ഊര് തെണ്ടൽ കൂടി വന്നപ്പോൾ അത് നിർത്താൻ വേണ്ടിയാണ് അച്ഛമ്മ അച്ഛനെ പിടിച്ച് പെണ്ണ് കെട്ടിച്ചത്….

Story written by Kavitha Thirumeni

” ഇന്നെന്താ രാധാമ്മോ അച്ചായി നേരത്തെ വന്നോ…?

ഓട്ടോ മുറ്റത്തുണ്ട്, ആളെ പരിസരത്തൊന്നും കാണാത്തതുകൊണ്ട് നേരെ അടുക്കളഭാഗത്തേക്കാ തിരക്കി ചെന്നത്…..

“ആഹ്… ഉച്ചയ്ക്ക് ഉണ്ണാൻ വന്നിട്ട് പിന്നെ പോയില്ലായിരുന്നു..

“എന്നിട്ട് എന്ത്യേ ? ഇവിടെയെങ്ങും കാണുന്നില്ല…

“നമ്മടെ തെക്കേടത്തെ കുട്ടിക്കേ പെട്ടെന്ന് വയ്യാണ്ടായി…സന്ധ്യക്ക്… ഹോസ്പിറ്റലിൽ പോവാൻ നേരം ഗോവിന്ദേട്ടൻ അച്ഛനെ കൂടെ കൂട്ടി..അവർക്കൊപ്പം പോയേക്കുവാ…

” പിന്നെന്താ എന്നെ വിളിക്കാതിരുന്നെ… ഇനി ഇത്ര ദൂരം അച്ഛനൊറ്റയ്ക്ക് തിരിച്ചു വരണ്ടേ…”

” അച്ഛൻ കുഞ്ഞൊന്നുമല്ലാല്ലോ…ഇങ്ങ് വന്നോളും…”

“വേണ്ട..ഞാൻ പൊയ്‌ക്കോളാം.. .6;30 ടെ ബസ്‌ പോയില്ലേ… ഇനി വണ്ടി കാത്ത് കവലേൽ വല്ലോം നിൽക്കുവായിരിക്കും..”

തനിച്ച് എവിടേം പോകണ്ടാന്നു എത്ര പറഞ്ഞാലും കേൾക്കില്ല.. പോയ വഴിയിലും കവലയിലുമൊക്കെ നോക്കിട്ട് ആളെ കണ്ടില്ല.. ഒടുവിൽ ഹോസ്പിറ്റലിൽ വരെ ചെല്ലേണ്ടി വന്നു .. അവിടുന്ന് കൂട്ടി കൊണ്ട് വന്ന് ഈ നേരം വരെ ആയിട്ടും അച്ഛന്റെ മുഖം തെളിഞ്ഞിട്ടില്ല.

” ഗോവിന്ദേട്ടന്റെ മോൾക്കല്ലേ വയ്യാണ്ടായത്..അതിന് അച്ഛന്റെ മുഖമെന്തിനാ വാടിയിരിക്കുന്നെ…?

ആദ്യം കുറച്ചു മൗനം പാലിച്ചെങ്കിലും പിന്നാലെ ഉത്തരവും തന്നു.

“അല്ലെടാ…നമ്മടെ ചാരൂനാണ് ഈ അവസ്ഥ വന്നതെങ്കിലോ… പെട്ടെന്ന് ഒന്ന് ഓടി ചെല്ലാൻ പോലും ആരും അടുത്തില്ലല്ലോ…”

“ഓഹ്… അങ്ങനെ വരട്ടെ…ഞാൻ അവളെ വിളിച്ച് പറയുന്നുണ്ട് മകളെ കാണാഞ്ഞിട്ട് അച്ഛനിവിടെ ഊണും ഉറക്കൊന്നുമില്ലാന്ന്….

പെട്ടെന്ന് മുഖത്തൊരു ചിരിയൊക്കെ വരുത്തിയെങ്കിലും അവളിവിടെ വന്നാലേ ആ മനസ്സിന് സന്തോഷാമാകൂ എന്ന് നമുക്കറിവുള്ളതാണ്..

