Story written by MAAYA SHENTHIL KUMAR
മുറ്റത്തിട്ടിരിക്കുന്ന വലിയ പന്തലും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും എല്ലാം കണ്ടിട്ടാവണം അവളിടയ്ക്കിടക്കു ഇരുന്നിടത്തുനിന്നു എഴുനേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.. കൂട്ടുകാരെ വിളിച്ചു എന്തൊക്കെയോ കാണിക്കുന്നുണ്ട് അപ്പോഴൊക്കെ അവളുടെ അമ്മ വീണ്ടും അവളെ പിടിച്ചു എനിക്കരികിൽ കൊണ്ടുവന്നിരുത്തും…
ഒന്നടങ്ങിയിരിക്കു ലച്ചൂ എന്ന് അമ്മ അവളുടെ ചെവിയിൽ മന്ത്രിക്കുമ്പോൾ കുറച്ചു നേരം മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കും.. വീണ്ടും പഴയ പോലെ തന്നെ..
ഇതൊക്ക കണ്ട് കുറെ പേർ എന്നെ സഹതാപത്തോടെ നോക്കുന്നുണ്ട്.. ചിലർ അടക്കം പറയുന്നുണ്ട് വെറുതെയല്ലല്ലോ പൂത്ത പണം കണ്ടിട്ടല്ലേ എന്ന്.. എല്ലാം കണ്ടും കേട്ടും അമ്മയും മുത്തശ്ശിയും പെങ്ങമ്മാരും തലയും താഴ്ത്തി പിന്നിലെവിടെയോ ഇരിക്കുന്നുണ്ട്…
എല്ലാം കഴിഞ്ഞ് എല്ലാരും മടങ്ങി…അപ്പോഴാണ് തനിച്ചായിപ്പോയിന്ന് ശരിക്കും തോന്നിയത്.. സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്കുള്ള പറിച്ചുനടൽ എത്ര വേദനയുള്ളതാണെന്നു ഞാൻ തിരിച്ചറിയുകയാരുന്നു… ഹൃദയം കൊണ്ട് പെൺകുട്ടികളെ ഒന്ന് തൊഴുത്തുപോയി… എത്ര പെട്ടെന്നാണ് അവർ സ്വന്തം വീട്ടിലെ വിരുന്നുകാരാവുന്നത്..
കുറെ നേരം കഴിഞ്ഞ് ആരൊക്കെയോ കൂടി ലെച്ചുവിനെ മുറിയിൽ കൊണ്ടാക്കി.. വാതിലടച്ചതും അവൾ ഉറക്കെ കരയാൻ തുടങ്ങി അമ്മയെ കാണണമെന്നും പറഞ്ഞ്… അവസാനം അമ്മ വന്ന് എന്നെ സങ്കടത്തോടെ നോക്കിയിട്ട് അവളെയും കൂട്ടിപോയി…
എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല.. വീട്ടിൽ തനിച്ചായിപ്പോയ അമ്മയും മുത്തശ്ശിയുമായിരുന്നു മനസ്സ് നിറയെ…
എന്റെ ദാരിദ്ര്യത്തിന് ഞാൻ കൊടുക്കേണ്ടി വന്ന വില എന്റെ ജീവിതമാണെന്ന് ഓർത്തപ്പോ മുന്നിലാകെ ഒരു ശൂന്യതയായിരുന്നു..
*******************
നിന്റെ കടങ്ങളെല്ലാം ഞാൻ വീട്ടിക്കോളാം.. ജപ്തിയാവാറായ വീടും നമുക്ക് തിരിച്ചു പിടിക്കാം…പക്ഷെ എനിക്കൊരു ആഗ്രഹം ഉണ്ട്..
എന്താണെന്ന അർത്ഥത്തിൽ ഞാൻ അദ്ദേഹത്തെ നോക്കി..
എന്റെ മോളെ നിനക്ക് കല്യാണം കഴിക്കാമോ…
ഇടിവെട്ടേറ്റതു പോലെയാണ് ഞാനത് കേട്ടത്…
മോനൊന്നും പറഞ്ഞില്ല…
ദിവാകരൻ മുതലാളിയുടെ ചോദ്യം കേട്ട് എന്തുപറയും എന്നറിയാതെ ഒന്ന് പരുങ്ങി
ഞാൻ അമ്മയോടും മുത്തശ്ശിയോടും ആലോചിച്ചിട്ട് പറയാം…
ശരി അങ്ങനെ ആയ്ക്കോട്ടെ…
അവിടുന്നു ഞാനിറങ്ങുമ്പോൾ പ്രതീക്ഷയോടെ നാലു കണ്ണുകൾ എന്നെ നോക്കുന്നുണ്ടായിരുന്നു മുതലാളിയും ഭാര്യയും…
വീട്ടിലെത്തി കാര്യം പറഞ്ഞപ്പോ തന്നെ അമ്മയും മുത്തശ്ശിയും എതിർത്തു…
ഒരു പൊട്ടിപെണ്ണിനെയും കൊണ്ട് ജീവിതം കഴിച്ചുകൂട്ടാനാണോടാ നിന്നെ നിന്റെ അച്ഛൻ കഷ്ടപ്പെട്ട് പഠിപ്പിച്ചു എഞ്ചിനീയർ ആക്കിയതെന്നും ചോദിച്ചു കരയുന്നുണ്ടായിരുന്നു…
പക്ഷെ… ആലോചിച്ചപ്പോൾ വേറെ വഴിയൊന്നും ഇല്ലായിരുന്നു… തിരിച്ചു കൊടുക്കാനുള്ള പൈസയ്ക്ക് അവധി ചോദിക്കാൻ ചെന്നപ്പോഴാണ് അവർ ഈ കാര്യം ചോദിച്ചത്… അവർക്കാവശ്യം നാലാൾക്കാരുടെ മുന്നിൽ ആരും മോശം പറയാത്ത ഒരു മരുമകൻ… ദാരിദ്ര്യമാണെങ്കിലും കുടുംബമഹിമക്കും, വിദ്യാഭ്യാസത്തിനും ഒരു കുറവുമില്ലായിരുന്നു…
അച്ഛൻ പോയതിൽ പിന്നെയാണ് അറിയുന്നത് ഇത്രയും കടമുണ്ടെന്നു…എന്നെയും അനിയത്തിയേയും പഠിപ്പിക്കാനും.. ചേച്ചിയുടെ കല്യാണം നടത്താനും.. വീട് പുതുക്കാനും..അങ്ങനെ കുറെ കടങ്ങൾ.. പെട്ടെന്നൊരുദിവസം അച്ഛൻ ഒരു കയറിൻ തുമ്പിൽ എല്ലാ ഭാരങ്ങളും ഇറക്കി വച്ചു…. അന്നാണ് അമ്മ പോലും അറിയുന്നത് കഴുത്തറ്റം മുങ്ങിയിരിക്കുകയാണെന്നു… എന്റെ മുന്നിൽ ഇതല്ലാതെ വേറെ വഴിയില്ലെന്ന് ഉറപ്പായി… അങ്ങനെ മോളെ കല്യാണം കഴിക്കാമെന്നും ശേഷം അവിടെത്തന്നെ നിൽക്കാമെന്നും ധാരണയായി…
പറഞ്ഞതുപോലെതന്നെ കടങ്ങളെല്ലാം തീർത്തു.. വീട് തിരിച്ചു പിടിച്ചു… ചേച്ചിക്ക് കൊടുക്കാനുള്ള ബാക്കി സ്ത്രീധന തുക കൊടുത്തു..ഞാൻ എഞ്ചിനീയർ ആയതുകൊണ്ട് തന്നെ അവരുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ തലപ്പത്തു എന്നെ ഇരുത്തുകയും ചെയ്തു… പതിയെ പതിയെ ലെച്ചു എന്നോട് കൂട്ടുകൂടാൻ തുടങ്ങി… പക്ഷെ എനിക്കവളോട് മിണ്ടാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല… പക്ഷെ കൈനീട്ടി വാങ്ങിച്ചതിനു നന്ദി ആയിട്ട് അവൾക്കു പേരിനൊരു ഭർത്താവായി…
അവളുടെ ചേച്ചിമാരും ഭർത്താക്കന്മാരും എന്നോടൊന്നും ഒരകലം പാലിച്ചിരുന്നു… അവരുടെ അന്തസ്സിനു ചേർന്നൊരാളല്ല ഞാൻ എന്നത് തോന്നിയതുകൊണ്ടാവും…പക്ഷെ ഞാനവിടെ നിൽക്കുന്നത് അവർക്കു കുറച്ചിലാണെന്നും ഞങ്ങളെ വേറെ വീടെടുത്തു താമസിപ്പിക്കണമെന്നും പറയുന്നത് കേട്ടാണ് ഒരു ദിവസം ഞാനവിടെ എത്തിയത്… അന്നെന്റെ അഭിമാനത്തിന് മുറിവേറ്റു.. എല്ലാരും സങ്കടത്തോടെ എതിർത്തിട്ടും ഞാൻ ലച്ചുവിനെയും കൂട്ടി എന്റെ വീട്ടിലേക്കു പോന്നു… മറ്റൊരു തരത്തിൽ ചിന്തിച്ചാൽ ഉർവശി ശാപം ഉപകാരം ആവുകയായിരുന്നു… ആ ഒറ്റപ്പെടലിൽ നിന്നും രക്ഷപെട്ടത് വലിയൊരു ആശ്വാസമായിരുന്നു…
വീട്ടിൽ അനിയത്തിക്കും അമ്മയ്ക്കും ഒക്കെ അവളെ ജീവനായിരുന്നു. മുത്തശ്ശിക്ക് മാത്രം അവളോട് ചെറിയൊരു നീരസമുണ്ടായിരുന്നു..കൊച്ചുമകന്റെ ജീവിതം ഇല്ലാണ്ടാക്കിയതിനു.. അവളുടെ കുട്ടിക്കളിയിൽ എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വരാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ അത് ആസ്വദിക്കാറുമുണ്ടായിരുന്നു…ചിലപ്പോഴൊക്കെ അവളോട് സ്നേഹമോ സഹതാപമോ ഒക്കെ ആയിരുന്നു… അവള് പെട്ടെന്നുതന്നെ എന്റെ വീടുമായി ഇണങ്ങി… ഞങ്ങളുടെ നീരസവും അഭിനയമൊന്നുമറിയാതെ അവൾ ഞങ്ങളെ സ്നേഹിച്ചു… കളങ്കമില്ലാത്ത സ്നേഹിച്ചു..
എന്നാലും അവളെയും കൂട്ടി പുറത്തെവിടെങ്കിലും പോകാനും ആൾക്കാർക്ക് മുന്നിൽ പരിചയപ്പെടുത്താനും എനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. അനിയത്തിയെ പെണ്ണ് കാണാൻ വരുന്നവർക്ക് മുന്നിലും അവളെ ഇറക്കരുതെന്നു ഞാൻ അമ്മയോട് പറയാറുണ്ട്… പക്ഷെ ഒരിക്കൽ അനിയത്തിയെ കാണാൻ വന്നവരുടെ മുന്നിലേക്ക് ലെച്ചുവും വന്നു. ദയനീയമായി അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു.. ഞങ്ങളെന്തെങ്കിലും പറയും മുൻപേ അവർക്കു മുന്നിൽ വച്ച പാത്രങ്ങൾ തട്ടിയെറിഞ്ഞുകൊണ്ട് അവരോടു പറഞ്ഞു അനുവിനെ കെട്ടാൻ പോകുന്നത് അടുത്തവീട്ടിലെ കുട്ടേട്ടനാണെന്ന്… പകച്ചു നിക്കുന്ന ഞങ്ങളെ എന്തൊക്കെയോ പറഞ്ഞ് ചെക്കനും കൂട്ടരും ഇറങ്ങിപ്പോയി…
ആ ദേഷ്യത്തിന് ചേച്ചി മക്കളെ പേടിപ്പിക്കാൻ വാങ്ങി വച്ച ചൂരലെടുത്തു ഞാനവളെ കുറെ തല്ലി… അമ്മയും അനിയത്തിയും തടഞ്ഞുവച്ചിട്ടും എന്റെ ദേഷ്യം മുഴുവൻ ഞാൻ തല്ലി തീർത്തു… വടി പൊട്ടുന്നതുവരെ തല്ലി…
പിന്നെയെനിക്ക് കൂറ്റബോധം തോന്നിയെങ്കിലും അവൾ പേടിച്ചിട്ട് എന്റടുത്തേക്കു വന്നതേയില്ല.. എന്നെ കാണുമ്പോ തന്നെ പേടിച്ച് കരയുന്നതുകൊണ്ട് ഒന്ന് അവളോട് ഒരു സോറി പോലും പറയാൻ കഴിഞ്ഞില്ല.. അമ്മയും മുത്തശ്ശിയും എന്നെ ഒരുപാടു കുറ്റപ്പെടുത്തി…
എന്തൊക്കെയോ ഓർത്തു ഒന്ന് മയങ്ങിയപ്പോഴാണ് അനുമോളുടെ കരച്ചിൽ കേട്ടത്.. ഞെട്ടിയുണർന്നു നോക്കുമ്പോ അവളെന്റെ കാലിൽ വീണു കരയുകയാണ്.. കാര്യമന്വേഷിച്ചപ്പോ, അവൾ പറഞ്ഞിട്ടാണ് അവളെ കാണാൻ വന്നവരോട് ലെച്ചു അങ്ങനൊക്കെ ചെയ്തതെന്ന് പറഞ്ഞു… അവൾക്കു കണ്ണനെ ഇഷ്ടമാണെന്നു…
ആ ഒരു നിമിഷം എനിക്ക് തോന്നി ലെച്ചുവിനല്ല അസുഖം.. ചുറ്റും നിൽക്കുന്ന ഞങ്ങൾക്കാണ് എന്ന്.. എല്ലാർക്കും സ്വാർത്ഥതയാണ്.. അവനവന്റെ കാര്യത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ് നോർമൽ എന്ന് പറയുന്ന നമ്മൾ… അമ്മയുടെ അടുത്ത് പേടിച്ച് നിൽക്കുന്ന അവളെ മുറിയിലേക്ക് കൊണ്ടുവന്ന് അടികൊണ്ട് ചുവന്നുതുടത്ത ഓരോ പാടിലും ഉമ്മകൾ കൊണ്ട് പൊതിയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
ഏട്ടൻ കരയെല്ലേ… എനിക്ക് വേദനിച്ചില്ല എന്നവൾ തേങ്ങിക്കൊണ്ടു പറയുമ്പോൾ ആദ്യമായി ഞാനവളെ നെഞ്ചോട് ചേർത്തു… പിന്നീടങ്ങോട്ട് ഞാൻ തെളിയിക്കുകയാരുന്നു സ്‌നേഹം കൊണ്ട് മാറ്റാൻ പറ്റാത്തതായി ഒന്നുമില്ലെന്ന്… ഇന്നവളെനിക്ക് ഒരു നല്ല ഭാര്യയാണ്… എന്റെ പൊന്നുമോന്റെ അമ്മയാണ്…എന്റെ എല്ലാമെല്ലാമാണ്…