എനിക്കെന്റെ നെഞ്ചിന്റെ ഇടത് ഭാഗം വല്ലാതെ നോവുന്നുണ്ടായിരുന്നു. അയാളെയൊന്നു ചേർത്ത് പിടിക്കണമെന്നും അശ്വസിപ്പിക്കണമെന്നും…..

ആശ്രയം…..

Story written by Athira Sivadas

ആകാശം കറുത്ത് ഇരുണ്ടുകൂടി നിൽക്കുന്നത് കണ്ടിട്ടും കുട എടുക്കാതെ തന്നെ ഇറങ്ങി. ഹോസ്റ്റൽ ഗേറ്റ് കടന്ന് ഇടത്തേക്കോ വലത്തേക്കോ എന്ന് ആലോചിച്ച് ഒരു നിമിഷം നിന്നു. വലത്തേക്ക് നടന്നു. പകുതിയോളം എത്തിയപ്പോഴാണ് ഞാൻ എന്തിനാണ് വലത്തേക്ക് നടന്നതെന്ന് ഓർത്തത്. പള്ളിയിലേക്ക് പോകാനാണ് ഇറങ്ങിയത്. കലൂർ പള്ളിയിൽ പോകാൻ ആണെങ്കിൽ ഇടത്തേക്ക് നടക്കുന്നതായിരുന്നു എളുപ്പം. ഇതിപ്പോൾ എനിക്ക് ഇടപ്പള്ളിയിൽ ആയിരുന്നു പോകേണ്ടിയിരുന്നത്. ഇനി നടപ്പ് കൂടുതലാണ്.

മഴ തുള്ളി തുള്ളിയായി പൊഴിഞ്ഞു തുടങ്ങുന്നു. ബസ് സ്റ്റോപ്പ് കടന്നും ഞാൻ മുൻപോട്ട് നടന്നു. ഇടപ്പള്ളിയിൽ ആകെ അറിയുന്നത് ലുലുമാൾ മാത്രമാണ്. അതിനപ്പുറം എങ്ങോട്ടാണ് പോകേണ്ടതെന്നോ എങ്ങനെയാണ് പോകേണ്ടതെന്നോ അറിയില്ല.

കഴിഞ്ഞ ഒരു വർഷത്തിനിടെ ആദ്യമായാണ് തനിച്ച് പുറത്തിറങ്ങുന്നത്.  ചുറ്റിനും എപ്പോഴുമുള്ള വാനര സംഘത്തെ ഈ പ്രാവശ്യം കൂട്ടിന് വിളിച്ചില്ല. വന്ന് കയറിയപ്പോൾ റൂമിൽ ആരുമില്ലാതെ ഇരുന്നത് എന്തുകൊണ്ടോ നന്നായെന്ന് തോന്നി. അല്ലെങ്കിൽ തനിച്ച് പുറത്ത് പോകുന്നതിന് എന്തെങ്കിലും ഒരു നുണ കാരണമായി പറയേണ്ടി വന്നേനെ.

ചോദിച്ചും പറഞ്ഞുമാണ് പള്ളി വരെ എത്തിയത്. അലക്സ് പറഞ്ഞത് ശെരിയാണ്. വളരെ വലിയ പള്ളി. പാലാരിവട്ടത്ത് നിന്ന് ഇവിടെ വരെ നല്ല ദൂരമുണ്ടായിരുന്നിരിക്കണം. ചിന്തകളുടെ വേലിയേറ്റത്തിനിടെ ദൂരമൊന്നുമളന്നില്ല. ലക്ഷ്യസ്ഥാനത്തേക്ക് ഒരു നടപ്പങ്ങ് നടന്നു.

