എന്നാൽ മിനിറ്റുകൾക്കകം അയാൾ തന്റെ ക്യാബിനിലേക്ക് ഓടി കിതച്ചു കയറി വരുന്നതാണ് പിന്നെ മാന്‍വി കണ്ടത്.

ഒരു അസാധാരണ കഥ

Story written by Sabitha Aavani

അതൊരു സെപ്റ്റംബർ മാസമായിരുന്നു. മാന്‍വിയുടെ ജീവിതത്തിൽനിന്നും ഒഴിച്ചുകൂടാൻ പറ്റാത്ത കുവൈറ്റ് ദിനങ്ങൾ.

അന്നത്തെ ദിവസം അവൾ പതിവിലും നേരത്തെ ഓഫീസിലെത്തി.

കടുത്തചൂടിൽ നൂണ്‍ ഷിഫ്റ്റ് വല്ലാത്ത പാടാണ്.

ഓടി കയറി വന്നു ക്യാബിനിൽ ഇരിക്കുമ്പോൾ അവളാകെ വിയര്‍ത്ത് കുളിച്ചിരുന്നു.

രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് ലഞ്ച് ബ്രേക്ക് എടുക്കാൻ തയ്യാറായി നഫീലും അറഫാത്തും മാന്‍വിയെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

അവള്‍ വന്നതും അവര്‍ ഇറങ്ങി.

സിസ്റ്റം ഓൺ ആക്കി പ്രൊഫൈൽ ലോഗിൻ ചെയ്ത് പെന്റിങ് വർക്ക് നോക്കുന്നതിനിടയിൽ ആണ് സ്ഥിരം കസ്റ്റമർ ആയ സന്തോഷ് കയറി വരുന്നത്.

പ്രായം ഒരു അൻപതിനടുത്ത് ഉണ്ടാവും.

തമിഴൻ.

പ്രൈവറ്റ് കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു.

മാന്‍വി അവിടെ ജോലിയ്ക്ക് കയറിയ നാളു മുതല്‍ കാണുന്നതാണ് അയാള്‍ അവിടുത്തെ സ്ഥിരം കസ്റ്റമര്‍ ആണ്.

വരും ടിക്കറ്റുചാര്‍ജ്ജ് നോക്കും പോകും. അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക് ടിക്കറ്റെടുക്കാന്‍ ഒപ്പം വരും.

ആളെ കണ്ടാല്‍ ഉടന്‍ അവിടെ എല്ലാവരും കളിയാക്കും എല്ലാവരും രണ്ടും മൂന്നും തവണ നാട്ടില്‍ പോയി വന്നു… നിങ്ങള്‍ മാത്രം ഇങ്ങനെ നടന്നോ എന്ന്.

അപൊഴൊക്കെ അയാള്‍ തന്റെ പ്രാരാബ്ദങ്ങളുടെ കെട്ടഴിക്കും.

രണ്ട് പെണ്‍കുട്ടികള്‍ അവരെ പഠിപ്പിക്കണം. പെങ്ങള്‍ ഒരു രോഗി ആണ്. മരുന്നും വീട്ടുചിലവും പിന്നെ കുടുംബത്തിലെ ആവശ്യങ്ങള്‍ അങ്ങനെ നീളും.

അയാള്‍ കയറി വരുന്നതും നോക്കി ചിരിച്ചുകൊണ്ട് മാന്‍വി ഇരുന്നു.

” വണക്കം അമ്മാ ..”

വളരെ സന്തോഷത്തോടെ ആണാവരവ്.

” ഉങ്കൾക്ക് ലീവ് കടച്ചാച്ച..? “

മാൻവി ചിരിച്ചുകൊണ്ട് ചോദിച്ചു.

ലീവ് ആയിട്ടുണ്ട്,ടിക്കറ്റ് എടുക്കാന്‍ കമ്പനിയില്‍ നിന്നു പെര്‍മിഷന്‍ കിട്ടി. ഒക്ടോബറിലെ ടിക്കറ്റ് ചാര്‍ജ്ജ് കുറവുള്ള ദിവസങ്ങൾ ഏതൊക്കെ എന്ന് നോക്കി പറയാന്‍ അയാള്‍ തമിഴിൽ പറഞ്ഞു.

