ഒറ്റമുറി വീട്
എഴുത്ത്:- രാജു പി കെ കോടനാട്
ഇത്തവണ ഉത്സവത്തിന് നിങ്ങളെ ആരെയും കണ്ടില്ലല്ലോ എന്ത് പറ്റി എന്ന ചോദ്യത്തിന് പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ഓ രാജേന്ദ്രൻ തിരിച്ചുപോയി അല്ലേ എന്ന ഉത്തരം സ്വയം കണ്ടെത്തി ഗുരുതിയും പുഷ്പാഞ്ജലിയും കൈകളിലേക്ക് തരുമ്പോൾ.. ഞാൻ ഒന്ന് പതിയെ പുഞ്ചിരിച്ചു. അൻപത് രൂപ ദക്ഷിണയും നൽകി നിറഞ്ഞ് കത്തുന്ന നിലവിളക്കിലേക്ക് എണ്ണ പകരുമ്പോളാണ്
ഒരു ശത്രുസംഹാര പുഷ്പാഞ്ജലി പിന്നെ ഒരു ഗണപതി ഹോമവും എന്ന് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ഡോക്ടർ വിശ്വനാഥനും കുടുബവും അകത്തേക്ക് വരുന്നത്.
എനിക്കിപ്പോൾ തീരെ ഉറക്കല്യാതെ ആയിരിക്കുന്നു കണ്ണടച്ചാൽ കൂരിരുട്ടിൽ ഒറ്റപ്പെട്ടു പോയ ഒരു കൊച്ചു കുട്ടിയുടെ അവസ്ഥയാണ് തിരുമേനി എൻ്റെ സമയം ഒന്ന് നോക്കാ..
കൈയ്യിലെ ഇല ചിന്തിലെ ചന്തനത്തിൽ നിന്നും ഒരു നുള്ളെടുത്ത് നെറ്റിയിൽ തൊടുമ്പോൾ ഡോക്ടർ അരികിൽ എത്തിയിരുന്നു.
കൈയ്യിലെ രസീതിനൊപ്പം ആയിരത്തി ഒന്ന് രൂപയും ദക്ഷിണയായി വച്ച് തിരുമേനിക്ക് നൽകുമ്പോൾ ആ മുഖം വല്ലാതെ പ്രക്ഷുബ്ദമായിരുന്നു.
അകത്ത് വളരെ വേഗം മന്ത്രങ്ങൾ അവസാനിപ്പിച്ച് ഇല ചീന്തിൽ പുഷ്പാഞ്ജലിയും തീർത്ഥവും നൽകി തിരുമേനി പറഞ്ഞു, ശനിയുടെ അപഹാരമുണ്ട് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് എല്ലാം നമുക്ക് ശരിയാക്കാം നന്നായി തൊഴുത് പ്രാർത്ഥിച്ചോളൂ..
കണ്ണുകൾ ഇറുകെ അടച്ച് തൊഴുത് നിൽക്കുന്ന അദ്ദേഹത്തോട്
അല്ല ഇന്നല്ലേ ഡോക്ടറുടെ ജന്മദിനം എന്ന തിരുമേനിയുടെ ചോദ്യത്തിന് ആ നാവിൽ നിന്നും അമ്മ എന്നൊരു ശബ്ദം പതിയെ ഉയർന്നു. കണ്ണുകൾ ഒന്ന് കലങ്ങി..
തിരുമേനി അതെത്ര കൃത്യമായി ഓർമ്മിക്കണു.
അല്ലങ്കിലും എനിക്ക് അതെല്ലാം ഓർക്കാൻ എവിടെ സമയം തിരക്കൊഴിഞ്ഞ ഒരു ദിവസമില്ല ജീവിതത്തിൽ പണ്ട് പണമില്ലാത്തതിൻ്റെ സമാധാനക്കുറവ് ഇന്ന് എല്ലാം ഉണ്ടായപ്പോൾ എല്ലാം മറന്നൊന്ന് ഉറങ്ങാൻ പോലും കഴിയാതായിരിക്കണു.
ഡോക്ടറും കുടുബവും പുറത്തേക്കിറങ്ങി കാറിനടുത്തേക്ക് നടന്ന് നീങ്ങിയതും തിരുമേനി തുടർന്നു.
എങ്ങിനെ ഉറങ്ങാൻ കഴിയും പുറത്ത് അയാളുടെ മുഖം കണ്ടതും അകത്ത് നിന്നും ദേവിയുടെ ചൈതന്യം പുറത്തിറങ്ങിക്കാണും.
ഗോവിന്ദേട്ടൻ്റെ മരണശേഷം മകനെ പഠിപ്പിക്കാൻ ശാരദാമ്മ ചെയ്യാത്ത പണികളില്ല അവസാനം മകൻ വലിയ ഡോക്ടറായപ്പോൾ അതിൽ അഭിമാനം കൊണ്ട അമ്മ അവൻ കൂടെ പഠിച്ച കുട്ടിയെ വിവാഹം കഴിച്ചതോടെ ആ ഒറ്റമുറി വീട്ടിൽ വീണ്ടും അനാഥയായി..
കൈ നിറയെ പണവും വലിയ ബന്ധങ്ങളും സൗഹൃദങ്ങളുമായപ്പോൾ ടൗണിലെ പുതിയ വീട്ടിലേക്ക് അമ്മയെ കൂട്ടിയാൽ ഞങ്ങളില്ലെന്നായി ഭാര്യയും മക്കളും..
പണ്ട് വിശന്ന് വലഞ്ഞ എത്രയെത്ര ദിവസങ്ങളിൽ ഒരു മകനേപ്പോലെ എന്നെയും ചേർത്തിരുത്തി ഊട്ടിയിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് വിശ്വൻ്റെ എത്രയെത്ര ജന്മദിനങ്ങൾ ആഘോഷിച്ചിരിക്കുന്നു. അന്ന് എത്രയെത്ര കഥകൾ പറഞ്ഞിരിക്കുന്നു. പക്ഷെ ഇന്ന് ആ പഴയ കഥകൾ എത്ര പറഞ്ഞിട്ടും നിർബന്ധിച്ചിട്ടും അമ്മ ആ ഒറ്റമുറി വീട്ടിൽ നിന്നും എൻ്റെ വീട്ടിലേക്ക് വരാൻ കൂട്ടാക്കുന്നില്ല.
മകൻ അമ്മയെ മറന്നെങ്കിലും അമ്മയുടെ മനസ്സിൽ മകന് ഇന്നും ആ കൊച്ചു കുട്ടിയുടെ പ്രായമാണ് ഒന്ന് കാതോർത്താൽ ഇടയ്ക്കിടെ സ്വന്തം മകനായി കരുതിയിട്ടുള്ള പാവക്കുട്ടിയെ കണ്ണെഴുതി പൊട്ടു തൊട്ട് താരാട്ട് പാടി ഉറക്കുന്ന എൻ്റെ അമ്മയുടെ ശബ്ദം കേൾക്കാം ചിലപ്പോഴെല്ലാം ആ കാലുകളിലെ ചങ്ങലയുടെ താളവും..