എന്ന് പ്രണയത്തോടെ ~ ഭാഗം 05 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഇത് മൂന്നാമത്തെ പ്രാവശ്യമാ ആരുഷ് എന്റടുത്ത് നിന്നും വാണിംഗ് വാങ്ങുന്നത്. പഠിക്കുന്ന കുട്ടിയാണല്ലോ എന്നോർത്താണ് കഴിഞ്ഞ രണ്ടുപ്രാവശ്യവും തന്നെ ശക്തമായ വാണിംഗ് നൽകി വിട്ടത്. ഈ കോളേജിൽ വേറെയും പെൺകുട്ടികളും ആൺകുട്ടികളും പഠിക്കുന്നുണ്ട്. പക്ഷേ ഈ രണ്ട് കുട്ടികളുടെയും കാര്യത്തിൽ താൻ കാട്ടിക്കൂട്ടുന്നതൊക്കെ എന്താടോ.?

താനാരാ കോളേജിലെ രക്ഷകനോ അതോ ഹീറോയോ. നവീന് കംപ്ലയിന്റ് ഒന്നുമില്ലെന്ന് പറഞ്ഞതുകൊണ്ട് മാത്രമാ ഈ പ്രാവശ്യവും വെറുതെ വിടുന്നത്. ഇനി ആവർത്തിച്ചാൽ ആരുഷ് സസ്‌പെൻഷൻ വാങ്ങി വീട്ടിൽ ഇരിക്കേണ്ടി വരും. പിന്നെ നവീൻ പഠിക്കാനാണ് കോളേജിൽ വരുന്നതെന്ന ബോധം വേണം. നിനക്കൊക്കെ സമയമാകുമ്പോൾ വീട്ടുകാർ കണ്ടു പിടിച്ചു തന്നോളും. അതല്ല ഭാവമെങ്കിൽ അതൊക്കെ ഈ കോളേജിന് പുറത്തായിക്കോളണം. വേദിക ആൻഡ് ദിയ നിങ്ങൾ കാരണമാണ് ആരുഷിന് മുൻപും ഇപ്പോഴും ഇവിടെ നിൽക്കേണ്ടി വരുന്നത്. നിങ്ങൾക്ക് കോളേജിൽ നിന്നും എന്തെങ്കിലും പ്രശ്നം നേരിടുന്നുവെങ്കിൽ ഒന്നുകിൽ ടീച്ചേഴ്സിനോട് പറയുക അല്ലെങ്കിൽ ഉടുത്തൊരുങ്ങാനും പഠിക്കാനും വേണ്ടതെല്ലാം ഒരുക്കി തരുന്ന രക്ഷാകർത്താക്കളോട് പറയണം.മനസ്സിലായല്ലോ എല്ലാവർക്കും പൊയ്ക്കോ എല്ലാവരും.

തലകുനിച്ച് നിന്ന് എല്ലാം കേട്ടതല്ലാതെ ആരും മറുത്തൊന്നും പറയാതെ ഓഫീസിൽ നിന്നുമിറങ്ങി. ആരുഷിനെ നോക്കി പുച്ഛമടക്കി നവീൻ ക്ലാസ്സിലേക്ക് പോയി.

വേദൂ.. എന്തോ പറയാൻ വന്ന ആരുഷിനെ രൂക്ഷമായ നോട്ടത്തോടെ കൈയുയർത്തി തടഞ്ഞുകൊണ്ടവൾ താഴേക്കിറങ്ങിയോടി. ആരുഷിനെ ഒന്ന് നോക്കിയശേഷം ദിയയും ആരുഷും അവളുടെ പിന്നാലെയോടിയിറങ്ങി. വിവരം അറിഞ്ഞെത്തിയ സിയയും മുനീറും നേരെ തണൽമരത്തിനടുത്തേക്ക് നടന്നു.

ഉറക്കെ കരഞ്ഞുകൊണ്ടിരുന്ന വേദികയെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ നിൽക്കുകയായിരുന്നു ദിയ. ഇടയ്ക്കിടെ ആരുഷിനെ തറപ്പിച്ച് നോക്കാനും അവൾ മറന്നില്ല. തലയ്ക്ക് കൈയും കൊടുത്തിരിക്കുകയായിരുന്നു ആരുഷ്. പറയണമെന്ന് ഒരിക്കലും വിചാരിച്ചതല്ല പക്ഷേ മറ്റൊരുത്തൻ അവളുടെ കൈയിൽ കയറി പിടിച്ചപ്പോൾ അടക്കിവച്ച പ്രണയം കെട്ടുകൾ പൊട്ടിച്ച് മുന്നോട്ട് കുതിക്കുകയായിരുന്നു.

നീയൊന്ന് കരച്ചിൽ നിർത്ത് വേദൂ ഒടുവിൽ സഹികെട്ട് മുനീർ ശബ്ദമുയർത്തി.

ഒരുനിമിഷം തേങ്ങലടക്കിയശേഷം പാഞ്ഞെത്തി അവൾ ആരുഷിന്റെ കോളറിൽ പിടിച്ചു. പറയെടാ.. നിന്നോട് ഒരു സുഹൃത്തിൽ കവിഞ്ഞ് ഞാനെപ്പൊഴെങ്കിലും പെരുമാറിയിട്ടുണ്ടോ.? എപ്പോഴെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ.? എന്തിന് വേണ്ടിയാടാ നീയിന്നെല്ലാവരുടെയും മുൻപിൽ വച്ച് വിളിച്ചു കൂവിയത്.? എന്തിനാ എന്നെ ഇങ്ങനെ നാണംകെടുത്തിയത് വിതുമ്പിക്കരഞ്ഞവൾ ഊർന്നിറങ്ങി നിലത്തേക്ക്. നിലത്തേക്കവൾ പതിക്കും മുൻപേ ഇരുകൈയാലും അവളെ വലിച്ചുയർത്തി ആരുഷ്.

എന്റെ മനസ്സാടീ ഞാൻ തുറന്നത്. നീയൊക്കെ കേട്ടിട്ടില്ലേ എന്റെ മനസ്സിലുള്ള പെണ്ണേതാണെന്ന്. അത് നീയാടി ആരുമറിയാതെ ആരോടും പറയാതെ എന്റെ നെഞ്ചിൽ കൊണ്ട് നടന്നത് നിന്നെയാടി. ഇഷ്ടമാടീ നിന്നെ ഒരുപാട്. സഹിക്കില്ല ആരുടേയും ഒരു നോട്ടവും നിന്റെ മേലെ വീണാൽ. അത്രയ്ക്ക് ഇഷ്ടമാടി എനിക്ക് നിന്നെ ഉറച്ച ശബ്ദത്തോടെയാവൻ പറഞ്ഞു നിർത്തിയതും വേദികയുടെ കൈകൾ ഉയർന്നുതാണു.

കവിളിൽ പൊത്തിക്കൊണ്ടവൻ അവളെ തുറിച്ചു നോക്കി. നിങ്ങൾക്കറിയാമായിരുന്നോ ഇതെല്ലാം. സിയയും മുനീറും വേദികയുടെ ചോദ്യം കേട്ട് തലകുനിച്ചു.

ഓഹ്.. അപ്പോൾ എനിക്ക് മാത്രമേ അറിഞ്ഞുകൂടായിരുന്നുള്ളൂ ഞാനായിരുന്നു കഥയറിയാതെ ആട്ടം കണ്ടത്. നീ പോലും പറഞ്ഞില്ലല്ലോ ദിയ എന്നോട് നിറമിഴികളോടെ പറഞ്ഞതും ദിയ ആന്തലോടെ മിഴിയുയർത്തി.

ഇല്ല വേദൂട്ടീ.. സത്യമായും എനിക്കറിയില്ലായിരുന്നു ഒന്നും എല്ലാവരെയും കൂർപ്പിച്ചുനോക്കിക്കൊണ്ട് ദിയ പറഞ്ഞു. നിർത്തി ഇന്നത്തോടെ നിർത്തി കൂട്ട്. ഇനി വരരുത് എന്റെ പിന്നാലെ. നമ്മുടെ ഫ്രണ്ട്ഷിപ് ഇവിടെ നിർത്തുകയാ ഞാൻ.

വേദൂ.. ഓടിവന്ന സിയയെ തള്ളിമാറ്റി വേദിക. പിന്നോട്ട് വേച്ചുപോയ സിയയെ ആരുഷും മുനീറും കൂടി താങ്ങി. നിനക്കെന്താടി ഭ്രാന്താണോ ഇങ്ങനെ കിടന്ന് തുള്ളാൻ. ആരുഷ് ദേഷ്യത്തോടെ ചോദിച്ചു.

അതേടാ ഭ്രാന്താ എനിക്ക്. സൗഹൃദത്തിന്റെ പേരും പറഞ്ഞ് പ്രണയിച്ച നിന്നോടെനിക്ക് വെറുപ്പാ.. നിന്നെ… പറഞ്ഞു നിർത്തുംമുൻപേ ആരുഷിന്റെ അടിയേറ്റ് വേദിക കാര്യം അറിഞ്ഞെത്തിയ ഋതിക്കിന്റെ കൈകളിലേക്ക് വീണിരുന്നു. അതുകണ്ടതും ആരുഷിന്റെ കോപം ഉയർന്നു. വേദിക ഋതിക്കിന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു അപ്പോഴേക്കും എന്നെ പറ്റിച്ചു ഋതിക്കേട്ടാ.. വിതുമ്പി കരഞ്ഞവൾ. ദിയ ഋതിക്കിനെയും വേദികയെയും മാറിമാറി നോക്കി ഒടുവിൽ ആ നോട്ടം ആരുഷിന്റെ നേരെ ചെന്നുനിന്നു. ആരുഷിനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് വേദികയെ ചേർത്തു പിടിച്ച് ഋതിക് നടന്നു നീങ്ങി. പിന്നാലെ നിറകണ്ണുകളോടെ ദിയയും.

പാർക്കിങ്ങിലേക്ക് കൊണ്ടിരുത്തി ഋതിക് വേദികയുടെ തലയിൽ തലോടിക്കൊണ്ടിരുന്നു. അവളുടെ ഏങ്ങലടി അപ്പോഴും ശമിച്ചിട്ടുണ്ടായിരുന്നില്ല.

ഫ്രണ്ടായി കരുതിയ ആൾ ഇത്രയും നാൾ മനസ്സിൽ കൊണ്ടുനടന്ന പെൺകുട്ടി താനാണെന്നറിഞ്ഞ ഷോക്കിലുപരി അവന്റെ മേൽ വച്ചിരുന്ന വിശ്വാസം തകർത്തതായിരുന്നു അവളെ തളർത്തിയതെന്ന് അവന് മനസ്സിലായി. ഇടയ്ക്കിടെ ദിയയുടെ കണ്ണുകൾ ഋതിക്കിനെ തേടിയെത്തുന്നുണ്ടായിയുന്നു.

ഒടുവിൽ യാത്ര പറഞ്ഞ് ദിയയും വേദികയും വീട്ടിലേക്ക് പോയി.

രാത്രി അവൾ അച്ഛനടുത്തേക്ക് ചെന്നു. ബാൽക്കണിയിൽ രാത്രി കാറ്റേറ്റ് ഫോൺ നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു ദേവൻ. മോളുടെ മുഖഭാവത്തിൽ നിന്നും ഗൗരവമുള്ള സംഭവമാണെന്ന് മനസ്സിലായ ദേവൻ ഫോൺ മാറ്റിവച്ചശേഷം വേദികയ്ക്കുനേരെ ഇരുന്നു.

അച്ഛാ.. ആരുഷ് എന്റെ സുഹൃത്തല്ലേ. ഞാനവനെ തിരിച്ചു കണ്ടതും അങ്ങനെയാ. പക്ഷേ ഇന്നെല്ലാവരുടെയും മുൻപിൽ വച്ചവൻ എന്നെ പ്രണയിക്കുന്നെന്ന് വിളിച്ചു പറഞ്ഞു. വിമ്മിക്കരഞ്ഞുകൊണ്ടവൾ എല്ലാം പറഞ്ഞു.

ഒരുനിമിഷം ദേവരാജൻ അങ്ങനെ ഇരുന്നു. ഒരു സുഹൃത്തിനെപ്പോലെ തന്നോട് എല്ലാം തുറന്നുപറഞ്ഞ മകളുടെ വിശ്വാസത്തിലും നിഷ്കളങ്കമായ മനസ്സിലും ദേവൻ അഭിമാനിച്ചു. ശേഷം പറഞ്ഞു തുടങ്ങി.

ഈ പ്രായത്തിൽ ഇതൊക്കെ സാധാരണമാണ് മോളേ. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മനസ്സിൽ പ്രണയമുണ്ടാകുന്നതും അവരത് പ്രകടിപ്പിക്കുന്ന വിധവുമെല്ലാം വ്യത്യസ്തമായിരിക്കും. ഇന്നുവരെ മോളെ തെറ്റായ നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ അവൻ നോക്കിയിട്ടോ വേദനിപ്പിച്ചിട്ടോ ഇല്ല. ഇന്ന് മറ്റൊരാൾ നിന്റെ കൈയിൽ കയറി പിടിച്ചപ്പോൾ ആരോടും പറയാതെ വച്ചിരുന്നതെല്ലാം ആവേശത്തിൽ അവൻ വിളിച്ചു പറഞ്ഞുപോയി. അവൻ മോളെ സ്നേഹിച്ചിരുന്നു എന്നതല്ല ഫ്രണ്ട്ഷിപ് എന്ന മറയിൽ നിന്നുകൊണ്ട് ഇഷ്ടപ്പെട്ടു എന്നതാണ് നിന്നെ തകർത്തത്. ഒരു ഫ്രണ്ട്ഷിപ്പിന്റെയും മറയില്ലാതെ മോളെ ഇഷ്ടമാണെന്ന് പറഞ്ഞ നവീനോടെന്താ മോൾ ഇഷ്ടമല്ലെന്ന് പറഞ്ഞത് പിന്നെ.?

അത് പിന്നെ അച്ഛാ.. അയാൾ.. എനിക്കങ്ങനെ ഒന്നും നവീനോട് ഇല്ലച്ഛാ. അവൾ പറഞ്ഞു. ആരുഷ് നല്ല പയ്യനാ. ഇപ്പോൾ പഠിക്കേണ്ട പ്രായമല്ലേ. മക്കൾ പഠിക്ക്. അച്ഛൻ ആരുഷിനോട് സംസാരിക്കാം. പഠനം കഴിഞ്ഞൊരു ജോലിയാകുമ്പോൾ അവന്റെ ഇഷ്ടം നിലനിൽക്കണമെന്നില്ലല്ലോ അച്ഛൻ പറഞ്ഞതുകേട്ട് ആന്തലോടെയവൾ മുഖമുയർത്തി.

ഇതുകണ്ട് ദേവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. അന്ന് മോളവനെ സ്നേഹിച്ചു കൂടായെന്നുമില്ല. ഇപ്പോൾ ആവശ്യമില്ലാത്തതൊന്നും മനസ്സിൽ വയ്ക്കാതെ മോൾ പഠനത്തിൽ ശ്രദ്ധിക്കണം കേട്ടോ അവളുടെ തലയിൽ തഴുകി കൊണ്ടയാൾ പറഞ്ഞുനിർത്തി.

റൂമിലെത്തി കിടക്കുമ്പോഴും അവളുടെ മനസ്സിൽ നിറഞ്ഞു നിന്നത് തന്നെ ചേർത്ത് പിടിച്ച് തന്നോടുള്ള പ്രണയം എല്ലാവരോടും തുറന്നു പറയുന്ന ആരുഷിന്റെ മുഖമായിരുന്നു. അവൻ തല്ലിയ കവിളിൽ കൈകൾ ചേർത്തുകൊണ്ടവൾ ഉറക്കത്തിലേക്ക് വഴുതിവീണു.

എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി കടാക്ഷിക്കാതായപ്പോൾ ആരുഷ് വാതിൽ തുറന്ന് ബാൽക്കണിയിലേക്കിറങ്ങി. അമ്മ നട്ടുപിടിപ്പിച്ച നിശാഗന്ധി പൂത്തുനിൽക്കുന്നുണ്ട്. മനസ്സിൽ തെളിയുന്നത് മുഴുവൻ കരഞ്ഞു തളർന്ന വേദുവിന്റെ മുഖമായിരുന്നു. ആരുഷ് എന്ന ഫ്രണ്ട് അവളുടെ മനസ്സിൽ തകർന്നുടഞ്ഞുവെന്ന് അവന് തോന്നി. പലവുരു ഫ്രണ്ട് ആയി കാണാൻ ശ്രമിച്ചതാണ് പക്ഷേ കഴിഞ്ഞില്ല.

മായ്ക്കാൻ ശ്രമിക്കുന്തോറും കൂടുതൽ മിഴിവോടെ അവൾ തെളിഞ്ഞുനിന്നു. പറയാൻ ഒരുങ്ങുമ്പോഴെല്ലാം അവൾ എല്ലാമറിയുമ്പോൾ അകന്നുപോകുമോ എന്നുള്ള ഭയമായിരുന്നു. അതിപ്പോൾ സംഭവിച്ചു. എന്ത് കൊണ്ടാണോ കഴിഞ്ഞ ഒന്നര വർഷമായി തന്റെ പ്രണയം രഹസ്യമാക്കി വച്ചത് അത് സംഭവിച്ചു.

ഇഷ്ടമാണ് പെണ്ണേ ജീവനെക്കാൾ. എന്നും നീ കൂടെയുണ്ടാവണമെന്ന തോന്നൽ. വേദികയില്ലാതെ ആരുഷിന് പൂർണ്ണതയില്ല എന്തിന് ആരുഷില്ല. നിന്റെ മനസ്സ് വേദനിച്ചപ്പോൾ പിടഞ്ഞത് ഞാനാണ് നിന്റെ കണ്ണുനീർ അഗ്നിയായാണ് എന്നിൽ പതിച്ചത്. നിനക്കല്ലാതെ ആരുഷിനെ മനസ്സിലാക്കാൻ ആർക്കും കഴിയില്ല വേദൂ. എന്റെ സുഹൃത്തും പ്രണയവുമെല്ലാം നീയാണ്.. നീ മാത്രമാണ്. അവന്റെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു മഴപോൽ.. അത്രമേൽ ആർത്തിരമ്പി..

തുടരും…

എനിക്കായ് ഒരുവാക്ക് കുറിക്കുമല്ലോ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *