എനിക്ക് നിന്റെ വിവേകിനോട് ഭയങ്കര സ്നേഹം ആണ് ട്ടോ… അവൻ നിന്നെ പൊന്ന് പോലെ നോക്കുന്നുണ്ട്…. നിന്റെ ചിരി മായാതെ അവൻ കാക്കുന്നുണ്ടല്ലോ…..

എന്റെ മാത്രം

Story written by Bindhya Balan

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഈ വർഷത്തെ മികച്ച നോവലിനുള്ള അവാർഡ് ഏറ്റു വാങ്ങാൻ നമ്മുടെയെല്ലാം പ്രിയ എഴുത്തുകാരി ശ്രീ. നിള നിരഞ്ജനെ ഈ വേദിയിലേക്ക് ഞാൻ സാദരം ക്ഷണിച്ചു കൊള്ളുന്നു “

ഓഡിറ്റോറിയത്തിലേ നിറഞ്ഞ സദസിനെ നോക്കിയൊരു പുഞ്ചിരിയോടെ വിദ്യഭാസ മന്ത്രി നിളയെ ക്ഷണിച്ചു..

മുൻനിരയിൽ എന്റെ വിരലിൽ വിരൽകോർത്തു ഇരുന്ന നിള നിറഞ്ഞ പുഞ്ചിരിയോടെ സ്റ്റേജിലേക്ക് കയറി ചെന്ന് മന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റ് വാങ്ങി…

“നിള മാഡം….ഇവിടെ കൂടിയിരിക്കുന്ന പ്രിയ വായനക്കാരോട് രണ്ട് വാക്ക് പറയാൻ മാഡത്തെ ഞാൻ ക്ഷണിക്കുന്നു.. പ്ലീസ് മാഡം “

അവതാരികയാണ്….

നിറഞ്ഞ ചിരിയോടെ നിള മൈക്കിന് മുന്നിൽ ചെന്ന് നിന്നു….

“ഒരുപാട് നന്ദിയും സ്നേഹവുമുണ്ട് എന്നെ വായിച്ച എനിക്ക് വേണ്ടി ഇന്നിവിടെ വന്ന എല്ലാവരോടും….. അക്ഷരങ്ങളോടുള്ള പ്രണയം കുഞ്ഞിലേ തുടങ്ങിയതാണ്. പക്ഷേ വീട്ടിൽ എന്റെ ആ ഇഷ്ടത്തെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ ആരും ഉണ്ടായില്ല.. പിന്നെ വളർന്നു വലുതായപ്പോ പഠിത്തം ജോലി അങ്ങനെ തിരക്കുകളിൽ എന്റെ ആ ഇഷ്ടത്തെ ഞാൻ മറന്നു…. പിന്നെയെപ്പോഴോ ജീവിതം ഒരുപാട് കയ്പ്പുകൾ സമ്മാനിച്ചപ്പോ നിള എന്ന മനുഷ്യ ജന്മം തന്നെ കെട്ട് പോയതാണ്…

ചാരത്തിൽ നിന്ന് പറന്നുയരുന്നൊരു ഫീനിക്സ് പക്ഷിയെപ്പോലെ എന്റെ സ്വപ്നങ്ങളിലേക്ക് ഇഷ്ടങ്ങളിലേക്ക് എന്നെ ചിറക് വിരിച്ചു പറക്കാൻ എന്നെ പ്രാപ്തയാക്കിയ ഒരാൾ ഉണ്ട്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം… നിരഞ്ജൻ…. എന്റെ നല്ല പാതി.. എന്റെ സ്വപ്നങ്ങളെ എന്നേക്കാൾ കൂടുതൽ അറിഞ്ഞ സ്നേഹിച്ച എന്റെ പ്രിയപെട്ടവൻ…. നിരഞ്ജന്റെ ഭാര്യയാവാൻ കഴിഞ്ഞത് കൊണ്ട് മാത്രമാണ് എനിക്കിന്നിങ്ങനെ ഈ വേദിയിൽ നിങ്ങളുടെ മുന്നിൽ എഴുത്തു കാരിയായ നിളയായി തല ഉയർത്തി നിൽക്കാൻ കഴിഞ്ഞത്…, നമ്മളെ മനസിലാക്കി നമ്മുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്ന നല്ല പാതിയെ കിട്ടുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം… അങ്ങനെ നോക്കിയാൽ നിളയാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി…. “

അവളുടെ വാക്കുകൾ കേട്ട് ഓഡിറ്റോറിയം നിറഞ്ഞ കയ്യടികൾ കേട്ട് കണ്ണുകൾ നിറച്ചൊരു ചിരിയുമായി ഇരിക്കുമ്പോൾ എന്റെ മനസ് ഭൂതകാലത്തിലേക്ക് പോയി.

******************

“ഇങ്ങനെ കുത്തിയിരുന്ന് കരയാനാണോ നിള ഞാൻ നിന്നെ വിളിച്ചോണ്ട് വന്നത്… ഇനിയെങ്കിലും നീ കരച്ചിലോന്നു നിർത്ത്.. പ്ലീസ്…”

മുറിയുടെ ഒരു മൂലയ്ക്ക് മുട്ടുകാലിൽ മുഖം ചേർത്തിരുന്നു വിങ്ങിപ്പൊട്ടി കരയുന്നവളെ നോക്കി അൽപ്പം കടുപ്പിച്ചാണ് ഞാൻ പറഞ്ഞത്.

എന്റെ കനമുള്ള സ്വരം കേട്ട് മുഖമുയർത്തി എന്നെയൊന്നു നോക്കി അവൾ. നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ചങ്കിന്റെ പിടച്ചിൽ കൂട്ടിയപ്പൊൾ മെല്ലെ ഞാനവളുടെ അരികിൽ ചെന്നിരുന്നു.. തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചപ്പോൾ അത്ര നേരം അവളിൽ ഉണ്ടായ തേങ്ങലുകൾ അടങ്ങുന്നത് കണ്ട് ഞാൻ ചിരിച്ചു..

ഞാൻ പറഞ്ഞു

“ഇത്രേ ഉള്ളു നിള നിന്റെ സങ്കടങ്ങൾ… ഈ നിരഞ്ജനൊന്ന് ചേർത്ത് പിടിച്ചാൽ മാത്രം തീരുന്ന നോവുകൾ “

അവൾ മുഖമുയർത്തി നോക്കി… പിന്നെ വിതുമ്പി വിറച്ച് കൊണ്ട് പറഞ്ഞു

“തെറ്റല്ലേ ഞാൻ ചെയ്തത് … ന്യായീകരിക്കാൻ പറ്റാത്ത തെറ്റ്…ഇതിന്റെ പേരിൽ ല്ലാരും വെറുത്തു എന്നെ.. ഉറ്റവരും പ്രിയപ്പെട്ടവരും എല്ലാവരും…. അവരൊക്കെ ഇന്നെന്നെ കല്ലെറിയാൻ നിൽക്കുവാ…. കുടുംബത്തിനു മുഴുവൻ അപമാനം വരുത്തി വച്ചില്ലേ…. അവരൊക്കെ ഇനിയെങ്ങനെ ആളൊള്ടെ മുഖത്ത് നോക്കും….ഞാൻ.. ഞാൻ കാരണം….”

പറഞ്ഞു മുഴുവനക്കാൻ ആവാതെ ഒരു നിലവിളിയോടെ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

എനിക്കെന്തോ പെട്ടന്ന് ദേഷ്യം വന്നു അത് കേട്ടപ്പോ.അവളെ നിലത്തു നിന്ന് വാരിയെടുത്തു കൊണ്ട് പോയി കണ്ണാടിക്ക് മുന്നിൽ നിർതിയിട്ട് കണ്ണാടിയിലൂടെ അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് അവളുടെ നെറ്റിയിലെയും ചുണ്ടിലെയും മുറിവുകളിലും കഴുത്തിലും കൈകളിലും ഒക്കെ തെളിഞ്ഞു കിടക്കുന്ന കരിനീലിച്ച പാടുകളിലും വിരലോടിച്ചു കൊണ്ട് ഞാൻ ചോദിച്ചു

“ഇനിയുമെത്ര നാൾ സഹിക്കുമായിരുന്നു മോളെ നീയീ വേദനയൊക്കെ…നിന്റെ മരണം വരെ.. അല്ലേ… ആർക്ക് വേണ്ടി… നീ നേരത്തെ പറഞ്ഞ ആ ആളുകൾക്ക് വേണ്ടി… മനസിലും ശരീരത്തിലും ഇങ്ങനെ ഇഞ്ചിഞ്ചായി വേദനകൾ ഏറ്റു വാങ്ങി ആ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഉരുകി തീരുമ്പോ അവരാരെങ്കിലും ഉണ്ടായിരുന്നോ നിന്നോടൊരു ആശ്വാസവാക്ക് പറയാൻ..നീ അനുഭവിച്ച വേദനകളെ അറിയാൻ…?

അവളൊന്നും മിണ്ടാതെ എന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു.

“എനിക്ക് അറിയാം നിന്റെ നോട്ടത്തിന്റെ അർത്ഥം…. ലോകം നാളെ നിന്നെ ക്കുറിച്ചു പറയാൻ പോകുന്നത് ഭർത്താവിനെ ഉപേക്ഷിച്ചു കാമുകന്റെയൊപ്പം പോയവൾ എന്നായിരിക്കും.. വീട്ടുകാരുടെയും നാട്ടുകാരുടെയും ശാപവാക്കുകൾ നിന്നെ വേട്ടയാടും… ഇനിയുള്ള നിന്റെ ജീവിതം കൂടുതൽ നരകമായിരിക്കും.. നിന്നോടുള്ള എന്റെ ആവേശം കെട്ടടങ്ങുമ്പോൾ ഏതെങ്കിലും ഓടയിൽ നീ ചത്തുമലച്ചു കിടക്കും…അല്ലേ?…”

അവളുടെ നെറുകിലൊന്നു തലോടി ഞാൻ പറഞ്ഞത് കേട്ട് കണ്ണുകൾ നിറച്ച് ഭയത്തോടെ അവളെന്നെ നോക്കി… അവളുടെ നോട്ടത്തിലേക്കൊരു ചിരിയെറിഞ്ഞു കൊണ്ട് രണ്ട് കൈകൾ കൊണ്ടും അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു

“ഇതൊക്കെയല്ലേ നീ മനസ്സിൽ ചിന്തിച്ചു കൂട്ടി വച്ചിരിക്കുന്നത്…. അത് നിന്റെ തെറ്റല്ല…. ലോകം നിന്നെ കാണിച്ചു തന്നതെല്ലാം അങ്ങനെയൊക്കെയാണ്…. പക്ഷേ നിള… നിന്റെ കൂടെയുള്ളത് നിരഞ്ജൻ ആണ്…. കാലമെത്രയായെടി നീയെന്നെ കാണുന്നു… ഇനിയും നിനക്കെന്നെ മനസിലായില്ലല്ലോ മോളെ….”

എന്റെ ഇടറിയ സ്വരം കേട്ടതും ഒരു പൊട്ടിക്കരച്ചിലോടെ അവളെന്നെ വട്ടം കെട്ടിപിടിച്ചു… എന്റെ നെഞ്ചിൽ മുഖമിട്ടുരച്ച്‌ “എനിക്ക് അറിയാം… നിക്ക് അറിയാം..” എന്ന് മാത്രം പറഞ്ഞു കൊണ്ടിരുന്നു..

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടയ്ക്കാൻ മറന്നു കൊണ്ട് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചെങ്ങനെ നിൽക്കുമ്പോൾ ഞാൻ ഓർക്കുയായിരുന്നു.ആറ് കൊല്ലങ്ങൾക്ക് മുൻപ്, ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ എച്ച് ആർ ഇൽ സ്റ്റാഫ്‌ ആയി വന്ന പെൺകുട്ടി .. നിള.. നിള പത്മനാഭൻ… ആരോടും ചിരിയോടെ മാത്രം സംസാരിക്കുന്ന, കണ്ണുകളിൽ സദാ രണ്ട് നക്ഷത്രങ്ങളെ കൊണ്ട് നടക്കുന്നവൾ… ഒരു ഡോക്ടർ സ്റ്റാഫ് റിലേഷനിൽ നിന്ന് അവളെന്റെ ഏറ്റവും നല്ലൊരു സുഹൃത്താവാൻ അധികം നാൾ വേണ്ടി വന്നില്ല…. പിന്നെ എപ്പോഴാണ് അതൊരു പ്രണയമായതെന്ന് എനിക്കറിയില്ല.. അവളെറിയാതെ അവളെ ഉള്ളിൽ കൊണ്ട് നടന്ന രണ്ട് വർഷങ്ങൾ… അത്രമേലാഴത്തിൽ അടുത്ത് പോയ രണ്ട്പേർ.. അതായിരുന്നു നിളയും നിരഞ്ജനും… ഒടുക്കം അവളില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് തിരിച്ചറിഞ്ഞപ്പോ അവളോടല്ല അവളുടെ അച്ഛനോടാണ് ഞാൻ ഉള്ളിലെ ആഗ്രഹം പറഞ്ഞത്..

രണ്ട് ദിവസം കഴിഞ്ഞു അവളുടെ അച്ഛൻ വിളിച്ചു പറഞ്ഞത് ഇപ്പോഴും ഓർമയിലുണ്ട്

“ത ന്തയും തള്ളയുമില്ലാത്തൊരുത്തന് കൊടുക്കാനല്ല ഞാനെന്റെ മോളെ വളർത്തിയത്…”

പറഞ്ഞതത്രയും മൂളിക്കേട്ട് ഫോൺ വയ്ക്കുമ്പോൾ ഒന്ന് മാത്രമേ അവളുടെ അച്ഛനോട് ഞാൻ പറഞ്ഞുള്ളൂ. ഒരിക്കലും നിള ഇതറിയരുത്.. ഞാൻ എന്നും നല്ലൊരു സുഹൃത്തായി അവളുടെ മനസ്സിൽ ഇരിക്കട്ടെ… എന്ന് മാത്രം….

അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ അവൾ അവളുടെ കല്യാണം ക്ഷണിച്ചു കൊണ്ടെന്നെ വിളിച്ചു…

എനിക്ക് മനസിലായി അവളുടെ അച്ഛന്റെ ഭയത്തെ….

ഉള്ളിലെ നോവുകളെ ഉള്ളിൽ തന്നെ അടക്കം ചെയ്ത് അവളുടെ കല്യാണത്തിനു ഞാൻ പോയി..

മനസ് നിറഞ്ഞവളെ അനുഗ്രഹിച്ച്‌ അവിടെ നിന്ന് ഇറങ്ങിപ്പോരുമ്പോൾ അവൾ നന്നായി ജീവിച്ചു കാണണേ എന്ന് മാത്രമേ ഉള്ളിൽ ഉണ്ടായിരുന്നുള്ളു.

മറ്റൊരാളുടെ ഭാര്യ ആയവളെ പിന്നെ ഒരിക്കലും വേറൊരു രീതിയിലും കണ്ടില്ല…

ഇടയ്ക്ക് അവൾ വിളിക്കും.. വാ തോരാതെ വിശേഷങ്ങൾ പറയും…ഒക്കെ ഒരു ചിരിയോടെ ഞാൻ കെട്ടിരിക്കും..

“വായാടി.. നിനക്കൊരു മാറ്റവും ഇല്ലല്ലോ “

ഞാൻ ചിരിയോടെ പറയും.. അപ്പൊ അങ്ങേ തലയ്ക്കൽ നിന്ന് കുപ്പിവള കിലുങ്ങുംപോലെ അവൾ ചിരിക്കും….ആ ചിരിയിൽ എനിക്ക് അറിയാം അവൾ എത്ര മാത്രം ഹാപ്പി ആണെന്ന്….

ഒരിക്കൽ ഞാൻ അവളോട് പറഞ്ഞു

“എനിക്ക് നിന്റെ വിവേകിനോട് ഭയങ്കര സ്നേഹം ആണ് ട്ടോ… അവൻ നിന്നെ പൊന്ന് പോലെ നോക്കുന്നുണ്ട്…. നിന്റെ ചിരി മായാതെ അവൻ കാക്കുന്നുണ്ടല്ലോ…. “

അന്നവൾ പറഞ്ഞു, വിവേക് അവളുടെ ഭാഗ്യം ആണെന്ന്…

പിന്നെ എപ്പോഴാണ് ആ ഭാഗ്യം നിർഭാഗ്യമായത്…

ഒരു കുഞ്ഞിനെ പേറാനുള്ള കരുത്ത് അവളുടെ ഗർഭപാത്രത്തിനില്ല എന്ന് അറിഞ്ഞപ്പോൾ മുതൽ…

എന്നും ചിരിയോടെ മാത്രം സംസാരിച്ചിരുന്നവൾ പിന്നെ കണ്ണീരോടെയല്ലാതെ സംസാരിച്ചിട്ടില്ല…

അവളുടെ ചിലമ്പിച്ച സ്വരമല്ലാതെ മറ്റൊന്നും ഞാൻ കേട്ടിട്ടില്ല….

അവൾക്ക് ആർത്തലച്ചു പെയ്യാൻ നെഞ്ചകം വിട്ടു കൊടുത്ത് മൗനമായി അവളെ കേട്ടിരിക്കുമ്പോൾ.അവളറിയുന്നുണ്ടായിരുന്നില്ല നെഞ്ച് പൊട്ടുന്ന അവളുടെ വേദനയിൽ ചോ ര പൊടിയുന്നത് എന്റെ ചങ്കിലാണെന്നു….

കുഞ്ഞില്ലാത്തത്തിന്റെ പേരിലുള്ള മാനസിക പീ ഡനങ്ങൾ പിന്നീട് സ്ത്രീധനം കുറഞ്ഞു പോയി എന്ന് പറഞ്ഞുള്ള ദേഹോപ ദ്രവങ്ങൾ ആയി….

എത്രയോ തവണ ഒരാശ്രയത്തിനായി അവൾ അച്ഛന്റെയും അമ്മയുടെയും അടുക്കലേക്ക് ഓടിച്ചെന്നു…

ബന്ധം പിരിഞ്ഞു വന്നാലുള്ള നാണക്കേട് മാത്രമായിരുന്നു അവരുടെ മനസ്സിൽ… അതിനിടയിൽ ഇല്ലാതാകുന്ന അവളെ ആരും കണ്ടില്ല…

എന്നും ഫോണിലൂടെ കേൾക്കുന്ന അവളുടെ നിലവിളികൾ…

ഇനിയും സഹിക്കാൻ കഴിയാതെ വന്നപ്പോ നേരിൽ കാണണം എന്ന എന്റെ വാശിക്ക് മുന്നിൽ തോറ്റ് അവളെന്നെ കാണാൻ വന്നു…

ആ രൂപം കണ്ട് നെഞ്ചിലേക്കൊരു കത്തി കുത്തിയിറങ്ങുന്ന വേദനയോടെ ഞാൻ നിന്നുപോയ്‌ ഞാൻ.

വിഷാദം കറുപ്പ് പടർത്തിയ കൺതടങ്ങളും വിളറിയ മുഖവുമായി നിള..

ഒരു രാജകുമാരിയെപ്പോലെ കൈ വെള്ളയിൽ വച്ചെനിക്ക് നോക്കണമെന്ന് ഞാൻ ഏറെ ആശിച്ചവൾ…

അവളാണ് മുന്നിൽ നിൽക്കുന്നതെന്നു വിശ്വസിക്കാൻ എനിക്ക് ആയില്ല

എനിക്ക് അറിയാവുന്ന എന്റെ നിള ഇങ്ങനെ അല്ലല്ലോ…

ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവവുമിരുന്നു അവളുടെ നോവുകളെ കേൾക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.വിട്ടു കളഞ്ഞില്ലേ എന്നൊരു കുറ്റബോധം മനസിനെ ഞെരിച്ചു…

മടുപ്പിക്കുന്ന മൗനത്തിനോടുവിൽ നിറഞ്ഞ നാലു കണ്ണുകൾ തമ്മിൽ കൊരുത്തപ്പോ ഞാൻ അവളോട് ചോദിച്ചു

“സഹിച്ചു മടുത്തെങ്കിൽ എനിക്ക്.. എനിക്ക് തന്നേക്കാമോ മോളെ നിന്നെ…”

ഒരു ഞെട്ടലോടെ അവളെന്നെ നോക്കി….അവിടെ വച്ച് അവളെറിയാതെ പോയതെല്ലാം ഞാൻ അവളോട് പറഞ്ഞു…ഒക്കെ കേട്ട് കണ്ണ് നിറച്ച് എനിക്ക് മുന്നിൽ ഇരിക്കുന്നവളോട് ഞാൻ പറഞ്ഞു

“സഹതാപം കൊണ്ട് തോന്നിയ ഇഷ്ടം അല്ല എനിക്ക് നിന്നോട്… നിന്നെ കണ്ട നാൾ തൊട്ട് നീ ആയിരുന്നു മോളെ എന്റെ ലോകം…നിന്നോട് ഞാൻ മനസ് തുറന്നില്ല എന്നേയുള്ളു.. പക്ഷേ അതാണ്‌ ഞാൻ നിന്നോട് ചെയ്ത ഏറ്റവും വലിയ തെറ്റെന്നു എനിക്ക് ഇപ്പൊ തോന്നുന്നുണ്ട്… എനിക്ക് ആ തെറ്റ് തിരുത്തണം നിള…. എനിക്ക് അറിയാം നിനക്കിത് ഒട്ടും ഉൾക്കൊള്ളാൻ ഇപ്പൊ കഴിയില്ല.. നീ വീട്ടിൽ ചെന്ന് സമാധാനമായി ആലോചിക്കൂ… നിന്റെ തീരുമാനം എന്താണെങ്കിലും നിനക്ക് പറയാം.. ഞാൻ കൂടെയുണ്ട്…”

ഞാൻ പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ അവൾ പോയി.

ഒരു യാത്ര പോലും പറയാതെ, തിരിഞ്ഞെന്നെയൊന്നു നോക്കുക പോലും ചെയ്യാതെ നടന്നു നീങ്ങുന്നവളെ കണ്ട് നെഞ്ച് പൊട്ടുന്ന വേദനയോടെ അവിടെ തന്നെ തറഞ്ഞിരുന്നു പോയി ഞാൻ…

പിന്നെ,എവിടെയൊക്കെയോ അലഞ്ഞു നടന്ന് തിരികെ വീട്ടിൽ വന്ന് കയറുമ്പോൾ ആണ് ഒരു ഫോൺ കോൾ വരുന്നത്.

പരിചയമില്ലാത്ത നമ്പർ…

വിവേക് ആയിരുന്നു വിളിച്ചത്..

“പുന്നാ ര മോനെ.. നിനക്ക് കൊണ്ട് നടന്ന് സുഖിക്കാൻ എന്റെ ഭാര്യയെ മാത്രേ കിട്ടിയുള്ളൂ ഇല്ലെടെ ചെ റ്റേ… അല്ല, നിന്നെ മാത്രം പറയുന്നതെന്തിനാ, നീ വിളിച്ചപ്പോ തന്നെ നിനക്ക് കിടന്ന് തരാൻ വന്ന ആ പു ന്നാര മോളെ പറഞ്ഞ മതിയല്ലോ….”

അവൻ ഫോണിലൂടെ അലറുകയായിരുന്നു..

“വിവേക്… താൻ കാര്യം അറിയാതെ സംസാരിക്കരുത്….”

ഞാൻ സംയമനത്തോടെ പറഞ്ഞു..

“നീ ഒന്നും പറയേണ്ടെടാ …ആദ്യ രാത്രിയിലെ അവളെന്നോട് പറഞ്ഞതാ അവളുടെ മനസ്സിൽ നീ മാത്രമാണെന്ന്….നിന്നെ മറന്നു എന്നെ സ്നേഹിക്കാൻ അവൾക്ക് കുറച്ചു സമയം വേണം പോലും.. ഒക്കെ ഞാൻ സമ്മതിച്ചു കൊടുത്തത് കിട്ടിയ പൊന്നും പണവും കണ്ട് തന്നെയാണ്… പിന്നെ കരുതി ഒരു കുഞ്ഞ് കൂടി ആയിക്കഴിയുമ്പോ ഞാൻ പറയുന്നതൊക്കെ കേട്ട് എന്റെ കാൽച്ചോട്ടിൽ കിടന്നോളുമല്ലോ… പക്ഷേ നാശം പി ടിച്ചവൾക്ക് കുഞ്ഞും ഉണ്ടാവില്ല എന്ന് കൂടി അറിഞ്ഞപ്പോ ഞാൻ പിന്നെ എന്ത് വേണം തൊഴണോ അവളെ…”

സത്യത്തിൽ വിവേക് പറഞ്ഞതിൽ ഒരു കാര്യമൊഴികെ മറ്റൊന്നും പിന്നെ ഞാൻ കേട്ടില്ല

‘ആദ്യരാത്രിയിൽ തന്നെ അവൾ പറഞ്ഞു അവളുടെ മനസ്സിൽ മുഴുവൻ നീ ആണെന്ന്…’

അത് മാത്രം ഞാൻ വീണ്ടും വീണ്ടും കേട്ടു…

എന്റെ പെണ്ണ്… പറയാതെ പോയൊരു വാക്കിന്റെ പുറത്ത് ഇത്രയും നാൾ അവൾ….

“നിള എവിടെ വിവേക്?”

യന്ത്രികമായാണ് ഞാൻ ചോദിച്ചത്..

“ആ ബ്ല ഡി ബി ച്ചിന് കൊടുക്കാനുള്ളത് കൊടുത്ത് ഞാൻ ഇവിടെ ഇരുത്തിയിട്ടുണ്ട്…. പക്ഷേ ഇവളെ ഞാൻ കൊ ല്ലില്ല.. ജീവനോടെ വേണമിവൾ.. ഇവളെ എനിക്ക് വേണ്ട.. പക്ഷേ ഇവളുടെ അച്ഛന്റെ പണം എനിക്ക് വേണം.. അതിനു വേണ്ടി മാത്രം … അതിനു ഇവൾ ഇവിടെ തന്നെ വേണം….പക്ഷേ നീയൊരിക്കലും ഇനി ഇവളെ കാണില്ല നിരഞ്ജൻ… പിന്നെ ഇപ്പൊ നിന്നെ വിളിച്ചു ഞാൻ ഇത്രയും പറഞ്ഞത് എന്തിനാണെന്നല്ലേ… ഉത്തരം നിസാരം ആണ്.. ഈ വിവേക് ഒരു പൊട്ടനല്ല എന്ന് നിന്നെയും ഇവളെയും മനസിലാക്കാൻ വേണ്ടി മാത്രം.. കേട്ടോടാ നാ യെ…”

ഒന്നും മിണ്ടാതെ ഫോൺ വയ്ക്കുമ്പോൾ മനസിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ… എന്റെ പെണ്ണിന്റെ മുഖം…

ഞാൻ അറിയാതെ പോയ അവളുടെ സ്നേഹം…..

പിന്നെ ഒരു നിമിഷം പോലും കളഞ്ഞില്ല, ഇനിയും അവളെ ഒരു വേദനയ്ക്കും വിട്ട് കൊടുക്കില്ല എന്ന ഉറച്ച തീരുമാനവുമായി ഞാൻ ആ വീടിന്റെ പടി കയറി ചെന്നു.

“നിനക്കെന്താടാ നാ യെ എന്റെ വീട്ടിൽ കാര്യം “

നിളയെ കാണാൻ വിവേകിന്റെ വീട്ടിലേക്ക് കയറിചെന്ന എന്നെ കണ്ടതും ഒരു കൊടുങ്കാറ്റ് പോലെ വിവേക് പാഞ്ഞു വന്നു. എന്റെ കോളറിൽ കു ത്തിപ്പിടിച്ച് അലറിയ വിവേകിന്റെ കൈ വിടുവിച്ച് അവന്റെ കരണമ ടച്ചൊന്നു കൊടുത്തിട്ട് ഞാൻ പറഞ്ഞു

“നിനക്കൊക്കെ പാവം പിടിച്ചൊരു പെണ്ണിന്റെ മെക്കിട്ട് കേറാൻ മാത്രേ അറിയൂ ബാ സ്റ്റഡ്… നീയെന്താ പറഞ്ഞത്, നീ വെറും പൊട്ടനല്ലെന്നു.. അല്ലേടാ.. പക്ഷേ നിനക്ക് ആള് മാറിപ്പോയി.. ഇത് നിരഞ്ജൻ ആണ്….നിരഞ്ജന് പറയാനുള്ളത് ദേ ഇങ്ങനെ നേർക്കുനേർ നിന്ന് പറയും. അല്ലാതെ ഫോണിൽ വിളിച്ച് ഒണ്ടാക്കില്ല … അതിനു ഒരുത്തനേം എനിക്ക് പേടിയില്ല….. പിന്നെ,ഞാൻ ഇപ്പൊ വന്നത് നിന്റെ ഈ പേക്കൂ ത്തും ചവിട്ട് നാടകവും കാണാൻ അല്ല.. നിള.. അവളെ കാണാൻ ആണ്… വിളിക്കവളെ…”

കടപ്പല്ല് ഞെരിച്ച് അവനോട് അത്രയും പറഞ്ഞു കൊണ്ട് അകത്തേക്ക് പാളിയ എന്റെ കണ്ണുകൾ വാതിൽക്കൽ നിന്ന നിളയുടെ മുഖത്ത് ചെന്നുടക്കി…

നെറ്റിയിലൂടെയും ചുണ്ടിലൂടെയും ഒഴുകിയിറങ്ങിയ ചോ രയുമായി കലങ്ങിയ കണ്ണുകളും കരിനിലിച്ച ദേഹവുമായി വാടിയ ആമ്പൽത്തണ്ട് പോലെ എന്റെ നിള…

അവളെയൊന്നു നോക്കിയിട്ട് തിരിഞ്ഞു വിവേകിന്റെ കരണത്ത് ഒന്ന് കൂടി പൊട്ടിച്ചിട്ട് ഞാൻ അലറി

“ആരെയാന്ന് വച്ചാ വിളിക്കെടാ.. ഇന്നിതിനൊരു തീരുമാനം ഉണ്ടാക്കിയിട്ടേ നിരഞ്ജൻ ഇവിടുന്നു പോകൂ . “

എന്റെ അലർച്ചയുടെ ഫലമായി അരമണിക്കൂർ കൊണ്ട് അവളുടെ വീട്ടുകാരും അവന്റെ വീട്ടുകാരും പോ ലീസുമൊക്കെയായി ആ വീട് നിറഞ്ഞു..

എസ് ഐ എല്ലാവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു..

അവിടെ വച്ച് എസ് ഐ അവളോട് ചോദിച്ചു

“കുട്ടിക്ക് ഭർത്താവിൽ നിന്ന് ശാരീരിക പീ ഡനങ്ങൾ ഉണ്ടാകുന്നുണ്ടോ…”

“മ്മ്..”

കണ്ണുകൾ നിറച്ചു അവൾ മൂളി…

“കുട്ടിയുടെ ഈ മുഖത്തൊക്കെ കാണുന്നത് ഭർത്താവ് ഉപദ്രവിചതാണോ…?”

“മ്മ്….!

“ഈ വിവാഹം കുട്ടിക്ക് ഇഷ്ടം അല്ലായിരുന്നോ…?”

ആ ചോദ്യം കേട്ടതും ഒരു നിമിഷം അവളെന്നെ നോക്കി.. പിന്നെ പറഞ്ഞു

“എനിക്ക്.. എനിക്കൊരാളെ ഇഷ്ടം ആയിരുന്നു.. കല്യാണം ആലോചിച്ച സമയത്ത് ഞാൻ എന്റെ ഇഷ്ടം വീട്ടിൽ പറഞ്ഞതാ സർ.. പക്ഷേ ആരും സമ്മതിച്ചില്ല . എന്നിട്ടും ആർക്കും സങ്കടം ആവണ്ട എന്ന് കരുതി ന്റെ സന്തോഷം മാറ്റി വച്ച് കല്യാണത്തിനു ഞാൻ സമ്മതിച്ചു…. ഇവിടെ ഓരോ തവണ ക്രൂ രതകൾ അനുഭവിച്ചപ്പോഴും എന്നെ ആരും മനസിലാക്കിയില്ല… ന്റെ അമ്മ പോലും.. പെണ്ണായ് ജനിച്ചാൽ ഒക്കെ സഹിക്കാനും പൊറുക്കാനും കഴിയണം എന്ന് മാത്രേ എന്നോട് പറഞ്ഞുള്ളൂ…പക്ഷേ ഇനിയും വയ്യ സർ എനിക്ക്…മടുത്തു..”

പറഞ്ഞു തീർന്നൊരു പൊട്ടിക്കരച്ചിലോടെ അവളൂർന്നു താഴേക്കിരുന്നു….

“കാര്യങ്ങളുടെ കിടപ്പ് ഞങ്ങൾക്ക് മനസിലായി…. ഗാർഹിക പീ ഡനത്തിന് ഞങ്ങൾ കേസ് ചാർജ് ചെയ്യുവാണ്… ഇനി ഇവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം..”

എസ് ഐ എല്ലാവരും കേൾക്കെ ഉറക്കെ പറഞ്ഞു. പിന്നെ തിരിഞ്ഞു നിന്ന് വിവേകിന്റെ ചെവി കൂട്ടി അ ടിച്ചിട്ട് നിളയോട് ചോദിച്ചു

“കുട്ടിക്ക് വീട്ടുകാരുടെ ഒപ്പം പോണോ.. അതോ ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറണോ…?”

അതിനുള്ള ഉത്തരം പറഞ്ഞത് ഞാൻ ആണ്

“രണ്ടും ഇല്ല സർ.. നിളയെ ഞാൻ കൊണ്ട് പോകുവാണ്?”

“നീ ഏതാടാ അതിനു.. ഇവിടെ നിനക്കെന്താ കാര്യം..?”

എസ് ഐ ദേഷ്യത്തോടെയാണ് ചോദിച്ചത്

സർ ഞാനൊരു ഡോക്ടർ ആണ്.. പേര് നിരഞ്ജൻ.. നിരഞ്ജൻ മാധവ്… നിള കുറച്ചു മുൻപ് പറഞ്ഞ ആ ആൾ ഞാനാണ്… അവളെ ഞാൻ ചതിച്ചതോ ഉപേക്ഷിച്ചതോ അല്ലായിരുന്നു.. എന്റെ ഇഷ്ടം ദാ ഈ നിൽക്കുന്ന അവളുടെ അച്ഛനോട് ഞാൻ പറഞ്ഞതാണ്.. എനിക്ക് തന്നേക്ക് പൊന്ന് പോലെ ഞാൻ നോക്കിക്കോളാം എന്ന്… എന്റെ കുറവ് ഞാൻ തന്തയും തള്ളയും ഇല്ലാത്ത ഒരുത്തൻ ആണ് എന്നുള്ളതായിരിന്നു.. എന്നിട്ട് അതൊക്കെ ഉള്ളൊരുത്തന് കെട്ടിച്ചു കൊടുത്തതാ.എന്നിട്ടും ഓരോ തവണയും ഇവന്റെ അ ടിയും തൊ ഴിയും കൊണ്ട് വീട്ടിലേക്ക് ഓടിച്ചെല്ലുമ്പോ മകൾ വീട്ടിൽ വന്ന് നിന്നാൽ ഉണ്ടാകുന്ന നാണക്കേടായിരുന്നു ഇവരുടെയൊക്കെ പ്രശ്നം. അത് കൊണ്ട് പറയുവാ ഇവളെ ഞാൻ ഇനി ആർക്കും ഇട്ട് തട്ടിക്കളിക്കാൻ വിട്ട് കൊടുക്കില്ല സർ… സാറിനി എന്റെ പേരിൽ ഏത് വകുപ്പിൽ കേസ് എടുത്താലും ശരി എന്റെ തീരുമാനം ഞാൻ മാറ്റില്ല.. “

എന്റെ ഉറച്ച സ്വരം കെട്ടിട്ടാവണം ആ എസ് ഐ അവളോട് ചോദിച്ചു

“കുട്ടിക്ക് ആരുടെ ഒപ്പം പോകണം.. വീട്ടുകാരുടെ കൂടെയോ അതോ ഇയാൾടെ കൂടെയോ..?”

ഒരു നിമിഷമൊന്ന് തറഞ്ഞു നിന്നിട്ട് മെല്ലെയവൾ ചുണ്ടുകൾ അനക്കി

“നിക്ക്… നിക്ക് നിരഞ്ജന്റെയൊപ്പം പോയാൽ മതി…”

“എല്ലാവരും കേട്ടല്ലോ… ഈ കുട്ടിയുടെ തീരുമാനം ഇതാണ്..പിന്നെ പ്രായപൂർത്തി യായവർക്ക് ഒന്നിച്ചു ജീവിക്കാൻ അവകാശം ഉണ്ട്…അത് കൊണ്ട് ഈ കുട്ടിക്ക് ഇയാളുടെ കൂടെ പോകാം “

എസ് ഐ അവസാന തീരുമാനം പറഞ്ഞു

“വാട്ട്‌ ദ ഹെൽ ഈസ്‌ ഹാപ്പെനിംഗ് ഹിയർ…. സർ.. ഇത് ഇതെന്റെ ഭാര്യ ആണ്… അപ്പൊ ഇവൾ ഇവന്റെയൊപ്പം പോയാൽ ഇറ്റ്സ് ഇ ലീഗൽ….സാറിനെന്താ അത് അറിയില്ലേ “

വിവേക് കിതച്ചു കൊണ്ട് പറഞ്ഞു

“പുന്നാ ര മോനെ….. ഇത് നിന്റെ ഭാര്യ ആണെന്ന് നിനക്ക് ഇപ്പഴാണോടാ മനസിലായത്?ഇനി നീ വാ തുറന്നാ ഇടിച്ചു നിന്റെ താടി യെല്ല് പൊട്ടിക്കും ഞാൻ “

അവന്റെ കോളറിൽ കു ത്തിപ്പിടിച്ച് എസ് ഐ അത്രയും പറഞ്ഞിട്ട് തിരിഞ്ഞു നിന്ന് എന്നോട് പറഞ്ഞു

“നിരഞ്ജന് നിളയെ കൊണ്ട് പോകാം.. ഇവിടുത്തെ ഇനിയുള്ള ഫോർമാലിറ്റി ഞാൻ നോക്കിക്കോളാം…നിളയുടെ മൈൻഡ് ഒന്ന് കൂൾ ആയിക്കഴിഞ്ഞു ലീഗൽ ആയിട്ടുള്ള ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്യണം.. ഈ നിൽക്കുന്നവന്റെ കാര്യം കണക്കിലെടുത്ത് ഡിവോഴ്സ് ഈസി ആയി കിട്ടും…”

“താങ്ക് യു സർ.. താങ്ക് യു വെരി മച്ച് “

അദ്ദേഹത്തിനൊരു നന്ദി പറഞ്ഞു കൊണ്ട് നിളയെ ചേർത്ത് പിടിച്ച് പുറത്തേ ക്കിറങ്ങുമ്പോൾ തലയിൽ കൈ വച്ച് അവളുടെ അച്ഛൻ ശപിക്കുന്നുണ്ടായിരുന്നു

“സ്വന്തം അച്ഛന്റേം അമ്മേടേം കുടുംബകക്കാരുടെയും മുഖത്ത് കരി വാരി തേച്ചു ഇവന്റെ കൂടെ പൊയ്ക്കോ നീ.. നാളെ ഇവന്റെ കൈ കൊണ്ട് തന്നെ നീ ചാ കും.. വല്ല ഓടയിലോ കാനയിലോ നീ ച ത്തു മലച്ചു കിടക്കുമെടി ന ശിച്ചവളെ..”

അച്ഛന്റെ വാക്കുകൾ കേട്ട് ഉള്ളം കലങ്ങി പൊട്ടികരഞ്ഞവളെ നെഞ്ചോട് ചേർത്തു പിടിച്ച് അവളുടെ അച്ഛനെ നോക്കി പുച്ഛത്തോടെ ചിരിച്ചു ഞാൻ…

***************

“നിരഞ്ജന് ന്നെ ഒരുപാട് ഇഷ്ടം ആയിരുന്നല്ലേ…”

ഓർമ്മകളെ കീറി മുറിച്ചു കൊണ്ട് അവളുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്…

അവളെ ഒന്നൂടെ ഞെഞ്ചോട് ചേർത്ത് ഞാൻ പറഞ്ഞു

“ജീവനല്ലേ മോളെ നീയെന്റെ….. നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും നിള….. പരസ്പരം നമ്മുടെ സ്നേഹം നമ്മൾ അറിയാതെ പോയി.. ഞാനോ നീയോ ഒന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു…”

അവൾ മുഖമുയർത്തി എന്നെ നോക്കി…

രണ്ട് കൈകൾ കൊണ്ടും ആ മുഖം വാരിയെടുത്ത് നനഞ്ഞ ആ കണ്ണുകളിൽ ചുണ്ടമർത്തി ഞാൻ

“ഇനിയും എന്റെ കുട്ടി കരയരുത്… അതിന് വേണ്ടിയല്ല ഞാൻ ഇങ്ങ് എടുത്തോണ്ട് വന്നത്.. എനിക്ക് എന്റെ പഴയ നിളയെ തിരിച്ചു വേണം…നിന്റെ ഈ കണ്ണുകളിൽ അണഞ്ഞു പോയ രണ്ട് നക്ഷത്രങ്ങൾ ഉണ്ട് പെണ്ണെ.. അത് വീണ്ടും തെളിയണം…”

ഒന്നും മിണ്ടാതെ അവളെന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി പറ്റിച്ചേർന്നു….

“നീ എന്റെയാകാൻ ജനിച്ചവളാണ് നിള….. ആരൊക്കെ തമ്മിൽ അകറ്റാൻ ശ്രമിച്ചാലും നിള തിരികെ വന്നടിയുന്നത് ഈ നിരഞ്ജന്റെ നെഞ്ചിലേക്കാണ്.. ഇനിയെനിക്ക് ഒന്നേയുള്ളു വാശി നിന്നെ ശ പിച്ചവരുടെ മുന്നിൽ നിന്നെ അന്തസ്സോടെ നിർത്തണമെനിക്ക്… നിരഞ്ജന്റെ കൂടെ വന്നതാണ് നിന്റെ ജീവിതത്തിൽ നീയെടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് എല്ലാവരും പറയണം….”

ആ കണ്ണുനീരിലും അവളെന്നെ നോക്കിയൊന്ന് മെല്ലെ ചിരിച്ചു…

നിളയോട് പറഞ്ഞത് പോലെ തന്നെ പിന്നെ എന്റെ ശ്രമം മുഴുവൻ അതിനു വേണ്ടി ആയിരുന്നു….

അതിനായി ആദ്യം ചെയ്തത് നല്ലൊരു വക്കീലിനെ കണ്ട് ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്തു.. സാഹചര്യങ്ങൾ വിലയിരുത്തി ആറ് മാസം കൊണ്ട് കോടതി വിവാഹമോചനം അനുവദിച്ചു… പിന്നെ ഒട്ടും വച്ച് താമസിപ്പിക്കാതെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ അവൾ എന്റെ ഭാര്യയായി….

വരയ്ക്കാനും എഴുതാനും ഏറെ ഇഷ്ടമുള്ള എന്റെ പെണ്ണിന് നിറങ്ങളുടെയും പുസ്തക കങ്ങളുടെയും വലിയൊരു ലോകം ഒരുക്കി കൊടുത്ത്അ വളുടെ സ്വപ്നങ്ങൾക്കൊപ്പം നിന്നു ഞാൻ.

അവളുടെ കുഞ്ഞ് കുഞ്ഞ് കുത്തിക്കുറിക്കലുകൾ അവളെറിയാതെ എടുത്തു വച്ച് ഒരു പുസ്തകമാക്കി ഒരു സർപ്രൈസ്‌ പോലെ ആ കൈകളിലേക്ക് വച്ച് കൊടുക്കുമ്പോൾ എന്നോ കെട്ട് പോയ ആ രണ്ട് നക്ഷത്രങ്ങൾ അവളുടെ കണ്ണുകളിൽ വീണ്ടും തെളിഞ്ഞു….

ഇന്നിപ്പോ എന്റെ പെണ്ണിനെ ഓർത്ത് അഭിമാനിക്കുന്ന ഒരു ഭർത്താവ് ആണ് ഞാൻ….

“നിരഞ്ജൻ…”

അരികിൽ വന്നിരുന്ന് എന്നെ തൊട്ട് വിളിച്ച നിളയുടെ സ്വരമാണ് എന്നെ പഴയ ഓർമകളിൽ നിന്ന് തിരികെ വിളിച്ചത്….

ഞാൻ കണ്ണെടുക്കാതെ അവളെ നോക്കി… എന്റെ അരികിലേക്ക് ചേർന്നിരുന്നു മെല്ലെ അവൾ പറഞ്ഞു

“നമുക്ക് വീട്ടിൽ പോകാം ഡോക്ടറേ … ഈ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞ് ഈ എഴുത്തുകാരിയുടെ വേഷവും അഴിച്ചു വച്ച് എനിക്ക് എന്റെ നിരഞ്ജന്റെ നിള ആവണം… നിന്നെ കെട്ടിപ്പിടിച്ച് നിന്റെ നെഞ്ചിന്റെ താളം കേട്ട് എനിക്കൊ ന്നുറങ്ങണം നിരഞ്ജൻ…”

നിറയാൻ വെമ്പി നിന്ന അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്ന നക്ഷത്ര ങ്ങളിലേക്ക് നോക്കി ഒരു ചിരിയോടെ പോകാമെന്നു പറഞ്ഞു വണ്ടി വീട്ടിലേക്ക് തിരിക്കുമ്പോൾ എന്റെ തോളിലേക്ക് തല ചായ്ച്ച്‌

“എനിക്കെന്നും എന്റെയീ ഡോക്ടർടെ നിളക്കുട്ടിയായാൽ മതീട്ടോ “

എന്ന് പറഞ്ഞു കൊണ്ട് അവളുടെ പേരിന്റെ താളം മാത്രം പേറുന്ന എന്റെ ഇടം നെഞ്ചിൽ ചുണ്ടമർത്തുകയായിരുന്നു എന്റെ പെണ്ണ് അന്നേരം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *