാനും സൈറയും ജീവിച്ചു വർഷങ്ങൾ പോകുന്നതറിയാതെ.
ഉപ്പ വിളിപ്പിച്ചു കുടുംബ വീട്ടിൽ കാണാൻ ചെല്ലുമ്പോൾ ഉപ്പ മരണകിടക്കയിൽ ആയിരുന്നു. കുറേനേരം കവിൾ ചേർത്തു എന്റെ കൈവെച്ചു ഉപ്പ കണ്ണീരൊഴുക്കി. തലയിൽ തലോടി സൈറയോടും പൊരുത്തം വാങ്ങി. അവസാന നാളിൽ ഞങ്ങളെ പിരിക്കാൻ ശ്രമിച്ചതോർത്തു ഉപ്പ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട് തീർച്ച.
പക്ഷേ എത്രപെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്.പക്ഷാഘാതം വന്നു പെട്ടന്നൊരുനാൾ സർവ ആരോഗ്യവും കരുത്തും ചോർന്ന് ഞാൻ വീണുപോയി. ശരീരം എന്നെന്നേക്കുമായി മരിച്ചപ്പോൾ മനസിനെ ജീവിപ്പിച്ചത് ന്റെ സൈറയുടെ സ്നേഹവും കരുതലും ആയിരുന്നു. സ്ട്രോക്ക് വന്നു തളർന്ന ശരീരത്തിലെ മനസിനെ തളർത്താതെ കൂടുതൽ കൂടുതൽ ജീവിപ്പിക്കാൻ ന്റെ പെണ്ണ് കൂട്ടിരുന്നു.
കാലത്തു എഴുന്നേറ്റു എല്ലാ പണിയും തീർത്തു എന്നെ തുടച്ചു വൃത്തിയാക്കി വസ്ത്രങ്ങൾ ധരിപ്പിച്ചു കവിളിലും നെറുകിലും ചുണ്ടിലും ഒരായിരം ഉമ്മകൾ തന്നവൾ ഒരു കുഞ്ഞിനെ പരിപാലിക്കുന്ന പോലെ എന്നെ നോക്കി. ഭക്ഷണം കഴിപ്പിച്ചു സർവ കാര്യങ്ങളും കുറവില്ലാതെ നോക്കി. ഒരു കുഞ്ഞു ഇല്ലാത്ത ദുഃഖം അവൾ എന്നിലൂടെ തീർത്തു എന്നുപോലും തോന്നിപ്പിച്ചു.
നിറം മങ്ങിയ സാരി ഉടുത്തു ഒരുക്കങ്ങൾ ഇല്ലാതെ അവൾ തന്റെ ജോലിക്കായി ഇറങ്ങുമ്പോൾ ഞാൻ പലപ്പോഴും വഴക്കിട്ടിട്ടുണ്ട്. ന്റെ സൈറ ഇതെന്തൊരു കോലമാടി എന്ന് ചോദിച്ചു.
അപ്പോൾ അവൾ കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയോടെ പറയും, അതെ വല്ല വീട്ടിലെയും അടുക്കള പണിക്കു ഈ കോലം ഒക്കെ മതിയെന്ന്. എന്നിട്ട് ചെവിയോട് ചുണ്ടടുപ്പിച്ചു മന്ത്രിക്കും രാത്രി ആവട്ടെ നല്ല സുന്ദരിയായി ഞാൻ ഇങ്ങടെ അടുത്ത് വരുന്നുണ്ടെന്നു. അതുപറയുമ്പോൾ ആ കണ്ണുകളിൽ നാണം അസർ മുല്ല പോലെ വിരിയുന്നത് കാണാൻ ആയിരം ചേലാണ്.
ആ മുഖത്തുനോക്കി ന്റെ സൈറ എന്നെ അങ്ങ് കൊ ന്നേക്ക് ഈ കിടപ്പ് മതിയായി എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അവളോടുള്ള എന്റെ പ്രണയവും അവക്കെന്നോടുള്ളതും ഒരിക്കലും മടുപ്പില്ലാത്തതായിരുന്നു. നേർത്തൊരു ശ്വാസം മാത്രമെങ്കിലും അവൾ ഉള്ള ലോകം വിട്ടു പോകാൻ എനിക്കു ആവുമായിരുന്നില്ല.
ഏതു തളർച്ചയിലും അവളിലെ കരുതൽ പ്രേമം കാ മം എല്ലാം എന്നെ ഉണർത്തി. മഞ്ഞുപെയ്യുന്ന രാവിൽ വസ്ത്രങ്ങളുടെ മ റയില്ലാതെ എന്നെ പുണർന്നവൾ തണുത്തുറഞ്ഞ എന്റെ സിരകളെ ചൂടുപിടിപ്പിച്ചു.
ആ അവളാണ് അനക്കമില്ലാതെ ദിവസങ്ങളായി കൺമുമ്പിൽ ഒന്ന് തൊടാനാവാതെ.
പതിവുപോലെ എന്റെ കാര്യങ്ങൾ എല്ലാം നോക്കി ജോലിക്കിറങ്ങിയതാണ്. ഇക്കാ എന്നൊരു വിളികേട്ട് നോക്കുമ്പോൾ സ്വന്തം നെഞ്ചിനു മീതെ കൈ ചേർത്തുവെച്ചു വേച്ചു വീഴാൻ പോകുന്ന ന്റെ സൈറ.