വലിയ തിരക്കൊന്നുമില്ലാതെ പള്ളിമുറ്റം വിജനമായി കിടന്നു. വലിയ വാതിൽ കടന്ന് അകത്തേക്ക് കയറി ഒരു ബെഞ്ചിൽ സ്ഥാനമുറപ്പിച്ചു. എന്തിനാണ് വന്നതെന്ന് ചോദിച്ചാൽ കുറച്ചു മനഃസമാദാനം വേണമായിരുന്നു. കേൾക്കാൻ ചെവി തരാത്ത മനുഷ്യർക്കിടയിൽ നിന്നോടി വന്നതാണ്. മറുപടിയൊന്നും കിട്ടിയില്ലെങ്കിലും എന്നെ കേൾക്കാനിവിടെയൊരു അദൃശ്യശക്തി ഉണ്ടെന്ന് തോന്നലിൽ ഓടി വന്നതാണ്.

അവനവന്റെ കണ്ണിലൂടെ മാത്രം മനുഷ്യരെയും അവന്റെ വേദനകളെയും കണ്ട്, ശെരിയും തെറ്റും കീറി മുറിച്ചു പരിശോധിക്കുന്ന ജഡ്ജ്മെന്റലായ മനുഷ്യരെക്കാൾ എത്രയോ ഭേദമാണ് ഇത്രയും സമാധാനം തരുന്നൊരു അന്തരീക്ഷത്തിൽ തനിയെ ഇരിക്കുന്നത്. എനിക്കെന്തോ വല്ലാത്തൊരു ആശ്വാസം തോന്നി. കയ്യിലിരുന്ന മെഴുകുതിരികളിലേക്ക് ഒന്ന് നോക്കി.

വഴിയിലിരുന്നൊരു കച്ചവടക്കാരൻ വെറുതെ തന്നതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പള്ളിയുടെ വെളിയിലിരുന്ന കച്ചവടക്കാരൻ ഒരു കെട്ട് മെഴുകുതിരി നീട്ടിയപ്പോഴേക്കും കൈ നീട്ടി വാങ്ങി. വാങ്ങി കഴിഞ്ഞപ്പോഴാണ് തിരിച്ചു പോകാനുള്ള വണ്ടിക്കൂലി അല്ലാതെ കയ്യിൽ മറ്റൊന്നുമില്ലന്ന് ഓർത്തത്. വേണ്ടന്ന് പറഞ്ഞ് തിരികെ കൊടുത്തപ്പോൾ “വേണ്ട, കൊച്ചത് കയ്യിൽ വച്ചോളു എന്ന് പറഞ്ഞു.” എനിക്കെന്തോ വല്ലാതെ തോന്നി. അന്നന്നത്തെ അന്നത്തിനു വേണ്ടി വെയിലും മഴയും കൊള്ളുന്നവരാണ്. കയ്യിലുണ്ടായിരുന്ന പത്ത് രൂപ നീട്ടിയപ്പോഴും അയാൾ നിരസിച്ചു. “വേണ്ട, കൊച്ചു പോയി മെഴുകുതിരി കത്തിച്ചു വിഷമങ്ങളൊക്കെ കർത്താവിനോട് പറയാൻ പറഞ്ഞു.” 

എനിക്കെവിടെ നിന്നോ ഒരു പോസിറ്റിവിറ്റി കിട്ടി. ഒരു പരിചയവുമില്ലാത്തൊരു മനുഷ്യൻ എന്നോട് കരുണ കാട്ടുന്നു, അലിവോടെ സംസാരിക്കുന്നു. ഒരു ചിരി മാത്രം നൽകി ഞാൻ നടന്നു. ഞാൻ നടന്നകലുന്നത്  വരെ അയാൾ എന്നെ നോക്കിയിരുന്നിട്ടുണ്ടാവണം.

കർത്താവിന്റെ തിരുസന്നിധിയിലിരുന്ന് കഴിഞ്ഞ പത്ത് മാസം വെറുതെ ഒന്ന് റിവൈൻഡ് ചെയ്തു നോക്കി..പുതിയ നഗരം, പുതിയ അനുഭവങ്ങൾ എന്നൊക്കെ പ്രതീക്ഷകൾ വാരിക്കൂട്ടി വന്ന എനിക്ക് അനുഭവങ്ങളുടെയൊരു കൂട്ടം തന്നെയായിരുന്നു ഇവിടമെന്ന് പറയാം. തിരിച്ചറിവുകൾ, വന്നതും പോയതുമായ മനുഷ്യർ. കാലം എനിക്ക് വേണ്ടി കാത്ത് വച്ചിരുന്നതിലേക്ക് ഒക്കെ ഞാൻ നടന്നു ചെല്ലുകയാണ്. ഇരുപതുകൾ അല്ലെങ്കിലും തിരിച്ചറിവുകളുടെ കാലമാണ്. ചെറുതും വലുതുമായ നഷ്ടങ്ങൾ കണക്കില്ലാതെ സംഭവിച്ചു കൊണ്ടേയിരിക്കുന്നു.

ഒരു കുഞ്ഞു പ്രണയത്തോടെയായിരുന്നു ഇവിടമെന്നെ ആദ്യം വരവേറ്റത്. ആദ്യമൊക്കെ അതിന്റെ ഒഴുക്കിൽ കുറച്ചു ദിവസങ്ങൾ, പിന്നെ ഒന്ന് നോവിച്ചു കൊണ്ടതങ്ങ് കടന്നുപോയ്‌. ജീവിതത്തിൽ ഏറ്റവും വലിയ സാമ്പാദ്യമെന്ന് കരുതിയിരുന്ന സൗഹൃദം കൂടി നഷ്ടപ്പെട്ടപ്പോഴാണ് കാലിന്റെ അടിയിലെ മണ്ണ് പോലും ഊർന്ന് പോകുന്നത് പോലെ തോന്നി തുടങ്ങിയത്.

കരഞ്ഞു തളർന്ന് ഓടിച്ചെല്ലുമ്പോൾ ചേർത്ത് നിർത്താനൊരാളില്ലാതെ വന്നാൽ മനുഷ്യരൊക്കെയും നിസ്സഹായരാണ്.

ഒരു നിലയില്ലാ കയത്തിൽ പെട്ടുപോയത് പോലെയായിരുന്നു എനിക്ക്. ജീവിതത്തെ അങ്ങേ അറ്റത്ത് നിൽക്കുന്നത് പോലെയാണ് തോന്നിയത്. ഒന്ന് വഴുതിയാൽ ചെന്ന് വീഴാൻ പോകുന്നത് ഒരു നിലയില്ലാക്കയത്തിലേക്ക് ആണെന്നത് പോലെ…

കുറച്ചുനേരം അങ്ങനെയേ ഇരുന്നു. പോകാനായി എണീറ്റപ്പോൾ എനിക്ക് കുറച്ചു പിന്നിലായി മറ്റൊരാൾക്കൂടി ഇരിക്കുന്നത് കണ്ടു. അയാളുടെ കവിൾത്തടങ്ങൾ കണ്ണുനീര് കൊണ്ട് നനഞ്ഞിരുന്നു. ചുവന്നു കലങ്ങിയ കണ്ണുകൾ വലിയൊരു നഷ്ടത്തിന്റെ കഥ പറയാതെ പറയുന്നുണ്ടായിരുന്നു. അയാളെന്നെ കണ്ടതേയില്ലന്ന് തോന്നി. നിശബ്ദമായ് അയാൾ നിലവിളിക്കുകയാണ്.

എനിക്കെന്തോ അയാളോട് വല്ലാത്തൊരാത്മബന്ധം തോന്നി. എന്റേത് പോലെയൊരു അവസ്ഥയിലായിരിക്കണം അയാൾ. എനിക്ക് അയാളിൽ എന്നെ തന്നെ കാണാൻ കഴിഞ്ഞു. ആ കലങ്ങിയ കണ്ണുകൾ എന്നെ അപ്പോൾ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു. ഒന്ന് അടുത്ത് ചെന്നിരുന്നാൽ നോവുന്നൊരു കാലത്തിൻറെ കഥ അയാൾക്ക് പറയാനുണ്ടായിരിക്കുമോ. കേൾക്കാ നൊരാളില്ലാതെ എന്തോരം വിഷമങ്ങളാണ് മനുഷ്യരൊക്കെ ഇങ്ങനെ കരഞ്ഞു തീർക്കുന്നത്.

പിന്നീടൊന്ന് ആലോചിക്കാതെ ഞാൻ അയാളുടെ അരികിലേക്ക് നടന്നു. എന്താണ് ചോദിക്കേണ്ടതെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ യാതൊരുവിധ ധാരണയുമുണ്ടായിരുന്നില്ല. അരികിൽ ചെന്ന് തോളിൽ കൈ വച്ചപ്പോൾ മാത്രം മെല്ലെ മുഖമുയർത്തി അയാളെന്നെയൊന്നു നോക്കി. കുറച്ചു നിമിഷങ്ങൾ ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറഞ്ഞു. സാന്ത്വനിപ്പിക്കാനൊരാശ്വാസ വാക്കുപോലും എന്റെ പക്കലുണ്ടായിരുന്നില്ല.

നിമിഷങ്ങൾക്ക് ശേഷം അയാളെന്റെ നെഞ്ചിലേക്ക് വീണു. പെട്ടന്നുള്ള അയാളുടെ  പ്രവൃത്തിയിൽ ഞാനൊന്നുലഞ്ഞിരുന്നെങ്കിലും അശ്വസിപ്പിക്കാ നെന്നോണം ഞാനയാളെ ചേർത്ത് പിടിച്ചു. ചായാനൊരു തോളില്ലാതെ തളർന്നിരുന്ന മനുഷ്യനായിരുന്നിരിക്കണം അയാൾ. ഞാനയാളോട് ഒന്നും സംസാരിച്ചില്ല. അയാളെന്നോടും. ഏറെ നേരം അയാളങ്ങനെ കരഞ്ഞു കൊണ്ടേയിരുന്നു. എന്തിനെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഓർത്തെടുത്ത വാക്കുകളൊക്കെ തൊണ്ടക്കുഴിയിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ തളർന്ന് വീണു മരിച്ചു.

അല്പനേരത്തിന് ശേഷം കണ്ണുനീര് തുടച്ച് അകന്ന് മാറുമ്പോൾ അയാളുടെ മുഖത്തൊരു ജാള്യതയുണ്ടായിരുന്നു.

“സോറി…” എന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് മുഖം തിരിച്ചതും ഞാനയാളുടെ അരികിലിരുന്നു.

” ഒരാശ്വസത്തിനോടി വന്നതല്ലേ താനിവിടേക്ക്. എന്നെ താൻ വിശ്വസിക്കുന്ന ദൈവം അയച്ചതാണെന്ന് കരുതിക്കൊള്ളൂ… ” മറുപടിയൊന്നും പറയാതെ നിർവികാരനായി അയാളെന്നെ ഒന്ന് നോക്കുക മാത്രം ചെയ്തു.

” കേൾക്കാനൊരാളുണ്ടെങ്കിൽ തീരാത്ത വേദനകളൊന്നുമില്ലെടോ… “

“ഇല്ലേ…”  അപ്പോൾ മാത്രം അയാളുടെ സ്വരം ഉറച്ചിരുന്നു.

“ഇല്ല.” ഞാനും തിരികെ മറുപടി കൊടുത്തു.

“എങ്കിൽ മരിച്ചു പോയൊരാളെ തിരികെ കൊണ്ട് വന്ന് എനിക്ക് ആശ്വാസം പകരാൻ കഴിയോ തനിക്ക്.”

ഒരു നിമിഷം ഞാൻ നിശബ്ദയായി. അയാൾക്കെന്തു മറുപടി കൊടുക്കണ മെന്നറിയില്ലായിരുന്നു.

“നെഞ്ചിലെ ഭാരത്തിനൊരയവെങ്കിലും വരില്ലേ.  ഒരിറ്റു ശ്വാസമെങ്കിലും തടസങ്ങളില്ലാതെ പുറത്തേക്ക് പോവില്ലേ.”

ഒന്നും പറയാതെ അയാളെന്നെയൊന്നു നോക്കി. തിരികെ ഞാനൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

സൈലന്റ് മോഡിൽ കിടന്ന അയാളുടെ ഫോണിൽ രഞ്ജിത്ത് എന്നൊരു പേര് തെളിഞ്ഞു. സ്‌ക്രീനിൽ നിന്നും ആ പേര് മായും വരെ അയാളതിലേക്ക് നോക്കിയിരുന്നു. ഓഫ്‌ ആവും മുൻപ് സ്ക്രീനിൽ തെളിഞ്ഞ ചിത്രത്തിൽ അയാളോടൊപ്പം ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. വിടർന്ന നീലക്കണ്ണുകളുള്ള സുന്ദരിയായൊരു പെൺകുട്ടി.

“ആൻ… ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. ബാംഗ്ലൂർ ഞങ്ങൾ രണ്ടാളും ഒരു ലിവ് ഇൻ റിലേഷനിൽ ആയിരുന്നു. ഞങ്ങളുടെ ബന്ധം ലീഗൽ ആക്കാൻ വീട്ടിൽ സംസാരിക്കാമെന്നും പറഞ്ഞു വന്നവളാ. പിറകെ ഞാനും. ചെറിയൊരു സർപ്രൈസ് പ്ലാൻ ചെയ്ത് പറയാതെയാ വന്നത്. പക്ഷേ വന്നപ്പോൾ….”

അയാളൊന്ന് നിർത്തി. പറയാൻ പോകുന്ന വാർത്തയുടെ ഭീകരത അളന്നുകൊണ്ട് എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങിയിരുന്നു.

“ഇവിടെ വന്നപ്പോൾ കല്ലറയിൽ അവൾ തനിച്ചാ….” എനിക്കെന്റെ നെഞ്ചിന്റെ ഇടത് ഭാഗം വല്ലാതെ നോവുന്നുണ്ടായിരുന്നു. അയാളെയൊന്നു ചേർത്ത് പിടിക്കണമെന്നും അശ്വസിപ്പിക്കണമെന്നും എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. വാക്കുകളുടെ ക്ഷാമം… നാവ് പൊങ്ങിയില്ല. കുരിശിൽ തറച്ച ഏശുവിന്റെ രൂപത്തിലേക്ക് നോക്കിയിരുന്നു. ഇന്ന് വരെ കണ്ടിട്ടില്ലാത്ത പെൺകുട്ടിയുടെ ചിരിച്ച രൂപം മാത്രം മനസ്സിലങ്ങനെ നിറഞ്ഞു നിന്നു.

ഏത് വാക്കിനാണ് അയാളെയൊന്ന് ആശ്വസിപ്പിക്കാനാകുക. ആരുടെ സ്പർശനമേറ്റാലാണ് അയാളൊന്ന് സമാധാനത്തോടെ ഉറങ്ങുക.

അല്പനേരം കൂടി ഞാനയാൾക്കൊപ്പമിരുന്നു.  ഒന്നും പറയാതെ നിറയാൻ വെമ്പി നിൽക്കുന്ന കണ്ണുകളെ നോക്കി ആരോടൊക്കെയോ പരാതി പറഞ്ഞു.

അയാളെ ആ തിരുസാന്നിധിയിൽ ഉപേക്ഷിച്ചു ഞാൻ തിരികെ നടക്കാനൊരുങ്ങി. പോകും മുൻപ് ആ നെറ്റിയിൽ ചുണ്ട് ചേർത്തു. ഒരു കടലോളം സ്നേഹം ആ അപരിചിതന് ഞാനെന്റെ ചുണ്ടുകളിൽക്കൂടി പകർന്നു നൽകി.

അയാൾ വിശ്വസിക്കുന്ന ദൈവം അയാൾക്ക് തുണയേകട്ടെ. ആത്മാവ് എന്നത് വെറുമൊരു സങ്കല്പമല്ലെങ്കിൽ അവൾ അവന് കാവലാകട്ടെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *