മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ഇൻകം ടാക്സ് എടുക്കുന്നതിനിടയിലും ആരുഷ് അസ്വസ്ഥനായിരുന്നു. സുരേഷ് നാഥൻ സാർ ആണ് എടുക്കുന്നത്. ക്ലാസ്സിൽ എല്ലാവരും കൃത്യമായി ശ്രദ്ധിച്ചിരുന്നെ പറ്റുള്ളൂ എന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. പലവുരു നോക്കിയപ്പോഴും ആരുഷിന്റെ ശ്രദ്ധ പഠനത്തിൽ അല്ലെന്ന് കണ്ട അദ്ദേഹം അവനോട് ക്ഷോഭിച്ചുകൊണ്ട് ഇറങ്ങിപ്പോകാൻ ആജ്ഞാപിച്ചു. വേദികയും ദിയയും സിയയുമൊക്കെ അന്തംവിട്ടിരുന്നു. ക്ലാസ്സിൽ കൃത്യമായി ശ്രദ്ധിക്കുന്നവന് ഇന്നെന്താ പറ്റിയതെന്നായിരുന്നു അവരുടെ ചിന്ത.
ക്ലാസ്സ് കഴിഞ്ഞതും അവർ ചെമ്പകച്ചുവട്ടിലേക്ക് നടന്നു. എന്നാൽ ആരുഷിനെ കാണാനായില്ല. മുനീറും വേദുവും മാറിമാറി വിളിച്ചെങ്കിലും കാൾ എടുത്തില്ല.
കോളേജ് കഴിഞ്ഞ് മുനീർ ആരുഷിന്റെ വീട്ടിലേക്ക് തിരിച്ചു. വീടിന് മുൻപിൽ ബൈക്ക് ഒതുക്കിയപ്പോഴേ കണ്ടു ആദിയെ. ആരുഷിന്റെ അനിയൻ. അമ്മ ദേവിക ഹൗസ് വൈഫ് അച്ഛൻ രുദ്രദേവ്. സ്വന്തമായൊരു ഫർണിഷിങ് കമ്പനി നടത്തുന്നു.
മുനീറിനെ കണ്ട് ചിരിച്ചുകൊണ്ട് ആദിയിറങ്ങിവന്നു. ആരുഷില്ലേടാ.. മുനീർ സംശയത്തോടെ ചോദിച്ചു….
ഉണ്ടിക്കാ.. ഉച്ചയ്ക്ക് വന്നത് മുതൽ റൂമിനകത്താ. എന്ത് പറ്റി ഉടക്കിയോ ആദി അന്വേഷിച്ചു…
ഇല്ലെടാ.. പിന്നെ നിന്റെ ചേട്ടന് ദേഷ്യം വരുന്നതെവിടെനിന്നെന്നോ പോകുന്നതെങ്ങോട്ടേക്കാണെന്നോ ആർക്കും അറിയില്ലല്ലോ. ചെറുചിരിയോടെ പറഞ്ഞുകൊണ്ട് മുനീർ സ്റ്റെയർ കയറി.
മുറിക്കകത്തേക്ക് കടന്നപ്പോഴേ കണ്ടു കട്ടിലിൽ കമഴ്ന്നു കിടക്കുന്ന ആരുഷിനെ. വന്ന വേഷം പോലും മാറ്റിയിട്ടില്ല.
ആരുഷ്.. മുനീറിന്റെ ശബ്ദം കേട്ടവൻ ചാടിയെഴുന്നേറ്റു. എന്ത് പറ്റിയെടാ…? ആകെ വല്ലാതെ മുനീർ ചോദിച്ചു.
മൗനമായിരുന്നു ഉത്തരം.
Do u love Vedhika.?
തളംകെട്ടിനിന്ന നിശബ്ദത ഭേദിച്ചു കൊണ്ട് മുനീറിന്റെ ശബ്ദമുയർന്നതും ആന്തലോടെ ആരുഷ് മുഖമുയർത്തി. അതുമാത്രം മതിയായിരുന്നു മുനീറിന് അവനെ മനസ്സിലാക്കാൻ…
എത്ര നാളായി.? കൂടെ നടന്നിട്ടും എന്താ നീ ആരോടും പറയാഞ്ഞത്.? മുനീർ ചോദ്യങ്ങൾ തൊടുത്തുവിട്ടു.
ആദ്യമായ് കണ്ട നാൾ മുതൽ അവളെന്റെ ഉള്ളിലുണ്ടെടാ. ആരുഷ് പറഞ്ഞു. എന്താ നീയവളോട് പറയാത്തത്.?
സൗഹൃദത്തിലൂടെയാ അവളെന്നിലേക്ക് കടന്നു വന്നത്. ദിയക്കും സിയക്കും കൊടുത്ത അതേ സ്ഥാനം എന്റെ വേദുവിനും നൽകാൻ എനിക്ക് കഴിഞ്ഞില്ല. വേദുവിന് എന്തിനും ആരുഷ് വേണം.എന്തിനും അവളാദ്യം വിളിക്കുന്നത് എന്നെയാ. എനിക്കറിയാം അവൾക്കെന്നെ ഇഷ്ടമാണ് പക്ഷേ ആ ഇഷ്ടം സൗഹൃദം എന്നൊരു മതിക്കെട്ടിനകത്തായി ഒതുക്കിയിട്ടുണ്ടവൾ. അതിനുമപ്പുറം അവളുടെ മനസ്സിൽ മറ്റൊരർത്ഥത്തിൽ ആരുഷിന് സ്ഥാനമില്ലെടാ. ഞാനെന്റെ ഇഷ്ടം തുറന്നു പറയുമ്പോൾ അവളെന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ അത് താങ്ങാൻ എനിക്കാവില്ലെടാ. ആദ്യമായി അഡ്മിഷൻ എടുക്കാൻ വന്നപ്പോഴാ ഞാനവളെ കണ്ടത്. അവളുടെ അനിയന്റെ കൂടെ അടികൂടി മുഖവും വീർപ്പിച്ചു പോകുന്ന രൂപം. അന്ന് മുതൽ മനസ്സിൽ കൊണ്ട് നടക്കുവാ ഞാനവളെ. ക്ലാസ്സ് തുടങ്ങിയപ്പോൾ അങ്ങോട്ട് ചെന്ന് അവളോട് ഫ്രണ്ട്ഷിപ്പ് സ്ഥാപിച്ചത് അതെല്ലാം അവളോടുള്ള ഇഷ്ടം കൊണ്ടുതന്നെയാ. ആരുഷ് പറഞ്ഞുനിർത്തി.
ഞാനും സിയയും ഇഷ്ടത്തിലാണ്. ഞങ്ങളുടെ പ്രണയത്തിനുമപ്പുറം നമുക്കിടയിലേക്ക് പ്രണയം എന്നൊരു വിഷയം ചർച്ച ചെയ്തിട്ടില്ല ഇതുവരെ. ദിയക്കും വേദുവിനും വരുന്ന പ്രണയാഭ്യര്ഥനകളും വഴക്കുകളുമെല്ലാം തീർത്തിട്ടുണ്ട്. വേദുവിനെ തെറ്റായ അർത്ഥത്തിൽ മറ്റൊരാൾ നോക്കുന്നത് പോലും നിനക്കിഷ്ടമല്ല. അന്ന് ഗോകുലിനെ നീ അടിച്ചതും ഇന്ന് ഋതിക്കിന്റെ കണ്ണിൽ വിരിഞ്ഞ ഭാവവും നിന്നെ പിടിച്ചുലച്ചിട്ടുണ്ട്. നിന്റെ പെണ്ണിനെ മറ്റൊരാൾ നോക്കുമ്പോഴുണ്ടാകുന്ന പൊസ്സസ്സീവ്നെസ്സ്. അത് അവിടെ പ്രകടമാക്കിയാൽ വേദികയിൽ അത് സംശയമുണർത്തും ഇതൊക്കെയല്ലേ നിന്റെയുള്ളിൽ മുനീർ പറഞ്ഞു നിർത്തി. ഞാനില്ലേടാ കൂടെ നമുക്ക് ശരിയാക്കാം മുനീർ അവനെ ചേർത്തുപിടിച്ചു. മറുപടിയായി ആരുഷിന്റെ മുഖത്തൊരു ചിരി വിടർന്നു.
പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം തണൽ മരത്തിന് ചുവട്ടിൽ ഇരിക്കുകയായിരുന്നു അവർ. സിയയുടെ കൈകോർത്തു പിടിച്ചിട്ടുണ്ട് മുനീർ. ദിയയുടെ തോളിൽ തലവച്ച് കിടക്കുകയാണ് വേദു.വേദുവിനരികിലായി ഇരിക്കുകയാണ് ആരുഷ്.
ഡി ദിയമോളെ.. നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ.? മുനീറിന്റെ ചോദ്യം കേട്ട് ദിയ തലയുയർത്തി. ആഹ് അവൾ എണ്ണമെടുത്താൽ പിന്നെ തീരാൻ പാടായിരിക്കും ദിയയുടെ തോളിൽ കിടന്ന വേദിക കളിയാക്കി.
പോടീ ദുഷ്ടേ….ദിയ പരിഭവത്തോടെ വേദികയെ തള്ളി. പെട്ടെന്നുള്ള നീക്കത്തിൽ വേദിക ആരുഷിന്റെ മടിത്തട്ടിലേക്ക് വീണു. ഇരുകൈ കൊണ്ടും അവളെ പിടിക്കുമ്പോൾ വേദുവിന്റെയും ആരുഷിന്റെയും മിഴികൾ തമ്മിൽ കോർത്തു. അവന്റെ മിഴികളിലെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുമ്പോൾ തെളിഞ്ഞ ഭാവം അവൾക്കന്യമായിരുന്നു ഇതുവരെ. തനിക്കായി അവൻ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആഴക്കടലിലേക്ക് നോക്കിക്കിടക്കെ പെട്ടെന്ന് പിടച്ചിലോടെ വേദിക മിഴികൾ മാറ്റി എഴുന്നേറ്റു.
പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെടാ.. മൂന്നാം ക്ലാസ്സിൽ പടിക്കുമ്പോഴാ. എന്റെ ക്ലാസ്സിലെ ചെക്കനായിരുന്നു. അവന് ഞാൻ എന്നും എക്ലെയ്‌സ് മിഠായി ഒക്കെ കൊണ്ട് കൊടുക്കുമായിരുന്നു. രണ്ടുദിവസം എക്ലെയ്‌സ് കിട്ടാതായപ്പോൾ അവനെന്നെ ഇട്ടിട്ട് ക്ലാസ്സിലെ ശ്രുതിയുടെ കൂടെ കൂടി. ദിയയുടെ സംസാരം ഏവരിലും ചിരിയുണർത്തിയെങ്കിലും പിടിച്ചിരുന്നു. അതിനുശേഷം പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ എക്കണോമിക്സ് സാറിനോട് ഇഷ്ടം തോന്നി. എന്നും എന്നെ നോട്സ് കംപ്ലീറ്റ് ചെയ്യാത്തതിന് വഴക്ക് പറയുമായിരുന്നു. സാറിനെ വളച്ചാൽ പിന്നെ നോട്ട്സിന്റെ കാര്യം പേടിക്കേണ്ടല്ലോ എന്ന് കരുതിയാ അത്. അങ്ങേരുടെ നോട്ട്സ് കംപ്ലീറ്റ് ചെയ് എന്നുള്ള അലർച്ച കേട്ട് മടുത്തിരുന്നപ്പോഴാ ഏതോ ഫങ്ഷന് സാർ തന്റെ കെട്ട്യോളെയും മൂന്ന് പിള്ളേരെയും കൊണ്ട് വന്നത്. മൂത്ത മോൾ പത്തിൽ പഠിക്കുവായിരുന്നു. ഫുൾ ഡൈ ആയിരുന്നെടാ ദിയ പറഞ്ഞു നിർത്തിയതും കൂട്ടചിരിയുയർന്നു.
വേദുക്കുട്ടീ നിനക്കാരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ.? സിയയുടെ ചോദ്യം കേട്ട് വേദിക പതിയെ ചിരിച്ചു. എന്നിട്ട് പറഞ്ഞു തുടങ്ങി. കാര്യം അച്ഛനുമമ്മയും ഫ്രണ്ട്‌ലി ഒക്കെയാണെങ്കിലും പ്രേമമെന്ന് കേട്ടാൽ രണ്ടുപേരും വടിയെടുക്കും. അറിവെത്തിയപ്പോഴും രണ്ടുപേരും ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ പ്രേമത്തിലൊന്നും ചെന്ന് ചാടരുതെന്ന്. എന്റെ അച്ഛനുമമ്മയും കണ്ടു പിടിക്കുന്നയാളെ മതിയെനിക്ക്. അവരെനിക്ക് സ്വാതന്ത്ര്യം തരുന്നത് എന്നിലുള്ള വിശ്വാസം കൊണ്ടല്ലേ. അത് ഞാനായിട്ട് തകർക്കില്ല. ജീവിതത്തിൽ എന്റെ ആഗ്രഹങ്ങൾക്കും തീരുമാനങ്ങൾക്കും പരിഗണന തരുന്നില്ലേ എന്റമ്മയും അച്ഛനും. പിന്നെ എന്ന് കരുതി പ്രണയവിരോധികളൊന്നുമല്ല കേട്ടോ. ആരോടെങ്കിലും അങ്ങനൊരിഷ്ടം തോന്നുന്നെങ്കിൽ അത് ആദ്യം അവരോട് അറിയിക്കുവാനുള്ള സ്വാതന്ത്ര്യവും അവരെനിക്ക് തന്നിട്ടുണ്ട്. അങ്ങനെ ആരെയെങ്കിലും സ്നേഹം ഹൃദയത്തിൽ തട്ടിയാൽ അയാളറിയും മുൻപേ തന്നെ ഞാൻ ആദ്യമറിയിക്കുന്നത് അച്ഛനെയും അമ്മയെയും ആയിരിക്കും.
പിന്നെ ദേ ഇവൻ. ഇവന്റെ മനസ്സ് കവർന്ന പെണ്ണിനെ ഫ്രണ്ട്‌സ് എന്ന് പറഞ്ഞ് കൂടെ നടക്കുന്ന നമുക്ക് പോലുമറിയില്ലല്ലോ ദിയ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു.
ഉടൻ തന്നെ പറയാമെടി. ഞാൻ നിങ്ങളിൽ നിന്നും മറച്ചിട്ടുള്ള ഏക കാര്യം ഇതല്ലേയുള്ളൂ. ഞാനവളുടെ മനസ്സറിഞ്ഞതേയുള്ളൂ. നിങ്ങളെ കൂട്ടി മാത്രമേ ഞാനവളോട് എന്റെ പ്രണയം തുറന്നു പറയുള്ളൂ ഉറപ്പോടെ ആരുഷ് പറഞ്ഞു നിർത്തി.
ഇയാൾ നിന്നെയും കൊണ്ടേ പോകുള്ളൂ മോളേ…. നെറ്റിയിൽ വീണുകിടക്കുന്ന മുടിയിഴകൾ മാടിയൊതുക്കി പുഞ്ചിരിയോടെ അവർക്കുനേരെ നടന്നുവരുന്ന ഋതിക്കിനെ നോക്കിയാണ് ദിയ പറഞ്ഞത്. എല്ലാവരുടെയും നോട്ടം അവനിൽ തങ്ങിനിന്നു. ആരുഷിന്റെ നോട്ടം വേദികയിൽ വീണു. അവനെക്കണ്ട് അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവനെ വീണ്ടും അസ്വസ്ഥനാക്കി.
തുടരും….