സൈറ എന്നുറക്കെ വിളിച്ചെങ്കിലും കേൾക്കാൻ ആരും ഉണ്ടായില്ല. ചലനമില്ലാത്ത കൈകളെ ഒന്നനക്കാൻ ശ്രമിച്ചു. ശക്തിയായി പരിശ്രമിച്ചു. ഒന്നും നടന്നില്ല കഴുത്തിനു താഴെ പഴംതുണി പോലെ ശരീരം.
ആ സമയം സൈറയുടെ വായിലൂടെ കട്ടച്ചോര ഒഴുകാൻ തുടങ്ങി. എന്റെ അടുത്തേക്ക് നിരങ്ങി നീങ്ങാൻ ശ്രമിച്ചു എങ്കിലും അവൾക്കതിനാവും മുമ്പേ ആ ശരീരം നിശ്ചലമായി. ആ കണ്ണുകൾ അവസാനമായി എന്നെ നോക്കി പിടഞ്ഞു അടഞ്ഞു.
ന്റെ സൈറ ഞാൻ ഉറക്കെ കാറി. പക്ഷേ എന്റെ ശബ്ദം കേൾക്കാൻ മറ്റാർക്കും കഴിഞ്ഞിരുന്നില്ല. . ചലനശേഷിയോടൊപ്പം സംസാരശേഷി കൂടി നഷ്ടപെട്ട എന്റെ അവ്യക്ത ശബ്ദങ്ങളെ വാക്കുകൾ ആക്കാൻ അവൾക്കു മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ആരെങ്കിലും അവളെ ഒന്ന് ആശുപത്രിയിൽ എത്തിച്ചി രുന്നെങ്കിൽ ഞാൻ പടച്ചവനെ വിളിച്ചു കേണു.
അല്ലാഹ് ന്റെ സൈറ, അവൾ മരിച്ചുവോ അതോ എനിക്കായി പ്രാണന്റെ എതേലും നേർത്ത കണിക അവളിൽ നീ എനിക്കായി ബാക്കിവെച്ചുവോ ?
ആരും തേടിവരാത്ത ഒരു പകലും രാത്രിയും കടന്നുപോയി പിറ്റേന്ന് സൈറ പണിക്കു പോകുന്ന വീട്ടിലെ ഒരാൾ വീടിന്റെ മുറ്റത്തു വന്നു വിളിക്കുന്ന കേട്ടു. ഉറക്കെ ഉറക്കെ വിളി കേൾക്കാൻ നാവു ചലിപ്പിച്ചു എങ്കിലും കുഴഞ്ഞുപോയി. ഇല്ല എനിക്കാവില്ല.
ആ കിടപ്പിൽ ഞാൻ അറിഞ്ഞു മനുഷ്യനോളം നിസാരമായി മറ്റൊന്നുമില്ല. ഇന്നുകാണുന്ന ജീവിതത്തിനും അപ്പുറം ഒരിക്കലും ആലോചിച്ചുപോലും നോക്കാൻ പറ്റാത്തവണ്ണം ഭീകരമായ ഒരു നാളെ വാ പിളർന്നിരുപ്പുണ്ട്. ഈ അനുഭവിക്കുന്ന മനോവേദനക്കു മുമ്പിൽ ഇത്രയും നാളത്തെ ജീവിതാഭ്യാസങ്ങൾ നിഷ്പ്രഭം. എന്തിനു വേണ്ടി ജനിച്ചു എന്ത് നേടി ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ ബാക്കി.
പതിയെ വിധിയോട് പൊരുത്തപ്പെട്ടു ഞാനും. സൈറ പോയി എന്റെ മനസ്സ് അതുറപ്പിച്ചു ആവർത്തിച്ചു. അവളുടെ ശബ്ദം, ചിരി, സ്പർശം ഇല്ലാതായിട്ട് ഇന്ന് മൂന്നു ദിവസം. എന്റെ മനസും തളർന്നു തുടങ്ങി അവളെ ഉറ്റുനോക്കിയിരുന്ന കണ്ണുകൾ ക്ഷീണിച്ചു. ഇടനെഞ്ചിൽ ആരോ കൊളുത്തി വലിക്കുന്ന പോലെ.
പെട്ടന്ന് മുൻവശത്തെ വാതിൽ ചവുട്ടി പൊളിക്കുന്ന ശബ്ദം കേട്ടു. ഇക്കാക്ക ഉൾപ്പെടെ ആരൊക്കെയോ വന്നു സൈറയെ താങ്ങിയെടുത്തു. ഇവര് മരിച്ചല്ലോ എന്ന് പരസ്പരം പറയുന്നത് കേട്ടപ്പോൾ നെഞ്ചു അവസാനമായി ഒരിക്കൽ കൂടി പിടച്ചു.ശരിയാണ് അവൾ പോയി. ഇക്കാക്ക വന്നു കവിളിൽ തട്ടി വിളിക്കുന്നു. ഇല്ല ഇക്കാക്ക ഇനി ഞാൻ ഉണരില്ല.
അവൾ പോയന്നുറപ്പുള്ള ലോകത്തു ഇനി ഞാൻ എന്തിനു… പോകുകയാണ് അവൾക്കൊപ്പം. സൈറ ഇല്ലാതെ സഹീർ ഉണ്ടാവണ്ട…