എന്നാൽ അവളാവട്ടെ ആ സ്ത്രീക്ക് ഭക്ഷണവും മരുന്നും കൊടുത്തു കഴിഞ്ഞാൽ ഉടനെ തന്നെ കട്ടിലിനു താഴെ തുണി വിരിച്ചു കിടന്ന് ഫോണിൽ സംസാരമാവും . ചിലപ്പോ പുലർച്ചെ വരെ ആ സംസാരം നീളും….

ആശ്രയം

എഴുത്ത്:-ബിന്ദു എന്‍ പി

തന്റെ കല്യാണം കഴിഞ്ഞുവെന്ന് ഇപ്പോഴും അവൾക്ക് വിശ്വസിക്കാറായിട്ടില്ല .. സർക്കാരാശുപത്രിയിലെ ജനറൽ വാർഡിൽ അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്നത് അമ്മയുടെ കൂടെ നിൽക്കാൻ മറ്റാരും ഇല്ലാത്തതു കൊണ്ടായിരുന്നു . രണ്ടു ചേച്ചിമാരുണ്ട് . പക്ഷേ ആർക്കും ഒന്നിനും നേരമില്ല .

ഒട്ടൊരു പരിഭ്രാമത്തോടെയാണ് വാർഡിലേക്ക് വന്നതെങ്കിലും ഏറെ താമസിയാതെ എല്ലാവരുമായി പെട്ടെന്ന് തന്നെ കൂട്ടായി . ജമീല ഇത്തയും ഓമനമ്മയും ത്രേസ്യേടത്തിയും ഒക്കെ എന്താവശ്യത്തിനും ഒരു വിളിപ്പുറത്ത് ഉണ്ടായിരുന്നു .

അങ്ങനെയിരിക്കെയാണ് തൊട്ടപ്പുറത്തെ കിടക്കയിൽ പുതിയ രോഗി വന്നത് .. പ്രായമായി ഏറെ അവശയായ ഒരമ്മ . കൂട്ടിന് അവരുടെ മകൻ മാത്രം .. വേറെയാരും സഹായത്തിനില്ലാത്തതിനാൽ ചുറ്റുപാടുമുള്ളവർ അവരെ സഹായിച്ചു .ഒപ്പം അവളും ഉണ്ടായിരുന്നു .

മiലമൂത്ര വിiസർജനം പോലും പരസഹായമില്ലാതെ ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ആ അമ്മ .. ഒരു മകന് ചെയ്യുന്നതിന് പരിമിതികളുണ്ടായിരുന്നു . എന്നിട്ട് പോലും ആ മകൻ തന്നാലാവുന്ന വിധത്തിൽ അമ്മയെ പരിചരിച്ചു .

എല്ലാവരും അവനോട് പറഞ്ഞു ആരെങ്കിലും സഹായത്തിനുണ്ടെങ്കിൽ കൊണ്ടുവരാൻ . അങ്ങനെ അവൻ കൂട്ടിരിക്കാനായി ഒരു ബന്ധുവിനെ കൊണ്ടുവന്നു .സന്ധ്യയാവുമ്പോ ആ ബന്ധു വരും . അവന്റെ അകന്ന ബന്ധത്തിലുള്ള ഒരു സഹോദരിയാണെന്നാണ് പറഞ്ഞത് . അവരുണ്ടല്ലോ എന്ന ആശ്വാസത്തിൽ അവൻ പുറത്ത് ഉറങ്ങാൻ പോകും .

എന്നാൽ അവളാവട്ടെ ആ സ്ത്രീക്ക് ഭക്ഷണവും മരുന്നും കൊടുത്തു കഴിഞ്ഞാൽ ഉടനെ തന്നെ കട്ടിലിനു താഴെ തുണി വിരിച്ചു കിടന്ന് ഫോണിൽ സംസാരമാവും . ചിലപ്പോ പുലർച്ചെ വരെ ആ സംസാരം നീളും .. രോഗിയെ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .. ചുറ്റുമുള്ളവർ ഇതുകണ്ട് അടക്കം പറഞ്ഞു തുടങ്ങി . രാവിലെയാവുമ്പോ അവർ ജോലിക്ക് പോകും . സന്ധ്യയാവുമ്പോ വരും .

ഒരു ദിവസം ആ അമ്മ മൂത്രത്തിന്റെ ട്യൂബ് വലിച്ച് താഴെയിട്ടു . കിടക്ക മുഴുവൻ നനഞ്ഞു . അടുത്ത ബെഡിലുള്ളവരുടെ കൂട്ടിരിപ്പുകാർ സിസ്റ്ററെ വിളിച്ചു കൊണ്ടുവന്നു . എന്നിട്ടും ആ കൂട്ടിരിപ്പുകാരി ഇതൊന്നും അറിഞ്ഞതേയില്ല ..

അതില്പിന്നെ എല്ലാവരും ചേർന്ന് അവനോട് കാര്യം പറഞ്ഞു .. ഇങ്ങനെ ഒരു കൂട്ടിരിപ്പുകാരി ഉണ്ടായിട്ട് കാര്യമില്ലെന്നും മറ്റെന്തെങ്കിലും വഴി ആലോചിക്കണമെന്നും .

അങ്ങനെ അവിടെയുള്ള കൂട്ടിരിപ്പുകാരെല്ലാം ചേർന്നാണ് അവളെ അവന് വിവാഹം ആലോചിച്ചത് .. അവന് അനുവാദം ചോദിക്കാൻ ആരും ഉണ്ടായിരുന്നില്ല .. രണ്ടുപേർക്കും ഇഷ്ടക്കേടൊന്നുമില്ലായിരുന്നു .. അവൾക്കും അമ്മയുടെ സമ്മതം മാത്രം മതിയായിരുന്നു ..

അങ്ങനെ ആ സർക്കാരാശുപത്രിയിലെ കൂട്ടിരിപ്പുകാർ ചേർന്ന് അവരുടെ വിവാഹം തീരുമാനിക്കുകയും രജിസ്റ്റർ ഓഫീസിൽ വെച്ച് രണ്ടുപേരും കല്യാണം കഴിക്കുകയും ചെയ്തു . ആദ്യരാത്രി ആശുപത്രിയിൽ ആണെന്നേയുള്ളൂ . ഏറെ നാളുകൾക്കു ശേഷം സന്തോഷത്തോടെ അവൻ ആശുപത്രി വരാന്തയിൽ കിടന്നുറങ്ങി .. അവൾ രണ്ട് അമ്മമാരെയും ശുശ്രൂഷിച്ചു കൊണ്ട് ജനറൽ വാർഡിലും .. അവർക്ക് എല്ലാ ആശിർവാദങ്ങളും നേർന്നുകൊണ്ട് കൂട്ടിരിപ്പുകാരും …

Leave a Reply

Your email address will not be published. Required fields are marked *