അല്ലെങ്കിലും ഈ അച്ചന്മാരുടെ വീക്നെസ് എപ്പോഴും പെണ്മക്കൾ ആണല്ലോ…..

ഞങ്ങൾക്ക് വേണ്ടി പല ഇഷ്ടങ്ങളും ഒരു ദാക്ഷിണ്യവും ഇല്ലാണ്ട് മാറ്റി വെച്ച ടീമാ.. ഇന്ന് അവരുടെ ഈ കുഞ്ഞു ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കാൻ പറ്റിയില്ലേൽ പിന്നെങ്ങനാ ശരിയാവുക ..! അതോണ്ട് തന്നെ ഇടയ്ക്കൊക്കെ ഞാൻ അച്ഛൻ മോനാവാറുണ്ട്.

പണ്ടത്തെ വായനശാലയിൽ എല്ലാദിവസോം യുവജന സംഗമം കാണും. സ്കൂളിൽ പഠിക്കണ കാലത്ത് ഒത്തു കൂടാൻ തുടങ്ങിയതാ… ഇന്നും തുടരുന്നത്.. ലാത്തിയടിയും വായ്നോട്ടവും തന്നെയാണ് സ്ഥിരം കലാപരിപാടി.. എന്നും ചെന്ന് ഹാജർ വെക്കുമെങ്കിലും സന്ധ്യയാകുന്നതിന് മുന്നേ ഞാൻ ഊരിപോരും.. ഒരുവിധത്തിൽ പറഞ്ഞാൽ അതും അച്ഛന് വേണ്ടിയാണ്.. ആ പേരിൽ ഒരുപാട് കളിയാക്കലും കേൾക്കുന്നുണ്ട്..

“ഈ കാണുന്ന കിളികളൊക്കെ കൂട്ടിൽ കേറുന്നതിനു മുന്നെ നിനക്ക്‌ വീട്ടിൽ പോണോ…?

നേരെയൊന്ന് ഇരുട്ടട്ടേടാ ….

” ഇവനിപ്പോഴും അമ്മമോനാണോ….?

അങ്ങനെ അങ്ങനെ… കേട്ട് തഴമ്പിച്ച ഡയലോഗാണ് പലതും..പണ്ടൊക്കെ ദേഷ്യം തോന്നുമെങ്കിലും ഇപ്പൊ അതൊന്നും ശ്രദ്ധിയ്ക്കാറേയില്ല.

അവന്മാർക്കൊപ്പമിരുന്ന് പാതി രാത്രി വരെ കഥ പറയാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല….അല്ല അത് തന്നെയാണ് ഏറെ ഇഷ്ടവും.. എന്നാൽ ഞാൻ വന്നിട്ടേ ഭക്ഷണം കഴിക്കൂ എന്ന് വാശി പിടിക്കുന്ന കൊറേ വിശേഷം പറയാൻ കാത്തിരിക്കുന്ന അച്ഛനെ ഓർക്കുമ്പോൾ കിളികൾക്ക് മുന്നേ ഞാനെന്റെ കൂട്ടിൽ ചേക്കേറും.. അവളും പിള്ളേര് സെറ്റും കൂടി വന്നാൽ പിന്നെ പറയണ്ട.. വീട്ടിലാകെയൊരു ഓളമാണ്.

അടുത്ത ദിവസം ഞാൻ എത്തുന്നതിന് മുന്നേ വായനശാലയിൽ പുതിയൊരു ആശയം രൂപപ്പെട്ടിരുന്നു

” എല്ലാർക്കും കൂടിയൊരു ട്രിപ്പ് പോയാലോ…. ന്ന്…

അതും കുളു -മണാലി..

“പിന്നെന്താ..പോയേക്കാം.. എന്നൊക്കെ ചാടിക്കേറി പറയണമെന്നുണ്ടായി… സാമ്പത്തികാവസ്‌ഥ പരിതാപകരമായതുകൊണ്ട് ഞാൻ മൗനം പാലിച്ചു.

” വാടാ അഭി…ഇത്തവണയെങ്കിലും പോകാം… മാറി നിന്നത് ഞാൻ മാത്രമായിരുന്നു…

” വരാൻ പത്ത് മിനിറ്റ് വൈകിയാൽ നൂറ് വിളി വിളിക്കുന്ന വീട്ടുകാരാ ഇവനെ ട്രിപ്പിന് വിടാൻ പോകുന്നത്…നിനക്ക് വേറെ പണിയൊന്നുല്ലേ..”

“ഇല്ലെടാ.. അവൻ പറഞ്ഞതാ സത്യം.. നിങ്ങള് പോയിട്ട് വാ….” അവര് തന്നെയൊരു ഉത്തരം കണ്ടുപിടിച്ചതുകൊണ്ട് ഞാൻ കൂടുതൽ വിശദീകരിക്കാൻ നിന്നില്ല..പെട്ടെന്ന് തന്നെ തിരിച്ചു പോന്നു.

പിന്നീട് കുറച്ച് ദിവസത്തേക്ക് കറക്കവും കൂട്ടും ഒന്നും കാണാത്തതുകൊണ്ടായിരിക്കും അച്ഛനും ചോദിച്ചു.

” പങ്കാളികളെയൊക്കെ കണ്ടിട്ട് കൊറേയായല്ലോ ന്ന്…. അവരൊക്കെ യാത്ര പോയെന്ന് പറഞ്ഞപ്പോ “നീ എന്തേ പോവാതിരുന്നെ..ന്ന് അന്വഷിക്കാതിരുന്നില്ല..

“എനിക്കെന്തോ തോന്നിയില്ല…അല്ലേലും ഈ കുളു മണാലിലൊക്കെ പോയിട്ടെന്തിനാ…. പറഞ്ഞു പറഞ്ഞു കൈയ്യിൽ നിന്ന് പോകുമെന്ന അവസ്ഥയിലെത്തിയപ്പോ അവിടുന്ന് മെല്ലെ തടി തപ്പി.. ഞാൻ കണ്ടതിൽ അച്ഛനെ പോലെ ഇത്രയേറെ യാത്രയെ പ്രണയിച്ച മറ്റൊരു വ്യക്തി ഉണ്ടായിട്ടില്ല… അങ്ങനെയുള്ള മനുഷ്യനോടാണ് ഞാൻ നുണ പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയത്….

കൊല്ലങ്ങൾക്ക് മുൻപ് കൂട്ടുകാർക്കൊപ്പം നീലക്കുറിഞ്ഞി പൂത്തത് കാണാൻ മോഹിച്ചിരുന്ന ഒരു 17 വയസ്സു കാരനുണ്ടായിരുന്നു.. അന്ന് അച്ഛച്ചൻ പൈസ കൊടുക്കാത്ത വാശിക്കാണ് ആദ്യമായിട്ട് അച്ഛന്റെ കൈയ്കൾ വളയം പിടിച്ചത്… അങ്ങനെ സ്വന്തമായിട്ട് സമ്പാദിച്ച പണം കൊണ്ട് കൊളുക്കുമല കേറി, പിന്നെ അത് പല മലകളും പല നടുകളുമായി….ഊര് തെണ്ടൽ കൂടി വന്നപ്പോൾ അത് നിർത്താൻ വേണ്ടിയാണ് അച്ഛമ്മ അച്ഛനെ പിടിച്ച് പെണ്ണ് കെട്ടിച്ചത്…എന്നിട്ടോ… തെണ്ടല് രണ്ടാളും കൂടിയായി.. അത് പിന്നെ മൂന്നാളാകാൻ പോകുന്നു എന്നറിഞ്ഞ സന്തോഷത്തിൽ അച്ഛൻ അമ്മയെ പിന്നെയും യാത്രയിൽ കൂടെ കൂട്ടി..

പക്ഷെ ആ യാത്ര അച്ഛനൊന്നും നേടികൊടുത്തില്ല… പകരം അന്നത്തെ അപകടത്തിന് പകുത്ത് കൊടുക്കേണ്ടി വന്നത് എന്റെ അച്ഛൻറെയൊരു കാലായിരുന്നുവെന്ന് മാത്രം. നീക്കി വെച്ച ഇഷ്ടങ്ങളുടെ കൂട്ടത്തിലേക്കു അങ്ങനെ യാത്രയേയും ചേർത്തു വെക്കാൻ അച്ഛന് ഒരുപാട് സമയമൊന്നും വേണ്ടിവന്നില്ല. കുഞ്ഞു കുഞ്ഞു പ്രാരാബ്ദങ്ങൾ വലുതായി തലയ്ക്കു മുകളിലേക്ക് എത്തിയപ്പോൾ ആ പാവം ഓട്ടോയെയും കൂട്ടുപിടിച്ചു.

പോവാൻ പറ്റാതിരുന്ന പലയിടത്തും പോകണമെന്ന വാശി അന്നേ എന്നിലേക്കും പകർന്നു കിട്ടിയിരുന്നു.. അതിനു വേണ്ടി നല്ലോണം കഷ്ടപ്പെട്ട് തന്നെ പണിയെടുത്തു. പി എസ് സി ക്ലാസ്സും, ട്യൂഷനും ,കാറ്ററിങും ,പെയിന്റിങ്ങും തുടങ്ങി പല മേഖലയിലൂടെയും ഞാനെന്റെ സമ്പത്ത് വ്യവസ്ഥയെ പച്ച പിടിപ്പിക്കാൻ നോക്കി…അന്ന് അച്ഛൻ തന്ന ആത്മ വിശ്വാസം ചെറുതൊന്നുമായിരുന്നില്ല.. കുറേ നാളത്തെ പ്രയത്നത്തിനൊടുവിലാണ് വലിയൊരു യാത്രയ്ക്ക് പോകാനുള്ള പൈസ സെറ്റ് ആവുന്നത്…

അത് ഈ പറഞ്ഞ കുളു മണാലിയും കശ്മീരും ലടാക്കും ഒന്നുമല്ലാണ്ട് ഇന്ത്യയുടെ വടക്ക് കിഴക്കെ അറ്റത്തേക്ക്…ഷില്ലോങ് നഗരവും കല്കതങും ബോംഡില്ലയും കടന്ന് അരുണാചൽപ്രദേശിലേക്കെത്താൻ

“തവാങ്ങിൽ മഞ്ഞു പെയ്തു തുടങ്ങിട്ടുണ്ടാവും…പോയാലോ…? എന്ന ദുൽഖർ സൽമാന്റെ ഒരൊറ്റ ഡയലോഗ് മതിയായിരുന്നു…

കാലങ്ങളായി കൂട്ടി കൂട്ടി വെച്ച സമ്പാദ്യം എടുത്തു നീട്ടി നീയും അവർക്കൊപ്പം പൊയ്ക്കോയെന്ന് പറഞ്ഞ അന്നേ ഉറപ്പിച്ചതാണ് നാട് ചുറ്റാൻ എന്നെങ്കിലുമൊരിക്കൽ പോകുമ്പോൾ പിൻ സീറ്റിൽ സൊറ പറഞ്ഞിരിക്കാൻ ഒരാൾ കൂടി കാണുമെന്ന്…

“അച്ഛാ…. !

” ആഹ്…

“മഞ്ഞ് പെയ്യുന്നത് കാണുന്നുണ്ടോ….?

ഒരുപാട് എന്തൊക്കെയോ നേടിയതായി തോന്നിയ നിമിഷത്തെ ചോദ്യമായിരുന്നു അത്..

“ഇല്ല അഭീ…

അതെന്തേ…?

“കണ്ണിൽ മുഴുവൻ നീയാടാ.. മനസ്സിലും….

വാക്കുകൾ മുഴുവിപ്പിക്കുന്നതിനു അച്ഛന്റെ ആ കണ്ണുകളിൽ നനവ് പടരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *