എഴുത്ത്:-ജെയ്നി റ്റിജു
“മാളൂ, നീയറിഞ്ഞോ? ആ വിനോദ് വന്നിട്ടുണ്ടെന്ന്.”
നാത്തൂൻ രമേച്ചിയാണ് ഫോണിൽ .
” ഏത് വിനോദ് ചേച്ചി? “
എനിക്ക് പെട്ടെന്ന് പിടി കിട്ടിയില്ല.
“നമ്മുടെ പഴയ അയൽവക്കക്കാരൻ ഇല്ലെ, മറ്റേ ഭാര്യയും മക്കളും മരിച്ച അയാൾ…അയാൾ ന്യൂസിലാൻഡിലോ ഓസ്ട്രേലിയയിലോ എങ്ങാണ്ട് അല്ലാരുന്നോ. അയാൾ വന്നിട്ടുണ്ട്. പുതിയ ഭാര്യയും ഒരു കൊച്ചുമുണ്ട്. അതിനൊരു ആറെഴു വയസ്സുകാണും. സുരഭിയും കുട്ടികളും മരിച്ചു അധികം താമസിയാതെ നാടുവിട്ടു പോയതല്ലേ, ഇപ്പോഴാ പിന്നെ വരുന്നത്. ആ വീടും സ്ഥലവുമൊക്കെ വിറ്റിട്ട് തിരിച്ചു പോകാനാ പ്ലാൻ എന്ന് ഇവിടെ ഏട്ടൻ പറയുന്ന കേട്ടു. അല്ലെങ്കിലും അയാൾക്കിനി ഇവിടെ സ്ഥലം കിടന്നിട്ടെന്തിനാ. പറയത്തക്ക ബന്ധുക്കളും ഇല്ലല്ലോ.”
ചേച്ചി പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എല്ലാം അയാളുടെ വിശേഷങ്ങൾ. പുതിയ ഭാര്യ അവിടെ നേഴ്സ് ആണ്. ഭയങ്കര പവറുകാരിയാണ്, അവർ നല്ല നിലയിൽ ആണ് ജീവിക്കുന്നത്, ആ കുട്ടിക്ക് മലയാളം ഒട്ടുമറിയില്ല അങ്ങനെ എന്തൊക്കെയോ. അതൊന്നും എന്റെ ചെവിയിൽ കേറുന്നുണ്ടായിരുന്നില്ല. എന്റെ മനസ്സിൽ എപ്പോഴും ചിരിച്ചു കൊണ്ടു മാത്രം സംസാരിക്കുന്ന ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയും രണ്ടു പൂമ്പാറ്റകുഞ്ഞുങ്ങളും തെളിഞ്ഞു നിന്നു. ഇന്നും എന്റെ ഉറക്കം കെടുത്തുന്ന അവരുടെ അവസാനയാത്രയും.
കാശി ഡ്യൂട്ടി കഴിഞ്ഞു കയറി വന്നപ്പോഴും എന്റെ മുഖം അസ്വസ്ഥ മായിരുന്നു. കാശി ടെക്നോപാർക്കിൽ ആണ് ജോലിചെയ്യുന്നത്. ഞാൻ അറിയപ്പെടുന്ന ഒരു ചാനലിലെ റിപ്പോർട്ടറും. എന്റെ വിവാഹം കഴിഞ്ഞു ഞാൻ തിരുവനന്തപുരത്തേക്ക് മാറിയതിന് ശേഷമാണ് വിനോദും കുടുംബവും ഞങ്ങളുടെ അയൽവക്കത്ത് വീടുവാങ്ങുന്നതും താമസത്തിനെത്തുന്നതും. അയാളുടെ അച്ഛനുമമ്മയും നേരത്തെ മരിച്ചുപോയിരുന്നു. സഹോദരങ്ങളും ഇല്ല.. അയാൾക്കെന്തൊക്കെയോ ബിസിനസ്സ് ആയിരുന്നു. രണ്ടു പെൺകുട്ടികൾ. നാലും രണ്ടും വയസ്സ്. എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന നിഷ്കളങ്കയായ പെൺകുട്ടിയായിരുന്നു സുരഭി.
