Story written by Darsaraj R.
ചേട്ടന് കൂടെ പിറപ്പായ 3 പെങ്ങൾമാരുണ്ട്. അത് കൊണ്ട് തന്നെ പുറത്ത് നിന്നും ഇനി ഒരു പെങ്ങളിന്റെ ആവശ്യം വേണമെന്ന് തോന്നുന്നില്ല. പറഞ്ഞു വന്നത് ‘സഹോദരതുല്യം’ എന്ന വാക്ക് നിങ്ങൾ രണ്ട് പേർക്കും ഇടയിൽ ഇനി കേൾക്കരുത്. തന്റെ അത്ര സൗന്ദര്യം ഒന്നും ഇല്ലാത്ത ഒരു നാട്ടിൻ പുറത്തുകാരി ഭാര്യയുടെ അഭ്യർത്ഥനയാണ്. ദൈവത്തെ ഓർത്ത് തിരസ്കരിക്കുകയോ ഇനി ഇതേ കുറിച്ച് ചിക്കി ചികയാൻ അന്തി ചർച്ചക്ക് ചേട്ടനെ ക്ഷണിക്കുകയോ ചെയ്യരുത്.
ഏകദേശം 8 വർഷമായി എന്നെ അറിയുന്ന, എന്റെ ചുറ്റുപാടിനെ അറിയുന്ന സഹപ്രവർത്തകൻ ദീപക്കിന്റെ ഭാര്യ സിന്ധു എനിക്ക് അയച്ച മെസ്സേജിലെ വരികൾ ആണ് മേൽകൊടുത്തിരുന്നത്.
എന്ത് കൊണ്ടായിരിക്കാം സിന്ധു എന്നോട് അങ്ങനെ പറഞ്ഞത്? അല്ലെങ്കിൽ എന്നോട് പുറമെ സ്നേഹം കാണിച്ചിട്ട് ഉള്ളിൽ പറയാൻ ഉദ്ദേശിച്ചവ ഈ വേളയിൽ കാച്ചികുറുക്കി പറഞ്ഞ സിന്ധുവിന്റെ വരികൾ ഒരുപാട് സിന്ധുമാർക്ക് എന്നോട് പറയാനുള്ള താക്കീത് ആണോ?
എന്റെ അനുമാനം ആണെന്നാണ്.
സമാന അനുഭവങ്ങൾ കഴിഞ്ഞ കുറേ മാസങ്ങളായി എന്നെ വേട്ടയാടുന്നു.
ഇന്നെനിക്ക് 40 വയസ്സും 232 ദിവസവും പ്രായം. എന്റെ നാൽപതാം പിറന്നാളിനാണ് എന്റെ ഭർത്താവ് മരിക്കുന്നത്.
അതായത് പിന്നിലോട്ടുള്ള 18 വർഷങ്ങളിൽ ഒരു ഭർത്താവിൽ നിന്ന് കിട്ടേണ്ട സ്നേഹമോ കരുതലോ ഒന്നും അദ്ദേഹത്തിൽ നിന്നും ഞാൻ അനുഭവിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നീ സുന്ദരിയും വiശ്യത നിറഞ്ഞ നോട്ടവും ഉള്ളവൾ ആയതിനാൽ ഞാൻ ഇല്ലാതെ എങ്ങും പോകരുത്.
എന്തിനേറെ ഒരു കടയിൽ തനിച്ചു പോകാനോ എന്റെ കൂടപ്പിറപ്പുകളെ കാണാൻ പോകാനോ വരെ അദ്ദേഹം എന്നെ സമ്മതിച്ചിട്ടില്ല.
എങ്ങനെയൊക്കെയോ 18 വർഷങ്ങൾ കടന്ന് പോയി. നിനച്ചിരിക്കാതെയുള്ള അദ്ദേഹത്തിന്റെ മരണശേഷം ടിപ്പിക്കൽ മലയാളി വിധവകളെ പോലെ ഞാൻ എന്റെ ജീവിതം കുഞ്ഞുങ്ങൾക്ക് വേണ്ടി മാറ്റി വെച്ചു.
എന്റെ 22 വയസ്സിന് ശേഷം ഞാൻ ജീവിതത്തിൽ ഒറ്റക്ക് എടുത്ത ആദ്യത്തെ തീരുമാനം.
മക്കളൊക്കെ കല്യാണം കഴിച്ച് പോകും. താൻ പിന്നേയും ഒറ്റക്കാകും. ഉടനെ അല്ലെങ്കിലും പതിയെ താനും ഒരു വിവാഹം കഴിക്കണം.
‘എന്ത്’ ആവശ്യത്തിനും എന്നെ വിളിക്കാം. അതിൽ ‘എന്ത്’ എന്നത് Inverted കോമയുടെ അകത്താണെന്നത് മറക്കേണ്ട.
താൻ ഇപ്പോഴും കാണാൻ സുന്ദരിയാ. കേട്ടിട്ടില്ലേ 40 കഴിഞ്ഞവരുടെ പ്രണയത്തേയും സൗന്ദര്യത്തേയും വർണ്ണിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റുകൾ?
ഉപദേശങ്ങൾ പല ദിക്കിൽ നിന്നും കേട്ടെങ്കിലും രത്നചുരുക്കം പുനർ വിവാഹം ആയിരുന്നു.
സത്യം പറഞ്ഞാൽ മുൻ വിവാഹത്തിൽ അനുഭവിച്ച ദുരനുഭവങ്ങളാൽ പേടി ആയിരുന്നു, ഇനിയൊരു വിവാഹം ചെയ്യാൻ.
പക്ഷെ ഇന്ന് ഞാൻ അനുഭവിക്കുന്ന പ്രധാന പ്രശ്നം ഇതൊന്നുമല്ല.
പലരും പല സന്ദർഭങ്ങളിലും സുന്ദരിയായ വിധവ എന്ന സൈനേഡിൽ തേൻ പുരട്ടിയുള്ള ഭംഗി വാക്ക് കൊണ്ട് എന്നെ ഒഴിവാക്കുന്നു.
നാളെ ജോമോന്റെ വീട്ടിലെ പാല് കാച്ചൽ അല്ലേ? ദേവകിയെ വിളിച്ചോ ആവോ?
അവളെ വിളിച്ചാൽ പാല് കാച്ചലിന് പകരം അവന്റെ കെട്ടിയോള് അവനെയാകും കാച്ചുക.
അവരുടെയൊക്കെ ഭർത്താക്കന്മാരോ സഹോദരങ്ങളോ എന്തിനേറെ അച്ഛൻമാരോ പോലും എന്നിലേക്ക് അടുക്കും എന്ന ഭയം.
പ്രായമായ ആൾക്കാരെ അച്ഛനെ പോലെ കണ്ടാലും അവർക്ക് തോന്നൽ മറ്റു പലതും ആണ്…
കൂടെ ജോലി ചെയ്യുന്നവർ പോലും ഭാര്യമാരുടെ മുമ്പിൽ വെച്ച് എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ട് കാണിച്ചു തുടങ്ങിയ ദിനങ്ങൾ. ചിലർക്ക് ഭാര്യമാർ തെറ്റിദ്ധരിക്കും എന്ന പേടി. മറ്റു ചിലർക്ക് കണ്ണുരുട്ടിയുള്ള ഭാര്യമാരുടെ തലയണ മന്ത്രത്തെ പേടി.
കൂട്ടത്തിൽ ഓഫീസിലെ ജന്റിൽമാൻ ഇമേജ് ഉള്ള ശ്രീജു വരെ എന്റെ അരക്കെട്ടിന്റെ ഭംഗി വർണ്ണിച്ച് എനിക്ക് മെസ്സേജ് ഇട്ടിട്ടുണ്ട്. ആ ശ്രീജുവിന് പോലും ഇന്ന് അത് ചെയ്യാൻ ഭയം.
മറു വശത്ത് മേല്പറഞ്ഞ ‘എന്ത്’ ആവശ്യക്കാരും ഡസനോളമുണ്ട്.
വിധവയായ ഒരു സ്ത്രീ ഇത്രയൊക്കെ ഒഴിവാക്കലിന് വിധേയ ആവുമോ?
സമൂഹത്തിൽ ഒറ്റക്ക് ജീവിക്കുന്ന എല്ലാ സ്ത്രീകളേയും അവളുടെ കൂട്ടുകാരുടെ ഭാര്യമാരും ബന്ധുക്കാരും ഒരു വേള എങ്കിലും കാമ കണ്ണുകളിൽ നോക്കുമോ?
അറിയില്ല…
ഒരു നോട്ടം കൊണ്ട് പോലും തെറ്റായ രീതിയിൽ എന്റെ ഒരു സഹപ്രവർത്തകനേയും ഞാനായിട്ട് മോഹിപ്പിച്ചിട്ടില്ല, വഞ്ചിച്ചിട്ടില്ല.
കൂട്ടത്തിൽ ദീപക്ക് എനിക്ക് അത്രമേൽ പ്രിയപ്പെട്ട ജ്യേഷ്ടതുല്യൻ ആയിരുന്നു.
അനുമോദന വേളകളിൽ പരസ്പരം കളങ്കമില്ലാതെ കെട്ടിപ്പിടിക്കാൻ കഴിഞ്ഞിരുന്നവർ.
ഒരു പെണ്ണ് തനിക്ക് അത്രമേൽ വിശ്വാസവും ഇഷ്ടവും ഉള്ള ഒരാണിന്റെ അടുത്തേ അടുത്ത് ഇടപെഴകാറുള്ളൂ.
Its called level of closenesss & level of trust.
എതിരെ നിൽക്കുന്ന ആള് ആ അഭിനന്ദനത്തെ ചാഞ്ഞു കേറാൻ പറ്റിയ മരമായി കാണില്ല എന്ന വിശ്വാസം.
ദീപക്ക് ഒരു നല്ല ഭർത്താവാണ്. അദ്ദേഹത്തിന്റെ നേർപകുതി എനിക്ക് നേരെ ഇങ്ങനെയൊരു ആശങ്ക പ്രകടിപ്പിക്കുമ്പോൾ പച്ചയായ എന്നിലെ ‘സഹോദരി’ മാറി നിൽക്കാൻ തയ്യാറാണ് ഉള്ളം വിതുമ്പുന്ന സങ്കടത്തോടെ…
ചേച്ചി, അവസാന വരി എഴുതാൻ വരട്ടെ. ഞാൻ ആലി ബാവ. തൂലികാ നാമമാണ്. 40 കഴിഞ്ഞവരുടെ ദിവ്യമായ സ്നേഹത്തെ കുറിച്ച് ഒത്തിരി മോട്ടിവേഷണൽ പോസ്റ്റുകൾ എഴുതുന്ന ഒരു യുവ എഴുത്തുകാരൻ ആണ് ഞാൻ.
ആലിബാവയും 41 ആന്റിമാരും എന്ന എന്റെ എസ്‌ക്ലൂസീവ് വാട്സ്ആപ്പ് മനയിലേക്ക് വരുന്നോ?
ഒത്തിരി റൂൾസ് & റെഗുലേഷൻസ് ഒന്നുമില്ല.
ഒന്ന് മാത്രം…
എന്റെ ഭാര്യ അറിയരുത് ചേച്ചി ഒറ്റക്കാണ് ജീവിക്കുന്നത് എന്ന്…