തെറ്റും ശരിയും
എഴുത്ത്: രാജു പി കെ കോടനാട്
“കറിക്ക് എരുവുമില്ല ഉപ്പുമില്ല വീട്ടിൽ അമ്മ വച്ചുണ്ടാക്കി ഉരുട്ടി വായിൽ തന്നാൽ സന്തോഷം എന്ന് കരുതുന്ന പെൺകുട്ടികളാണ് ഇന്ന് കൂടുതൽ പേരും വല്ലപ്പോഴും ഒരു സഹായത്തിന് അടുക്കളയിലേക്ക് ഒന്ന് വിളിച്ചാൽ അപ്പോൾ പുസ്തകം എടുത്ത് നിവർത്തും എന്നിട്ട് ഉച്ചത്തിൽ പറയും എനിക്ക് ഒത്തിരി പഠിക്കാനുണ്ട്….വിവാഹം കഴിച്ചയക്കുന്ന വീടാണ് പിന്നെ അവരുടെ പാചക പരീക്ഷണശാല നിന്നെ പറഞ്ഞിട്ട് കാര്യമില്ല നിന്റെ അമ്മയെ ഞാൻ കാണട്ടെ.”
“ദേ തള്ളേ അവള് തരുന്നതും കഴിച്ച് മിണ്ടാതെ അവിടെ എങ്ങാനും കിടന്നോണം ഇല്ലെങ്കിൽ നിങ്ങടെ നാവ് ഞാൻ പിഴുതെടുക്കും കറിക്ക് എരുവ് കൂടി ഉപ്പ് കൂടി കടുക് പൊട്ടിയില്ല എന്നൊക്കെ പറഞ്ഞ് വെറുതെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ പെറ്റ തള്ളയാണെന്നൊന്നും ഞാൻ നോക്കില്ല”
“നീ എന്നെ എന്ത് ചെയ്യുമെന്നാ പറഞ്ഞ് വരുന്നേ, ഞാൻ നിന്നോട് വല്ലതും പറഞ്ഞോ. എട നാറീ ഇതൊക്കെപ്പറയാൻ മാത്രം നിന്നെ വളർത്തി വലുതാക്കിയത് ഞാനാണെങ്കിൽ എനിക്കറിയാം എന്ത് ചെയ്യണമെന്ന്.നിന്നെ പേടിച്ച് ഞാൻ ഇവിടെ ഒരു നിമിഷം ജീവിക്കുമെന്ന് കരുതണ്ട”
“നിങ്ങളെ ഇന്ന് ഞാൻ”
പ്രതീക്ഷിക്കാതെ മുഖത്ത് കിട്ടിയ മകന്റെ ഇടിയിൽ താഴെ വീണതും വീണ ഓടിയെത്തി എന്നെ ചേർത്ത് പഠിച്ചു.
നീ എന്നെ വിട് അവൻ എന്നെ തല്ലി കൊല്ലട്ടെ മകന്റെ കൈ കൊണ്ട് മരിക്കാനാവും എന്റെ വിധി.
കൊഴുത്ത ചോരയോടൊപ്പം അടർന്ന രണ്ട് പല്ലുകളും മുറ്റത്തേക്ക് നീട്ടി തുപ്പി. ശരീരത്തിന്റെ മുറിവിനേക്കാളും മനസ്സ് വല്ലാതെ വേദനിക്കുന്നു..
“അമ്മ ഇത് കുടിക്ക്”
“എനിക്ക് ഒന്നും വേണ്ട മോളെ പാതി ജീവൻ ബാക്കി വച്ചിട്ട് പോവാതെ എന്നെ കൊന്നിട്ട് പോടാ നീ”
“എന്നോട് കളിച്ചാൽ തള്ള ഇനിയും മേടിക്കും നിലത്തുറയ്ക്കാത്ത കാലുകളുമായി മകൻ പുറത്തേക്ക് നടന്നു പോകുന്ന കാഴ്ച്ച കാണാൻ വയ്യാതെ കണ്ണുകൾ ചേർത്തടച്ചു”
മുറ്റത്ത് ഒരു കോണിൽ മാറിനിന്ന് വീണ അർക്കോ ഫോൺ ചെയ്യുന്നുണ്ട് സംസാരം തീർത്ത് മടങ്ങിവരുമ്പോൾ അവളുടെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടയ്ക്കുന്നുണ്ട്.
“അമ്മ വാ നമുക്ക് ആശുപത്രി വരെ ഒന്ന് പോകാം ചോരയും നിൽക്കുന്നില്ലല്ലോ”
“വേണ്ട മോളെ കുറച്ച് ഉപ്പ് വെള്ളം കവിൾക്കൊണ്ടാൽ മാറിക്കോളും”
നിർബന്ധിച്ച് യാത്രയാക്കി ഓട്ടോയിൽ മകൾ നേരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ചിന്തിച്ചു എന്തിനാവും ഇവിടെ ഇടനാഴിയുടെ അങ്ങേ അറ്റത്ത് നിഖിൽ ഉണ്ട് വെള്ളത്തിൽ വീണ കോഴിയേപ്പോലെ.
“നമ്മൾ എന്തിനാ മോളേ ഇവിടെ വന്നിരിക്കുന്നത് നിഖിലാണല്ലോ അത് അവൻ വല്ല അടി പിടിയും ഉണ്ടാക്കിയോ”
“അമ്മ വന്നേ കാര്യങ്ങൾ ഞാൻ ഞാൻ പറയാം”
നേരെ എസ് ഐ യുടെ മുറിയിലേക്ക് കയറി മകന്റെ പ്രായമുള്ള ചെറുപ്പക്കാരനായ ഓഫീസർ മോളോട് പറയുന്നുണ്ട്
“ഫോട്ടോ വാട്സാപ്പ് ചെയ്തതുകൊണ്ട് ആളെ പെട്ടന്ന് പൊക്കിയെടുത്ത് ഇങ്ങ് കൊണ്ടുവന്നു താൻ പറഞ്ഞതു പോലെ അവൻ ബാറിന്റെ മുന്നിൽ ഉണ്ടായിരുന്നു.”
“അമ്മച്ചി ഇരിക്ക് മുഖത്ത് ഇതെന്ത് പറ്റിയതാ”
“മോനേ ഞാൻ മുറ്റത്ത് ഒന്ന് തെന്നി വീണതാണ് ഇടയ്ക്ക് കാഴ്ച്ചക്ക് വല്ലാത്ത മങ്ങലാണ്”
“വീണതല്ലല്ലോ മകൻ തല്ലിയതാണെന്ന് മോൾ പറഞ്ഞല്ലോ രണ്ട് കൊടുത്തപ്പോൾ അയാൾ സമ്മതിക്കുകയും ചെയ്തു”
“എന്റെ മോൻ പാവമാണ് ഞാൻ സാറിന്റെ കാല് പിടിക്കാം അവനെ ഒന്നും ചെയ്യരുത്”
“ഞങ്ങൾ ഉപദ്രവിക്കത്തൊന്നുമില്ല ചെയ്ത തെറ്റിനുളള ശിക്ഷ അനുഭവിക്കട്ടെ കുറച്ച് ദിവസം അകത്ത് കിടക്കുമ്പോൾ ഇവനൊക്കെ ഒന്ന് പഠിക്കും സത്യത്തിൽ ഇതിനുള്ള ശിക്ഷ ജന മധ്യത്തിലാണ് നൽകേണ്ടത് അമ്മ ധൈര്യമായി പൊയ്ക്കോ”
” മോനെ അവർ ഉപദ്രവിക്കോ എന്റെ കുഞ്ഞിനെ”
” ഇല്ലഅമ്മേ ഇപ്പോൾ ജനമൈത്രി പോലീസല്ലേ”
ഡോക്റ്ററേയും കണ്ട് തിരികെ വീട്ടിലെത്തി അല്പം ചൂട് കഞ്ഞിയും കുടിച്ച് ഇരിക്കുമ്പോൾ എന്നോട് ചേർന്നിരുന്ന് മകൾ പറഞ്ഞു.
“അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാണ് പക്ഷെ അമ്മയുടെ മകന്റെ ഭാര്യയായി ജീവിക്കാൻ ഞാൻ ഇനി തയ്യാറല്ല വീട്ടിലെ നിസാര പ്രശ്നങ്ങളുടെ പുറത്ത് ഇന്ന് വളർത്തി വലുതാക്കിയ സ്വന്തം അമ്മയെ എന്റെ കണ്മുന്നിൽ വച്ചാണ് തല്ലിയത് വിവാഹം കഴിഞ്ഞ് അധികം ആവുന്നതിന് മുൻപ് ഇങ്ങനെ, അമ്മയെ തല്ലിയ മകൻ നാളെ ഇതുപോലെ എന്തെങ്കിലും കാര്യത്തിന് എന്നെ കൊല്ലാനും മടിക്കില്ല സ്വന്തം അമ്മയെ സ്നേഹിക്കാൻ കഴിയാത്ത മകൻ എങ്ങനെ ഭാര്യയെ സ്നേഹിക്കും. അതുകൊണ്ട് അമ്മയുടെ മകനോടൊപ്പമുള്ള ജീവിതം ഞാൻ ഉപേക്ഷിക്കുകയാണ്.”
“മോളുടെ തീരുമാനം ഉറച്ചതാണെന്ന് ആ മുഖഭാവത്തിൽ നിന്നും തോന്നിയതു കൊണ്ട് മറുത്തൊന്നും പറഞ്ഞില്ല.”
എന്നെ മൂത്ത മകളുടെ അടുത്താക്കി അച്ഛനും മകളും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവസാനമായി ഒന്നുകൂടി മോളെ ചേർത്ത് പിടിച്ച് പറഞ്ഞു
“ന്റെ കുട്ടിക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ മക്കളുടെ ചില തെറ്റുകൾ അച്ഛനമ്മമാർക്കല്ലാതെ മറ്റാർക്കും ഒരിക്കലും പൊറുക്കാൻ കഴിയില്ല ചിലർ അതൊരിക്കലും മനസ്സിലാക്കില്ലെന്ന് മാത്രം”