നൈറ്റ് കോൾ
Story written by Prajith Surendrababu
“രമ്യ.. ഒന്ന് കാണിക്കാമോ.. ഒരു വട്ടം .. പ്ലീസ്… കൊതി കൊണ്ടാ… “
ആനന്ദ് ഫോണിലൂടെ കെഞ്ചുമ്പോൾ ദേഷ്യം വന്നു രമ്യക്ക്.
” ദേ. ആനന്ദ്.. ഞാൻ ഹോസ്റ്റലിൽ ആണെന്ന കാര്യം നീ മറന്നുവോ.. റൂം മേറ്റ് കിടന്നു. ലൈറ്റ്സ് ഓഫ് ആണ് . സമയം എത്രയായി എന്ന് എന്തേലും ബോധം ഉണ്ടോ നിനക്ക് രാത്രി പന്ത്രണ്ട് ആകുന്നു.ഇനി വീണ്ടും ലൈറ്റ്സ് ഇടാൻ പറ്റില്ല. ഒന്ന് മനസ്സിലാക്ക് “
അവൾ പരമാവധി ഒഴിവാക്കുവാൻ ശ്രമിച്ചെങ്കിലും ആനന്ദ് വിടുവാൻ തയ്യാറല്ലയിരുന്നു
പ്ലീസ്… ഒരു വട്ടം.. ഒരു വട്ടം ഒന്ന് കണ്ടാൽ മതി… എന്നോട് ഇച്ചിരിയേലും ഇഷ്ടം ഉണ്ടേൽ ഒന്ന് കാണിക്കെടോ.. ഫോട്ടോ എടുക്കാൻ ബുദ്ധിമുട്ട് ആണേൽ ഞാൻ വീഡിയോ കാൾ ചെയ്യാം നീ ജസ്റ്റ് ഒന്ന് കാണിച്ചാൽ മതി.. ഒരു വട്ടം.. പ്ലീസ് രമ്യ “
വിട്ടു കൊടുക്കുവാൻ ആനന്ദും തയ്യാറല്ലായിരുന്നു.
” ആനന്ദ്.. നീ കുടിച്ചിട്ടുണ്ടോ.. അല്ലാതെ ഇത്രേം വാശി കാണിക്കില്ല നീ. നോക്ക്.. ഇന്നിനി എന്തൊക്കെ പറഞ്ഞാലും നീ പറഞ്ഞ പോലെ കാണിക്കാൻ പറ്റില്ല എനിക്ക്. രാവിലെ മുതൽ രാത്രി വരെ ഹോസ്പിറ്റലിൽ തിരക്കോട് തിരക്കായിരുന്നു റൂമിൽ വന്ന് കേറി കുളിച്ചു അന്നേരമേ കിടന്നു അത്രക്ക് ക്ഷീണം.. ഒന്നും കഴിച്ചത് കൂടി ഇല്ല.. ഇനി വീണ്ടും എഴുന്നേൽക്കുവാൻ വയ്യ. നാളെ ഡ്യൂട്ടിക്ക് നഴ്സ്മാര് കുറവാ എന്നിട്ടും നിനക്ക് വേണ്ടിയാ നാളെ ഞാൻ ഓഫ് എടുത്തേ… രാവിലെ തന്നെ ഞാനങ്ങ് വരും പിന്നെന്തിനാ ഈ രാത്രി ഇപ്പോൾ ഇത്രക്ക് വാശി. നാളെ നേരിട്ട് കണ്ടാൽ മതി രാവിലെ മുതൽ വൈകുന്നേരം വരെ ഞാൻ നിനക്ക് ഒപ്പം ഉണ്ടാകും. ചുമ്മാ വാശി കാട്ടാതെ പോയി കിടന്ന് ഉറങ്ങ് നീ.. “
ഇത്തവണ രമ്യയുടെ ശബ്ദം അല്പം കടുത്തിരുന്നു. നിരാശയായതിനാലാകാം മറു തലയ്ക്കൽ ആനന്ദിന്റെ മറുപടിയൊന്നും കേട്ടില്ല. അല്പസമയം നിശബ്ദ മായപ്പോൾ അവൾ തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി.
” ആനന്ദ്.. ചക്കര പിണങ്ങിയോ… ചുമ്മാ വാശി കാട്ടല്ലേ.. ഇനീപ്പോ എഴുന്നേറ്റു ലൈറ്റ് ഇട്ടാൽ റൂമിൽ കൂടെ ഉള്ളോർക്ക് ബുദ്ധിമുട്ട് ആണ്. മാത്രമല്ല ആ വാർഡൻ പ്രശ്നമാക്കും. അവരാണേൽ രാത്രി ഉറക്കം പോലും കളഞ്ഞു ഓരോ റൂമുകളുടെ മുന്നിൽ കറങ്ങി അവിഹിതങ്ങൾ നടക്കുന്നുണ്ടോ ന്ന് കണ്ടു പിടിക്കാൻ നടക്കുവാ ചുമ്മാ എന്നെ നീ കുഴപ്പത്തിൽ ചാടിക്കല്ലേ പ്ലീസ്.. കിടന്ന് ഉറങ്ങ് നീ.. “
ഇത്തവണ അവളുടെ സ്വരം തണുത്തെങ്കിലും ആ അപേക്ഷയ്ക്ക് മുന്നിലും ആനന്ദ് മൗനം പാലിച്ചതോടെ അസ്വസ്തയായി രമ്യ. കുറച്ചു സമയം കൂടി ആ മൗനം തുടരവേ മനസ്സില്ലാ മനസ്സോടെ അവന്റെ വാശിക്കു മുന്നിൽ കീഴടങ്ങേണ്ടി വന്നു അവൾക്ക്.
“ഓക്കേ.. ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട.. ഞാൻ കാണിക്കാം.. പക്ഷെ നാളെ കാശ് തരണം.നല്ല ടൈറ്റാ ഞാൻ സാലറി വന്നിട്ടില്ല. കാശ് തരും ന്ന് ഉറപ്പ് പറഞ്ഞാൽ കാണിക്കാം “
ആ മറുപടി കേട്ടതോടെ ആനന്ദിന്റെ മിഴികൾ വിടർന്നു.
” കാശൊക്കെ തരാം ഞാൻ. താങ്ക്‌സ് ചക്കരെ… വേഗം ആയിക്കോട്ടെ പെട്ടെന്ന് ഫോട്ടോ അയക്ക്.. അതോ ഞാൻ വീഡിയോ കാൾ ചെയ്യണോ.. “
മനസ്സിലെ സന്തോഷം അവന്റെ ശബ്ദത്തിലും പ്രതിഫലിച്ചിരുന്നു.
” അയ്യോ വേണ്ടായേ.. വീഡിയോ കാൾ ഒന്നും വേണ്ട ജസ്റ്റ് രണ്ട് ഫോട്ടോ അയക്കും.. അതും ബാത്‌റൂമിൽ കേറീട്ട്.റൂമിൽ ലൈറ്റ് ഓഫ് ആണ്.ഇന്ന് അത് കണ്ട് തൃപ്തിയടഞ്ഞോണം ബാക്കി നാളെ നേരിട്ട്.. നീ കാൾ കട്ട് ചെയ്തിട്ട് വാട്ട്സാപ്പിൽ വാ.. “
കാൾ കട്ട് ചെയ്ത് രമ്യ പതിയെ ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റു ബാത്റൂം ലക്ഷ്യ മാക്കി ഇരുട്ടിൽ തപ്പി പോകുമ്പോൾ അറിഞ്ഞില്ല റൂം മേറ്റ് മായ ഉറങ്ങിയിരുന്നില്ല എന്നത്. ഒച്ചയടക്കിയാണ് അവൾ ആനന്ദിനോട് സംസാരിച്ചതെങ്കിലും അതൊക്കെയും മായയും കേട്ടിരുന്നു.
“ശ്ശേ.. ! ഇത്രക്ക് വൃത്തികെട്ടവൾ ആണോ ഇവൾ അതും കാശിനു വേണ്ടി. “
ആ ഒരു നിമിഷം രമ്യയോട് വല്ലാത്ത വെറുപ്പ് തോന്നി അവൾക്ക്. ഏറെ അസ്വസ്തയോടെ ബെഡിൽ എഴുന്നേറ്റിരുന്നു മായ. അല്പസമയത്തിന് ശേഷം പതിയെ രമ്യ മാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങുന്നത് വെറുപ്പോടെ തന്നെ നോക്കി ഇരുന്നു അവൾ.
” എന്തിനാ ബാത്‌റൂമിനുള്ളിലേക്ക് പോയെ.. ഇവിടെ വച്ചു തന്നെ ലൈറ്റ് ഇട്ട് കാണിച്ചു കൊടുത്തൂടായിരുന്നോ കാമുകന് എല്ലാം.. ഞാൻ കണ്ണു പൊത്തി കിടന്നു തരാമായിരുന്നല്ലോ . “
ഇരുട്ടത്ത് അപ്രതീക്ഷിതമായ ആ വാക്കുകൾ കേട്ട് ഒന്ന് ഞെട്ടിപ്പോയെങ്കിലും മായയാണെന്ന് പെട്ടെന്ന് മനസ്സിലാക്കി രമ്യ…
” ആ മായേ.. നീ ഉറങ്ങീലാരുന്നോ…. “
ഒരു കൂസലുമില്ലാത്ത ആ മറു ചോദ്യം കേട്ടപ്പോൾ അടി മുടി പെരുത്ത് കയറി മായയ്ക്ക്.
” നിനക്ക് നാണമില്ലേ രമ്യേ.. കാശിനു വേണ്ടി രാത്രി എല്ലാരും ഉറങ്ങുമ്പോൾ ബാത്‌റൂമിൽ കേറി കാമുകന് മുന്നിൽ തുണിയുരിഞ്ഞു കാണിക്കുവാൻ മാത്രം അധഃപതിച്ചു പോയോ നീ… അല്പം പോലും നാണക്കേട് തോന്നുന്നില്ലേ കള്ളത്തരം കയ്യോടെ പിടിച്ചപ്പോൾ “
ആ ചോദ്യം കേട്ട് അക്ഷരാർത്ഥത്തിൽ പകച്ചു പോയി രമ്യ..
” തുണിയുരിയുകയോ.. ആര് ഞാനോ…. “
ഒരു നിമിഷം തൊണ്ട വരണ്ട് അവളുടെ ശബ്ദം ഇടറി പോയി.
” ആ നീ തന്നെ.. കേട്ടു ഞാൻ എല്ലാം.. കാമുകൻ ഫോട്ടോ ചോദിച്ചതും കാശ് തരുവാണേൽ കാണിക്കാം എന്ന് നീ മറുപടി പറഞ്ഞതും എല്ലാം.. എന്നിട്ട് ഫോണുമായി ബാത്‌റൂമിൽ കേറിയതും കണ്ടു… വെറുപ്പ് തോന്നുന്നു നിന്നോട്.”
മായയുടെ ഒച്ചയുയർന്നപ്പോൾ ഒരു നിമിഷം അന്ധാളിച്ചു പോയി രമ്യ.
“ടോ.. എന്താ താനീ പറയുന്നേ.. ഫോട്ടോ അയച്ചത് കാമുകനു തന്നാ പക്ഷെ അത് എന്റെ തുണി ഇല്ലാത്ത ഫോട്ടോ അല്ല ദേ ഈ നൈക്കിന്റെ ഷൂസിന്റെ ഫോട്ടോയാ.. ഇത് ഞാൻ അവനു വേണ്ടി ആമസോണിൽ നിന്ന് ഓർഡർ ചെയ്ത് വാങ്ങിയതാ കിട്ടിയത് എന്ന് വൈകുനേരമാ ജോലിക്കിടക്ക് ഫോട്ടോ എടുത്ത് അയച്ചു കൊടുക്കാൻ പറ്റിയില്ല. അവനു ഏറ്റവും ഇഷ്ടപ്പെട്ട മോഡൽ ആണ്. അത് കൊണ്ടാ അവൻ ഇപ്പോൾ വാശി പിടിച്ചതും ഞാൻ ഈ പാതി രാത്രിക്ക് ഫോട്ടോ എടുത്ത് അയച്ചതും. പിന്നെ ചോദിച്ചത് ഈ ഷൂസിന്റെ വിലയാണ്.”
ടേബിളിൽ ഇരുന്ന ഒരു ബോക്സ് എടുത്ത് നീട്ടികൊണ്ടുള്ള രമ്യയുടെ മറുപടി കേട്ട് ഒരു നിമിഷം മായയുടെ കിളി പോയി..
” എന്നാൽ ശെരി ഗുഡ് നൈറ്റ്..എനിക്ക് നാളെ മോർണിംഗ് ഡ്യൂട്ടി ആണ് ഉറക്കം കളയാൻ വയ്യ ..”
ഇരുന്ന ഇരുപ്പിൽ ബെഡിലേക്ക് ചാഞ്ഞു കൊണ്ടവൾ പുതപ്പ് തല വഴി മൂടുമ്പോൾ ഒന്നും മനസിലാകാതെ നോക്കി ഇരുന്നു പോയി രമ്യ..
” മാ.. മായേ… എന്താ പറ്റിയെ… ഹലോ… “
പിന്നെ രമ്യ ചോദിച്ചതൊന്നും അവൾ കേട്ടില്ല പണി പാളി എന്നറിഞ്ഞതോടെ ഇരു കയ്യാൽ ചെവികൾ മൂടിക്കൊണ്ട് ഉറക്കത്തെ കൂട്ട് പിടിച്ചു മായ.
‘ ഇവൾക്ക് ഇത് എന്താ പറ്റിയെ.. പെട്ടെന്ന് എന്താ ഇങ്ങനെ.. ‘
ഒന്നും മനസ്സിലാകാണ്ട് അല്പ സമയം കൂടി ഇരുന്ന ശേഷം പതിയെ രമ്യയും കിടന്നു. അപ്പോഴേക്കും ഷൂസ് കണ്ട് ഇഷ്ടപ്പെട്ടിട്ട് ആനന്ദിന്റെ വക സ്നേഹ പ്രകടനങ്ങൾ വാട്ട്സാപ്പ് മെസേജുകളായി എത്തി തുടങ്ങിയിരുന്നു. പതിയെ പതിയെ അതിലേക്ക് രമ്യയുടെ ശ്രദ്ധ തിരിഞ്ഞു.
‘പിന്നല്ല.. ഒരു അബദ്ധം ഏത് പോലീസുകാരനും പറ്റും.. ‘
ചളിപ്പോടെ ഉറക്കം വന്നില്ലേലും അനങ്ങാണ്ട് കിടക്കുമ്പോൾ മായയുടെ മനസ്സിലെ ചിന്ത അതായിരുന്നി.