അദ്ദേഹം പറഞ്ഞതനുസരിച്ച് മാൻവി ഓരോ ദിവസങ്ങളുടെ ടിക്കറ്റ് ചാർജ് ചെക്ക് ചെയ്ത് തുടങ്ങി.

ഒപ്പം അയാളുടെ കുശലാന്വേഷണങ്ങളും.

ഏകദേശം മൂന്നുവർഷം ആവും അയാള്‍ നാട്ടിൽ പോയിട്ട്.

നാട്ടിൽ പോകാൻ പറ്റാത്തതിന്റെ സങ്കടം അയാൾ മാന്‍വിയോട് പറയുമ്പോള്‍ അവളുടെ കണ്ണുകൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ തന്നെ ആയിരുന്നു.

പെട്ടന്നാണ് ശ്രീലങ്കൻ എയർലൈൻസ് ഓഫർ അവളുടെ ശ്രദ്ധയില്‍ പെട്ടത്.

ഒക്ടോബറിലെ അവസാനത്തെ ആഴ്ച മാത്രം അൻപത് ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്.

ഇനിയും അത്രയും ദിവസം കാത്തിരിക്കണം ആദ്യം അയാള്‍ ഒന്നു മടിച്ചു.

അല്പം ആലോചിച്ചതിനു ശേഷം പകുതി പൈസയുടെ ലാഭം ഓര്‍ത്തിട്ടാവണം കുറച്ച് ദിവസങ്ങള്‍ കൂടി ക്ഷമയോടെ കാത്തിരിക്കാൻ അയാൾ തയ്യാറായത്.

ഓഫര്‍ ടിക്കറ്റായത് കൊണ്ട് തന്നെ പിന്നീട് തീയതി മാറ്റാനോ ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് കിട്ടാനോ ഇടയില്ലാത്ത nonexchangable nonrefundable ടിക്കറ്റുകള്‍ ആയിരുന്നു അത്.

മാന്‍വി അതിനെ പറ്റി പറയുമ്പോൾ അതൊന്നും കാര്യമേയല്ല എന്ന മട്ടിൽ അയാൾ ടിക്കറ്റ് ഇഷ്യൂ ചെയ്യാനായി പാസ്പോർട്ട് കോപ്പി നീട്ടി.

വിചാരിച്ചതിലും കുറച്ച് പൈസ മാത്രമേ ടിക്കറ്റിന് ചിലവായുള്ളൂ എന്ന സന്തോഷം അയാളിൽ കാണാമായിരുന്നു.

ഒപ്പം കാത്തിരിപ്പ് അവസാനിച്ച് നാട്ടിൽ പോകുന്നതിന്റെ ത്രില്ലും.

ഇടയ്ക്കെപ്പോഴോ അയാൾ അവളോട് എന്തെങ്കിലും കഴിച്ചോന്നും ഡ്യൂട്ടി ടൈമും ഒക്കെ അന്വേഷിച്ചു.

പലപ്പോഴും ആ സംസാരത്തില് ഒരു പിതാവിന്റെ വാത്സല്യം ഒളിഞ്ഞിരിക്കുന്നതായി അവള്‍ക്ക് തോന്നി.

ഇടയ്ക്കൊകെ സ്ക്രീനില്‍ നിന്ന് കണ്ണെടുക്കുമ്പോഴും ടിക്കറ്റിന്റെ കോപ്പി പ്രതീക്ഷിച്ച് തനിക്ക് മുന്നില്‍ വളരെ അധികം ആകാംഷയില്‍ ഇരിക്കുന്ന ആ മുഖം കണ്ടു മാന്‍വി അയാളെ നോക്കി പുഞ്ചിരിച്ചു.

ഒടുവില്‍ ടിക്കറ്റ് കോപ്പി അയാളുടെ കൈയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ അയാളത് വാങ്ങിയതും ഒപ്പം ആ കണ്ണുകള്‍ നിറയുന്നതും മനസ്സ് നിറയുന്നതും മാന്‍വി കണ്ടു.

അയാള്‍ അവള്‍ക്കു മുന്നില്‍ കൈകൂപ്പി നന്ദി പറഞ്ഞു പോയി.

മാൻവി അയാളെ തന്നെ നോക്കി ഇരുന്നു.

തന്റെ അച്ഛന്റെ പ്രായം ഉണ്ട് അയാള്‍ക്ക്.

എന്നാൽ മിനിറ്റുകൾക്കകം അയാൾ തന്റെ ക്യാബിനിലേക്ക് ഓടി കിതച്ചു കയറി വരുന്നതാണ് പിന്നെ മാന്‍വി കണ്ടത്.

ഒരു കുപ്പി ജ്യൂസും ഒരു കവർ ബിസ്ക്കറ്റും അവൾക്കു നേരെ നീട്ടി.

രാത്രിവരെ ഇതിലും നോക്കി ഇരിക്കേണ്ടതല്ലെ”

എന്ന് പറഞ്ഞു കൊണ്ട് സ്ക്രീനില് ഒരു തട്ടും തന്ന് അയാള്‍ പോയി.

മാന്‍വിയ്ക്ക് സന്തോഷം അടക്കാനായില്ല.

എന്ത് സ്നേഹം ഉള്ള മനുഷ്യൻ!

*********************

ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാകും.

അന്ന് ഓഫീസിലെത്തുമ്പോൾ ഒപ്പമുള്ള സ്റ്റാഫ് പറഞ്ഞു

” സന്തോഷ് വന്നിരുന്നു നിന്നെ തിരക്കി,ഉച്ചയ്ക്ക് ശേഷം വരാമെന്ന് പറഞ്ഞു തിരികെ പോയി “

മാൻവി അയാളുടെ ടിക്കറ്റ് ഓപ്പൺ ചെയ്ത് നോക്കി ഇല്ലമാറ്റം ഒന്നും ഇല്ല.

സാധാരണ ഫ്‌ളൈറ്റ് ടൈം ചേഞ്ച് എന്തെങ്കിലും ഉണ്ടെങ്കിൽ എയർ ലൈൻ ഡയറക്റ്റ് പാസ്സഞ്ചേഴ്‌സിനെ വിളിച്ച് പറയും എന്നിട്ട് പുതിയ ടിക്കറ്റ് കോപ്പി എടുത്ത ട്രാവെൽസ് നിന്ന് തന്നെ കളക്റ്റു ചെയ്യാൻ പറയും.

പക്ഷെ ഇത് അങ്ങനെ ഒന്നും കാണുന്നില്ല.

അപ്പോ പിന്നെ അയാൾ എന്തിനാവും ?

മാൻവി ചിന്തയിൽ മുഴുകി.

കുറച്ച് സമയം കഴിഞ്ഞു അയാൾ വന്നു.

മാന്‍വിയുടെ അടുത്ത് മറ്റൊരു കസ്റ്റമർ ഉള്ളത് കൊണ്ട് സന്തോഷ് മാൻവി ഫ്രീ ആകുന്നിടം വരെ കാത്തു നിന്നു.

അവളോട് വളരെ അധികം ടെന്‍ഷനിലാണ് അയാള്‍ സംസാരിച്ച് തുടങ്ങിയത്.

കമ്പനിയില്‍ അയാള്‍ക്കു മുന്‍പായി നാട്ടിൽ പോകാൻ ഇരുന്ന ആൾക്ക് ഇപ്പോ ലീവ് വേണ്ട എന്നറിയിച്ചു.

അതുകൊണ്ട് സന്തോഷിനോട് കുറച്ച് നേരത്തെ നാട്ടിൽ പോയി വരാൻ കമ്പനി പറഞ്ഞു.

ഈ മാസം അവസാനത്തോടെ അതായത് സെപ്റ്റംബറില് തന്നെ കഷ്ടിച്ച് ഒരു അഞ്ച് ദിവസം കൂടി.

ടിക്കറ്റ് തീയതി മാറ്റി കിട്ടാന്‍ എന്തെങ്കിലും ചാന്‍സ് ഉണ്ടോന്ന് അറിയാനാണ് അയാൾ വന്നത്.

അതിനു വേണ്ടി നേരിട്ട് എയർ ലൈൻസ് ഓഫീസ്സില് പോകാനും അയാൾ തയ്യാറായിരുന്നു.

എന്നിട്ടും മാന്‍വി എയര്‍ ലൈന്‍സ് ഓഫീസിലേക്ക് വിളിച്ചു.ഫലം ഉണ്ടായില്ല.

ആദ്യമേ അത് ഓഫർ ടിക്കറ്റ് ആയത് കൊണ്ട് ഇതൊന്നും പറ്റില്ല എന്ന് പറഞ്ഞിരുന്നില്ലേ എന്ന് അയാളോട് ചോദിക്കുമ്പോൾ…

ഒരു മാസം ഉണ്ട് ഇനി നാട്ടിൽ പോകാൻ കുറച്ച് നേരത്തെ പോകാൻ പറ്റിയാൽ നല്ലതല്ലേ അതുകൊണ്ടാ വന്നത് എന്ന് പറഞ്ഞു അയാൾ നെടുവീർപ്പെട്ടു.

മാൻവിയ്ക്ക് മറ്റൊന്നും ചെയ്യാന്‍ ആകുമായിരുന്നില്ല.

സാരമില്ല വേറെ ആരെങ്കിലും പോകുന്നെങ്കിൽ പോട്ടെ ഞാൻ ആ തീയതി തന്നെ പോവാം. കടവുൾടെ തീരുമാനം അങ്ങനെ ആവും എന്നു പറഞ്ഞയാൾ പോയി.

മൂന്ന് വർഷം…

നാടും കുടുംബവും ബന്ധങ്ങളും ഒക്കെ വിട്ടെറിഞ്ഞ് വരുന്ന ഓരോ പ്രവാസിയുടെയും കഥ ഇങ്ങനെ ഒക്കെ തന്നെ അല്ലെ.

ജീവിതം വളരെ വേഗം സഞ്ചരിക്കും പ്രവാസം അവസാനമില്ലാതെയും.

**********************

ദിവസങ്ങൾ കഴിഞ്ഞു.

പതിവുപോലെ മാന്‍വി ഡ്യൂട്ടിയ്ക്ക് ജോയിൻ ചെയ്തു.

അന്നെന്തോ വല്ലാത്തൊരു മടുപ്പ് തോന്നി അവള്‍ക്ക്.

ജോലി ഒക്കെ മാറ്റിവെച്ച് അവള്‍ അലസമായി തന്റെ ടേബിളിൽ തലവെച്ച് കിടക്കാനൊരുങ്ങി.

അപൊഴാണ് സ്ക്രീനിനു അരികിൽ ഒരു എന്‍വലപ്പ് മാന്‍വിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

എയർ ഇന്ത്യയുടെ ആണ്.

അതെടുത്ത് തുറന്നു നോക്കുമ്പോൾ എന്തൊ ഡോക്യൂമെന്റസ് ആണെന്ന് മനസ്സിലായി.

അറബിക്കില്‍ എഴുതിയതൊന്നും കണ്ടിട്ട് അത് എന്തെന്ന് മനസ്സിലായില്ല.

എല്ലാം ഒർജിനൽ ഡോക്യൂമെന്റസ് ആണ്.

ചുവന്ന സീൽ സൈൻ സ്റ്റാംപ് ഒക്കെ ഉണ്ട്.

തന്റെ ക്യാബിനിൽ ഇതാരാവും കൊണ്ടുവച്ചത്?

ആരെങ്കിലും ഇവിടിരുന്നു വർക്ക് ചെയ്തിട്ടുണ്ടാവും അവര്‍ മറന്നു വെച്ചതാവും.

മാന്‍വി എഴുന്നേറ്റു അക്കൗണ്ട്സ് സെക്ഷനിലെ സ്റ്റാഫ് നഫീലിനെ ആ ഡോക്യൂമെന്റസ് കാണിച്ചു കാര്യം തിരക്കി.

അവൻ മൻവിയോട് അതിന്റെ ഏറ്റവും അടിയിലിരിക്കുന്ന ഡോക്യൂമെന്റസ് നോക്കാൻ പറഞ്ഞു.

ആളെ നിനക്ക് അറിയുമെന്നും.

മാന്‍വി ഒന്നും പറയാതെ തന്നെ കൈയ്യിലെ ഡോക്യൂമെന്റ്സ് വേഗം മറിച്ചു നോക്കി.

റെഡ് സീൽ ചെയ്ത ഒരു പാസ്പോർട്ട് കോപ്പി.

“സന്തോഷ് ? “

മാന്‍വി നഫീലിന്റെ മുഖത്തെയ്ക്ക് നോക്കി.

“യെസ് .”

“അയാൾക്കെന്താ ?”

ഉള്ളില്‍ ഒരുപാട് ചോദ്യങ്ങളുമായി മാന്‍വി അടുത്ത പേജ് നോക്കി.

“ഡെത്ത് സർട്ടിഫിക്കറ്റ് “

മാന്‍വിയുടെ മനസ്സിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു.

അവള്‍ അതിലെ പേരിൽ വിരലോടിച്ചു സന്തോഷ്.

കുറച്ച് നേരത്തേയ്ക്ക് മാന്‍വി ഒന്നും മിണ്ടാതെ സ്തംഭിച്ചു നിന്നു.

അവള്‍ക്ക് കൂടുതല്‍ ഒന്നും മനസ്സിലായില്ല.

പക്ഷെ ഒന്ന് അറിയാം അയാൾ ഇന്ന് ജീവനോടെ ഇല്ല.

“ബോഡി നാട്ടിൽ കൊണ്ടുപോകുന്നതിന്റെ ഫോര്‍മാലിറ്റിസ് കഴിഞ്ഞിട്ടില്ല. എയർ ഇന്ത്യ വഴി ആണ് ബോഡി ചെന്നൈയ്ക്ക് എത്തിയ്ക്കുന്നത്. ഫര്‍വാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ ആണ് ബോഡി ഇപ്പോ”

അക്കൗണ്ട് പയ്യൻ മാന്‍വിയോട് എന്തൊക്കെയോ പറയുന്നു.

” മരിച്ചിട്ട് രണ്ട് ദിവസം ആയി. ഹാർട്ട് അറ്റാക്ക് ആയിരുന്നു. ബോഡി എംബാം ചെയ്ത് അയക്കാൻ കുറച്ച് ഫോർമാലിറ്റീസ് ഇനിയും ബാക്കി ഉണ്ട്. അത് കഴിഞ്ഞ് അന്ന് നീ ഇഷ്യൂ ചെയ്ത ടിക്ക്റ്റിന്റെ റീഫണ്ടിനു അപ്ലൈ ചെയ്യണം. ഡെത്ത് സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്താൽ മതി. പാവം നാട്ടില്‍ പോകാന്‍ കൂടി കഴിഞ്ഞില്ലല്ലൊ.

വിധി!”

നഫീല്‍ നടന്നകന്നു.

മാന്‍വി ആ നില്‍പ്പ് തന്നെ നിന്നു.

മാന്‍വിയുടെ ഉള്ളില്‍ അയാളുടെ മുഖം തെളിഞ്ഞു വരുന്നു.

മാന്‍വി ആ ഡോക്യൂമെന്റസുമായി വന്ന് തന്റെ ക്യാബിനിൽ തന്നെ ഇരുന്നു.

ഒരുതരം മരവിപ്പ്.

കൈയ്യും കാലുമൊന്നും അനക്കാൻ പറ്റാത്ത അവസ്ഥ.

ആരോടും ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥ.

മാന്‍വി അയാളുടെ ടിക്കറ്റ് സെർച്ച് ചെയ്തു കണ്ടെത്തി.

ഇന്ന് ഒക്ടോബർ പന്ത്രണ്ട് അയാൾ നാട്ടിൽ പോകാൻ ഇരുന്നത് വരുന്ന ഇരുപത്തിയാറിന്ഇ നി വെറും പതിനാലു ദിവസം!

കഴിഞ്ഞ മൂന്നുവർഷത്തെ കാത്തിരിപ്പിന് മുന്നില്‍ ആ പതിനാലു ദിവസങ്ങള്‍ അയാള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ പോലെ കടന്നു പോയേനേ…

അല്പമെങ്കിലും ദയ അയാളോട് ദൈവങ്ങള്‍ക്ക് കാണിക്കാമായിരുന്നു.

മാന്‍വി ദൈവങ്ങളെ ശപിച്ചു.

ഈ ജന്മം മുഴുവന്‍ അയാള്‍ അനുഭവിച്ച കഷ്ടപ്പാട് കാത്തിരിപ്പ് ഒക്കെ ഇല്ലാതായി പോയ നിമിഷങ്ങൾ.

അവള്‍ അറിയാതെ ആ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

ഒരു ദിവസമെങ്കിലും അയാൾക്ക്‌നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ?

മരണക്കിടയ്ക്കയിലും അയാള്‍ അത്രയും ആഗ്രഹിച്ചിട്ടുണ്ടാവും പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന്.

അറിയാതെയെങ്കിലും ആ യാത്ര നീണ്ടു പോകാന്‍ താനും തടസ്സമായി.

അയാളുടെ അനാഥമായ മരണത്തിന് താനും കാരണക്കാരിയായി.

ഇന്നീ നിമിഷവും അവള്‍ പ്രാർത്ഥിക്കാറുണ്ട് അയാൾക്ക് വേണ്ടി,അയാളുടെ കുടുംബത്തിന് വേണ്ടി.

ഇന്നും അത് ഒരു ദു:സ്വപ്നം പോലെ അവളെ അലട്ടുന്നുണ്ട്.

കെട്ടിപൊതിഞ്ഞ് എത്തിയ അയാളുടെ ശരീരത്തിന് മുന്നിൽ അലമുറയിടുന്ന ആ പെൺകുട്ടികളെ കരച്ചിൽ അവള്‍ക്കു കേൾക്കാം.

കൂടപ്പിറപ്പിന്റെ അലമുറയിടല്‍ അവള്‍ക്കു കേൾക്കാം. അകാലത്തില്‍ പൊലിഞ്ഞ ആ മനുഷ്യന് നിത്യശാന്തി നേരുന്ന ഉറ്റവരെ കാണാം.

ഒന്നിനും വയ്യാതെ തളര്‍ന്ന് കിടക്കുന്ന ഭാര്യയെ കാണാം. വിധി എന്നല്ലാതെ ഒന്നും പറയാനാവുന്നില്ല അവള്‍ക്ക്.

തനിച്ചിരുന്നു അതൊക്കെ ആലോചിക്കുന്ന രാത്രികളിൽ അവള്‍ക്ക് തോന്നാറുണ്ട് ആകാശത്ത് മിന്നിമറയുന്ന നക്ഷത്രങ്ങൾക്ക് ഒപ്പം അയാൾ ഉണ്ടാവുമെന്ന്…

ആ നക്ഷത്രം അവളോട് സംസാരിക്കുന്നുണ്ട് എന്ന്…

നാട്ടില്‍ എത്താന്‍ കഴിയാതെ മരണപ്പെട്ട സങ്കടം പറയുന്നു എന്ന്…

പക്ഷെ ഒന്നുറപ്പുണ്ട് ഓർമ്മകളിലെന്നും ആ മനുഷ്യന്‍ ഉണ്ടാവും നീറുന്നൊരു ഓര്‍മ്മയായി.

അവളില്‍ ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യൻ.

Nb : ഇതൊരു സാങ്കല്പിക കഥ അല്ല.

കഥയും കഥാപാത്രങ്ങളും യാഥാർത്യമാണ്.

ചെറുകഥയുടെ ചിട്ടകളോ മര്യാദകളോ പാലിക്കാതെ എന്റെ അനുഭവത്തെ ഉള്ളിൽ നിന്നടർത്തി ഇടാൻ നന്നേ പാടുപെട്ടൊരു എഴുത്താണിത് എനിക്ക്.

കണ്ണീർ പടരാതെ ഇതിലെ ഒരു വരിപോലും ജനിച്ചിട്ടില്ല.

എന്റെ ഹൃദയം വിങ്ങാതെ ഈ കഥ എഴുതി മുഴുപ്പിക്കാനായിട്ടില്ല.

കൊത്തിവലിയ്ക്കുന്ന ആ ഓർമ്മയുടെ മുന്നിൽ അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിച്ചുകൊണ്ട്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *