എനിക്കറിയാം നിങ്ങൾക്ക് ആരോ ഉണ്ട് അത് കൊണ്ടല്ലേ ഞാൻ എന്ത് ചോദിച്ചാലും മൊബൈലിൽ തോണ്ടി കൊണ്ടിരിക്കുന്നെ…….

എന്റേതു മാത്രം

Story written by Nisha Suresh Kurup

” നീ അപ്പടിയെ വന്ന് കിiസ് തരൂ ചെമ്പകം  ചുiണ്ടിൽ താ ചെമ്പകം ” ചുiണ്ടുകൾ ഉlമ്മയ്ക്കായി കൂർപ്പിച്ചപ്പോഴാണ് അവളുടെ ഒറ്റ അലർച്ച .അവൾ ആരെന്നല്ലെ എന്റെ ഭാര്യ ദേവി പേര് ദേവിയാണെങ്കിലും ചില നേരത്ത് അവൾ മൂധേവിയാകും. അങ്ങനെയുളള അവളുടെ മുന്നിലാണ് ശ്രീനിവാസന്റെ ഏതോ സിനിമയിലെ ഡയലോഗ് ഉറക്കത്തിൽ പറഞ്ഞു പോയത്. അവളു വിടുമോ ഭദ്രകാളിയെ പോലെ കണ്ണും ഉരുട്ടി ഇരിക്കുന്നു.?

“ആരാ ചെമ്പകം ഇപ്പോൾ പറഞ്ഞോണം” . നിങ്ങൾക്ക് അവളുടെ മുത്തം വേണമല്ലെ ” എനിക്ക് പറയാൻ അവസരം തരാതെ അവൾ അലറി .

ഇവൾക്ക് ഉറക്കവുമില്ലെ എന്റെ വായിൽ നിന്ന് എന്തേലും വീണാലുടൻ ചാടി എണീക്കാൻ .

“എന്തുവാ മനുഷ്യാ നിങ്ങൾ വടിയായോ അതോ എന്നോട് പറയാൻ കള്ളക്കഥ ആലോചിക്കുന്നോ” .

“എന്റെ പൊന്നോ അല്ല ഞാൻ സ്വപ്നം … ശ്രീനിവാസൻ “…?പണ്ടാരമടങ്ങാൻ അതിനിടക്ക് എനിക്ക് വിക്കും തുടങ്ങിയോ .

“എനിക്കറിയാം നിങ്ങൾക്ക് ആരോ ഉണ്ട് അത് കൊണ്ടല്ലേ ഞാൻ എന്ത് ചോദിച്ചാലും മൊബൈലിൽ തോണ്ടി കൊണ്ടിരിക്കുന്നെ”.

അവൾ വലിയ വായിൽ കരയാൻ തുടങ്ങി.  ഒരു വയസുകാരൻ കുഞ്ഞ് ഉണരുമെന്ന് പേടിച്ച് ഞാൻ

“എന്റെ പൊന്നു ചെമ്പകം കരയല്ലെന്ന്” അറിയാതെ പറഞ്ഞു പോയി.
അവളുടെ കരച്ചിൽ ഒന്ന് സ്റ്റോപ്പായിട്ട് വീണ്ടും പഴയതിനെക്കാൾ ഉച്ചത്തിലായി.

“കണ്ടോ നിങ്ങൾ എന്റെ പേര് പോലും മറന്ന് അതല്ലെ … എനിക്ക് ആരുമില്ലേ” നെഞ്ചത്തടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കൈയ്യിൽ കയറി പിടിച്ചു.

മെല്ലെ ചെവിയേട് ചേർന്നു പറഞ്ഞു. “നീയല്ലെ എന്റെ ചെമ്പകം അല്ലാതെ ആരാ .നിന്നെ ഞാൻ സ്വപ്നത്തിൽ സ്നേഹത്തോടെ വിളിച്ചതല്ലെ “.

അത് വരെ കരഞ്ഞ് കൊണ്ടിരുന്ന അവളിൽ ഒടുക്കത്തെ നാണം.

“ആണോ സത്യമായും ഞാനായിരുന്നോ അവൾക്ക് വീണ്ടും സംശയം”.

“അതെന്നേ “…

“എന്നാലെ ഞാൻ എന്ത് പറഞ്ഞാലും കേൾക്കുമോ “

” പിന്നെ കേൾക്കാതെ നീ പറഞ്ഞോ “

“ഈ ഞായറാഴ്ച എന്റെ കൂട്ടുകാരി മകളുടെ ബർത്ത്ഡേ വിളിച്ചിട്ടുണ്ട് പോണം” .
ഞാൻ ശ്വാസം ആഞ്ഞ് വിട്ടു. ഇനി വല്ല താജ്മഹാൽ വേണമെന്നാങ്ങാനും പറഞ്ഞിരുന്നെങ്കിലോ.

“അത്രേയുള്ളോ പോകാല്ലോ

“അത് മാത്രമല്ല അവിടെ അടുത്താ അമ്മാവന്റെ വീട് അവിടെയും കയറണം.” .

“ഉം “…

സമ്മതിക്കാതെ വേറെ നിവർത്തിയില്ല. അമ്മാവന്റെ ക ത്തി സഹിക്കണമല്ലോ ഓർത്തപ്പോഴേ ഉറക്കം പോയി. എനിക്കറിയാം എന്റെ അരുണേട്ടൻ പാവമാ . അവൾ കെട്ടിപ്പിടിച്ച് അഞ്ചാറ് മുത്തം ഒരുമിച്ച് തന്നു .പിന്നെ എന്റെ കൈയ്യിൽ തലവെച്ച് നെഞ്ചിൽ ചേർന്ന് ഉറങ്ങാൻ തുടങ്ങി. ഡോവ് ഷാംപൂ ആണോ ഇവൾ തേയ്ച്ചത് എന്താ മണമാന്നേ. ഞാൻ റൊമാന്റിക് ആയി വന്നപ്പോഴേക്കും അവൾ കൂർക്കം വലിച്ചു തുടങ്ങി.

എന്നാലും ഇത്ര പെട്ടന്ന് ഇവൾക്കിതെങ്ങനെ ഉറങ്ങാനും ഉണരാനും സാധിക്കുന്നു.. അപ്പോഴേക്കും  മോൻ ഉണർന്നു കരയാൻ തുടങ്ങി. അവളാ ണെങ്കിൽ എഴുന്നേൽക്കാനുള്ള ഭാവമില്ല. കുഞ്ഞിനെ ആട്ടി ഉറക്കുന്നതിനിടയിൽ ഞാൻ സ്വയം പറഞ്ഞു “എന്നാലും എന്റെ ശ്രീനിവാസാ എന്നോടീ ചതി വേണ്ടായിരുന്നു. വേറെ എത്രയോ ഡയലോഗ് കിടക്കുന്നു. ഇത് തന്നെ “…. സ്വകാര്യ കമ്പനിയിൽ  ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായ എന്നോട് , ആകെ ഒരു ഞായറാഴ്ച മാത്രം അവധിയുള്ള എന്നോടിത് വേണ്ടായിരുന്നു. അന്ന് സ്വന്തമായി വല്ല പാചക പരീക്ഷണവും നടത്തി  വീട്ടിൽ കിടന്ന് ഉറങ്ങാന്ന് വിചാരിച്ചാൽ അന്ന് തന്നെ അവൾക്ക് കൂട്ടുകാരി ,അമ്മാവൻ എന്റെ ദൈവമേ ….

അങ്ങനെ ശനിയാഴ്ച രാത്രി എത്തി . എന്റെ സ്നേഹമയിയായ ഭാര്യ പറഞ്ഞു. നാളെ എന്റെ കൂട്ടുകാരി രേഖയും  വേണിയും ഞാനും ഒരുമിച്ചാ ലയയുടെ കൊച്ചിന്റെ ബർത്ത്ഡേക്ക് പോണത് . അരുണേട്ടൻ വന്നില്ലേല്ലും കുഴപ്പമില്ല. അമ്മാവന്റെ വീട്ടിൽ പിന്നൊരു ദിവസം പോകാം . ആഹാ മനസിൽ കുറേ ലഡു ഒരുമിച്ച് പൊട്ടി. അമ്മാവന്റെ കത്തി ,കൂട്ടുകാരികളുടെ പൊങ്ങച്ചം പിന്നെ ഒറ്റയ്ക്കായാൽ  ഒരു സ്മോൾ അടിക്കാം, ഉറങ്ങാം അങ്ങനെ എന്തൊക്കെ ലോട്ടറിയാ ഒറ്റയടിക്ക് . “എന്താ ഏട്ടാ വിഷമമായോ കൂടെ വരുന്നോ എങ്കിൽ അവരോട് ഇവിടെ വന്ന് നമ്മുടെ വണ്ടിയിൽ പോകാന്ന് പറയാം”.

“അയ്യോ അത് വേണ്ട”

“അതെന്താ അയ്യോ” അവൾ അതിൽ കയറി പിടിച്ചു.

“അങ്ങനെയല്ല നിങ്ങൾ കൂട്ടുകാരികൾ ഒരുമിച്ച് പൊയ്ക്കോ അതല്ലേ നിങ്ങൾക്ക് ഒരു എൻജോയ്മെന്റ് “

ഞാൻ വിശാലമനസ്കനായി. ശരിയാ അവൾ തലയാട്ടി. ഞാൻ സന്തോഷം കൊണ്ട് അവളുടെ തോളിൽ കൈയ്യിട്ടു “അതെ .”… അവൾ തോണ്ടി വിളിച്ചു.

“എന്താ ” ഞാൻ മറ്റെന്തെക്കൊയോ പ്രതീക്ഷിച്ച് വികാര തരളിതനായി.
“അരുണേട്ടൻ നാളെ മോനെ നോക്കണം. അവരാരും കുഞ്ഞിനെ കൊണ്ട് വരുന്നില്ല. കുഞ്ഞ് വീട്ടിൽ ഉണ്ടെന്നും പറഞ്ഞ് എനിക്ക് പെട്ടന്ന് വരുകയും ചെയ്യാം . അരുണേട്ടന്റെ അടുത്ത് അത്രയും നേരത്തെ എത്താല്ലോ “

എന്താ അവളുടെ സ്നേഹം സോപ്പിട്ട് മയക്കാൻ ഇവളെ കഴിഞ്ഞേ ഉള്ളൂ ഞാൻ ചിന്തിച്ചേ ഉള്ളൂ പുറത്തേക്കു പറഞ്ഞാൽ തീർന്നു. എനിക്കറിയില്ലേ അവൾക്ക് ഫ്രീയായിട്ട് നടക്കാനും ഡ്രസ്സ് ഉടയാതിരിക്കാനുമൊക്കെയുളള അടവാണെന്ന് .
“അരുണേട്ടന് കഴിക്കാൻ രാവിലെ ഉണ്ടാക്കി വെച്ചിട്ട് പോവാം അല്ലെ താമസിക്കുമോ എന്തോ ” അടുത്ത അടവ് അവളെടുത്തിട്ടു. അവൾക്ക് രണ്ട് മണിക്കൂറെങ്കിലും ഒരുങ്ങണം , കൂട്ടുകാരെ മുന്നിൽ ഗമ കാണിക്കണം എനിക്കത് മനസിലായി. പാവമല്ലെ അവള് അവിടെയും ഞാൻ നന്മ മരമായി

“നീ അതൊന്നും ഓർത്ത് ടെൻഷനാവണ്ട. ഞാൻ ഉണ്ടാക്കി കഴിച്ചോളാം”

” അല്ലെങ്കിൽ പുറത്തു നിന്ന് വാങ്ങിയാലോ “അവൾ വീണ്ടും . “അത് വേണ്ട ഞാൻ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കാം നോക്കിക്കോ .നീ അവിടുന്നു കുറച്ചു കഴിച്ചാൽ മതി ബാക്കി ഇവിടെ വന്ന് കഴിക്കാം”.

എന്റെ അരുണേട്ടനെ എനിക്ക് കിട്ടിയല്ലോ എന്റെ ഭാഗ്യമാ ” … ?അവളുടെ മുഖം എന്റെ കവിളിലുരസി.

” നീ പറഞ്ഞോ ഇനിയും ഞാൻ എന്ത് വേണേലും ചെയ്യാം”…. ഞാൻ അറിയാതെ പറഞ്ഞു പോയി …

പിറ്റേന്ന് രാവിലെ അവൾ പോകാൻ റെഡിയായി. അതിനു മുൻപേ രാവിലത്തെ ആഹാരം മോന്റെ കുറുക്ക് എല്ലാം ഉണ്ടാക്കി എനിക്ക് ചായയുമിട്ടു തന്നു. ഒരുങ്ങി ഇറങ്ങി വന്ന അവളെ കണ്ടാൽ സത്യം പറയാലോ ആരും നോക്കി പോവും.

“എങ്ങനെയുണ്ട് അരുണേട്ടാ ഞാൻ കൊള്ളാമോ “

“കുഴപ്പമില്ല “

“ഓ നിങ്ങൾ അങ്ങനെയല്ലെ പറയൂ രേഖയുടെ ഭർത്താവ് “….

ഞാൻ പെട്ടന്ന് തടഞ്ഞു അല്ലെങ്കിൽ നാട്ടിലുള്ള മുഴുവൻ ഭർത്താക്കൻമാരും നല്ലതും ഞാൻ മോശവുമാകും.

“എനിക്ക് ക്യാമറയിൽ ഫോട്ടോ എടുത്ത് താ അരുണേട്ടാ ” അവൾ കൊഞ്ചുന്നു. എനിക്ക് ഹോബിയായിട്ട് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുമുണ്ടെ. “അതിന് എനിക്ക് മൃഗങ്ങളെ എടുത്താ ശീലം നീ പോത്തായോണ്ട് കുഴപ്പമില്ല വാ” എന്റെ തമാശ കേട്ട അവൾക്ക് പുച്ഛം

” ഇതൊക്കെ പഴഞ്ചൻ കോമഡിയാ ഇതുവരെ ഈ നൂറ്റാണ്ടിലെ ബസ് കിട്ടിയില്ലെ”. ചമ്മൽ മറയയ്ക്കാൻ “വേണേൽ വേഗം വന്ന് ഫോട്ടോ എടുക്കാൻ നില്ക്ക് . എനിക് വേറെ ജോലിയുണ്ട് “

ഞാൻ ദേഷ്യം അഭിനയിച്ചു,ഫോട്ടോ എടുത്ത് കൊടുക്കാൻ പോയി. വീട്ടിൽ ആകെ  രണ്ട് മൂന്ന് തെങ്ങു പോലുള്ള ചെടിയൊക്കെയുള്ളു. അതിന്റെ ഇടയിൽ കയറി നിന്നും കിടന്നുമൊക്കെ അവൾ പോസോട് പോസ്.മതിയെടീന്ന് പറഞ്ഞിട്ടു കേൾക്കുന്നുമില്ല. ഞാൻ നോക്കിയപ്പോൾ വട്ടം കറങ്ങുന്നു എന്നിട്ട് പറയുന്നു  ഈ പോസെടുക്കാൻ .

“എടീ ഇത് ഫോണല്ല ക്യാമറയാ വീഡിയോ എടുക്കാൻ” . “അത് നിങ്ങൾക്കു ക്രീയേറ്റീവായി എടുക്കാൻ അറിയാഞ്ഞിട്ടാ ” അതിനും കുറ്റം എനിക്ക് കാട്ടിലെ ആനയൊക്കെ ഇതിനെക്കാൾ എത്ര ദേദം. അങ്ങനെ അവള് റ്റാറ്റയും തന്നു പോയി.

പോയിക്കഴിഞ്ഞപ്പോൾ ഒരു ശൂന്യത എവിടെ നിന്ന് തുടങ്ങണമെന്നറിയാതെ മോനെയും എടുത്തു അടുക്കളയിൽ ചെന്നു. അടുക്കള നല്ല വൃത്തിയാക്കി ഇട്ടിട്ടുണ്ട്. മോന് കുറുക്ക് കൊടുക്കാമെന്ന് വിചാരിച്ച്  തുറന്നപ്പോൾ അത് നല്ല കട്ടിയായി ഇരിക്കുന്നു. കുറച്ച് പാലു കൂടി ചൂടാക്കി ഒഴിച്ചെടുക്കാൻ വേണ്ടി  പാലിന്റെ കവർ പൊട്ടിച്ചൊഴിച്ചതും പാൽ താഴെ പോയി അവിടയാകെ പടർന്നു. മോനെ തറയിൽ ഇരുത്തിയിരുന്നു. പാലു തുടച്ച് വൃത്തിയാക്കി അടുത്ത പാൽ ശ്രദ്ധയോടെ പൊട്ടിച്ചൊഴിച്ച് ചൂടാക്കാൻ വെച്ചിട്ട് നോക്കിയപ്പോൾ മോൻ മൂത്രം ഒഴിച്ചിട്ട് അതിൽ  കൈയ്യിട്ടടിച്ചു കളിക്കുന്നു. അവനെ എടുത്ത് കഴുകാനായി ബാത്ത് റൂമിൽ പോയി വൃത്തിയാക്കി , ഉടുപ്പുമിടുവിച്ച് തറയിലാക്കി .തിരികെ വന്നു നോക്കുന്നു പാൽ പാത്രo കരിഞ്ഞു ഒരു  പരുവമായി .അതിനെ സിങ്കിലെടുത്തിട്ട് തിരിഞ്ഞ് നടന്നതും മൂത്രത്തിൽ തെന്നി പ്‌ധോം ദാ കിടക്കുന്നു. മോൻ കൈയ്യ് അടിച്ച് ചിരിച്ചു. പതിയെ എഴുന്നേറ്റു കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിച്ചു എല്ലാം തുടച്ച് വൃത്തിയാക്കി മോനെയും എടുത്തു സോഫയിൽ കുറേ നേരം താടിക്ക് കൈയും കൊടുത്തിരുന്നു. അല്ലെങ്കിൽ എല്ലാ ജോലിയും അവളുടെ കൂടെ ചെയ്യുന്ന എനിക്ക് എന്ത് പറ്റി സ്വയം ചോദിച്ചു. എഴുന്നേറ്റ് പോയി വാഷിംഗ് മെഷീനിൽ തുണി കഴുകാനിട്ടു. അത് കഴിഞ്ഞ് രാവിലത്തെ ഇഡ്ഢലി കുഞ്ഞിന് നുള്ളി കൊടുത്തു. എത്ര ശ്രമിച്ചിട്ടും കഴിക്കുന്നില്ല. പിന്നെ പുറത്തേക്കിറങ്ങി  കാക്കയേം പൂച്ചയേയുമൊക്കെ കാണിച്ച് പാട്ടും ഡാൻസുമൊക്കെ കളിച്ച് എങ്ങനേലും കഴിപ്പിച്ച് വന്നപ്പോൾ സമയം 12 മണി. എനിക്ക് രാവിലത്തേത് കഴിക്കാനുള്ള വിശപ്പു പോയി. അവളെ സമ്മതിക്കണം. ഇനി എന്തുണ്ടാക്കാൻ ഒരു പിടിയുമില്ല. രണ്ട് ബിരിയാണിയും ചിക്കൻ ഫ്രൈയും ഓർഡർ ചെയ്തു. കഴിക്കാൻ ഒരു മണിയായിട്ടും തോന്നിയില്ല. രണ്ട് മണിയായപ്പോൾ അവൾ വരുന്നു. വന്നുടൻ മോനെ വാരിയെടുത്തു ഒക്കത്ത് വെച്ചു.

.”അരുണേട്ടാ എന്താ സ്പെഷ്യൽ ഞാൻ നേർത്തെ ഇറങ്ങിയതാ എല്ലാവരും വഴക്ക് പറഞ്ഞു. ഞാൻ അരുണേട്ടൻ ഉള്ളതാ ഒറ്റക്കല്ലേ പോണമെന്ന് പറഞ്ഞു. എല്ലാവരും പറയുവാ നിനക്ക് മാത്രമല്ലേ ഭർത്താവ് ഉള്ളുവെന്ന് .”

.. എന്താ കൗണ്ടർ അടിക്കാതെ മിണ്ടാതെ നിൽക്കുന്നെ അവൾ എന്നെ ചുറ്റിപ്പിടിച്ചു. ഒന്നുമില്ലെടി ഞാൻ വീണു പിന്നെ ഉണ്ടായതെല്ലാം പറഞ്ഞു. അവൾ ചിരിയോടെ ചിരി .അതേ ഞാനുള്ളപ്പോൾ എല്ലാ ജോലിയും അറിയാവുന്നത് എന്താന്നോ പുറകെ നടന്ന് എല്ലാം എടുത്ത് തരാൻ ഞാൻ ഉള്ളതു കൊണ്ട് . മനസിലായോ ഒരു ജോലിയും അത്ര ഈസി അല്ലെന്ന് അല്ലെട കണ്ണാ”
അവൾ കുഞ്ഞിന്റെ താടിയിൽ പിടിച്ചു.

“വീണിട്ട് കുഴപ്പം വല്ലതുമുണ്ടോ ” എന്തേലും പുരട്ടണോ പെട്ടന്ന് അവൾ ആശങ്കപ്പെട്ടു ചോദിച്ചു.?” ഒന്നും പറ്റിയില്ല എന്റെ ദേവി കുട്ടി “.. “എന്നാൽ വാ ബിരിയാണി കഴിക്കാം ഞാൻ അവിടുന്ന് കഴിച്ചെന്ന് വരുത്തിയതാ ഇവിടെ വന്നു കഴിക്കാൻ

.കഴിക്കാനിരുന്നപ്പോൾ അവൾ വീണ്ടും “വൈകിട്ട് ഒന്നു പുറത്ത് പോയാലോ അരുണേട്ടാ “

“എന്തിനാ ” “അത് വേണി  ഇട്ടോണ്ട് വന്ന ടോപ്പ്  സൂപ്പർ ആയിരുന്നു .വൈകിട്ട് അതിന്റെ വേറെ വെറൈറ്റി  വല്ലതും ഉണ്ടോന്ന് നോക്കിയാലോ” .

“രണ്ടാഴ്ച മുമ്പ് അല്ലെ ഡ്രസ്സ് എടുത്തത് ഇനിയിപ്പോ വേണോ ” എന്റെ ചോദ്യത്തിന് മുന്നിൽ അവൾ പതിവ് പല്ലവി എടുത്തിട്ടു “എനിക്ക് വേറെ ആരാ വാങ്ങിത്തരാൻ ഉള്ളത് അരുണേട്ടൻ അല്ലേ ഉള്ളൂ”

കേട്ടാൽ തോന്നും അവൾക്കും എനിക്കും വീട്ടുകാരൊന്നുമില്ലെന്ന് . എന്തായാലും ആ സോപ്പിങ്ങിൽ വീഴാതിരിക്കാൻ എനിക്കായില്ല അങ്ങനെ അവളെ കൊണ്ട് പുറത്തുപോയി. ഒരു ഡ്രസ്സിന് ആയി പോയവൾ രണ്ടുമൂന്നു ഡ്രസ്സും വാങ്ങി ഐസ്ക്രീമും കഴിച്ചു ബീച്ചിലും കറങ്ങി രാത്രിത്തേക് ഭക്ഷണവും വാങ്ങി വന്നപ്പോഴേക്കും ഒരു നേരമായി. അങ്ങനെ ആകെയുള്ള ഒരു ഞായറാഴ്ച ദിവസം പോയി കിട്ടി .  നാളെ വീണ്ടും ഓഫീസിലെ തിരക്കിലേക്ക് …ഞാൻ ദീർഘശ്വാസം വിട്ടപ്പോൾ അവൾ പുതിയ ഡ്രസ്സ് ഇട്ടിട്ട് വന്നു
“എങ്ങനെയുണ്ട് കൊള്ളാമോ “

അവളുടെ മുഖത്ത് സന്തോഷം കണ്ട് ബാക്കിയെല്ലാം മറന്നു. എന്റെ പൊന്ന് … .എന്റെ മാത്രം ചക്കര …. ഞാനവളെ എന്നിലേക്കടുപ്പിച്ച് മുത്തം നൽകി.  അപ്പോൾ അവൾ പറയുവാ “അരുണേട്ടാ അടുത്ത ഞായറാഴ്ച വേറെ പരിപാടിയൊന്നുമില്ലല്ലൊ വല്ല്യമ്മ വിളിച്ചായിരുന്നു മോളുടെ കുഞ്ഞിന്റെ ചരടു കെട്ടാ” …

Leave a Reply

Your email address will not be published. Required fields are marked *