വീട്ടിൽ അമ്മയോടും രമചേച്ചിയോടും ആ കുട്ടി നല്ല അടുപ്പമായതിനാൽ മിക്കവാറും ഞങ്ങളുടെ ഫോൺ വിളികളിൽ ആ കുട്ടിയുടെ വിശേഷവും കാണും. രണ്ടു വർഷമേ അവർ അവിടെ താമസിച്ചുള്ളൂ. അതിനിടയിൽ രണ്ടോ മൂന്നോ തവണയേ ഞാൻ ആ കുട്ടിയെ കണ്ടിട്ടുള്ളൂ എങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു വ്യക്തിത്വം ആയിരുന്നു അവളുടെത്. ഭർത്താവ് വിനോദ് ആദ്യം ദുബായിൽ ആയിരുന്നു, പിന്നീട് ജോലി ഉപേക്ഷിച്ചു വന്നു നാട്ടിൽ എന്തൊക്കെയോ ബിസിനസ്സ് ഒക്കെയായി സെറ്റിൽ ആകുന്നതിന്റെ ഭാഗം ആയാണ് അവിടെ വീടുവാങ്ങിയതും താമസമാക്കിയതും. മിക്കവാറും അയാൾ തിരക്കിലാവും. അതിനിടയിൽ ബിസിനസ്സ് തകർന്നെന്നോ കൂടെയുണ്ടായിരുന്നവർ ചതിച്ചെന്നോ ലക്ഷങ്ങളുടെ ബാധ്യത ആയെന്നോ ഒക്കെയായിരുന്നു കാരണം. സഹായിക്കാൻ പ്രത്യേകിച്ച് ബന്ധുക്കളില്ല. സുരഭിയുടെ വീട്ടുകാർ പിന്നെ പാവങ്ങളായിരുന്നു. “അഭിമാനം പണയം വെച്ച് ജീവിക്കാനാവില്ല, ഞങ്ങളുടെ മരണത്തിൽ വേറെ ആർക്കും ഉത്തരവാദിത്തം ഇല്ല”
എന്ന് മരണകുറിപ്പ് എഴുതി വെച്ചായിരുന്നു അവർ കുടുംബമായി വിഷം കഴിച്ചത്. ഭർത്താവ് പറയുന്നതിനപ്പുറം മറ്റൊരു ലോകം അറിയാത്ത ആ പാവം പെണ്ണ്, മരണത്തിലും അവനെ തനിച്ചാവാൻ അനുവദിച്ചില്ല. പക്ഷെ, വിധിയുടെ ക്രൂരതയോ എന്തോ അവളും ആ കുഞ്ഞുങ്ങളും മരിച്ചെങ്കിലും അയാൾ രക്ഷപ്പെട്ടു. അയാൾ കുറെ ശർദിച്ചിരുന്നത്രെ. പിന്നെ അയാളുടെ ഏതോ കൂട്ടുകാരൻ തക്ക സമയത്ത് എത്തിയെന്നോ ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും ഇയാളെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ എന്നും അറിഞ്ഞിരുന്നു. അന്നത് വലിയ വാർത്ത ആയിരുന്നു. മരണമറിഞ്ഞു ഞങ്ങളും പോയിരുന്നു. അന്നയാളുടെ കരച്ചിൽ കണ്ട് നിന്നവരെയെല്ലാം കരയിപ്പിച്ചിരുന്നു.
അന്നത്തെ ആ വിഷയത്തിന്റെ സഹതാപതരംഗം കൊണ്ട് ആരൊക്കെയോ കുറെ പണം സഹായിച്ചു, ഏതോ ബാങ്ക് കുറച്ചു ലോൺ എഴുതിത്തള്ളി, അങ്ങനെ എന്തൊക്കെയോ സംഭവിച്ചു. എന്തായാലും സംഭവം കഴിഞ്ഞു ആറുമാസത്തിനുള്ളിൽ അയാളെ ഏതോ കൂട്ടുകാർ ദുബായിൽ എന്തോ ജോലി ശരിയാക്കി കൊണ്ടുപോയി.
പിന്നെ കുറെ നാൾ അയാളുടെ വിവരം ഒന്നുമുണ്ടായിരുന്നില്ല. രണ്ടോ മൂന്നോ വർഷം കഴിഞ്ഞപ്പോൾ ദുബായിൽ വെച്ച് അയാളുടെ വിവാഹം കഴിഞ്ഞെന്നും അവർ ന്യൂസിലാൻഡിലേക്ക് മൈഗ്രേറ്റ് ചെയ്‌തെന്നും ആരോ പറഞ്ഞറിഞ്ഞു.
” എവിടെയെങ്കിലും പോയി ജീവിക്കട്ടെ പാവം. ” എന്ന് അന്ന് അമ്മ വിളിച്ചപ്പോൾ പറയുന്നുണ്ടായിരുന്നു..
കാശിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അയാളൊരു കുടുംബമായി നന്നായി ജീവിക്കുന്നുണ്ടല്ലോ. കുടിച്ചു നശിച്ചു എന്ന് കേൾക്കുന്ന തിനേക്കാൾ ആശ്വാസം..
” അല്ല, കാശി, എനിക്ക് എന്തോ അതിലൊരു അസ്വാഭാവികത തോന്നുന്നു. രമേച്ചി പറഞ്ഞത് കൃത്യം ആണെങ്കിൽ അയാൾ ഈ സംഭവം കഴിഞ്ഞ് അധികം താമസിക്കാതെ വിവാഹം കഴിച്ചു.. ഇത്രയും വലിയൊരു ട്രോമ, അതും മൂന്നുപേരെ കൊലക്ക് കൊടുത്ത കുറ്റബോധത്തിൽ നിന്നുമൊരാൾക്ക് അത്ര പെട്ടെന്ന് രക്ഷപെടാൻ കഴിയുമോ? “
“എന്റെ മാളൂ, വെറുതെയല്ല നിന്നെപ്പോലുള്ളവരെ നാട്ടുകാർ മാപ്രേ എന്ന് വിളിക്കുന്നത്. എന്തിലും ഒരു കുത്തിത്തിരിപ്പ് കണ്ടുപിടിച്ചോളും.”
കാശി എന്നെ പുച്ഛത്തോടെ നോക്കി ചിരിച്ചുകൊണ്ടു എഴുന്നേറ്റുപോയി..
പിറ്റേന്ന് രാവിലെ വീണ്ടും രമേച്ചി വിളിച്ചു.” മാളൂ, ഞാൻ അവരെത്തന്നെ വാച്ച് ചെയ്യുകയായിരുന്നു.. അവർ ഭയങ്കര ഹാപ്പിയാണ്.. കറങ്ങാൻ പോകുന്നു. മുറ്റത്ത് ഊഞ്ഞാൽ ഒക്കെയിട്ട് രണ്ടുപേരും കൂടെ കുഞ്ഞിനെ കളിപ്പിക്കുന്നു.. ആ വീട്ടിൽ അയാൾക്കെങ്ങനെ സാധിക്കുന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത്.. ഞാൻ ഫുൾ ടൈം അങ്ങോട്ട് നോക്കിയി രിക്കുന്നത് കൊണ്ടു നിന്റെ ഏട്ടൻ ഇപ്പോ എന്നെ സൂക്ഷ്മദർശിനി എന്നാ വിളിക്കുന്നെ.. “അതും പറഞ്ഞ് രമേച്ചി ചിരിച്ചു.. എന്തായാലും അന്ന് ഫ്രൈഡേ ആയത്കൊണ്ട് രണ്ടുദിവസം ലീവ് എഴുതിക്കൊടുത്ത് വീട്ടിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു.
ഓഫീസിൽ ചെന്നപ്പോൾ റെക്കോർഡ് റൂമിൽ കേറി അന്നത്തെ ന്യൂസ് കട്ടിങ്ങുകൾ പരിശോധിച്ചു. എങ്കിലും സംശയാസ്പദമായി ഒന്നും കിട്ടിയില്ല.. അപ്പോഴാണ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഡോക്ടർ നീലിമയെക്കുറിച്ചോർത്തത്. വർഷം ആറേഴു കഴിഞ്ഞെങ്കിലും എന്തെങ്കിലും ഒരു ക്ലൂ കിട്ടിയാലോ.
ആവശ്യം കേട്ടപ്പോൾ ആദ്യം അവളെന്നെ ചീത്ത വിളിച്ചെങ്കിലും എന്റെ ശല്യം സഹിക്കാൻ വയ്യാതെ ശ്രമിക്കാം എന്ന് പറഞ്ഞു. വൈകുന്നേര ത്തിനുള്ളിൽ അവൾ തിരിച്ചു വിളിച്ചു. റെക്കോർഡ് ഒന്നും എടുക്കാൻ കഴിഞ്ഞില്ലെങ്കിലും ആ കേസ് അന്ന് അറ്റൻഡ് ചെയ്ത ഒരു സീനിയർ നേഴ്സ് നെ ചാക്കിട്ടപ്പോൾ ചില്ലറ വിവരം കിട്ടിയെന്ന്.
” എടോ, ഇത് തന്റെ അന്വേഷണത്തിന് ഉപകാരം ആവുമോ എന്നൊന്നും അറിയില്ല. ആ സിസ്റ്റർ പറഞ്ഞത്, മരിക്കാൻ പാകത്തിനുള്ള വിഷമൊന്നും അയാളുടെ അകത്തു ചെന്നിട്ടില്ലായിരുന്നു എന്നാണ്.. ആ സ്ത്രീയെയും കുഞ്ഞുങ്ങളെയും മരിച്ചതിന് ശേഷമാണ് കൊണ്ടുവന്നത്. പക്ഷെ, ഇയാൾ അത്ര ക്രിട്ടിക്കൽ അല്ലായിരുന്നു.. അന്നേ അങ്ങനെ ഒരു സംശയം അവർ സ്റ്റാഫുകൾക്കിടയിൽ വന്നിരുന്നു. പക്ഷെ, ഇയാളുടെ കഥയും പിന്നെ കരച്ചിലും ബഹളവും എല്ലാം വിശ്വസനീയമായൊരുന്നു. ഭാര്യക്കും മക്കൾക്കും വിഷം കൊടുത്തിട്ട് ഇയാൾ മനഃപൂർവം കുറച്ചു കഴിച്ചു എന്നൊന്നും തെളിയിക്കാൻ പറ്റില്ലല്ലോ. പിന്നെ ഹോസ്പിറ്റലിൽ എത്തിച്ച സുഹൃത്ത് പറഞ്ഞത് അയാൾ സോപ്പ് കലക്കി കൊടുത്തു, ഇയാൾ കുറെ ശർദിച്ചു എന്നൊക്കെയാണ്. അതും അവിശ്വസിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് അവർ കേസ് വിട്ടത്രേ.
എനിക്കെന്തോ ആ കേസിൽ ഒരു താല്പര്യം തോന്നി. അയാൾ കുറ്റവാളി ആണെങ്കിൽ അയാളെ വെറുതെ വിട്ടുകൂടാ എന്നൊരു തോന്നൽ. എന്റെ കുറച്ചു പേർസണൽ ബന്ധങ്ങൾ ഒക്കെ വെച്ച് കുറച്ചു അന്വേഷണങ്ങൾ നടത്തി. ആ പെൺകുട്ടിയുടെ പേരിൽ ഉണ്ടായിരുന്ന ഇൻഷുറൻസ് തുക അയാൾ കൈപ്പറ്റിയതിന്റെ തെളിവ്, ആത്മഹത്യ ശ്രമത്തിന് കേസുണ്ടായിരുന്നെങ്കിലും പിഴയടച്ചു അവസാനിപ്പിച്ചിരുന്നു. അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥ, പബ്ലിക് ന്റെ സപ്പോർട്ട് ഇതെല്ലാം കൊണ്ടു തടവ് ശിക്ഷ ഒക്കെ ഇളച്ചു കിട്ടിയിരുന്നു. പിന്നെ, ആരുടെയൊക്കെയോ ശുപാർശയിൽ പോലീസ് ക്ലിയറൻസ്, മെന്റൽ ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എല്ലാം അടക്കം വിസ ശരിയായി ഒരു വർഷത്തിനുള്ളിൽ തന്നെ ദുബായിലേക്ക് തിരിച്ചു പോയത്രേ.
പിന്നെ എനിക്ക് കാണേണ്ടിയിരുന്നത് മരിച്ചുപോയ സുരഭിയുടെ മാതാപിതാക്കളെയായിരുന്നു. വിനോദിനെക്കുറിച്ച് അവർക്ക് പറയാൻ പരാതികൾ ഒന്നുമില്ല. ഇൻഷുറൻസ് കിട്ടിയപ്പോൾ ആ തുക മുഴുവൻ ഇവർക്ക് കൊടുക്കാൻ അയാൾ തയ്യാറായിരുന്നത്രെ. ഇവരാണ് വേണ്ടെന്ന് വെച്ചത്. എന്നിട്ടും മോശമല്ലാത്തൊരു തുക ഇവരുടെ അകൗണ്ടിൽ ഇട്ടുകൊടുത്തത്രേ. അതുകൊണ്ട് ഇവർ ഇപ്പോൾ നന്നായി ജീവിക്കുന്നു.
പിറ്റേന്ന് അയാളെയും ഭാര്യയെയും കണ്ടു. അയാൾ വീട്ടിൽ വന്നിരുന്നു. കുറച്ചു നേരം എല്ലാരോടും സംസാരിച്ചിരുന്നു. വന്ന കാര്യം കഴിഞ്ഞു, ലീവ് തീരാറായി, വീട് വിൽക്കാൻ ബ്രോക്കറെ ഏല്പിച്ചിട്ടുണ്ട്. രണ്ടുദിവസ ത്തിനുള്ളിൽ തിരിച്ചു പോകും എന്നൊക്കെ പറഞ്ഞു.
പോകുന്നതിന് മുൻപ് ആ പെൺകുട്ടി എന്നെ പുറത്തേക്ക് വിളിച്ചു.
” മാളവിക ജേർണലിസ്റ്റ് ആണല്ലേ. വിനോദിനെക്കുറിച്ചു അന്വേഷിക്കുന്നുണ്ട് എന്നറിഞ്ഞു.” അവൾ ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും എന്റെ മുഖം മാറി.
” അല്ല, അതു നിങ്ങൾ എങ്ങനെ…? “
ഞാൻ വാക്കുകൾക്കായി പരതി.
” സുരഭിയുടെ അച്ഛൻ വിളിച്ചിരുന്നു.
മാളവിക അവിടെ പോയതും വിനോദിനെക്കുറിച്ചും ഇൻഷുറൻസ് തുകയെക്കുറിച്ചൊക്കെ ചോദിച്ചു എന്ന് പറഞ്ഞു. കേട്ടപ്പോൾ എനിക്കാകെ വിഷമം തോന്നി. വിനുവിന് പിന്നെ അതൊക്കെ ശീലമായിരിക്കുന്നു.
ഒരു നിമിഷത്തെ ബുദ്ധിമോശം. അങ്ങനെ പറയാൻ പറ്റുമോ എന്നറിയില്ല. ജീവിതത്തിന്റെ അടിത്തറ ഇളകി എന്ന് തോന്നിയപ്പോൾ, സഹായത്തിനായി മുട്ടിയ വാതിലുകളെല്ലാം അടഞ്ഞെന്ന് തോന്നിയപ്പോൾ മരണമല്ലാതെ മറ്റൊന്നും മുന്നിൽ കണ്ടില്ലെന്ന്. ഭർത്താവിനപ്പുറം മറ്റൊരു ലോകം കണ്ടിട്ടില്ലാത്ത പാവം സുരഭിക്ക് വിനു പറയുന്നത് അംഗീകരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഈശ്വരൻ കൂടെ നിന്നതാണോ അതോ ഉപേക്ഷിച്ചതാണോ എന്ന് അറിയില്ല വിനു മാത്രം എങ്ങനെയോ രക്ഷപ്പെട്ടു. പക്ഷെ, അന്നുതൊട്ടിന്നുവരെ മരണത്തെക്കാൾ വലിയ വേദന അനുഭവിക്കുകയാണ് വിനു.. എനിക്കറിയാം. മര്യാദക്ക് ഒന്നുറങ്ങിയിട്ടില്ല ഇതുവരെ ആ പാവം. “
ഒന്നു നിർത്തി അവർ തുടർന്നു.
ദുബായിൽ ഞാൻ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ വെച്ചാണ് ഞാൻ വിനുവിനെ കാണുന്നത്. മ ദ്യപാനം കൊണ്ട് നശിച്ചുകൊണ്ടിരുന്ന വിനുവിനെ ഇങ്ങനെ പോയാൽ വിസ വരെ ക്യാൻസൽ ആകും എന്ന അവസ്ഥയിൽ ചില സുഹൃത്തുക്കൾ ആണ് എനിക്ക് പരിചയമുള്ള ഒരു സൈക്കോളജിസ്റ്റിന്റെ അടുത്ത് വിനുവിനെ കൊണ്ടുവന്നത്. കഥകൾ എല്ലാം അറിഞ്ഞപ്പോൾ സഹതാപമായി. ഞാനും ആരുമില്ലാത്ത ഒരവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നു. അങ്ങനെ അടുത്തു, ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. “
” അപ്പോ, പ്രിയയുടെ ഫാമിലിയൊക്കെ..? “
അവരൊന്നു നിർത്തിയപ്പോൾ ഞാൻ സംശയത്തോടെ ചോദിച്ചു. ഒരു കുഞ്ഞു ചിരിയോടെയാണ് അവരതിനു മറുപടി പറഞ്ഞത്.
” എല്ലാരുമുണ്ട്. എന്നാൽ ആരുമില്ല. എന്റെ കഥയിൽ പുതുമയൊന്നുമില്ല. പലയിടത്തും കണ്ടും കേട്ടും പഴകിപ്പോയ കഥ തന്നെയാണ് എന്റെയും. ചെറുപ്രായത്തിലേ പ്രവാസിയായ നായിക മുണ്ടുമുറുക്കിയുടുത്തും സ്വന്തം ആഗ്രഹങ്ങളെല്ലാം വേണ്ടെന്നു വെച്ചും കുടുംബത്തിന് വേണ്ടി ജീവിക്കുന്നു. അനിയത്തിമാരെ പഠിപ്പിക്കുന്നു, വീടുവെക്കുന്നു, അവരെ വിവാഹം കഴിപ്പിച്ചയക്കുന്നു. ഒരിക്കലും തീരാത്ത ആവശ്യങ്ങളിൽ മനസുമടുക്കുന്നു. അവസാനം മുപ്പത്തിമൂന്നു വയസ്സായിട്ടുകൂടി സ്വന്തം വിവാഹത്തെക്കുറിച്ച് ചിന്തിച്ചതിന്റെ പേരിൽ ഞാൻ സ്വാർത്ഥയാണെന്നായി. ഞാൻ പണിത വീട് അമ്മയുടെ പേരിലായതിനാൽ അമ്മയുടെ കൂടെ നിൽക്കുന്ന രണ്ടാമത്തെ അനിയത്തിക്കെ കൊടുക്കൂ എന്നായി. അതിനെപ്പറ്റി അഭിപ്രായവ്യത്യാസം വന്നപ്പോൾ ഞാൻ നല്ലകാലം വന്നപ്പോൾ ഞാൻ പെറ്റമ്മയെ തിരിഞ്ഞുനോക്കാത്ത ദുഷ്ടയാണെന്ന് നാട്ടിലും വീട്ടിലും പാടിനടന്നു.
എല്ലാവരുമുണ്ടായിട്ടും ഒറ്റപ്പെട്ട എനിക്ക് സ്വന്തം തെറ്റ് കൊണ്ടു ഒറ്റക്കായിപ്പോയ വിനു കൂട്ടായി. “
ഒരു നിമിഷം നിർത്തി ദീർഘാശ്വാസം എടുത്തു പിന്നെ അവർ തുടർന്നു.
” സുരഭിയുടെ അച്ഛൻ നിർബന്ധിച്ചിട്ടാണ് ഞങ്ങൾ ഇപ്പോൾ വന്നത്. അവരോട് ആരോ പറഞ്ഞത്രേ സുരഭിക്കും മക്കൾക്കും വേണ്ട കർമങ്ങളും ബലിയും ഒന്നും കിട്ടാത്തതിന്റെ ദോഷം ഉണ്ടാവുമെന്ന്. അവർക്ക് വേണ്ടി ബലിയിടാൻ പറ്റിയ അടുത്ത ബന്ധുക്കൾ ഒന്നും അവർക്കുമില്ല. മോനെകൊണ്ട് ബലിയിടിപ്പിക്കാനാണ് ഞങ്ങൾ വന്നത്. ആ കുട്ടികൾക്ക് അവൻ അനുജനല്ലേ, സുരഭിക്ക് അവൻ മകനും. “
ആ നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ ഞാൻ മുഖം തിരിച്ചു.
” മാളുവിനെ ഞാൻ തെറ്റുപറയില്ല. ഇതിലും വലിയ കഥകൾ ആളുകൾ മെനയുന്നുണ്ടാവും. എല്ലാവരെയും തിരുത്താനൊന്നും എനിക്ക് പറ്റില്ല. പക്ഷെ, മാളു ഓരോ ജേർണലിസ്റ്റ് ആയതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറഞ്ഞത്. ഇനി ഇതെപ്പറ്റി വീണ്ടും ഒരു ഫീച്ചറോ മറ്റൊ വന്നാൽ അതു താങ്ങാൻ കഴിയില്ല. ഞങ്ങൾക്കും സുരഭിയുടെ അച്ഛനുമയമ്മയ്ക്കും. ഇനി മാളുവിന് തീരുമാനിക്കാം. ഞങ്ങൾ നാളെ തിരിച്ചു പോകും. ഇനിയൊന്നുകൂടെ ഇങ്ങോട്ടു വരുമോ എന്നറിയില്ല. പോട്ടെ. “
യാത്ര പറഞ്ഞു അവർ നടന്നകന്നിട്ടും അവരെ വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ ഞാൻ അവിടെ തന്നെ തറച്ചു നിന്നു. അപ്പോഴും ഒരമ്മയുടെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെയും നിഷ്കളങ്കരക്തത്തിന്റെ നിലവിളികൾ എന്റെ കാതുകളെയും മനസ്സിനെയും അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു.